Friday, May 15, 2009

ദൈവത്തെ കയ്യേറ്റക്കാരനാക്കരുത്

     കഴിഞ്ഞ കുറേ വര്‍ഷങ്ങളായി  കേരളം കുലുങ്ങുന്ന ചില വിഷയങ്ങളില്‍  ഭൂമികയ്യേറ്റങ്ങളും ഒഴിപ്പിക്കലുകളും ഉള്‍പ്പെടുന്നു  . മൂന്നാറും വാഗമണും കണ്ണന്‍  ദേവന്‍  മലകളും ഹാരിസണ്‍  എസ്റ്റേറ്റും തുടങ്ങി തിരിച്ച് പിടിച്ചതും അല്ലാത്തതുമായ എണ്ണമറ്റ അനധിക്യത കയ്യേറ്റങ്ങള്‍ , വനഭൂമി കയ്യേറിയ കുടിയേറ്റ കര്‍ഷകര്‍ , മുത്തങ്ങ, ചെങ്ങറ സമരഭൂമികള്‍….കേരളത്തിന്റെ രാഷ്ട്രീയ – പാരിസ്ഥിതിക ഇടങ്ങളില്‍ ഭൂമികയ്യേറ്റം വൈകാരികമായ ഒരു തലം തീര്‍ത്ത് നടത്തിയ ഇടപെടലുകള്‍ അത്ര പെട്ടെന്ന് മറക്കാനാവുന്നതല്ല. ഒഴിപ്പിക്കലുകള്‍ക്ക് വിജയകരമായ ഒരു അവസാനം ഉണ്ടായില്ലായെങ്കില്‍കൂടി നമുക്കെല്ലാവര്‍ക്കുമായി അവകാശപ്പെട്ട പലതും ആരുമറിയാതെ, അല്ലെങ്കില്‍ അറിയേണ്ടവര്‍ മാത്രമറിഞ്ഞ് കൈവശപ്പെടുത്തിയിക്കുന്നുവെന്ന വിവരം പൊതുജനം കൂടി അറിഞ്ഞു.

       നമ്മള്‍ മലയാളികള്‍ അതിബുദ്ധിമാന്മാരും പുരോഗമനവാദികളുമാണെന്ന് നമ്മള്‍   കരുതുന്നു. ഏത് കാര്യത്തിലും സഹിഷ്ണത പുലര്‍ത്തുന്നവരെന്ന് നടിക്കുന്നു. അതെന്തെങ്കിലുമാകട്ടെ. മറ്റുള്ളവരെ മാനിക്കുവാന്‍  നമ്മള്‍ പലപ്പോഴും മറന്നുപോകുന്നു. അതിന്റെ തെളിവാണ് ഇന്ന് കേരളമാകെ ഉയര്‍ന്ന് വരുന്ന കമാനങ്ങള്‍.
പൊതുനിരത്തുകളില്‍ കമാനങ്ങള്‍  നിര്‍മ്മിക്കുന്നതിന് നിയതമായ വ്യവസ്ഥകളുണ്ട്. തദ്ദേശ സ്ഥാപനങ്ങളില്‍ ആവശ്യമായ ഫീസ് അടയ്ക്കണം. സുരക്ഷാ ക്രമീകരണങ്ങള്‍ പാലിച്ചിരിക്കണം. ഇവയൊക്കെ താൽക്കാലികമായ കമാനങ്ങള്‍ നിര്‍മ്മിക്കുന്നതിനാണ്. സമ്മേളനങ്ങള്‍, ജാഥകള്‍, ഉത്സവങ്ങള്‍ തുടങ്ങിയവയെല്ലാമായി ബന്ധപ്പെട്ട് വലുതും ചെറുതുമായ താത്കാലിക കമാനങ്ങള്‍ നിരത്തുകളില്‍ ഉയര്‍ത്താറുണ്ട്. ചില കമാനങ്ങള്‍ കാല്‍നടയാത്രക്കാര്‍ക്കും വലിയ വാഹനങ്ങൾക്കും മറ്റും ചില്ലറ പ്രതിബന്ധങ്ങള്‍ സ്യഷ്ടിക്കാറുണ്ടെങ്കിലും കുറച്ച് ദിവസങ്ങള്‍ക്കകം അഴിച്ചുകൊണ്ടുപോകുമല്ലോ എന്ന് ആശ്വസിച്ച് സഹിക്കുന്നു.

      കേരളം ദൈവത്തിന്റെ സ്വന്തം നാടായതുകൊണ്ടാകണം ആരാധനാലയങ്ങളുടെ നാട് കൂടി ആയി മാറിക്കൊണ്ടിരിക്കുന്നത്. ക്ഷേത്രങ്ങള്‍ക്കും പള്ളികള്‍ക്കും ആത്മീയസ്ഥാപനങ്ങള്‍ക്കും മുന്നിലെ ചില കമാനങ്ങളും അലങ്കാരഗോപുരങ്ങളും അവയുടെ വലുപ്പം കൊണ്ടും കലാമേന്മ കൊണ്ടും ശ്രദ്ധിക്കപ്പെടുന്നു. ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട സ്ഥിരം സ്വഭാവമുള്ള കമാനങ്ങള്‍ പൊതുനിരത്തുകളില്‍ സ്ഥാപിക്കുകയെന്നത് അടുത്തിടെയായി കണ്ടുവരുന്ന ഒരു പ്രവണതയാണ് . ഇരുമ്പിലും കൊണ്ക്രീടിലും തീര്‍ക്കുന്ന കമാനങ്ങള്‍ മാന്യതയുടെയും ധാര്‍മ്മികതയുടെയും അതിരുകള്‍ ലംഘിച്ച് അഹങ്കാര ഗോപുരങ്ങളായി മാറുന്നു. ഒരു ക്ഷേത്രവുമായോ പള്ളിയുമായോ ബന്ധപ്പെട്ട സ്ഥിരം കമാനങ്ങള്‍ ഉയര്‍ത്തേണ്ടത് അവിടേക്ക് മാത്രമുള്ള വഴിയിലാവണം. നാനാജാതിമതസ്ഥർ സഞ്ചരിക്കുന്ന ഒരു പൊതുവഴിയില്‍ ഒരു ക്ഷേത്രത്തിന്റെ മാത്രം വഴിയെന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള കമാനങ്ങള്‍ സ്ഥാപിക്കുന്നത് ആശ്വാസ്യമല്ല. മുസ്ലിം പള്ളികളും ക്രിസ്ത്യന്‍  സഭാ സ്ഥാപനങ്ങളും ഇക്കാര്യത്തില്‍ അത്ര പിന്നിലല്ല. പൊതുനിരത്തുകള്‍ കയ്യേറി നിര്‍മ്മിക്കുന്ന ഇത്തരം കമാനങ്ങള്‍ക്ക് താഴെക്കൂടി സ്ഥിരമായി പോകേണ്ടി വരുന്ന അന്യമതസ്ഥരുടെ വികാരങ്ങള്‍ ക്ഷേത്രസംരക്ഷണ സമിതിക്കാരും പള്ളിക്കമ്മിറ്റിക്കാരും മനസ്സിലാക്കുന്നില്ല. ദേശീയപാതയില്‍ നിന്നും കിലോമീറ്ററുകള്‍ ഉള്ളിലുള്ള ഒരു ആരാധനാലയത്തിന്റെ കമാനമാകും ചിലപ്പോള്‍ ദേശീയപാതയില്‍ നിന്നും തിരിയുന്ന വഴിയില്‍ സ്ഥാപിക്കുക. എന്തും വിപണനം ചെയ്യുന്ന കാലത്താണല്ലോ നമ്മള്‍ ജീവിക്കുന്നത്.

    ധാര്‍മ്മികതയുടെയും മാനവികതയുടെയും സഹിഷ്ണതയുടെയും ദീപശിഖകള്‍ തെളിയിക്കേണ്ട ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട് നടക്കുന്ന ഇത്തരം നടപടികളില്‍ തീര്‍ച്ചയായും ദൈവം ഖേദിക്കുന്നുണ്ടാകണം. ദയവ്ചെയ്ത് ഇനിയെങ്കിലും ദൈവത്തെ കയ്യേറ്റക്കാരനാക്കരുത്.