Saturday, December 11, 2010

ക്രിക്കറ്റ് അഭിമാനമാകുമ്പോള്‍ (മറ്റ് ചിലര്‍ക്ക്)

           ക്രിക്കറ്റ് ഇന്ന് ഇന്ത്യയുടെ ദേശീയ വിനോദമാണ് ( ഹോക്കി ഔദ്യോഗികം മാത്രം). രാജ്യത്തിന്റെ ചില കോണുകളിലേക്ക് ഒതുക്കപ്പെട്ട ഫുട്ബോൾ  (മഹാരാഷ്ട്രയിൽ നിന്ന് നാലും കൽക്കട്ട, ഗോവ    എന്നിവിടങ്ങളിൽ നിന്ന് മൂന്ന് ടീമുകൾ വീതവും ഇത്തവണത്തെ ഐ ലീഗിൽ കളിക്കും. ഓരോ ടീമുകൾ കണ്ണൂർ, ജലന്ധർ - പഞ്ചാബ്, ബാംഗ്ലൂർ  ഹോം ഗ്രൌണ്ടാക്കിയവ. പിന്നെയൊരു അണ്ടർ 19 ഇൻഡ്യൻ ടീമും. അല്ലെങ്കിൽ തന്നെ ആർക്ക് വേണ്ടിയാണീ ഐ ലീഗ്? നമുക്ക് കാണാൻ ഇ.പി.എല്ലും സീരി-എയും മറ്റുമുള്ളപ്പോൾ),  അഭിജാതരുടേത്  മാത്രമായ ടെന്നീസ്,  ജിമ്മി ജോർജ്ജിനപ്പുറം വളരാത്ത ഇന്ത്യൻ വോളിബോൾ, സ്കൂൾ മൈതാനങ്ങളിൽ ആകാശത്തേക്ക് നോക്കി വെറുതെ നിൽക്കുന്ന ബാസ്കറ്റ്ബോൾ ബോർഡിന്റെ തൂണുകൾ ( മാജിക് ജോൺസണും മൈക്കൽ ജോർദനും പകരം ഹോവാർഡും ഡെറിക് ജോസും ബാസ്കറ്റിൽ ഊഞ്ഞാലാടുന്നത് എൻ.ബി.എയിൽ കാണാം), മറഞ്ഞും മറന്നും പോയ പല പല നാടൻ കളികൾ (ഏഷ്യാഡിൽ ഉൾപ്പെട്ടതോടെ കബഡിക്ക് അല്പം ജീവൻ വെച്ചു).. എല്ലാത്തിനും പകരമായി ഒന്ന്  മാത്രം – ക്രിക്കറ്റ്.     
             നിയമപ്രകാരം 22 വാര നീളമുള്ള പിച്ചും വിശാലമായ ഫീൽഡും 22 കളിക്കാരുമൊക്കെ വേണമെങ്കിലും ഇതൊന്നുമില്ലാതെ ഇടവഴിയിൽ മൂന്ന് പേരുമായി കളിക്കാമെന്നതാണ്  ക്രിക്കറ്റിനെ ജനകീയമാക്കിയതെന്ന് പറയാം. (കേരളത്തിൽ (തെങ്ങ്)ഓലമടൽ വെട്ടിയൊരുക്കിയ ബാറ്റ് കൊണ്ട് ക്രിക്കറ്റ് കളിച്ചിട്ടില്ലാത്ത കളിക്കാരുണ്ടാവുമോ?) നാട്ടിൻപുറങ്ങളിൽ ആളെണ്ണവും കളിസ്ഥലവും അനുസരിച്ച് കളിനിയമങ്ങൾ മാറി വരുന്നത് കാണാം. കളിക്കാർ കുറവാണെങ്കിൽ ഡീപ്പും സ്ക്വയറും മറ്റും റണ്ണില്ലാ മേഖലകളായി പ്രഖ്യാപിച്ചിട്ടുണ്ടാവും.  ഫൈൻ ലെഗിൽ കണ്ണാടി ജനാലയുള്ള വീടുണ്ടെങ്കിൽ അവിടേക്ക് സിക്സർ അടിച്ചാൽ അമ്പയർ ഔട്ട് വിളിച്ചത് തന്നെ. ഇങ്ങനെ സാഹചര്യങ്ങൾക്കനുസരിച്ച് മാറുന്ന നിയമങ്ങൾ  ക്രിക്കറ്റിനെ എവിടെയും കളിക്കാവുന്ന ഒന്നാക്കി മാറ്റി. ( ഈ ക്രിക്കറ്റൊന്നും ബി.സി.സി.ഐക്കും കെ.സി.എയ്ക്കും അറിയില്ല)
സാക്ഷാൽ വാറൻ ബഫറ്റ് (ഏറ്റവും വിജയിച്ച നിക്ഷേപകനെന്ന് പേരെടുത്ത അമേരിക്കക്കാരൻ) ബി.സി.സി.ഐയുടെ അടുത്ത് പഠിക്കാൻ പോകുന്നത്  നന്നായിരിക്കും, എവിടെ , എപ്പോൾ            ഇൻ‌വെസ്റ്റ്  ചെയ്യണമെന്നറിയാൻ. ട്വന്റ്റി – 20 രക്ഷപെടുമെന്ന് മനസ്സിലാ‍യപ്പോഴെ ബോർഡ് ഐ.പി.എല്ലുമായി ചാടി വീണു. ക്ലബ് ലേലം, കളിക്കാർ ലേലം, സ്പോൺസർ ലേലം. (ഇടയിൽ വന്ന് പെട്ടത് കപിൽദേവായാലും  സീ സ്പോർട്സായാലും ചുരുട്ടിക്കൂട്ടിയത് തന്നെ).   ഐ.പി.എൽ ചാകര വന്നപ്പോൾ ക്രിക്കറ്റ് ബോർഡും മോഡിയും കൂടെ നിന്നവരുമൊക്കെ കയ്യിട്ട് വാരി. പിന്നെ ചിയർ ഗേൾസും രാത്രി പാർട്ടിയുമൊക്കെ.  അതിന്റെ ഇടയിലാണ് ഒരു ഏഷ്യാഡ്. രാജ്യത്തിന് ഒരു മെഡൽ കിട്ടിയിട്ട് ബി.സി.സി.ഐക്ക് എന്ത് കാര്യം. പണ്ടൊരു കേന്ദ്രമന്ത്രി  ഇന്ത്യ 100 ഒളിമ്പിക് സ്വർണ്ണം നേടുമെന്ന് പറഞ്ഞിരുന്നു. വേണമെങ്കിൽ 100 സ്വർണ്ണമെഡൽ ബോർഡ് കാശ് കൊടുത്ത് മേടിച്ച് തരും(ഒളിമ്പിക്സിൽ കോഴക്കളി ഉണ്ടെങ്കിൽ). ഒളിമ്പിക്സിനാണെങ്കിലും ടീമിനെ വിടുന്ന പ്രശ്നമില്ല. പിന്നെയാണ് ഏഷ്യൻ ഗെയിംസ്.           

            ഇന്ത്യ പങ്കെടുത്തിരുന്നുവെങ്കിൽ സ്വർണ്ണം കിട്ടുമായിരുന്നോ എന്ന്  ചോദിക്കുന്നതിൽ കാര്യമില്ല. മുൻപൊരു കോമൺ വെൽത്ത് ഗെയിംസിൽ പങ്കെടുത്ത്  മെഡലില്ലാതെ പോരുന്നിട്ടുണ്ട്. സെർജി ബൂബ്ക  1984 മുതൽ 2001ൽ വിരമിക്കുന്നത് വരെ പോൾവാൾട്ടിലെ രാജാവായിരുന്നുവെങ്കിലും ഒരു ഒളിമ്പിക് സ്വർണ്ണം മാത്രമായിരുന്നു നേടുവാനായത് എന്നോർക്കുക. എങ്കിലും പങ്കെടുത്തിരുന്നുവെങ്കിൽ ഇന്ത്യയുടെ പുരുഷ, വനിതാ ടീമുകൾക്ക് സ്വർണ്ണമെഡൽ തന്നെ നേടുവാനുള്ള സാധ്യത ഉണ്ടായിരുന്നു. ഐ.സി.സി. ഏകദിന ക്രിക്കറ്റ് റാങ്കിംഗ് പ്രകാരം ഏറ്റവും മുകളിലുള്ള ഏഷ്യൻ ടീം ഇന്ത്യ ആണ്.   (ഏഷ്യൻ ഗെയിംസിൽ ട്വന്റി – 20 ആണ്)  ഝുലൻ ഗോസ്വാമിയും മിഥാലി രാജും അൻ‌ജും ചോപ്രയുമൊക്കെ വാഴുന്ന ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം  നാല് തവണയും വനിതാ ഏഷ്യാകപ്പ്  കിരീടം നേടി കഴിവ് തെളിയിച്ചവരാണ്. അതുകൊണ്ട് ഏഷ്യൻ ഗെയിംസിലും ന്യായമായും നല്ല വാർത്തകൾ അവരിൽ നിന്ന് പ്രതീക്ഷിക്കാമായിരുന്നു. ഇന്ത്യയുടെ വനിതാ ടീമിനെയും  ആൺ ക്രിക്കറ്റിൽ ദേശീയ ടീമിനെ മാറ്റിനിർത്തി രണ്ടാം നിരയെയുമെങ്കിലും (സച്ചിനും സേവാഗും ധോണിയുമില്ലാത്ത ടീം ന്യൂസിലൻഡിനെ തൂത്തുവാരിയത് കാണുമ്പോൾ ഒന്നാം‌നിര ഏതെന്ന് സംശയം തോന്നുന്നു)  അയച്ചിരുന്നുവെങ്കിൽ വിലയേറിയ രണ്ട് സ്വർണ്ണം ഏതാണ്ട് ഉറപ്പിക്കാമാ‍യിരുന്നു.
            രണ്ട് ഏഷ്യാഡ് സ്വർണ്ണം വേണ്ട് എന്ന് വെയ്ക്കാൻ മാത്രം ഇക്കാര്യത്തിൽ ധനികരല്ല ഇന്ത്യ.  (199 സ്വർണ്ണം നേടിയ ചൈന ഒരു സ്വർണ്ണത്തിനുകൂടി എത്ര ആഗ്രഹിച്ചിട്ടുണ്ടാവും) . 1951 മുതൽ 2010 വരെ ഇന്ത്യ ആകെ 128 സ്വർണ്ണം മാത്രമാണ് സ്വന്തമാക്കിയിട്ടുള്ളത്. ഇത്തവണ മാത്രം പതിനാല്. 1982 ലെ ഡൽഹി ഏഷ്യൻ ഗെയിംസിലെക്കാൾ ഒന്ന് കൂടുതൽ. ബി.സി.സി.ഐക്ക് രാജ്യത്തിന് വേണ്ടി കളിക്കുകയെന്നത് അപമാനമായി തോന്നിയതുകൊണ്ടാവാം ടീമിനെ അയയ്ക്കാതിരുന്നത്.  ഇന്ത്യക്ക്  ഈ സീസൺ  “Tight schedule”  ആണെന്ന വാദം ശരിയാണെങ്കിൽ  “എ” ടീമിനെ അയക്കാമായിരുന്നു. (പാകിസ്ഥാൻ എ ടീമിനെ ആയിരുന്നു അയച്ചത്). വനിതാ ക്രിക്കറ്റിൽ “ടൈറ്റ് ഷെഡ്യൂൾ” എന്ന് പറഞ്ഞാൽ തമാശ തന്നെ.
            ക്രിക്കറ്റ് ഇന്ത്യക്ക് അപമാനമായെങ്കിൽ അഭിമാനമായത് അയൽ രാജ്യങ്ങൾക്ക് തന്നെ. ക്രിക്കറ്റ് സ്വർണ്ണം അഫ്ഗാനിസ്ഥാനെ ഫൈനലിൽ  തോല്പിച്ച് ബംഗ്ലാദേശ് നേടി.  പാകിസ്ഥാൻ മൂന്നാമതെത്തി.  ബംഗ്ലാദേശ് ന്യൂസിലൻഡിനെതിരായ പരമ്പര വിജയത്തിന് ശേഷമായിരുന്നു ചൈനയിലെത്തി വീണ്ടും വിജയക്കൊടിയുയർത്തിയത്. അത് ബംഗ്ലാദേശിന്റെ ഏഷ്യൻ ഗെയിംസിലെ ഏക സ്വർണ്ണവുമായി. ആഭ്യന്തരയുദ്ധം കലുഷിതമാക്കിയ അഫ്ഗാന് വെള്ളി നേടാനായത്  ആ രാജ്യത്തിന് ആശ്വാസമേകിയിരിക്കാം. ക്രിക്കറ്റിൽ ഇരട്ട സ്വർണ്ണം നേടാൻ ബംഗ്ലാദേശിനായില്ല. വനിതാ ക്രിക്കറ്റ് ഫൈനലിൽ പാകിസ്ഥാൻ ബംഗ്ലാദേശിനെ പരാജയപ്പെടുത്തി സ്വർണ്ണം സ്വന്തമാക്കി. ജപ്പാൻ മൂന്നാമതെത്തി. ബംഗ്ലാദേശിന് ആകെ ലഭിച്ച മൂന്ന് മെഡലുകളിൽ (1-1-1) സ്വർണ്ണവും വെള്ളിയും ക്രിക്കറ്റ് നൽകിയതാണ്. അഫ്ഗാനിസ്ഥാന് ആകെയുള്ള മൂന്ന് മെഡലിൽ (0-2-1) ഒരു വെള്ളി ക്രിക്കറ്റിൽ നിന്നാണ്. പാകിസ്ഥാനാകട്ടെ മൂന്ന് സ്വർണ്ണമടക്കം ആകെ 8 മെഡലുകൾ (3-2-3). അതിൽ ഒരു സ്വർണ്ണവും ഒരു വെങ്കലവും ക്രിക്കറ്റ് വക.
            ഇന്ത്യയിലെ ക്രിക്കറ്റ് മേലാളന്മാർ രാജ്യസ്നേഹമില്ലാത്തവരാണെന്ന്  സാധാരണ കായിക പ്രേമികൾ പറഞ്ഞാൽ അതിൽ തെറ്റ് പറയാനാവില്ല. ഒളിമ്പിക്സ്, ഏഷ്യാഡ് പോലെയുള്ള മത്സരങ്ങളിൽ രാജ്യത്തെ പ്രതിനിധീകരിക്കുകയെന്നത് ഏത് കായിക താരത്തിന്റെയും സ്വപ്നമാണ്.  അവർ രാജ്യത്തിനായി മെഡൽ നേടുന്നത് ഏതൊരാൾക്കും അഭിമാനമാണ്. ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് കാട്ടിയ ധാർഷ്ട്യം ഒരു ജനതയോടുള്ള വെല്ലുവിളിയാണ്. ബി.സി.സി.ഐ ഒരു പക്ഷെ ഐ.സി.സിക്കും മുകളിലായിരിക്കാം (പണപ്പെട്ടിയുടെ വലുപ്പം കൊണ്ട്) . പക്ഷെ ഇന്ത്യയെക്കാൾ വലുതാണെന്ന് കരുതരുത്. ഒരു രാജ്യത്തോട് കാണിച്ച നെറികേടിന്  ബോർഡിനെക്കൊണ്ട് മാപ്പ് പറയിക്കണം. ഇനി മേലിൽ ഇങ്ങനെ ഉണ്ടാവാതിരിക്കുവാനാവശ്യമായ നടപടികൾ എടുക്കുവാൻ ഇന്ത്യാ ഗവണ്മെന്റ് തയ്യാറാകണം.

Sunday, November 7, 2010

വാസ്തുവിദ്യ - അരുതുകളുടെ ശാസ്ത്രം

? അടുക്കള നിർമ്മിക്കേണ്ടുന്ന സ്ഥാനം എവിടെ?
കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരി പറയുന്നത്: “ശാസ്ത്രരീത്യാ അടുക്കള വീടിന്റെ വടക്ക് വശത്തോ കിഴക്ക് വശത്തോ ആവാം എന്ന് പറയുന്നതിന്റെ കാരണം നോക്കാം. പകൽ സമയത്ത് ഭൂമിയിലുള്ള ജീവജാലങ്ങൾക്ക് കർമ്മം ചെയ്യുന്നതിനുള്ള ഊർജ്ജം തരുന്നത് കിഴക്ക് വശത്ത് ഉദിക്കുന്ന സൂര്യനാണ്. അതുപോലെ തന്നെ അസ്തമയത്തിന്  ശേഷം സൂര്യന്റെ അഭാവത്തിൽ രാത്രിസമയത്ത് വേണ്ടതായ ഊർജ്ജം പ്രദാനം ചെയ്യുന്നത് വടക്ക് വശത്ത് എന്ന് കണക്കാക്കുന്ന സപ്തർഷികളുമാണ്. കർമ്മം ചെയ്യാൻ മനുഷ്യന് ഭക്ഷണത്തിൽ നിന്നാണ് ഊർജ്ജം ലഭിക്കുന്നതെന്നത് കൊണ്ട് കിഴക്ക് വശത്താണ് അടുക്കളയ്ക്ക് ഉത്തമമായ സ്ഥാനം.”

സൂര്യനിൽ നിന്ന് നേരിട്ട് ഊർജ്ജം സ്വീകരിക്കുവാൻ കഴിയുന്നത് ഹരിതകമുള്ള  സസ്യങ്ങൾക്ക് മാത്രമാണ്. സൂര്യൻ ചൂടും വെളിച്ചവുമല്ലാതെ നമ്മുടെ ശരീരത്തിന് ആവശ്യമായ യാതൊരു ഊർജ്ജവും നേരിട്ട് നൽകുന്നില്ല. രാത്രി സമയത്ത് വേണ്ടതായ ഊർജ്ജം നൽകുമെന്ന് കൃഷ്ണൻ നമ്പൂതിരി പറയുന്ന സപ്തർഷികൾ ആകാശത്ത് അകലെയായി കാണാവുന്ന ഒരു നക്ഷത്രസമൂഹം മാത്രമാണ്. ഭാരതീയർ ഈ നക്ഷത്രസമൂഹത്തിലെ ഏഴ് നക്ഷത്രങ്ങൾക്ക് ഏഴ് മുനിമാരുടെ പേര് നൽകി. മറ്റ് ചില രാജ്യക്കാർ ഇതിനെ “വലിയ തവി” യെന്നും “വൻ കരടി” യെന്നും വിളിച്ചു. പണ്ട് കാലത്ത് കടലിൽ പോകുന്നവരും മറ്റും ദിക്കറിയുവാനായി ഈ നക്ഷത്രസമൂഹത്തെ ഉപയോഗിച്ചിരുന്നു. അതല്ലാതെ ഭൂമിയിലെ ജീവജാലങ്ങൾക്ക് ഊർജ്ജം പകരുവാനോ ഏതെങ്കിലും തരത്തിൽ സ്വാധീനിക്കുവാനോ കഴിവുള്ളതല്ല സപ്തർഷികൾ എന്ന നക്ഷത്രഗണം. അതിനാൽ അടുക്കള വടക്ക് വശത്തോ കിഴക്ക് വശത്തോ തന്നെ ആവണമെന്ന് പറയുന്നതിൽ യാതൊരു അർത്ഥവുമില്ലെന്ന് മനസ്സിലാക്കാവുന്നതാണ്.

?കിണർ എവിടെ നിർമ്മിക്കാം?
കൃഷ്ണൻ നമ്പൂതിരി പറയുന്നത്: “കിണർ, കുളം തുടങ്ങിയവ വീടിന്റെ വടക്ക് വശത്തോ കിഴക്ക് വശത്തോ ആണ് ഉത്തമം.വടക്ക് പടിഞ്ഞാറ് മൂലയിൽ കിണർ വരുന്നത് സ്ത്രീകൾക്ക് ദോഷമാണെന്ന് ശാസ്ത്രം അനുശാസിക്കുന്നു. തെക്ക് കിഴക്ക് മൂലയും കിണർ കുഴിക്കുന്നതിന് ഉത്തമമല്ല.”
പരമ്പരാഗതമായി (വാസ്തുശാസ്ത്രപ്രകാരവും) അടുക്കള വടക്ക് വശത്തോ കിഴക്ക് വശത്തോ നിർമ്മിക്കുന്നതിനാൽ അവിടേക്കാവശ്യമായ വെള്ളം കോരിക്കൊണ്ട് വരുന്നതിന് സൌകര്യപ്രദമായ രീതിയിൽ  കിണർ അതിന് സമീപത്തായി നിർമ്മിക്കേണ്ടി വന്നിരുന്നു എന്നതിൽ കവിഞ്ഞ് കിണർ വടക്ക് കിഴക്ക് വശത്തേ ആകാവൂ എന്നതിന് പ്രത്യേക കാരണങ്ങളൊന്നും ഉള്ളതായി കാണുന്നില്ല


? ഗൃഹപ്രവേശം നടത്തുമ്പോൾ..
കൃഷ്ണൻ നമ്പൂതിരി പറയുന്നത്: “ഗൃഹപ്രവേശത്തിന് തലേദിവസം രാത്രി ആചാര്യനായ തന്ത്രിയെക്കൊണ്ട് വാസ്തുബലിയും പഞ്ചശിര:സ്ഥാപനവും നടത്തേണ്ടതാണ്.”

നിർമ്മാണ വേളയിൽ ഉണ്ടാകുന്ന തെറ്റുകൾക്കുള്ള പ്രായശ്ചിത്തമായാണ് അഞ്ച് ജന്തുക്കളുടെ ശിരസ്സിന്റെ ചിത്രം ഉൾക്കൊള്ളുന്ന ലോഹത്തകിട് കുഴിച്ചിടുന്നത്. പിന്നെ എന്തിനാണ് പ്രത്യേകിച്ച് വാസ്തു നോക്കുന്നത്? എന്തെങ്കിലും തെറ്റ് ഉണ്ടാവുകയാണെങ്കിൽ അത് പരിഹരിക്കുവാനായി പഞ്ചശിരസ്സ് കുഴിച്ചിടുന്നുണ്ടല്ലോ. അപ്പോൾ ചെയ്ത തെറ്റിന് പ്രായശ്ചിത്തമായി. പരിഹാരം എന്ത് എളുപ്പം.

Monday, October 25, 2010

ബഹുമുഖ ദാരിദ്ര്യ സൂചികയില്‍ കേരളം ഏറ്റവും ദാരിദ്ര്യം കുറഞ്ഞത്.

ഐക്യരാഷ്ട്രസഭയുടെ ഭാഗമായ യുണൈറ്റഡ് നേഷൻസ് ഡവലപ്മെന്റ് പ്രോഗ്രാമും ( UNDP) ഓക്സ്ഫോർഡ്  പോവർറ്റി & ഹൂമൻ ഡവലപ്മെന്റ് ഇനിഷ്യേറ്റീവും (OPHI)  2010 ജൂലൈയിൽ സംയുക്തമായി പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ (Multidimensional Poverty Index –MPI) കേരളവും ഗോവയും ഏറ്റവും ദാരിദ്ര്യം കുറഞ്ഞ ഇൻഡ്യൻ സംസ്ഥാനങ്ങളായി രേഖപ്പെടുത്തിയിരിക്കുന്നു. ദാരിദ്ര്യാവസ്ഥ നിർണ്ണയിക്കുവാനായി  പരമ്പരാഗതമായി വരുമാനം മാത്രം ഉപയോഗിക്കുന്ന സൂചികകളുടെ പോരായ്മകൾ മറികടക്കുവാനായി  വിദ്യാഭ്യാസം, ആരോഗ്യം, ജീവിത നിലവാരം തുടങ്ങിയവയും ഇതിനായി കണക്കിലെടുത്തിരിക്കുന്നു.  ഏറ്റവും ദരിദ്ര്യമായ 26 ആഫ്രിക്കൻ രാജ്യങ്ങളിൽ ഉള്ളതിനേക്കാൾ (410 മില്യൺ) അധികം ദരിദ്രർ ബീഹാർ, ഛത്തിസ്ഗർ, ജാർഖണ്ഡ്, മധ്യപ്രദേശ്, ഒറീസ്സ, രാജസ്ഥാൻ, ഉത്തർപ്രദേശ്, പശ്ചിമബംഗാൾ എന്നീ 8 സംസ്ഥാനങ്ങളിലായി ഉണ്ടെന്ന് റിപ്പോർട്ട് പറയുന്നു.
Map of MPI Poverty in India(higher MPI value in dark red)
പ്രസ്തുത സൂചിക പ്രകാരം ഒന്നാമതുള്ള  കേരളം (0.065)  പരാഗ്വേക്കും ഫിലിപ്പൈൻസിനുമൊപ്പമാണ്. രണ്ടാമതെത്തിയ ഗോവ (0.094) ഇന്ത്യോനേഷ്യയോട് അടുത്ത് നിൽക്കുന്നു. മേൽ‌പ്പറഞ്ഞ രാജ്യങ്ങൾ ഇടത്തരം വരുമാനമുള്ള രാജ്യങ്ങളായി സൂചികയിൽ കണക്കാക്കപ്പെട്ടിരിക്കുന്നു. തമിഴ്നാട് (1.41) ആഫ്രിക്കൻ രാജ്യമായ ഘാനയുടെ നിലവാരത്തിന് സമമാണ്. ഝാർഖണ്ഡും ബീഹാറും അവികസിത രാജ്യമായ കോംഗോയ്ക്ക് ഒപ്പമാണ്.

Saturday, October 23, 2010

വാസ്തുവിദ്യ: പടിപ്പുരയുടെ സ്ഥാനം എവിടെയാണ്?

കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരി എഴുതിയതിൽ നിന്ന്: "കിഴക്ക്  വശത്ത്  റോഡുള്ള സ്ഥലത്തിന്റെ കിഴക്ക് ഭാഗത്ത് പടിപ്പുരയോ ഗേറ്റോ വയ്ക്കുമ്പോൾ സ്ഥലത്തിന്റെ കിഴക്ക് വശത്തെ നീളത്തെ ഒമ്പതാക്കി ഭാഗിച്ച് വടക്ക് കിഴക്കേ മൂലയിൽ നിന്ന് നാലാമത്തെ അംശത്തിൽ അതായത് ഒൻപതിൽ ഒന്നിൽ ഉത്തമമായ പടിപ്പുരയുടെ സ്ഥാനം നിർണ്ണയിക്കാം."
                      
ഏതെങ്കിലും സാധാരണക്കാരൻ ഇല്ലാത്ത കാശുണ്ടാക്കിയും വായ്പയെടുത്തും വീടും വച്ച് മതിലും കെട്ടി സൌകര്യപ്രദമായ സ്ഥലത്ത് ഗേറ്റും വച്ച് കഴിയുമ്പോഴാണ്  അതുവഴി വരുന്ന അഭ്യുദയകാംക്ഷി  ഗേറ്റ് വയ്ക്കുന്നതിനു മുൻപ് വാസ്തു നോക്കിയിരുന്നോയെന്ന് ചോദിക്കുന്നത്.  വഴി ഇന്ദ്രപഥത്തിൽ അല്ലെങ്കിൽ വലിയ കുഴപ്പമാണുണ്ടാകാൻ പോകുന്നത് എന്നാവും ഏതൊക്കെയോ വാസ്തുശാസ്ത്ര പുസ്തകങ്ങൾ വായിച്ച അറിവ് വച്ചുള്ള മറുപടി. ചിലർ അപ്പോൾ തന്നെ പഴയതു ഇടിച്ച് കളഞ്ഞിട്ട് വാസ്തുപ്രകാരം വാതിൽ മാറ്റിപ്പണിയും. മറ്റുചിലർ അതവഗണിക്കും എങ്കിലും വീട്ടിലെ ആർക്കെങ്കിലും അപകടമോ അസുഖമോ വല്ലതുമുണ്ടായാൽ അപ്പോൾ പഴയ അഭ്യുദയകാംക്ഷി പറയും ഞാനപ്പൊഴേ പറഞ്ഞതായിരുന്നില്ലേ ഗേറ്റ് ശരിയായ സ്ഥാനത്ത് അല്ലെന്ന്. അതുകൊണ്ടുള്ള കുഴപ്പങ്ങളാണിതെല്ലാം. പിന്നീട് വാസ്തുനോക്കൽ, പൊളിക്കൽ, പണിയൽ എല്ലാം കഴിയുമ്പോഴേക്കും  കീശ കീറിയത് തന്നെ. ഉപദേശിക്ക് സന്തോഷവുമാവും.
          ഈ പ്രശ്നപരിഹാരങ്ങൾക്കൊക്കെ ശേഷം ആ വീട്ടിൽ ആർക്കും അസുഖം ഉണ്ടാവുകയില്ലേ. ഉണ്ടായാലും  ഗേറ്റ് മാറ്റിവച്ചിട്ടും എന്തുകൊണ്ടുണ്ടായി എന്ന് ആരും ചോദിക്കുകയില്ല.
          ഗേറ്റ് മാറ്റി വച്ചിട്ടില്ലെങ്കിലോ? മാറ്റിവച്ച് കഴിഞ്ഞ് വരുന്നതിൽ അധികമായി യാതൊരു മോശം കാര്യവും ഉണ്ടാകുവാൻ പോകുന്നില്ല.  
          വീട്ടിൽ നിന്ന് റോഡിലേക്കുള്ള വഴി അത് ഉപയോഗിക്കുന്നവരുടെ സൌകര്യവും മറ്റ് സാഹചര്യങ്ങളും അനുസരിച്ചാവണം നിർമ്മിക്കേണ്ടത്. അല്ലാതെ ഏതോ പഴയ വാസ്തു പുസ്തകത്തിൽ എഴുതിവച്ചിട്ടുണ്ട് എന്നതിന്റെ അടിസ്ഥാനത്തിൽ ഇന്ദ്രപദമോ പുഷ്പദന്തപദമോ വല്ലാഭ പദമോ ഒന്നും നോക്കിയാവരുത്. വാസ്തു ശാസ്ത്രപ്രകാരം പണിതിട്ടുള്ള വീടുകളിൽ യാതൊരു കുഴപ്പങ്ങളും ഉണ്ടായിട്ടില്ലേയെന്ന്  ശ്രീ.കൃഷ്ണൻ നമ്പൂതിരി പരിശോധിക്കണം. എന്നിട്ടാവട്ടെ ഇങ്ങനത്തെ   അന്ധവിശ്വാസങ്ങളുടെ പ്രചരണം നടത്തുന്നത്. മറ്റുള്ളവർക്ക് നഷ്ടങ്ങളും ആശങ്കകളും മാത്രം സൃഷ്ടിക്കുന്ന ഇത്തരം  വിലക്കുകളുടെ ശാസ്ത്രത്തിന്റെ പ്രചരണങ്ങൾ ധാർമ്മികത അല്പമെങ്കിലും ബാക്കിയുള്ളവർ നടത്തുകയില്ലയെന്ന് ഉറപ്പ്. 

Friday, October 22, 2010

സ്വാതന്ത്ര്യത്തിന്റെ ജനാലകള്‍ തുറന്ന് അയ്യപ്പന്‍

രെഴുത്ത് മുറിയും കടലാസും പേനയും മാത്രമുള്ള മനുഷ്യാരവമില്ലാത്ത നിശബ്ദതയുടെ ഒരു ലോകത്ത് നിമിഷങ്ങൾക്കുള്ളിൽ മരിച്ച് പോകുമെന്ന് പറഞ്ഞ അയ്യപ്പൻ.
സിസ്റ്റർ, എവിടെ എന്റെ ജീവന്റെ താക്കോൽ.. കൂടുതുറക്കൂ..പക്ഷിയെപ്പറത്തിവിടൂ എന്ന് പറഞ്ഞ അയ്യപ്പൻ.
കവിത ഉപജീവനം കൂടിയാണെന്ന് പറഞ്ഞ അയ്യപ്പൻ.
ഉപജീവനം മാത്രമല്ല , അയ്യപ്പന്  കവിത അതിജീവനം കൂടിയായിരുന്നു എന്ന് നമ്മൾ ഇപ്പോൾ അറിയുന്നു.
 സ്നേഹസദനങ്ങളും ആശുപത്രിമുറികളും തടവറകൾ തീർത്തിരിക്കാം.  ആദരവുകളും സ്നേഹപ്രകടനങ്ങളും അരോചകങ്ങളായി തീർന്നിരിക്കാം. വിലക്കപ്പെട്ട മധുപാത്രങ്ങൾ വീണുടഞ്ഞ  ചിലമ്പിച്ച  ശബ്ദങ്ങളിൽ, അടഞ്ഞ് കിടക്കുന്ന കടകളുടെ തിണ്ണയിലെ മണ്ണിന്റെ മർമ്മരത്തിൽ, തെരുവുകൾ ചുരത്തുന്ന  ചെളിയുടെയും പൊടിയുടെയും ഗന്ധങ്ങളിൽ  സ്വാതന്ത്യത്തിന്റെ ഭാവങ്ങൾ ഒളിച്ചിരിന്നിട്ടുണ്ടാവാം. അത് കണ്ടെത്താൻ അയ്യപ്പന് മാത്രമേ കഴിഞ്ഞിട്ടുണ്ടാവൂ.. അതുകൊണ്ടാവാം വീണ്ടും തെരുവിലേക്ക് പോയത്. അതുകൊണ്ടാവാം   വഴിയരികിൽ സ്വാതന്ത്യത്തോടെ  ആരുമറിയാതെ വീണുകിടക്കാനായത്. അതുകൊണ്ടാവാം  അസ്ത്രം കൊണ്ട്  ജീവൻ പറന്നകന്നിട്ടും ആർക്കും തിരിച്ചറിയാനാവാതിരുന്നത്.

Tuesday, September 28, 2010

എന്തുകൊണ്ട് സ്വൈര്യമായി വിഹരിക്കുന്നു?

അമ്പലപ്പുഴയിൽ ജ്യോത്സന്റെ വാക്ക് കേട്ട് കുഞ്ഞിനെ അടിച്ചുകൊന്ന പിതാവ് പോലീസ് കസ്റ്റഡിയിലാണ്.  പക്ഷെ ഈ ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ച ജ്യോത്സ്യൻ സംഭവം കഴിഞ്ഞ് രണ്ടാഴ്ചയ്ക്ക് ശേഷവും പുറത്ത് തന്നെ.  പുതിയ പുതിയ ഉപദേശങ്ങളും ഭാവിപ്രവചനങ്ങളുമായി വിഹരിക്കുകയാവും. കൊലപാതകത്തിന് പ്രേരണ നൽകുക എന്നതും കുറ്റമായി കാണുന്ന സാഹചര്യത്തിൽ എന്തുകൊണ്ടാണ് ചില പ്രമാണികൾ മാത്രം കുറ്റവാളികളാക്കപ്പെടാത്തത്? ജ്യോത്സ്യൻ അധികാരികളെ ശത്രുസംഹാരപൂജ നടത്തി സംഹരിച്ചോ അതോ വശീകരണയന്ത്രം കാട്ടി വശീകരിച്ചോ ?  ഈ സംഭവത്തിന് ശേഷം അദ്ദേഹത്തിന് ആരാധകരും വിശ്വാസതയും കൂടിയിട്ടുണ്ടാവും. കാരണം പല്ലുമായി ജനിച്ച് കുഞ്ഞ് പിതാവിന് ദോഷം വരുത്തിവയ്ക്കുമെന്ന് ജ്യോതിഷരത്നം  പറഞ്ഞത് എത്ര ശരിയായെന്നാവും അവർ ചിന്തിക്കുക.
ഭാഗ്യക്കുറി അടിക്കുമ്പോഴാണ്  ഒരാൾ ഭാഗ്യവാനാവുക, അല്ലാതെ ഭാഗ്യവാനായ ആൾക്ക് അല്ല ഭാഗ്യക്കുറിയടിക്കുക.

Thursday, September 23, 2010

ഇന്ത്യയ്ക്ക് കോമണ്‍‌വെല്‍ത്ത് കിരീടം നേടാന്‍ സാദ്ധ്യത

                 2006 ല്‍ മെല്‍ബണില്‍ നടന്ന കോമണ്‍ വെല്‍ത്ത്  ഗെയിംസില്‍ ആതിഥേയരായ ആസ്ട്രേലിയ ചാമ്പ്യൻ‌പട്ടം നേടിയിരുന്നു. ഇത്തവണ ഇന്ത്യയ്ക്ക് കിരീടം നേടാന്‍ സാദ്ധ്യത തെളിയുന്നു. ഇന്ത്യക്ക് അതിന് കഴിഞ്ഞാല്‍ അതിന്റെ പിന്നില്‍ പ്രവര്ത്തി‍ച്ച സുരേഷ് കല്‍മാഡിക്കും സംഘാടക സമിതിക്കും തീര്ച്ച‍യായും അഭിമാനിക്കാവുന്നതാണ്. മെല്‍ബണ്‍ ഗെയിംസില്‍ ആസ്ട്രേലിയ 84 സ്വര്‍ണ്ണം നേടി ഒന്നാമതെത്തിയപ്പോള്‍ ഇംഗ്ലണ്ട് 36 സ്വര്ണ്ണ‍ത്തോടെ രണ്ടാമതും കാനഡ 26 സ്വര്‍ണ്ണത്തോടെ മൂന്നാമതുമെത്തിയിരുന്നു. ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനത്തോടെ 22 സ്വറ്ണ്ണവും 17 വെള്ളിയും 11 വെങ്കലവും നേടിയ ഇന്ത്യ നാലാം സ്ഥാനത്തെത്തി. എന്നാല്‍ ഇത്തവണ ഇന്ത്യ ഇവയെല്ലാം കവച്ച് വയ്ക്കുമെന്ന് കരുതുന്നു. ലോകറെക്കോര്‍ഡ്കാരും മികച്ച താരങ്ങളും കൂട്ടത്തോടെ പിന്മാറിത്തുടങ്ങിയത് ഇന്ത്യ ന്‍  താരങ്ങൾക്ക് മെഡല്‍കൊയ്ത്ത് നടത്തുവാ‍ന്‍ ഊര്ജ്ജം‍ പകരും. ലോക കായികരംഗത്ത് ഇന്ത്യ ഒരു വന്‍ ശക്തിയാണെന്ന് തെളിയിക്കുന്നതിനായി  സംഘാടകസമിതിയുടെ അറിവോടെ മേല്പാലവും  സീലിംഗും പൊളിച്ചതാണെന്നും പറയപ്പെടുന്നു. ജീവനില്‍ കൊതിയുള്ള മുന്‍ നിര താരങ്ങളുടെ പിന്മാറ്റത്തെ തുടര്‍ന്ന് ഗെയിംസിനെത്തുന്ന രണ്ടാംകിട - മൂന്നാംകിട താരങ്ങളെ ഇന്ത്യക്കാര്ക്ക്‍ അനായാസം തോല്പിക്കാനാകുമെന്ന് കരുതാം. അങ്ങനെയെങ്കില്‍ ഇന്ത്യയുടെ കായിക ചരിത്രത്തില്‍ ഒരു പൊന്‍തൂവലായിരിക്കുമത്. കൂടാതെ ഇങ്ങനെ തന്നെ ഒരു ഒളിമ്പിക്സ് കൂടി സംഘടിപ്പിക്കുവാന്‍ ഇന്ത്യക്ക് കഴിയുകയാണെങ്കില്‍ അധികകാലം മുമ്പല്ലാതെ ഒരു കേന്ദ്രമന്ത്രി പറഞ്ഞത് പോലെ ഇന്ത്യക്ക് 100 ഒളിമ്പിക്സ് മെഡല്‍ നേടാനാവുന്ന കാലം വിദൂരമല്ല.

Tuesday, September 21, 2010

ശ്രീ.കെ.മുരളീധരന്‍ വീട് പൊളിച്ചിട്ടെന്തായി?

 “മുരളീധരന്‍ വീടിന്റെ മുഖം മാറ്റുന്നു. (ദീപിക വാർത്ത, മാര്‍ച്ച്‌ ഇരുപത്തിരണ്ട്
കോഴിക്കോട്: രാഷ്ട്രീയ ഭാവിയുടെ രാശിചക്രം തിരുത്താന്‍ കെ മുരളീധരന്‍ വീടിന്റെ മുഖം മാറ്റുന്നു. കോണ്ഗ്രസ്സ് പ്രവേശനം സാധ്യമാവാതെ നട്ടം തിരിയുന്ന ഘട്ടത്തില്‍ ഒരു ജ്യോത്സ്യന്റെ ഉപദേശമനുസരിച്ചാണ് മുരളീധരന്‍ വീടിന്റെ മുഖം തെക്ക് നിന്ന് പടിഞ്ഞാറോട്ട് തിരിക്കുന്നത്. കോഴിക്കോട് ബിലാത്തിക്കുളത്തുള്ള ജ്യോതിസ്സാണ് കഴിഞ്ഞ മൂന്നു മാസമായി നവീകരിക്കുന്നത്. ആറു മാസം മുമ്പാണത്രേ ജ്യോത്സ്യന്‍ ഉപദേശം നല്‍കിയത്.
എന്നാല്‍ മറ്റെല്ലാ അഭ്യൂഹങ്ങളെയും പോലെ മുരളീധരന്‍ ഇതും നിഷേധിക്കുകയാണ്. സൗകര്യം മാത്രം കണക്കിലെടുത്താണ് വാസ്തുവിലെ തിരുത്തല്‍ എന്നാണ് അദ്ദേഹവുമായി അടുപ്പമുള്ളവരുടെ വിശദീകരണം. എന്നാല്‍ വീടിന്‍റെ പിന്നിലൂടെ പ്രവേശിക്കുന്നതാണോ സൗകര്യമെന്ന് ആരും ചോദിക്കരുത്. പുതിയൊരു പൂമുഖവും മുഖം മിനുക്കലിന്റെ ഭാഗമായി പണിയുന്നതിനാല്‍ വീടിനെ തന്നെ മുഖം തിരിച്ചിരുത്താന്‍ അദ്ദേഹത്തിന് കഴിയും. ഭാര്യാവീടിനോട് ചേര്‍ന്നുള്ള ഔട്ട്‌ ഹൗസ് പൊളിച്ചാണ് പുതിയ വഴിയുടെയും ഗെയിറ്റിന്റെയും പണി നടക്കുന്നത്. “ (ബഷീർ വള്ളിക്കുന്നിന്റെ ബ്ലോഗിൽ നിന്നും.)
            2010 മാർച്ചിലാണ്  ദീപികയിൽ ഈ വാർത്ത വന്നത്. വാസ്തുപ്രകാരം വീട് പൊളിച്ച് പണിഞ്ഞിട്ട് മാസം ആറ് കഴിഞ്ഞു. എന്നിട്ടെന്ത് സംഭവിച്ചു? ശ്രീ.മുരളീധരൻ കോൺഗ്രസ്സിന് അകത്തായോ? അതിനു ശേഷം  എന്തെങ്കിലും പ്രത്യേക നേട്ടം അദ്ദേഹത്തിനുണ്ടായതായി ഞാനറിഞ്ഞില്ല. ഇനി വേണമെങ്കിൽ ഫൂ ഷ്വേ  പരീക്ഷിക്കാം.

Sunday, September 12, 2010

ഓ ..ഒരാന

                      


ഗജമേള.....
ഉത്സവം.... 
എഴുന്നള്ളത്ത്‌.....
എന്താ ഒരു ഭാവം..
ദൈവത്തിന്റെ നാട്ടിലെ 
ദൈവത്തിന്റെ  സ്വന്തക്കാരനെന്നോ ?

Saturday, September 11, 2010

ജ്യോത്സന്റെ പ്രവചനം കേട്ട് കുഞ്ഞിനെ കൊന്നു

              ആലപ്പുഴയില്‍ രണ്ട്‌ മാസം പ്രായമായ കുഞ്ഞിനെ പിതാവ് അടിച്ചുകൊന്നു. വായില്‍ രണ്ട്‌ പല്ലുകളുമായി ജനിച്ച കുഞ്ഞ് പിതാവിന്റെ കാലനായി വരുമെന്ന ജ്യോതിഷിയുടെ പ്രവചനമാണ് പിതാവിനെ ഈ ക്രൂരകൃത്യത്തിലേക്ക് നയിച്ചത്. കുഞ്ഞിന്റെ ജാതകം എഴുതാനായി ജ്യോതിഷിയുടെ അടുത്തെത്തിയപ്പോഴാണ് പിതാവിനോട് ഈ പ്രവചനം നടത്തിയത്. ഇത്തരം ജ്യോതിഷികളെയും അത് കേട്ട് കുഞ്ഞുങ്ങളെ കൊള്ളുന്ന പിതാക്കന്മാരെയും പറ്റി എന്ത് പറയാന്‍ .

Thursday, September 9, 2010

വാസ്തുവിദ്യ - 2

 മാതൃഭൂമിയില്‍ വാസ്തു സംബന്ധമായ സംശയങ്ങളെപ്പറ്റി കാണിപ്പയ്യൂര്‍ കൃഷ്ണന്‍ നമ്പൂതിരി സംസാരിച്ചപ്പോള്‍ എനിക്ക് മനസിലായ  ചില കാര്യങ്ങള്‍ കൂടി.

3. ഭവനത്തിന് ചുറ്റും വെയ്ക്കേണ്ട ഉത്തമ വൃക്ഷങ്ങളേത് ?
കൃഷ്ണന്‍ നമ്പൂതിരി : വീടിനു കിഴക്ക്  പ്ലാവിനും തെക്ക് കമുകിനും പടിഞ്ഞാറ് തെങ്ങിനും വടക്ക് മാവിനും സ്ഥാനമാകുന്നു. എന്നാല്‍ ഇവ മറ്റു സ്ഥാനത്ത് വന്നാലും കുഴപ്പമില്ല. അത്തി തെക്കും അരയാല്‍ പടിഞ്ഞാറും ഇത്തി വടക്കും പേരാല്‍ കിഴക്കുമേ പാടുള്ളൂ. പൂള വീടിനു സമീപം ഉത്തമമല്ല.    എനിക്ക് മനസ്സിലായത്‌: വീടിനു കിഴക്ക് വശം പ്ലാന്തോട്ടവും തെക്ക് കമുകില്‍ തോട്ടവും പടിഞ്ഞാറ് തെങ്ങിന്‍ തോപ്പും വടക്ക് മാന്തോപ്പും ആകാം. എങ്ങനെയുമാവാമെന്നു പറഞ്ഞത് ഒരു ഒത്തുതീര്‍പ്പിന്റെ ഭാഗമായി കാണാവുന്നതാണ്. വീടിന്റെ എല്ലാ വശത്തും തെങ്ങുണ്ടായിട്ട് എന്ത് പറ്റിയെന്നു ആരും ചോദിക്കരുതല്ലോ. അത്തിയും ഇത്തിയുമൊക്കെ അപൂര്‍വമായ സ്ഥിതിക്ക് ഇത്തരം ചോദ്യങ്ങള്‍ക്ക് സാധ്യത കുറവാണ്. എന്റെ നാട്ടിലും വീട്ടിലും മിക്കവരും പൂള (ചീനി /കപ്പ ) വീടിന് സമീപത്തായി നട്ട് വളര്‍ത്താറുണ്ട്. അതില്‍ ചീനി ഉണ്ടാവുകയോ ഉണ്ടായ  ചീനി എലി കൊണ്ട് പോവുകയോ അല്ലാതെ ഒന്നും പ്രത്യേകിച്ച് മറ്റൊന്നും സംഭവിക്കാറില്ല .                                                                                                                                                                                            
 4. വീട് നിര്‍മ്മാണത്തിന് സ്ഥാനം ഗണിക്കുന്നതെങ്ങനെ ?
കൃഷ്ണന്‍ നമ്പൂതിരി : വീട് നിര്‍മ്മിക്കാന്‍ തെരഞ്ഞെടുത്ത ഭൂമിയെ നാലായി തിരിച്ച് വടക്ക് - കിഴക്ക് ഖന്ധത്തിലോ തെക്ക് - പടിഞ്ഞാറ് ഖണ്ടത്തിലോ വീട് നിര്‍മ്മിക്കണം. ചെറിയ സ്ഥലമാണെങ്കില്‍ ഗൃഹമദ്ധ്യം തെക്ക് പടിഞ്ഞാറ് ഖണ്ടത്തിലേക്കോ    വടക്ക് കിഴക്ക് ഖണ്ഡത്തിലേക്കോ     വരുത്തി വേണം നിര്‍മ്മിക്കുവാന്‍ . ഗൃഹമധ്യ സൂത്രം തടസ്സപ്പെടുത്തുന്ന രീതിയില്‍ ഭിത്തി, തൂണ്, ടോയലറ്റ് തുടങ്ങിയവ വരുന്നത് ശുഭകരമല്ല.                                                                                                                                                                        എനിക്ക് മനസ്സിലായത്‌ : ചെറിയ ഭൂമിയില്‍ വീട് നിര്‍മ്മിക്കുമ്പോള്‍ വീട് സ്വാഭാവികമായും വടക്ക് - പടിഞ്ഞാറ് ഖണ്ടത്തിലേക്കും തെക്ക് - കിഴക്ക്   ഖണ്ടത്തിലേക്കും കയറുമെന്നതില്‍ സംശയമില്ല. അത്തരം വീടുകളില്‍ താമസിക്കുന്നവരുടെ കാര്യം പോക്കായത് തന്നെ. അതായത് ചെറിയ വസ്തുവില്‍ വീട് വയ്ക്കാന്‍ പാടുള്ളതല്ല. (ഇന്ത്യയിലെ പഴയ നഗരങ്ങളായ ഹാരപ്പ , പാടലീപുത്രം തുടങ്ങിയവ പരിശോധിച്ചാല്‍ പരന്ന പാതയ്ക്ക് ഇരുവശവും അന്യോന്യം അഭിമുഖമായി നില്‍ക്കുന്ന വീടുകളാണ് കാണാനാവുക - ശാസ്ത്രവും കപടശാസ്ത്രവും - കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്) പതിനാറാം നൂറ്റാണ്ടിലെഴുതിയതെന്നു കരുതുന്ന മനുഷ്യാലയ ചന്ദ്രികയുടെയോ അതിനു  മുമ്പേ  എഴുതിയ  വാസ്തുവിദ്യയുടെയോ കാലത്ത്  ഏത് വീട്ടിലായിരുന്നു  ടോയലറ്റ് ഉണ്ടായിരുന്നത്?

5 . പറമ്പ് ചെറുതാണെങ്കില്‍ വീടിനു സ്ഥാനം കാണാന്‍ എന്താണ് ചെയ്യേണ്ടത്?
കൃഷ്ണന്‍ നമ്പൂതിരി : പറമ്പ് ചെറുതാണെങ്കില്‍  പറമ്പിന്റെ വീതിയുടെ എട്ടിലൊന്നോ  ഒന്‍പതിലൊന്നോ  പത്തിലൊന്നോ പന്ത്രണ്ടിലൊന്നോ  സ്ഥലം ഒരു വശത്തും അതില്‍ കുറച്ചുകൂടി സ്ഥലം മറുവശത്തും  ഒഴിച്ചിട്ട് പണിയാനുദ്ദേശിക്കുന്ന വീടിന്റെ  വിസ്താരം നിശ്ചയിക്കാവുന്നതാണ്.
അങ്ങാടികളിലും ഗ്രാമങ്ങളിലും നിരയായി ചുറ്റും സ്ഥലമില്ലാതെയുള്ള വീടുകളാണെങ്കില്‍ ഒരു ഗ്രാമത്തെ ഒന്നാക്കി എടുത്തു ഗ്രാമത്തിന്റെ നാല് ചുറ്റും നിശ്ചിത അകലത്തില്‍ സ്ഥലം വിട്ട് ബാക്കിയുള്ള സ്ഥലത്ത് വീടുകള്‍ ചേര്‍ത്ത് വയ്ക്കാം.      ഗ്രാമത്തിന്റെ അതെ പ്രതീതിയാണ് ഇന്നത്തെ ഫ്ലാറ്റുകള്‍ . നിരവധി ഫ്ലാറ്റുകള്‍ ഉള്ള കെട്ടിടമാണ് നിര്‍മ്മിക്കുന്നതെങ്കില്‍  ആ കെട്ടിടത്തിനു ചുറ്റും നിശ്ചിത അകലത്തില്‍ സ്ഥലം മാറ്റിയിടണമെന്ന്   മാത്രം.  
എനിക്ക് മനസ്സിലായത്‌ : എങ്ങനെ ആയാലും രണ്ടു വശത്തും ഒരേ അളവില്‍ സ്ഥലം ഒഴിച്ചിടരുതെന്ന് നിര്‍ബന്ധം. ഗ്രാമവും ഫ്ലാറ്റുകളും തമ്മില്‍ എത്ര വിദഗ്ധമായിട്ടാണ്  ബന്ധിപ്പിച്ചിരിക്കുന്നത് ? പഴയകാല വാസ്തു ശാസ്ത്ര ഗ്രന്ഥങ്ങളില്‍ എവിടെയാണ് ഫ്ലാറ്റുകളെപ്പറ്റി പറഞ്ഞിരിക്കുന്നത് എന്ന് ചോദിച്ചാല്‍ ഫ്ലാറ്റ് തന്നെ ഗ്രാമം എന്ന് കണ്ടെത്തിയ വാസ്തുവിദ്യാ വിദഗ്ധരെ അഭിനന്ദിക്കാതെ വയ്യ. വാസ്തു ശാസ്ത്രത്തെ ഫ്ലാറ്റുമായി ബന്ധിപ്പിക്കേണ്ടതിന്റെ  ആവശ്യകത അവര്‍ക്കാണല്ലോ. കാരണം ഇനിയുള്ള കാലത്ത് ജനങ്ങള്‍ കൂടുതലായി ഫ്ലാറ്റുകളില്‍ താമസിച്ച് തുടങ്ങുമ്പോള്‍ അവയും തങ്ങളുടെ പരിധിയിലാക്കിയാല്‍ മാത്രമല്ലേ കൂടുതല്‍ ഗുണമുള്ളൂ.

Friday, September 3, 2010

കെട്ടിടം തകര്‍ന്നുവീണ് ജ്യോതിഷി മരിച്ചു.

                 തൃശൂരില്‍ കേരള ഭവന്‍ ലോഡ്ജ് തകര്‍ന്ന്‌ വീണ് ജ്യോതിഷി മരിച്ചു. മറ്റെല്ലാവരുടെയും ഭാവി പ്രവചിക്കുന്ന ജ്യോതിഷി അടുത്ത ദിവസം തകര്‍ന്ന്‌ വീഴാന്‍ പോകുന്ന കെട്ടിടത്തിലാണ് താന്‍ മുറിയെടുക്കുന്നതെന്നും അതില്‍ പെട്ട് താനും അവസാനിക്കുവാന്‍ പോവുകയാണെന്നും മുന്‍കൂട്ടി കാണാനായില്ല.  സെപ്റ്റംബര്‍ ഒന്നാം തീയതി ബുധനാഴ്ച രാത്രി  ഉറങ്ങാനായി മുറിയെടുത്ത ജ്യോതിഷിക്ക് പിന്നെ ഉണരാനായില്ല. മറ്റുള്ളവരുടെ ഭാവി പ്രവചിക്കുന്നതിനിടെ സ്വന്തം ഭാവി നോക്കാന്‍ സമയം  കിട്ടിയിട്ടുണ്ടാവില്ല.

Thursday, September 2, 2010

വാസ്തു - എനിക്ക് മനസിലായത്           മാതൃഭൂമിയില്‍ വാസ്തു സംബന്ധമായ സംശയങ്ങളെപ്പറ്റി കാണിപ്പയ്യൂര്‍ കൃഷ്ണന്‍ നമ്പൂതിരി സംസാരിച്ചപ്പോള്‍ എനിക്ക് മനസിലായതും മനസിലാവാത്തതുമായ ചില കാര്യങ്ങള്‍
1 ) വീടുണ്ടാക്കാന്‍ ഭൂമി തെരഞ്ഞെടുക്കുമ്പോള്‍. 
കൃഷ്ണന്‍ നമ്പൂതിരി : കിഴക്ക് വശം താഴ്ന്ന ഭൂമിയാണ്‌ വീട് വെക്കാനുത്തമം. പടിഞ്ഞാറോട്ട് ചരിഞ്ഞ ഭൂമി നന്നല്ല. പടിഞ്ഞാറ് നിന്ന് കിഴക്കോട്ടൊഴുകുന്ന നദിയുടെ തെക്ക് വശം വീട് വെയ്ക്കാന്‍ ഏറ്റവും ഉത്തമം.  
എനിക്ക് മനസ്സിലായത് :കേരളം പൊതുവേ കിഴക്ക് ഭാഗം ഉയര്‍ന്നും പടിഞ്ഞാറോട്ട് ചരിവുള്ളതുമായ ഒരു ഭൂവിഭാഗമാണ്. നദികളില്‍ 41 എണ്ണവും പടിഞ്ഞാറേക്ക്‌ ഒഴുകുന്നു. അങ്ങനെ നോക്കുമ്പോള്‍ കേരളത്തില്‍ വാസയോഗ്യമായ ഭൂമി ഇല്ലെന്നുതന്നെ പറയാം. കബനിയുടെയോ ഭാവാനിയുടെയോ പാമ്പാറിന്റെയോ തെക്കേ കരയില്‍ അഞ്ച് സെന്റ്‌ കിട്ടുമോയെന്ന് നോക്കണം.
2)  ഭവന നിര്‍മ്മാണത്തില്‍ കോണുകളുടെ പ്രാധാന്യം.
കൃഷ്ണന്‍ നമ്പൂതിരി: അഗ്നികോണില്‍ ( തെക്ക്  - കിഴക്ക് മൂല ) നിന്നും വായുകോണിലേക്ക് (വടക്ക് - പടിഞ്ഞാറ് മൂല)    വരയ്ക്കുന്ന രേഖ മൃത്യുസൂത്രം ആയതിനാല്‍ ഈ പാതയില്‍ വീട് പണിതാല്‍ അഗ്നിഭയം ഉണ്ടാകും. അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ഈ ദിശയില്‍ ആയിരുന്നു.
എനിക്ക് മനസ്സിലാവാത്തത്: അമേരിക്കയിലെ മറ്റ് കെട്ടിടങ്ങളൊക്കെ വാസ്തു നോക്കി പണിതതായതിനാലാവാം അതിലൊന്നും വിമാനം ഇടിച്ചിറക്കാന്‍  ബിന്‍ ലാദന് തോന്നാതിരുന്നത്. ശബരിമല ക്ഷേത്രവും കുമാരനല്ലൂര്‍  ക്ഷേത്രവും പിറയന്നാര്‍ ക്ഷേത്രവുമൊക്കെ   വാസ്തു നോക്കാതെ വെച്ചതായിരിക്കണം. കത്തിനശിച്ച കുമാരനല്ലൂര്‍ ക്ഷേത്ര ഗോപുരം പുനര്‍ നിര്‍മിച്ചപ്പോള്‍ മൂന്നു കോടിയുടെ ഇന്ഷ്വറന്‍സ് എടുത്തത്‌ എന്തിനെന്നു മനസിലായില്ല.

Monday, August 16, 2010

കൊലപാതക കേസുകള്‍ തെളിയിക്കാന്‍ നൂതന രീതികള്‍ പരീക്ഷിക്കാം

            തെളിയിക്കപ്പെടാത്ത എത്രയെത്ര കൊലപാതകങ്ങളാണ് നമ്മുടെ പോലീസിന്റെ കണക്ക് പുസ്തകങ്ങളിലുള്ളത്.   ഇനി കേരള പോലീസ് ഒന്നും കൊണ്ടും ആശങ്കപ്പെടേണ്ടതില്ല.  കൊലപാതകിയെ പിടിച്ചില്ല എന്ന് പറഞ്ഞ് ഇനി ആരും പോലീസിനെ കളിയാക്കുന്ന അവസ്ഥ വരില്ല എന്ന് കരുതാം.  അബദ്ധത്തിലല്ലാതെ ഉണ്ടാകുന്ന കൊലപാതകം ശത്രുനാശം ലക്ഷ്യമാക്കി ഉള്ളതാവുമല്ലോ. ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ കൊലചെയ്യപ്പെട്ടയാളുടെ ശത്രുവിനെ കണ്ടെത്താൻ പോലീസിന്  ചില പണ്ഠിത ശ്രേഷ്ഠരെ സമീപിക്കാവുന്നതാണ്.  കൊലപാതകിയുടെ പേരടക്കമുള്ള വിവരങ്ങൾ  മരിച്ചയാളുടെ  ജാതകം പരിശോധിച്ച് ചാരവശാലുള്ള ബുധന്റെ സ്ഥിതിവച്ചും ജ്യോത്സ്യന്റെ വൈദഗ്ദ്ധ്യംകൊണ്ടും ലക്ഷണങ്ങള്‍ നോക്കി  പറഞ്ഞുതരുന്നതാണ്.  മംഗളം പത്രത്തിന്റെ ഇന്റർനെറ്റ് എഡിഷനിൽ ശ്രീ. ഹരിചന്ദനമഠം രതീഷ്.ജെ.അയ്യര് എഴുതിയിരിക്കുന്നത് വായിച്ചാൽ അദ്ദേഹമോ അദ്ദേഹത്തിന്റെ പരിചയത്തിലുള്ള ജ്യോതിഷനോ ശത്രുക്കളെ കണ്ടെത്തുന്നതിൽ വിദഗ്ദ്ധനാണെന്ന് മനസിലാക്കാവുന്നതും തെളിയാത്ത കേസുകളുമായി അദ്ദേഹത്തിന്റെ സമീപം ചെന്നാൽ തെളിയിച്ച് കൊടുക്കുന്നതായിരിക്കുമെന്ന് പ്രതീക്ഷിക്കാവുന്നതുമാണ്.
         അദ്ദേഹം എഴുതിയിരിക്കുന്നത് വായിക്കുക.ഷഷ്ഠേശ ബാധാലക്ഷണംആറാം ഭാവാധിപനും അഷ്ടമാധിപനും തമ്മിലുള്ള സ്ഥാനം നോക്കിയും ഷഷ്ഠാഷ്ടമ ദോഷങ്ങളെ കണ്ടെത്താറുണ്ട്‌. ശത്രുവിന്റെ പേരടക്കം കണ്ടുപിടിക്കാവുന്ന വിധികളും ഗ്രന്ഥങ്ങളിലുണ്ട്‌.ശത്രു ആരാണെന്നുംപുരുഷനാണോ സ്ത്രീയാണോ നപുംസകമാണോ എന്നും ബന്ധുവാണോ അയല്ക്കാരനാണോസമാനകര്മ്മം ചെയ്യുന്നവരാണോസ്വമതമാണോ അന്യമതമാണോ എന്നെല്ലാം തിരിച്ചറിഞ്ഞശേഷം ശത്രുദോഷം എപ്രകാരമുള്ളതാണെന്ന്‌ സ്ഥാപിക്കേണ്ടതുണ്ട്‌. കൂടോത്രമാണോക്ഷുദ്രാഭിചാരമാണോഒടികര്മ്മമാണോ എന്നെല്ലാം അറിഞ്ഞതിനുശേഷം  ശത്രുദോഷം സൃഷ്ടിച്ചത്‌ ഏതുതരം മാന്ത്രികകര്മ്മത്തിനാലാണ്‌ എന്നുള്ളത്‌ നോക്കി മനസ്സിലാക്കണംവിദ്വേഷണംമാരണംഉച്ചാടനംസ്തംഭനംമുഖമുദ്രണംകൈവിഷം ഇതിലേതാണ്‌ എന്ന്‌ തിരിച്ചറിഞ്ഞതിനുശേഷമാകണം ശത്രുബാധയ്ക്ക്‌ എത്രവര്ഷം പഴക്കമുണ്ട്‌ എന്നു കണ്ടെത്തുവാന്‍.“

         പോൾ മുത്തൂറ്റ് വധക്കേസിലേക്ക് വരാം. ആരാണ് കൊന്നത് ? നമ്മുടെ  ഗോപാലകൃഷ്ണൻ  പറയുന്നതുപോലെ “ആ”.  പോലീസ് കുറച്ചാളുകളെ പ്രതികളെന്ന് പറഞ്ഞ് പിടിച്ചിട്ടുണ്ട്. ഇപ്പോൾ സി.ബി.ഐയും അത് തന്നെ പറയുന്നത്രെ. പ്രതികളെന്ന് പറയപ്പെടുന്നവർ പെട്ടെന്ന് ധാർമികരോഷം കൊണ്ട് വെട്ടിക്കൊന്നെന്നാണ് പറയുന്നത്.  പക്ഷെ ഒരു ശത്രുതയുമില്ലാതെ ഇങ്ങനെയൊക്കെ ചെയ്യുമോയെന്ന് ചോദിക്കുമ്പോൾ മറുപടി പറയുവാൻ ഇനി പാടുപെടേണ്ട കാര്യമില്ല. നേരെ മേല്പറഞ്ഞ ദേഹത്തെ കാണുക. പോലീസ് പറയുന്നതാണ് ശരിയെങ്കിൽ അദ്ദേഹം പറയും മരിച്ചയാൾക്ക് ശത്രുക്കളില്ലായിരുന്നുവെന്ന്. അഥവാ ശത്രു ഉണ്ടെങ്കിലോ? ഉടനെ തന്നെ ശത്രുവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് കേസ് തെളിയിക്കാവുന്നതാണ്. രണ്ടായാലും പോലീസിന് ഒരു പൊൻ തൂവൽ തന്നെ.  ടിയാനെ എസ്.പി റാങ്കിലെങ്കിലും പോലീസിലെടുക്കുന്ന കാര്യവും പരിഗണിക്കാവുന്നതാണ്.
 അദ്ദേഹം എഴുതിയിരിക്കുന്നത് തുടർന്ന് വായിക്കുക. “ആഭിചാരവസ്തു എവിടെയാണ്‌ സ്ഥാപിക്കപ്പെട്ടിട്ടുള്ളത്‌ എന്നു തിരിച്ചറിയലാണ്‌ അടുത്തപടിശരീരത്തിലുള്ളിലാണോപുറത്താണോശരീരത്തിനുള്ളിലാണെങ്കില്‍ അത്‌ ഭക്ഷണംവഴി ഉള്ളിലെത്തിയതാണോ അതോ പ്രത്യേകം തയ്യാറാക്കിയ ആഭിചാര ആയുധത്താല് ശരീരത്തില്‍ മുറിവേല്പ്പിച്ചതാണോ എന്നറിയണംഏതെങ്കിലും ദേഹരക്ഷ (ഏലസ്സ്‌) എന്ന വ്യാജേന ആഭിചാരം ശരീരത്തില്‍ സ്ഥാപിച്ചതാണോ എന്നുള്ളതും അറിയണം.ശരീരത്തിന്‌ വെളിയിലാണെങ്കില്‍ ഗൃഹത്തിലോ ഓഫീസിലോ കിണറ്റിലോ പുരയിടത്തിലോ ആഭിചാരമുള്ളത്‌ എന്ന്‌ കണ്ടറിയണംഇതെല്ലാം തിരിച്ചറിയുന്ന പ്രഗത്ഭനായ ജ്യോതിഷന്‍ ഇത്തരം ശത്രുബാധകള്ക്ക്‌ പരിഹാരം നിര്ദ്ദേശിക്കാന്‍ ബാധ്യസ്ഥനാണ്‌. ഉച്ചാടനംബന്ധനം മുതലായ കര്മ്മങ്ങള്‍ നടത്തിയും ശത്രുസംഹാരഹോമപുഷ്പാഞ്ജലികള്‍ കഴിപ്പിച്ചും ആവശ്യമായ മറ്റു പ്രതിവിധികള്‍ പറഞ്ഞുകൊടുത്തും ദോഷശാന്തിവരുത്താവുന്നതാണ്‌“
        എന്തായാലും എവിടെനിന്നെങ്കിലും പ്രഗത്ഭനായ ജ്യോതിഷൻ തൊണ്ടി കണ്ടെത്തും വല്ല മുട്ടത്തോടോ കോഴിത്തലയോ  തുരുമ്പാണിയോ കിട്ടിയാൽ ഉറപ്പായി. പിന്നെ പ്രതിവിധി.  അതിന് വലിയ ചെലവാണെങ്കിലും പാവം വീട്ടുകാരൻ അതൊക്കെ സഹിച്ച് പറയുന്നതെല്ലാം ചെയ്യും. ചെയ്യാതെന്ത് ചെയ്യും. ജീവൻ പോലും പോകുന്ന കാര്യമാണെന്നാണ്  ജ്യോതിഷൻ പറഞ്ഞിരിക്കുന്നത്.
             ഇനി ‘ശത്രുമാരണയന്ത്ര’ ത്തെപ്പറ്റി ഹരിചന്ദനമഠം രതീഷ്.ജെ.അയ്യര് വിവരിക്കുന്നതിങ്ങനെ.     “ഇതൊക്കെയാണെങ്കിലും ചില സമയത്ത്‌ ചില ശത്രുബാധകളുടെ തീവ്രത ജ്യോത്സ്യന്മാരെ അമ്പരിപ്പിക്കുന്നുണ്ട്‌. ഒരാളുടെ ബിസിനസ്സിനെ ക്ഷണനേരംകൊണ്ട്‌ തകര്ത്തെറിയുന്നതും ഒരു കുടുംബത്തെ അപ്പാടെ കാലപുരിയിലേക്കയയ്ക്കുന്നതുമായ ഉഗ്രപ്രയോഗങ്ങള് നടത്തുന്നത്‌ ശത്രുമാരണയന്ത്രംപോലുള്ളവ ഉപയോഗിച്ചാണ്‌.
ശത്രുമാരണയന്ത്രം തയ്യാറാക്കി വസ്തുവിലോ മറ്റോ നിക്ഷേപിച്ചാല്‍ ശത്രു നശിച്ചുപോകുകതന്നെ ചെയ്യുംശ്മശാനത്തിലെ കരിക്കട്ടയും ആടിന്റെ രക്തവും പാമ്പിന്റെ വിഷവും കൂട്ടിയരച്ച്‌ കാക്കയുടെ തൂവല്‍ അതില്‍ മുക്കി മനുഷ്യരുടെ തലയോട്ടിയില്വച്ച്‌ എഴുതുന്ന  യന്ത്രം അതിഭയാനകമാണ്‌.
പൈശാചിക ചിന്തയുള്ളവര്‍  യന്ത്രത്തെ വസ്തുവില്‍ സ്ഥാപിക്കുക മാത്രമല്ല ചിലപ്പോള്‍  യന്ത്രത്തില്‍ നശിക്കേണ്ട ആളുടെ പേരും രൂപവുമെല്ലാം രേഖപ്പെടുത്തി യന്ത്രം തലയോട്ടിക്കുമുകളില്വച്ച്‌ ചുടലഭസ്മത്താല്‍ മൂടി അതിന്റെ മീതെ കരിങ്ങാലിവിറകിട്ട്‌ കത്തിക്കുംഅങ്ങനെ പത്തൊന്പത്‌ ദിവസംകൊണ്ട്‌ യന്ത്രത്തെ അല്പാല്പം ദിഹിപ്പിക്കുകയും ഇരുപതാമത്തെ ദിവസം മുഴുക്കെ ദഹിപ്പിച്ചുകളയുകയും ചെയ്താല്‍ ശത്രു തൊണ്ണൂറ്‌ ദിവസത്തിനുള്ളില്‍ മരിച്ചുപോകുമത്രേ!“
       ഇതൊന്നും അമേരിക്കക്കാരറിയാത്തത് എത്ര കഷ്ടമായിപ്പോയി. എത്ര കാശും ആളുമാണ് ഒരു ഉസാമ ബിൻ ലാദനെ പിടിക്കാനായി അമേരിക്കക്കാർ ചെലവാക്കിക്കൊണ്ടിരിക്കുന്നത്. ഇതിന്റെയൊക്കെ വല്ല കാര്യവുമുണ്ടോ. നേരെ ഹരിചന്ദനമഠത്തെ വിളിക്കുക (എന്റെ അറിവിൽ ഈ യന്ത്രത്തെപ്പറ്റി അറിയാവുന്നതായി മറ്റാരുമില്ലാത്തത് കൊണ്ടാണേ) മേൽ പറഞ്ഞ ശ്മശാനത്തിലെ കരിക്കട്ടയും ആടിന്റെ രക്തവും പാമ്പിന്റെ വിഷവും അരച്ച് കാക്കത്തൂവലുകൊണ്ട് യന്ത്രത്തിലെഴുതി തലയോട്ടിയുടെ മുകളിൽ വച്ച് കത്തിക്കുക. തൊണ്ണൂറ് ദിവസത്തിനകം ഏത് ലാദനായാലും തല പൊട്ടിത്തെറിച്ച് മരിക്കും.  വാഷിങ്ടണിൽ കരിങ്ങാലി വിറക് കിട്ടുമോ എന്തോ.
         പക്ഷെ ഉസാമ ബുദ്ധിമാനാണെങ്കിൽ ഈ യന്ത്രത്തിലൊന്നും വീഴാൻ സാദ്ധ്യതയില്ല. കാരണം ശത്രുമാരണ യന്ത്രത്തിനുള്ള പ്രതിവിധിയും മംഗളം ലേഖകനറിയാം. ടിയാനെ ഉസാമ തട്ടിക്കൊണ്ട് പോയി താഴെ പറയുന്നതൊക്കെ ചെയ്താൽ അമേരിക്കൻ പ്രസിഡന്റിന്റെ ആഭിചാരക്രിയയൊന്നും ഏൽക്കില്ല.
“സ്വര്ണ്ണംവെള്ളിചെമ്പ്‌ എന്നീ ലോഹങ്ങളെകൊണ്ടുണ്ടാക്കിയ തകിടില്‍ ആദ്യം വൃത്തത്തില്‍ കര്ണ്ണികഷോഡശദളംമുപ്പത്തിരണ്ട്‌ ദളംഭൂപുരം ഇങ്ങനെ യന്ത്രം തയ്യാറാക്കിയശേഷം 'ഹ്രീംഎന്ന മന്ത്രം കര്ണ്ണികയിലും അച്ചുകള്‍ ഷോഡശദളത്തിലും 'എന്നു തുടങ്ങി 'എന്നുവരെയുള്ള മുപ്പത്തിരണ്ട്‌ അക്ഷരങ്ങള്‍ 32 ദളങ്ങളിലുംപദ്മത്തിന്റെ കിഴക്കാദി നാലുദിക്കുകളില്‍ 'എന്നും വിദിക്കുകളില്‍ 'ക്ഷഎന്നും എഴുതണം.
 യന്ത്രത്തെ ചുവന്നചരടില്‍ കോര്ത്ത്‌ ധരിച്ചാല്‍ ശത്രുക്കള്‍ പ്രയോഗിക്കുന്ന ഏതുതരം മാരണ-ബാധാ ഉപദ്രവങ്ങളും ക്ഷണത്തില്‍ നശിക്കുന്നതാണ്‌. ഉത്തമനും ശ്രേഷ്ഠനും സര്വ്വോപരി നല്ല ഉപാസകനുമായ ഒരു മാന്ത്രികന്‌ മാത്രമേ  യന്ത്രം യഥാവിധി നിര്മ്മിക്കാനാവുകയുള്ളൂഅല്ലാത്ത ആരെങ്കിലും  യന്ത്രം തയ്യാറാക്കുകയോ ഇപ്രകാരം തയ്യാറാക്കിയ യന്ത്രം ധരിക്കുകയോ ചെയ്താല്‍ ഇരുവര്ക്കും മരണതുല്യമായ അനുഭവങ്ങള്‍ വന്നുകൂടുന്നതാണ്‌.“
          അമേരിക്കക്കാരോ ബിൻലാദനോ ഈ പോസ്റ്റ് വായിക്കുകയാണെങ്കിൽ  കുഴയും.  അത് കൊണ്ട് ഏതായാലും മേല്പറഞ്ഞയാൾ ഒന്ന് കരുതിയിരിക്കുന്നത് നല്ലതാണ്. ഇനി ഞാൻ ആരെക്കണ്ടാലാവും ഈ ശത്രുമാരണയന്ത്രത്തിൽ നിന്ന് രക്ഷപെടാനാവുക.