Saturday, June 26, 2010

അട്ടിമറിക്കാര്‍ മിക്കവരും പുറത്ത്

      ഓരോ കളിയിലും തങ്ങളുടെ പ്രിയപ്പെട്ട ടീം വിജയിക്കണമെന്ന് ആഗ്രഹിച്ചുകൊണ്ടാണ് ആരാധകര്‍ കളി കാണുന്നത്. നമ്മുടെ ഇഷ്ട ടീം കളിക്കാനില്ലെങ്കില്‍ നമ്മുടെ പിന്തുണ പിന്നെ ദുര്‍ബല ടീമിനാവും മിക്കവാറും. കളിയിലും കടന്നുവരും ഒരല്പം ഇടത് ചിന്താഗതി. ക്രിക്കറ്റില്‍ ഓസ്ട്രേലിയയുടെ ഓരോ പരാജയവും മറ്റുള്ളവര്‍ക്ക് ആഘോഷമാകുന്നതിന്റെ മനശാസ്ത്രവും അതുതന്നെയല്ലേ .
          ആവേശവും ആഹ്ലാദവും ഒഴുകിയിറങ്ങിയ പുല്‍ മൈതാനങ്ങളില്‍, ഗാലറിയില്‍ നിന്നും ഉയര്‍ന്നു പൊങ്ങിയ വുവുസേലയുടെ ചെകിടടപ്പിക്കുന്ന ഒച്ചയ്ക്കിടയില്‍, ഇടയ്ക്കിടെ പെയ്തൊഴിയുന്ന മഴയില്‍, കൊഴിഞ്ഞുപോയ മോഹങ്ങളുടെ വിഷാദാത്മകമായ മൌനങ്ങളില്‍, ഇനിയും തുടരുന്ന പ്രതീക്ഷയുടെ കുതിപ്പുകളില്‍, 2010 ലോകകപ്പിന്റെ പ്രാഥമിക റൌണ്ടിലെ 48 മത്സരങ്ങളും  അവസാനിച്ചപ്പോള്‍ അപ്രതീക്ഷിതമായത് ചിലത് സംഭവിച്ചു. അങ്ങനെയൊക്കെ സംഭവിച്ചില്ലെങ്കില്‍ പിന്നെ എന്താണൊരു രസം, എല്ലാവരും അവരവരുടെ     റാങ്ക് അനുസരിച്ച് ജയിക്കുകയാണെങ്കില്‍ ? ഇത്തവണയും ചെറുമീനുകള്‍ ചിലതൊക്കെ കരുതി വച്ചിരുന്നു. അതില്‍ പെട്ടത് നിലവിലെ ചാമ്പ്യന്മാരും റണ്ണേഴ്സ് അപും ഒക്കെ ആയിപ്പോയെന്ന് മാത്രം.
          ഒന്നാം റൌണ്ടില്‍ ചെറുകാറ്റില്‍ കടപുഴകിയത്  നാല് വന്മരങ്ങള്‍. ആദ്യ വമ്പന്‍ അട്ടിമറിയ്ക്കായി    16 -ആം മത്സരം വരെ കാക്കേണ്ടി വന്നു. ബാഴ്സയുടെയും റയലിന്റെയും പേരെടുത്തവര്‍ നിറഞ്ഞ കാളപ്പോരുകാര്‍ക്കിടയിലേക്ക്    ഒളിപ്പോരിന്റെ ചടുലതയും തന്ത്രങ്ങളും ആവാഹിച്ച് സ്വിട്സരലണ്ടിന്റെ ആക്രമണകാരികള്‍    നുഴഞ്ഞുകയറിയപ്പോള്‍ സ്പാനിഷ് കോട്ട തകര്‍ന്നു.( 1 - 0 ). ഗോളടിച്ചത് ജെല്‍സന്‍.  ആദ്യ കളിയിലെ അപ്രതീക്ഷിത പരാജയം തങ്ങളുടെ മനസ് തകര്‍ത്‌തിട്ടില്ലെന്ന് തെളിയിച്ച് അടുത്ത   മത്സരങ്ങളില്‍    ഹോണ്ടുരാസിനെയും ചിലിയും തോല്പിച് സ്പെയിന്‍  രണ്ടാം റൌണ്ടില്‍ എത്തിയെങ്കിലും അതിനായി അവര്‍ക്ക് അവസാന മത്സരം വരെ കാക്കേണ്ടി വന്നു.
         അടുത്ത വന്‍ അട്ടിമറി നടത്തിയത് സെര്‍ബിയ. ആദ്യ മത്സരത്തില്‍ ഓസ്ട്രേലിയയെ   4-0 ന് തകര്‍ത്ത പെരുമയിലെത്തിയ ജര്‍മ്മനിയെ സെര്‍ബിയ ഒരു ഗോളിന് മുക്കി. എങ്കിലും ജര്‍മ്മനി രണ്ടാം റൌണ്ടില്‍ കടന്നുകൂടി. പിന്നീട് നാണക്കേട്‌ തേടി വന്നത് നിലവിലെ റണ്‍ണേഴ്സ് അപും 98 ലെ ചാമ്പ്യന്മാരും ആയ ഫ്രാന്‍സിനെയാണ്. നേരത്തെ മെക്സിക്കൊയോടു തോറ്റ ഫ്രാന്‍സിനെ ആഥിതേയരായ  ദക്ഷിണാഫ്രിക്ക ഗാലറിയില്‍   ആരവം   നിറച്ച് ഒന്നിനെതിരെ രണ്ട്‌ ഗോളുകള്‍ക്ക് തീര്‍ത്ത് ദക്ഷിണാഫ്രിക്കയില്‍ നിന്ന് തന്നെ പുറത്താക്കി. 
         തല കുനിച്ച് നീങ്ങേണ്ടി വന്ന അടുത്ത വിധി നിലവിലെ ചാമ്പ്യന്മാര്‍ക്കായിരുന്നു. വിജയിച്ചാല്‍ അടുത്ത റൌണ്ട് എന്ന പ്രലോഭനം ഉണ്ടായിരുന്നിട്ടും അസൂറിപ്പടയുടെ പേരുകേട്ട പ്രതിരോധ കോട്ടയില്‍ കുഞ്ഞന്മാരായ സ്ലോവാക്യക്ക്‌  മൂന്നു തവണ വിള്ളല്‍ വീഴ്ത്താനായി. ഇറ്റലി രണ്ട്‌ ഗോള്‍ നേടിയെങ്കിലും അത് പുറത്തേക്കുള്ള വഴിക്ക് മാത്രമേ പര്യാപ്തമാകുമായിരുന്നുള്ളൂ.  
           അട്ടിമറിക്കാര്‍ക്ക് വിജയതൃഷ്ണ തുടരാനായില്ല എന്നത് ദു:ഖകരമായ അവസ്ഥയായി. മുന്‍ നിര ടീമുകളെ വീഴ്ത്തുവാന്‍ ആയെങ്കിലും ഗ്രൂപ്പിലെ മറ്റ് ചെറുടീമുകളോട് വിജയിക്കാന്‍ ആവാതായത് അവരുടെ ദുരന്തമായി. ഫ്രാന്‍സും ഇറ്റലിയും ഗ്രൂപ്പില്‍ അവസാനക്കാരായി പുറത്തായപ്പോള്‍ അട്ടിമറി വീരന്മാരായ സ്വിറ്റ്സര്‍ലങ്ടും സെര്‍ബിയയും ദക്ഷിണാഫ്രിക്കയും   ഒപ്പം പുറത്തായി. ഈ  നാല് മത്സരങ്ങളില്‍ യൂറോപ്പിന് പുറത്ത് നിന്നുള്ള ഏക ടീം ദക്ഷിണാഫ്രിക്ക മാത്രമായിരുന്നു. 
          ജപ്പാനും ദക്ഷിണ കൊറിയയും ചെറുകതിനകള്‍ക്ക്     തിരി കൊളുത്തി. ഇനിയും അട്ടിമറികള്‍ തുടരുവാനുള്ള സാധ്യതകള്‍ നിലനിര്‍ത്തി ഉറുഗ്വേ , ദക്ഷിണ കൊറിയ, അമേരിക്ക, ഘാന, സ്ലോവാക്യ, പരാഗ്വേ, ജപ്പാന്‍, ചിലി തുടങ്ങിയ ചെറു ടീമുകള്‍ പ്രീക്വാര്‍ട്ടറില്‍  എത്തിയത് ചെറുമീനുകളുടെ പോരാട്ടം അവസാനിച്ചിട്ടില്ല എന്നതിന്റെ സൂചനയാണ്.    

Monday, June 21, 2010

സന്തോഷ്‌ മാധവന്റെ പ്രവചനങ്ങള്‍

        സന്തോഷ്‌ മാധവന് ജയിലില്‍ പരമസുഖമെന്ന് വാര്‍ത്ത. ജയിലില്‍ പൂജയും ജ്യോത്സ്യവും ആണത്രേ സ്വാമിയുടെ പ്രധാന  ജോലി.  ജയിലിലെ ആസ്ഥാന പൂജാരി ആക്കാനായിരുന്നു ജയില്‍ ജീവനക്കാരുടെ ശ്രമമെന്നും തടവുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് അത് നടന്നില്ലെന്നും വാര്‍ത്തയിലുണ്ട്. എങ്കിലും ആ തിരുവടികള്‍ വണങ്ങാന്‍ എത്രപേര്‍ കാത്തുനില്‍ക്കുന്നുണ്ടാവും. ജയിലാശ്രമത്തില്‍ സന്തോഷ്‌ മാധവ ചൈതന്യ സ്വാമികള്‍ അനുഗ്രഹങ്ങള്‍ കൊരിചോരിഞ്ഞു നില്‍ക്കുന്നത് കാണുവാനും അനുഗ്രഹം വാങ്ങാനും സാധാരണ ഭക്തര്‍ക്ക്‌ അവസരം ഇല്ലാതായിപ്പോയല്ലോ എന്നുള്ള ഒരു വിഷമമേ ഉള്ളൂ. സ്വാമി രാവിലെ കുളി കഴിഞ്ഞു ചന്ദനവും ചാര്‍ത്തി പ്രത്യേക മുറിയില്‍ വന്നിരിക്കുമ്പോള്‍ തടവുകാരും ജീവനക്കാരും വന്ന്‌  ജ്യോത്സ്യം നോക്കിക്കുകയും ജാതകം എഴുതിപ്പിക്കുകയും ആവശ്യക്കാര്‍ക്ക് സ്വാമി  ചരട് ജപിച്ചു കെട്ടിക്കൊടുക്കുകയും ചെയ്യുമത്രേ. ശനിദശ ഒഴിവാക്കാനുള്ള പൊടിക്കൈകളും പറഞ്ഞ്‌ കൊടുക്കുമായിരിക്കും.  സ്വാമി ജയിലിലെ വി.ഐ.പികളുടെ കയ്യും മുഖവും നക്ഷത്രവും ജാതകവും നോക്കി ഭൂതവും ഭാവിയും പറഞ്ഞ്‌ രസിക്കുന്നു .  എന്തേ സ്വാമിക്ക് സ്വന്തം ജാതകം ഒന്ന് നേരത്തെ നോക്കാന്‍ തോന്നിയില്ല. ആവശ്യമായ പ്രതിവിധികള്‍ ചെയ്തിരുന്നുവെങ്കില്‍ ഈ വനവാസം ഒഴിവാക്കാമായിരുന്നുവല്ലോ . 
        വേറെ ഒരു സ്വാമി, ഒരു  നിത്യാനന്ദ, ഇപ്പോള്‍ നിത്യവും ആനന്ദം ഒന്നുമില്ലെന്ന് തോന്നുന്നു. ജാമ്യത്തില്‍ ഇറങ്ങി തീ കായുന്നു, വെയില് കൊള്ളുന്നു. പൊയ്പ്പോയ ശക്തികള്‍ തിരിച്ചുപിടിക്കാനാനത്രേ അഗ്നി തപസ്സ്.
  (ദാ ഇത് വായിക്കാന്‍ മറക്കല്ലേ  http://berlytharangal.com/?p=4702 )
   ഈ സ്വാമിമാരുടെ ഓരോരോ തമാശകള്.

Friday, June 18, 2010

ലോകകപ്പ് ഫുട്ബോള്‍ 2010 സ്കോര്‍ ബോര്‍ഡ് ഡൌണ്‍ലോഡ് ചെയ്യാന്‍ ...

 ലോകകപ്പ് ഫുട്ബോള്‍ 2010 സ്കോര്‍ ബോര്‍ഡ്  നോക്കുക .മാതൃഭൂമിയില്‍ നിന്നും ഡൌണ്‍ലോഡ്  ചെയ്യാവുന്നതാണ്.
  ഡൌണ്‍ലോഡ്  ചെയ്യാന്‍ .... http://sports.mathrubhumi.com/football-world-cup/goalsheet.html

Monday, June 7, 2010

മലയാള സിനിമയുടെ അപഥ സഞ്ചാരങ്ങള്‍

   മലയാള സിനിമയില്‍ പ്രശ്നങ്ങളുടെ കാലമാണിത്. നടന്മാരും സാങ്കേതിക വിദഗ്ദ്ധരും തമ്മില്‍,  നടന്മാരും നിര്‍മ്മാതാക്കളും തമ്മില്‍, നടന്മാര്‍ തമ്മില്‍, അമ്മയും ഫെഫ്കയും തമ്മില്‍, അങ്ങനെ അങ്ങനെ...അടുത്തിടെയായി സിനിമയ്ക്ക് പിന്നിലെ കളികളാണ് സൂപ്പര്‍ഹിറ്റുകള്‍. നമ്മള്‍ കാഴ്ച്ചക്കാര്‍ക്കിതിലെന്തു കാര്യം എന്ന് സിനിമാക്കാര്‍  ചോദിച്ചേക്കാം. നമ്മള്‍ കണ്ടാലല്ലേ സിനിമ ഓടൂ. അതുകൊണ്ട് നമുക്കും അഭിപ്രായം പറയാം.
        ആരാണ് സിനിമയിലെ യഥാര്‍ത്ഥ താരങ്ങള്‍? ലോകമാകെയും നടന്മാര്‍ക്കാണ് ജനസമ്മതി(നടിമാരും പിറകിലല്ല). അവര്‍ക്ക് ആരാധകര്‍ ഉണ്ടാകുന്നു. അതുപോലെ ഗായകരും ജനങ്ങള്‍ക്ക്‌ പ്രിയപ്പെട്ടവര്‍ തന്നെ. കാരണം നടന്മാരെ മാത്രമാണ് ജനങ്ങള്‍ സിനിമ കാണുമ്പോള്‍  കാണുന്നത്. ഗായകരുടെ ശബ്ദമാണ് അവര്‍ കേള്‍ക്കുന്നത്. അതുകൊണ്ടുതന്നെ നടന്മാരും ഗായകരും ജനസമൂഹത്തിനു പ്രിയപ്പെട്ടവര്‍ ആയി മാറുന്നു. നടന്മാരുടെ ഈ  ജനപ്രിയത മുതലെടുക്കുവാനായി സംവിധായകര്‍ വീണ്ടും അവരെ നായകര്‍ ആക്കുന്നു. അങ്ങനെ വീണ്ടും  അഭിനയിച്ചു  സൂപ്പര്‍ താരങ്ങള്‍ ആയി മാറുന്നു. ഫാന്‍സ്‌ ക്ലബ്ബുകള്‍ ഉണ്ടാകുന്നു. അവര്‍ അതിമാനുഷര്‍ ആകുന്നു.
       മലയാള സിനിമാ ലോകത്ത് അടുത്ത കാലത്തായി ഉണ്ടായ മിക്ക പ്രശ്നങ്ങളിലും ഒരു വശത്ത് നടന്മാര്‍ ഉണ്ടായിരുന്നതായി കാണാം. നേരത്തെ ചോദിച്ചത് ഒന്നുകൂടി ചോദിക്കാം. ആരാണ് സിനിമയിലെ യഥാര്‍ത്ഥ താരങ്ങള്‍?
        പകരം വെക്കാനാവാത്ത മൌലികമായ  കഴിവുകള്‍ ഉള്ളവരെയല്ലേ ബഹുമാനിക്കേണ്ടതും  ആദരിക്കേണ്ടതും ? അങ്ങനെ നോക്കുമ്പോള്‍ ആരാവണം യഥാര്‍ത്ഥ താരങ്ങള്‍?
       സംവിധായകന്റെ കാര്യം എടുക്കാം. പഴശിരാജ ഹരിഹരന് പകരം അടൂര്‍ ഗോപാലകൃഷ്ണന്‍ എടുത്തിരുന്നുവെങ്കില്‍ എങ്ങനെ ആകുമായിരുന്നു? അല്ലെങ്കില്‍ ജോഷി എടുത്തിരുന്നുവെങ്കില്‍ ? ഉറപ്പായും മറ്റൊരു സിനിമ ആയിരിക്കുമത്.ചിലപ്പോള്‍ ഇപ്പോഴതെതിലും നന്നായിരുന്നേനെ, അല്ലെങ്കില്‍ മോശമായിരുന്നെനെ. ഒന്നുറപ്പാണ്, ഇപ്പോഴത്തെ പഴശ്ശിരാജ ആവില്ല. അതായത് ഒരു സംവിധായകന് പകരം മറ്റൊരു സംവിധായകന്‍ വന്നാല്‍ സിനിമയും മാറുന്നു.
       അതുപോലെ കഥാകൃത്ത്‌. അങ്ങനെ ഒരു കഥ എഴുതുവാന്‍ അയാള്‍ക്ക്‌ മാത്രമേ കഴിയൂ. മറ്റൊരാള്‍ക്ക് മറ്റൊരു കഥയാവും പറയുവാന്‍ ഉണ്ടാകുക. അത് വേറൊരു സിനിമ. നീലതാമരയ്ക്ക്  എം.ടിയ്ക്ക് പകരം ശ്രീനിവാസന്‍ തിരക്കഥ എഴുതിയാല്‍ അത് എം.ടിയുടെ തിരക്കഥ ആവില്ല. അത് ശ്രീനിവാസന്റെ തിരക്കഥ ആണ്. അത് ശ്രീനിവാസന്റെ നീലത്താമര ആയിരുന്നേനെ. അറബിക്കഥയിലെ ഗാനങ്ങള്‍ അനില്‍ പനച്ചൂരാന് പകരം ഗിരീഷ്‌ പുത്തഞ്ചേരി എഴുതിയിരുന്നുവെങ്കില്‍ അതൊരിക്കലും "ചോര വീണ മണ്ണില്‍ നിന്നുയര്‍ന്നു വന്ന പൂമരം" എന്നാവുമായിരുന്നില്ല. "ഒരു പുഷ്പം മാത്രമെന്‍ " എന്ന് നമ്മളിപ്പോള്‍ മൂളുന്നത് പോലെ മൂളിക്കുവാന്‍ ബാബുരാജിനെ കഴിയുകയുള്ളൂ. സിനിമയില്‍ തന്നെ ഇനിയുമുണ്ട്  ഇതേ വിഭാഗത്തില്‍ പെടുത്താവുന്ന  കലാകാരന്മാരും സാങ്കേതിക വിദഗ്ദ്ധരും. പകരം വെക്കാനാവാത്ത മൌലികത കൈമുതലായുള്ളവര്‍. ഇവരും താരങ്ങള്‍ അവേണ്ടവര്‍ അല്ലേ?
       ഇനി നടന്മാരുടെയും നടിമാരുടെയും കാര്യങ്ങള്‍ എടുക്കാം. രാജമാണിക്യത്തില്‍ മമ്മൂട്ടിയ്ക്ക് പകരം മോഹന്‍ലാല്‍ ആയിരുന്നുവെങ്കിലോ? ഒന്നും സംഭവിക്കുകയില്ല. അതും നമ്മള്‍ കാണുമായിരുന്നു. മമ്മൂടിയുടെ സ്റ്റൈല്‍ മാറി ലാല്‍ സ്റ്റയിലില്‍ ആയേനെ എന്നതില്‍ കവിഞ്ഞു കഥയ്ക്കോ സിനിമയ്ക്കോ യാതൊരു മാറ്റവും ഉണ്ടാവുമായിരുന്നില്ല. ഭ്രമരത്തില്‍ ജയറാമിന് അഭിനയിക്കാം. റോബിന്‍ഹുഡില്‍ ജയസൂര്യയ്ക്ക് അഭിനയിക്കാം.  നമ്മുടെ നടന്മാരെല്ലാവരും നല്ല അഭിനയ ശേഷി ഉള്ളവരാണ്. ചില ചെറിയ വേഷങ്ങളില്‍ ഒതുങ്ങിപ്പോയ മികച്ച കലാകാരന്മാരുണ്ട്. അവസരങ്ങള്‍ കിട്ടിയിട്ടേ ഇല്ലാത്ത അഭിനയ ചാതുരി ഉള്ളവരുണ്ട്. സിനിമയിലെ ഏത് കഥാപാത്രത്തിനും പകരം വയ്ക്കാനാവുന്ന നടന്മാര്‍ ഇവിടെ ഉണ്ട്. സംവിധായകര്‍ പറയുന്ന രീതിയില്‍ അഭിനയിക്കുക മാത്രമാണ് അവരുടെ ജോലി. അത് അഭിനയ ബോധമുള്ള ആര്‍ക്കും ആകുന്ന ഒന്നാണ്. അതുപോലെ തന്നെയാണ് ഗായകരുടെ കാര്യവും. സംഗീത സംവിധായകര്‍ ആവശ്യപ്പെടുന്ന രീതിയില്‍ പാടുക മാത്രമാണ് അവര്‍ ചെയ്യുന്നത്. അത് ഈണവും താളവും സ്വരവും വഴങ്ങുന്ന ആര്‍ക്കും കഴിയുന്ന കാര്യം മാത്രമാണ്. തങ്ങള്‍ ചെയ്യുന്നത് മറ്റ് അനേകര്‍ക്കും സാധ്യമാകുന്ന ഒരു പ്രവൃത്തി മാത്രം  ആണെന്ന് നടന്മാരും ഗായകരും മനസിലാക്കേണ്ടിയിരിക്കുന്നു. അങ്ങനെയെങ്കില്‍ ഇന്ന് മലയാള സിനിമാ രംഗത്തുള്ള പല ദുഷ്പ്രവണതകള്‍ക്കും അവസാനമാകുമായിരുന്നു. 
        ഇനി പറയൂ. ആരാണ് യഥാര്‍ത്ഥ താരങ്ങള്‍ ?