Monday, October 25, 2010

ബഹുമുഖ ദാരിദ്ര്യ സൂചികയില്‍ കേരളം ഏറ്റവും ദാരിദ്ര്യം കുറഞ്ഞത്.

ഐക്യരാഷ്ട്രസഭയുടെ ഭാഗമായ യുണൈറ്റഡ് നേഷൻസ് ഡവലപ്മെന്റ് പ്രോഗ്രാമും ( UNDP) ഓക്സ്ഫോർഡ്  പോവർറ്റി & ഹൂമൻ ഡവലപ്മെന്റ് ഇനിഷ്യേറ്റീവും (OPHI)  2010 ജൂലൈയിൽ സംയുക്തമായി പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ (Multidimensional Poverty Index –MPI) കേരളവും ഗോവയും ഏറ്റവും ദാരിദ്ര്യം കുറഞ്ഞ ഇൻഡ്യൻ സംസ്ഥാനങ്ങളായി രേഖപ്പെടുത്തിയിരിക്കുന്നു. ദാരിദ്ര്യാവസ്ഥ നിർണ്ണയിക്കുവാനായി  പരമ്പരാഗതമായി വരുമാനം മാത്രം ഉപയോഗിക്കുന്ന സൂചികകളുടെ പോരായ്മകൾ മറികടക്കുവാനായി  വിദ്യാഭ്യാസം, ആരോഗ്യം, ജീവിത നിലവാരം തുടങ്ങിയവയും ഇതിനായി കണക്കിലെടുത്തിരിക്കുന്നു.  ഏറ്റവും ദരിദ്ര്യമായ 26 ആഫ്രിക്കൻ രാജ്യങ്ങളിൽ ഉള്ളതിനേക്കാൾ (410 മില്യൺ) അധികം ദരിദ്രർ ബീഹാർ, ഛത്തിസ്ഗർ, ജാർഖണ്ഡ്, മധ്യപ്രദേശ്, ഒറീസ്സ, രാജസ്ഥാൻ, ഉത്തർപ്രദേശ്, പശ്ചിമബംഗാൾ എന്നീ 8 സംസ്ഥാനങ്ങളിലായി ഉണ്ടെന്ന് റിപ്പോർട്ട് പറയുന്നു.
Map of MPI Poverty in India(higher MPI value in dark red)
പ്രസ്തുത സൂചിക പ്രകാരം ഒന്നാമതുള്ള  കേരളം (0.065)  പരാഗ്വേക്കും ഫിലിപ്പൈൻസിനുമൊപ്പമാണ്. രണ്ടാമതെത്തിയ ഗോവ (0.094) ഇന്ത്യോനേഷ്യയോട് അടുത്ത് നിൽക്കുന്നു. മേൽ‌പ്പറഞ്ഞ രാജ്യങ്ങൾ ഇടത്തരം വരുമാനമുള്ള രാജ്യങ്ങളായി സൂചികയിൽ കണക്കാക്കപ്പെട്ടിരിക്കുന്നു. തമിഴ്നാട് (1.41) ആഫ്രിക്കൻ രാജ്യമായ ഘാനയുടെ നിലവാരത്തിന് സമമാണ്. ഝാർഖണ്ഡും ബീഹാറും അവികസിത രാജ്യമായ കോംഗോയ്ക്ക് ഒപ്പമാണ്.

Saturday, October 23, 2010

വാസ്തുവിദ്യ: പടിപ്പുരയുടെ സ്ഥാനം എവിടെയാണ്?

കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരി എഴുതിയതിൽ നിന്ന്: "കിഴക്ക്  വശത്ത്  റോഡുള്ള സ്ഥലത്തിന്റെ കിഴക്ക് ഭാഗത്ത് പടിപ്പുരയോ ഗേറ്റോ വയ്ക്കുമ്പോൾ സ്ഥലത്തിന്റെ കിഴക്ക് വശത്തെ നീളത്തെ ഒമ്പതാക്കി ഭാഗിച്ച് വടക്ക് കിഴക്കേ മൂലയിൽ നിന്ന് നാലാമത്തെ അംശത്തിൽ അതായത് ഒൻപതിൽ ഒന്നിൽ ഉത്തമമായ പടിപ്പുരയുടെ സ്ഥാനം നിർണ്ണയിക്കാം."
                      
ഏതെങ്കിലും സാധാരണക്കാരൻ ഇല്ലാത്ത കാശുണ്ടാക്കിയും വായ്പയെടുത്തും വീടും വച്ച് മതിലും കെട്ടി സൌകര്യപ്രദമായ സ്ഥലത്ത് ഗേറ്റും വച്ച് കഴിയുമ്പോഴാണ്  അതുവഴി വരുന്ന അഭ്യുദയകാംക്ഷി  ഗേറ്റ് വയ്ക്കുന്നതിനു മുൻപ് വാസ്തു നോക്കിയിരുന്നോയെന്ന് ചോദിക്കുന്നത്.  വഴി ഇന്ദ്രപഥത്തിൽ അല്ലെങ്കിൽ വലിയ കുഴപ്പമാണുണ്ടാകാൻ പോകുന്നത് എന്നാവും ഏതൊക്കെയോ വാസ്തുശാസ്ത്ര പുസ്തകങ്ങൾ വായിച്ച അറിവ് വച്ചുള്ള മറുപടി. ചിലർ അപ്പോൾ തന്നെ പഴയതു ഇടിച്ച് കളഞ്ഞിട്ട് വാസ്തുപ്രകാരം വാതിൽ മാറ്റിപ്പണിയും. മറ്റുചിലർ അതവഗണിക്കും എങ്കിലും വീട്ടിലെ ആർക്കെങ്കിലും അപകടമോ അസുഖമോ വല്ലതുമുണ്ടായാൽ അപ്പോൾ പഴയ അഭ്യുദയകാംക്ഷി പറയും ഞാനപ്പൊഴേ പറഞ്ഞതായിരുന്നില്ലേ ഗേറ്റ് ശരിയായ സ്ഥാനത്ത് അല്ലെന്ന്. അതുകൊണ്ടുള്ള കുഴപ്പങ്ങളാണിതെല്ലാം. പിന്നീട് വാസ്തുനോക്കൽ, പൊളിക്കൽ, പണിയൽ എല്ലാം കഴിയുമ്പോഴേക്കും  കീശ കീറിയത് തന്നെ. ഉപദേശിക്ക് സന്തോഷവുമാവും.
          ഈ പ്രശ്നപരിഹാരങ്ങൾക്കൊക്കെ ശേഷം ആ വീട്ടിൽ ആർക്കും അസുഖം ഉണ്ടാവുകയില്ലേ. ഉണ്ടായാലും  ഗേറ്റ് മാറ്റിവച്ചിട്ടും എന്തുകൊണ്ടുണ്ടായി എന്ന് ആരും ചോദിക്കുകയില്ല.
          ഗേറ്റ് മാറ്റി വച്ചിട്ടില്ലെങ്കിലോ? മാറ്റിവച്ച് കഴിഞ്ഞ് വരുന്നതിൽ അധികമായി യാതൊരു മോശം കാര്യവും ഉണ്ടാകുവാൻ പോകുന്നില്ല.  
          വീട്ടിൽ നിന്ന് റോഡിലേക്കുള്ള വഴി അത് ഉപയോഗിക്കുന്നവരുടെ സൌകര്യവും മറ്റ് സാഹചര്യങ്ങളും അനുസരിച്ചാവണം നിർമ്മിക്കേണ്ടത്. അല്ലാതെ ഏതോ പഴയ വാസ്തു പുസ്തകത്തിൽ എഴുതിവച്ചിട്ടുണ്ട് എന്നതിന്റെ അടിസ്ഥാനത്തിൽ ഇന്ദ്രപദമോ പുഷ്പദന്തപദമോ വല്ലാഭ പദമോ ഒന്നും നോക്കിയാവരുത്. വാസ്തു ശാസ്ത്രപ്രകാരം പണിതിട്ടുള്ള വീടുകളിൽ യാതൊരു കുഴപ്പങ്ങളും ഉണ്ടായിട്ടില്ലേയെന്ന്  ശ്രീ.കൃഷ്ണൻ നമ്പൂതിരി പരിശോധിക്കണം. എന്നിട്ടാവട്ടെ ഇങ്ങനത്തെ   അന്ധവിശ്വാസങ്ങളുടെ പ്രചരണം നടത്തുന്നത്. മറ്റുള്ളവർക്ക് നഷ്ടങ്ങളും ആശങ്കകളും മാത്രം സൃഷ്ടിക്കുന്ന ഇത്തരം  വിലക്കുകളുടെ ശാസ്ത്രത്തിന്റെ പ്രചരണങ്ങൾ ധാർമ്മികത അല്പമെങ്കിലും ബാക്കിയുള്ളവർ നടത്തുകയില്ലയെന്ന് ഉറപ്പ്. 

Friday, October 22, 2010

സ്വാതന്ത്ര്യത്തിന്റെ ജനാലകള്‍ തുറന്ന് അയ്യപ്പന്‍

രെഴുത്ത് മുറിയും കടലാസും പേനയും മാത്രമുള്ള മനുഷ്യാരവമില്ലാത്ത നിശബ്ദതയുടെ ഒരു ലോകത്ത് നിമിഷങ്ങൾക്കുള്ളിൽ മരിച്ച് പോകുമെന്ന് പറഞ്ഞ അയ്യപ്പൻ.
സിസ്റ്റർ, എവിടെ എന്റെ ജീവന്റെ താക്കോൽ.. കൂടുതുറക്കൂ..പക്ഷിയെപ്പറത്തിവിടൂ എന്ന് പറഞ്ഞ അയ്യപ്പൻ.
കവിത ഉപജീവനം കൂടിയാണെന്ന് പറഞ്ഞ അയ്യപ്പൻ.
ഉപജീവനം മാത്രമല്ല , അയ്യപ്പന്  കവിത അതിജീവനം കൂടിയായിരുന്നു എന്ന് നമ്മൾ ഇപ്പോൾ അറിയുന്നു.
 സ്നേഹസദനങ്ങളും ആശുപത്രിമുറികളും തടവറകൾ തീർത്തിരിക്കാം.  ആദരവുകളും സ്നേഹപ്രകടനങ്ങളും അരോചകങ്ങളായി തീർന്നിരിക്കാം. വിലക്കപ്പെട്ട മധുപാത്രങ്ങൾ വീണുടഞ്ഞ  ചിലമ്പിച്ച  ശബ്ദങ്ങളിൽ, അടഞ്ഞ് കിടക്കുന്ന കടകളുടെ തിണ്ണയിലെ മണ്ണിന്റെ മർമ്മരത്തിൽ, തെരുവുകൾ ചുരത്തുന്ന  ചെളിയുടെയും പൊടിയുടെയും ഗന്ധങ്ങളിൽ  സ്വാതന്ത്യത്തിന്റെ ഭാവങ്ങൾ ഒളിച്ചിരിന്നിട്ടുണ്ടാവാം. അത് കണ്ടെത്താൻ അയ്യപ്പന് മാത്രമേ കഴിഞ്ഞിട്ടുണ്ടാവൂ.. അതുകൊണ്ടാവാം വീണ്ടും തെരുവിലേക്ക് പോയത്. അതുകൊണ്ടാവാം   വഴിയരികിൽ സ്വാതന്ത്യത്തോടെ  ആരുമറിയാതെ വീണുകിടക്കാനായത്. അതുകൊണ്ടാവാം  അസ്ത്രം കൊണ്ട്  ജീവൻ പറന്നകന്നിട്ടും ആർക്കും തിരിച്ചറിയാനാവാതിരുന്നത്.