Tuesday, May 11, 2010

അക്ഷയ ത്രിതീയ : ബിവറേജസിലെ തിരക്ക്....

           അടുത്ത ഒരു വര്‍ഷം ഐശ്വര്യ സമ്പൂര്‍ണം ആകണമെന്ന് ആഗ്രഹിക്കുന്നവര്‍ ഏറ്റവും അടുത്ത സ്വര്‍ണക്കടകളില്‍ മേയ് 16 ന് എത്തി സ്വര്‍ണാഭരണങ്ങളോ വജ്രാഭരണങ്ങളോ വില കൊടുത്തു വാങ്ങി സ്വന്തമാക്കേണ്ടതാണ്.അക്ഷയ ത്രിതീയ ദിനമായ അന്ന് സ്വര്‍ണം വാങ്ങാത്തവര്‍ക്ക് മാനഹാനി , ധനനഷ്ടം, മഹാടുരിതങ്ങള്‍ എന്നിവ വന്ന്‌ ഭവിക്കുന്നതാണ്.  സ്വര്‍ണം പുതിയതായി വാങ്ങാന്‍ കാശില്ലാത്തവര്‍ക്ക് പഴയ സ്വര്‍ണം വിറ്റ് പുതിയത് വാങ്ങാവുന്നതാണ്.     ഐശ്വര്യം മൊത്തമായും ചില്ലറയായും  വില്‍ക്കപ്പെടുന്നത്  പ്രമാണിച്ച് ബിവറേജസ് കോര്‍പറേഷന്‍ ഔട്ട്‌ലെറ്റിലെ  തിരക്ക് മേയ് 16 ന് സ്വര്‍ണകടകളില്‍ ഉണ്ടാകാന്‍ സാധ്യത ഉള്ളതിനാല്‍ ഐശ്വര്യം ആവശ്യമുള്ളവര്‍ നേരത്തെ തന്നെ അഡ്വാന്‍സ്‌ നല്‍കി ബുക്ക് ചെയ്യേണ്ടതാണ്. പ്രധാന സ്വര്‍ണക്കടകളില്‍ നിന്നും ഇതിനകം തന്നെ നിങ്ങളെ നേരിട്ട് ക്ഷണിച്ചിട്ടുണ്ടാവുമല്ലോ. ഇല്ലെങ്കിലും ഇത് ഒരു ക്ഷണം ആയി സ്വീകരിച്ച് പങ്കെടുത്ത്‌ സ്വര്‍ണവ്യാപാരികള്‍ക്ക്‌ ഐശ്വര്യം നേടി തരണമെന്ന് അപേക്ഷിക്കുന്നു. അന്ന് സ്വര്‍ണം വാങ്ങാത്തവര്‍ക്ക് ഉണ്ടാകാന്‍ പോകുന്ന യാതൊരു നഷ്ടത്തിനും ഞങ്ങള്‍ ഉത്തരവാദികള്‍ ആകുന്നതല്ല.
താഴെ കൊടുത്തിരിക്കുന്നത്‌ അവിശ്വാസികള്‍ക്ക് മാത്രം ഉള്ളതാണ്.   
http://nattuvazhy-vavvakkavu.blogspot.com/2010/05/blog-post_546.html

Friday, May 7, 2010

അക്ഷയ ത്രിതീയയില്‍ സ്വര്‍ണം വാങ്ങിയാല്‍...

  വൈശാഖ മാസത്തിലെ കറുത്ത വാവിന് ശേഷമുള്ള മൂന്നാമത്തെ ദിവസമാണ് അക്ഷയ ത്രിതീയ ആയി ആഘോഷിക്കാരുള്ളത്. ഇത്തവണത്തെ അക്ഷയ ത്രിതീയ ദിനം മേയ് പതിനാറിനാണ്. 
           പരശുരാമന്റെ ജന്മദിനമാണ് അക്ഷയ ത്രിതീയയായി ആഘോഷിക്കുന്നത് എന്നാണ് പൊതുവേയുള്ള വിശ്വാസം. എങ്കിലും മറ്റു കഥകളും കേള്‍ക്കാറുണ്ട്. കൃഷ്ണന്‍  സുദാമാവില്‍ (കുചേലന്‍)  നിന്ന് അവില്‍പൊതി വാങ്ങി സമ്പത്തും ഐശ്വര്യവും തിരികെ നല്‍കിയ ദിവസമാനിതെന്നും മറ്റു ചിലയിടങ്ങളില്‍ ത്രേതായുഗം തുടങ്ങിയ ദിവസമാണെന്നും പറയപ്പെടുന്നു. ജ്യോതിഷികളുടെ അഭിപ്രായത്തില്‍ അന്ന് സൂര്യനും ചന്ദ്രനും ഏറ്റവും ഉയര്‍ന്ന സ്ഥാനത്ത് (?) ആയിരിക്കും.
           കുറച്ചു വര്‍ഷം മുമ്പ് വരെ കേരളത്തില്‍  അക്ഷയ ത്രിതീയ കാര്യമായി ആഘോഷിക്കപ്പെടുകയോ മിക്കവരും അതിനെപ്പറ്റി കേട്ടിരിക്കുകയോ ചെയ്തിരുന്നില്ല. എങ്കിലും ഒരു ആചാരമെന്ന നിലയില്‍  കേരളത്തിലെ ചില നമ്പൂതിരി ഗൃഹങ്ങളില്‍ ആ ദിവസം വിധവകളായ അന്തര്‍ജനങ്ങള്‍ കുട, വടി, ചെരുപ്പ്, വിശറി, പണം തുടങ്ങിയവ ദാനം ചെയ്തിരുന്നു. അക്ഷയ ത്രിതീയ ദിനത്തിലെ ദാനം എല്ലാ പാപങ്ങളില്‍ നിന്നും മോചനം നല്‍കുമെന്നായിരുന്നു വിശ്വാസം.
         അക്ഷയ എന്നാല്‍ ഒരിക്കലും ക്ഷയിക്കാത്തത് എന്നര്‍ത്ഥം.മത്സ്യ പുരാണ പ്രകാരം അന്ന് ചെയ്യുന്ന സ്നാനം, ദാനം, ജപം, ഹോമം, പിതൃതര്‍പണം  എന്നീ കര്‍മങ്ങള്‍ അക്ഷയ ഫലപ്രദമാണ്.
        ഇന്ന് അക്ഷയ ത്രിതീയ എന്നാല്‍ ഇതൊന്നുമല്ല. ദുബായ് ഷോപ്പിംഗ്‌ ഫെസ്ടിവലോ അല്ലെങ്കില്‍ കുറഞ്ഞ പക്ഷം ഗ്രാന്‍ഡ്‌ കേരള ഷോപ്പിംഗ്‌ ഫെസ്ടിവലോ പോലെയുള്ള ഒന്നായിരിക്കുന്നു. അക്ഷയ ത്രിതീയ ദിനത്തില്‍ സ്വര്‍ണം, വജ്രം തുടങ്ങിയ മൂല്യമേറിയ വസ്തുക്കള്‍ വാങ്ങുന്നത് ഐശ്വര്യ ദായകമാണ് എന്ന  യാതൊരു അടിസ്ഥാനവും ഇല്ലാത്ത കാര്യം ബോധപൂര്‍വം പ്രചരിപ്പിക്കുന്നു. സ്വര്‍ണ വ്യാപാരികളാണ്‌ ഈ പ്രചാരണത്തിന് മുന്‍കൈ എടുക്കുന്നത്. കാരണം അതിന്‍റെ ഗുണഭോക്താക്കള്‍ അവര്‍ തന്നെയാണല്ലോ. മലയാളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ അക്ഷയ തൃതീയയുടെ മഹത്വത്തെ കുറിച്ചും അന്ന് സ്വര്‍ണം വാങ്ങിയാലുണ്ടാകുവാന്‍ പോകുന്ന നേട്ടങ്ങളെ കുറിച്ചും ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ച്‌ ഈ അസംബന്ധ പ്രചാരണത്തില്‍ തങ്ങളുടേതായ പങ്ക്‌ വഹിക്കുന്നു. എന്തെന്നാല്‍ ജ്യൂവലരികള്‍ ആകുന്നു അവരുടെ പ്രധാന പരസ്യ ദാതാക്കള്‍. 
        കഴിഞ്ഞ വര്‍ഷം  അക്ഷയ ത്രിതീയ ഏപ്രില്‍  27  ന് ആയിരുന്നു.  2009 ഏപ്രില്‍ അവസാന വാരം സ്വര്‍ണവില ഗ്രാമിന് 1350 രൂപ. ഇന്ന് 1610 രൂപ .കഴിഞ്ഞ അക്ഷയ ത്രിതീയയില്‍ ഒരു ഗ്രാം സ്വര്‍ണം വാങ്ങിയവരുടെ നേട്ടം 260 രൂപ. അതായത് 20  ശതമാനത്തോളം വര്‍ധനവ്‌. അന്ന് സ്വര്‍ണം വാങ്ങിയവര്‍ക്കെല്ലാം ഇന്നത്തെ വില വച്ച് നോക്കുമ്പോള്‍ നേട്ടമാണ് ഉണ്ടായിരിക്കുന്നത്. പക്ഷെ ഏപ്രില്‍ 26 നോ ഏപ്രില്‍ 28  നോ സ്വര്‍ണം വാങ്ങിയവര്‍ക്കും ഇന്നത്തെ വില 1610 രൂപാ തന്നെ.  അപ്പോള്‍ അങ്ങനെ പ്രത്യേക മെച്ചം ഒന്നുമില്ല. ഇനി അന്ന് സ്വര്‍ണം വാങ്ങിയവര്‍ ഓരോരുത്തരും ആലോചിച്ചു നോക്കുക, തങ്ങള്‍ക്കു മോശമായതൊന്നും കഴിഞ്ഞ വര്‍ഷം ഉണ്ടായിട്ടില്ലേ എന്ന്. 
        അക്ഷയ ത്രിതീയ ദിനത്തില്‍ സ്വര്‍ണം വാങ്ങിയാല്‍ ഗുണമില്ലേ ? ഉണ്ട്, തീര്‍ച്ചയായിട്ടും ഉണ്ട്, സ്വര്‍ണ വ്യാപാരികള്‍ക്ക്‌ ആണെന്ന് മാത്രം. പരസ്യങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. എല്ലാവരും സ്വര്‍ണം നേരത്തെ തന്നെ ബുക്ക് ചെയ്തേക്കുക, അന്നത്തെ തിരക്കില്‍ ചിലപ്പോള്‍ കിട്ടിയില്ലെങ്കിലോ ?.