Tuesday, April 26, 2011

ദേവസ്വം ബോര്‍ഡ് ആദിവാസികളെ കൊള്ളയടിക്കുവാന്‍ ശ്രമിക്കുന്നതെന്തിന്?


           മകരജ്യോതിയുമായി ബന്ധപ്പെട്ട് ദേവസ്വം ബോര്‍ഡ്  ബഹുമാനപ്പെട്ട ഹൈക്കോടതിയില്‍ ബോധിപ്പിച്ച പലതും അര്‍ദ്ധസത്യങ്ങള്‍ മാത്രമാണെന്ന് കരുതുന്നതില്‍ തെറ്റുണ്ടെന്ന് തോന്നുന്നില്ല.
          മകരജ്യോതിയും മകരവിളക്കും ഒന്നല്ല രണ്ടാണെന്നാണ് ദേവസ്വം ബോര്‍ഡ് ഇപ്പോള്‍ പറയുന്നത്. എന്നാല്‍ എന്താണ് വാസ്തവം. കാലാകാലങ്ങളായി മകരവിളക്കിന്റെ അടുത്ത ദിവസത്തെ ദിനപത്രങ്ങളില്‍ മകരജ്യോതി എന്ന് പറഞ്ഞ് കൊടുത്തിരുന്ന ചിത്രങ്ങള്‍ ആകാശത്തെ നക്ഷത്രത്തിന്റേതല്ലായിരുന്നു. ആകാശവാണിയില്‍ മകരജ്യോതിയുടെ തത്സമയ ശബ്ദവിവരണത്തില്‍ അതാ ജനലക്ഷങ്ങളുടെ ജന്മ സായൂജ്യമായി   മകരജ്യോതി തെളിയുന്നുവെന്ന് പറയുന്നത് പൊന്നമ്പലമേട്ടിലെ കത്തി മറയുന്ന വിളക്ക് കണ്ടിട്ടായിരുന്നു. ഇതല്ല മകരജ്യോതിയെങ്കില്‍ എന്തുകൊണ്ട് ദേവസ്വം ബോര്‍ഡ് ഇത്രയും കാലം ഈ തെറ്റ് തിരുത്തിയില്ല. പുല്ല്മേട് ദുരന്തവുമായി ബന്ധപ്പെട്ട്  ഇപ്പോള്‍ കോടതിയില്‍ സത്യം പറയേണ്ടിവന്നപ്പോള്‍ മാത്രമാണ് ദേവസ്വം ബോര്‍ഡിന് മകരവിളക്ക് കത്തിക്കുന്നതാണെന്ന് പറയേണ്ടി വന്നത്, മകരജ്യോതി നക്ഷത്രമാണെന്ന് ന്യായീകരിക്കേണ്ടി വന്നത്.
            സത്യം ഒരുനാള്‍ പുറത്ത് വരുമെന്ന് മുന്‍ കൂട്ടി കണ്ട രാഹുല്‍ ഈശ്വര്‍ എന്ന താന്ത്രികന്റെ (ശരിക്കും തന്ത്രശാലി) കണ്ടെത്തലാണ് മകരജ്യോതി ആകാശത്തെ നക്ഷത്രവും മകരവിളക്ക് ആദിവാസികള്‍ കത്തിക്കുന്ന വിളക്കുമാണെന്നത്. ഈ വാദം പിന്നീട് തന്ത്രി കുടുംബവും ഇപ്പോള്‍ ദേവസ്വം ബോര്‍ഡും  പിടിച്ച് നില്‍ക്കുവാനായി ഏറ്റെടുക്കുകയാണുണ്ടായത്.
            പൊന്നമ്പലമേട്ടില്‍ തെളിയുന്ന വെളിച്ചം ദിവ്യമോ അമാനുഷികമോ ആണെന്ന് ബോര്‍ഡ് ഒരിക്കലും അവകാശപ്പെട്ടിട്ടില്ല എന്ന് ഹൈക്കോടതിയില്‍ പറയുകയുണ്ടായി. എന്നാല്‍ മകരജ്യോതിയുടെ പേരില്‍ ദശകങ്ങളായി തര്‍ക്കങ്ങള്‍ നടന്നിട്ടും വിളക്ക് ദിവ്യമോ അമാനുഷികമോ അല്ലെന്ന് ബോര്‍ഡ് ഒരിക്കലും പറഞ്ഞിട്ടില്ല എന്ന് മാത്രമല്ല വിളക്കിന്റെ അതീവ രഹസ്യ സ്വഭാവം എക്കാലവും നിലനിര്‍ത്താന്‍ ശ്രമിക്കുകയും ചെയ്തു. ഒടുവില്‍ പറയാതെ വയ്യ എന്ന അവസ്ഥയില്‍ മാത്രമാണ് സത്യം പുറത്ത് പറഞ്ഞത്. ഇനിയും അസത്യങ്ങള്‍ പറഞ്ഞ് പ്രശ്നങ്ങള്‍ സൃഷ്ടിച്ച് അറിയാത്തവരെക്കൂടി അറിയിക്കേണ്ട എന്നും കരുതിയിട്ടുണ്ടാവും. കേരളത്തിന് പുറത്തുള്ള നിരക്ഷരകുക്ഷികളായ ഭക്തജനകോടികള്‍ ഇതൊന്നും അറിയാന്‍ പോകുന്നില്ല എന്ന് ബോറ്ഡിനറിയാം. അവരിനിയും വരും, പൊന്നമ്പലമേട്ടില്‍ തെളിയുന്ന സ്വയംഭൂവായ  ദിവ്യജ്യോതിസ്സിനെ വണങ്ങുവാനായി.
            ആദിവാസികളാണ് മുന്‍പ്  വിളക്ക് തെളിയിച്ചിരുന്നതെന്നാണ് ബോറ്ഡ് പറയുന്നത്. വിളക്ക് തെളിയിക്കാനായി ഒരു ശാന്തിക്കാരനെ കൂടി നിയോഗിക്കാന്‍ അനുവദിക്കണമെന്ന് ദേവസ്വം ബോര്‍ഡ് ഇപ്പോള്‍ കോടതിയില്‍ പറഞ്ഞിരിക്കുന്നു. മകരസംക്രാന്തി വിളക്ക് ആദിവാസികളുടെ ആചാരവും വിശ്വാസവും അനുസരിച്ച് ഉള്ളതാണെങ്കില്‍ എന്തിനാണ് ദേവസ്വം ബോര്‍ഡ് അവരുടെ വിശ്വാസത്തെ തട്ടിപ്പറിക്കുവാന്‍ ശ്രമിക്കുന്നത്. ആദിവാസികളുടെ മണ്ണിനെയും പെണ്ണിനെയും കൈവശമാക്കിയ നാട്ടുകാര്‍ക്കൊപ്പം ചേര്‍ന്ന് അവരുടെ വിശ്വാസങ്ങളെയും ആചാരങ്ങളെയും കൂടി തട്ടിയെടുക്കുവാന്‍ ശ്രമിക്കുന്നതെന്തിനാണ്?
            പൊന്നമ്പലമേട്ടില്‍ ദേവസ്വം ബോര്‍ഡിന്റെ നേരിട്ടുള്ള പൂജയും വിളക്ക് തെളിയിക്കലും തുടങ്ങിക്കഴിഞ്ഞാല്‍ മാളികപ്പുറം പോലെ മറ്റൊരു ഉപക്ഷേത്രമായി പൊന്നമ്പലമേടും മാറുമെന്നതില്‍ യാതൊരു സംശയവും വേണ്ട. പൊന്നമ്പലമേട്ടിലേക്കും ഭക്തജനസഹസ്രങ്ങള്‍ ഒഴുകിയെത്താന്‍ പോകുന്നു.