Thursday, May 26, 2011

കേരള പഠനം - ആചാരവും വിശ്വാസവും

          കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് 2004ല്‍ കേരള പഠനം എന്ന പേരില്‍ കേരളം എങ്ങനെ ജീവിക്കുന്നു? കേരളം എങ്ങനെ ചിന്തിക്കുന്നു എന്ന് അറിയുവാനായി കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും നിന്നുമുള്ള വീടുകള്‍ ഉള്‍പ്പെടുത്തി വിപുലമായ ഒരു സര്‍വ്വേ നടത്തിയിരുന്നു. പഠനത്തിന്റെ കണ്ടെത്തലുകള്‍ തുടര്‍ ചര്‍ച്ചകള്‍ക്കായി പരിഷത്ത് പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
         ആചാര-വിശ്വാസങ്ങള്‍ എന്ന തലക്കെട്ടില്‍ ജാതകം നോക്കല്‍, മന്ത്രവാദം, രോഗശാന്തി ശുശ്രൂഷ, മനുഷ്യ-ദൈവങ്ങള്‍ എന്നിവയിലൊക്കെയുള്ള വിശ്വാസം വിവിധ വിഭാ‍ഗങ്ങളില്‍ എങ്ങനെയാണെന്ന് കണ്ടെത്തിയത് നല്‍കിയിട്ടുണ്ട്. നാല് സാമ്പത്തിക ഗ്രൂപ്പുകളായി തിരിച്ചായിരുന്നു സര്‍വ്വേ നടത്തിയത്.
         ഹിന്ദുക്കളില്‍ 60% ത്തിനും ജാതകത്തില്‍ വിശ്വാസമുണ്ട്. വിദ്യാഭ്യാസം കൂടുതലുള്ള ഉയര്‍ന്ന ഗ്രൂപ്പുകളില്‍ ഇത് കുറയുന്നില്ല. പക്ഷെ പട്ടികജാതി-വര്‍ഗ്ഗക്കാരില്‍ മറ്റുള്ളവരെ അപേക്ഷിച്ച് കുറവാണ്. എല്‍.ഡി.എഫ് വോട്ടര്‍മാരില്‍ ബി.ജെ.പി വോട്ടര്‍മാരുടേതിനെക്കാള്‍ വളരെ കുറഞ്ഞ തോതില്‍ മാത്രമേ ഇതിലുള്ള വിശ്വാസം നിലനില്‍ക്കുന്നുള്ളൂ.
         മന്ത്രവാദത്തിലുള്ള വിശ്വാസം സാമ്പത്തിക സ്ഥിതിയുമായി ബന്ധപ്പെട്ടിരിക്കുന്നു. സാമ്പത്തിക ശ്രേണി കൂടുന്നതിനനുസരിച്ച് അത് കുറയുന്നുണ്ട്. പട്ടികവര്‍ഗ്ഗക്കാരിലാണ് ഏറ്റവുമധികം. പിന്നെ പട്ടികജാതിക്കാരിലും മുസ്ലീങ്ങളിലും. ക്രിസ്ത്യാനികളില്‍ മൂന്നിലൊന്നും രോഗശാന്തി ശുശ്രൂഷയില്‍ വിശ്വാസമുള്ളവരാണ്. ഇത് എല്‍.ഡി.എഫ് ക്രിസ്ത്യാനികളില്‍ യു.ഡി.എഫ് ക്രിസ്ത്യാനികളെ അപേക്ഷിച്ച് കുറവാണ്. ആള്‍ദൈവങ്ങളിലുള്ള വിശ്വാസം പത്തിലൊന്നോളം ഹിന്ദുക്കള്‍ക്കാണുള്ളത്. ബി.ജെ.പി വോട്ടര്‍മാരിലാണ് ഇത് ഏറ്റവുമധികം. ആള്‍ദൈവങ്ങളിലുള്ള വിശ്വാസം സാമ്പത്തിക സ്ഥിതി കൂടുന്നതിനൊപ്പം കൂടിവരുന്നതായും കാണുന്നു.
         ഈ  സര്‍വ്വേ നടത്തിയിട്ട് ഏഴ് വര്‍ഷമായിരിക്കുന്നു. ഇന്ന് ആചാരങ്ങളിലും വിശ്വാസങ്ങളിലും ആള്‍ദൈവങ്ങളിലും രോഗശാന്തി ശുശ്രൂഷയിലുമെല്ലാം വിശ്വസിക്കുന്നവരുടെ എണ്ണം എത്രയോ ഇരട്ടി ആയിരിക്കുന്നു എന്നറിയുവാന്‍ സര്‍വ്വേ ഒന്നും നടത്തേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. കണ്ണ് തുറന്ന് ചുറ്റും നോക്കിയാല്‍ മാത്രം മതി.

Tuesday, May 17, 2011

വയലാര്‍ രവിയുടെ വീടിന്റെ വാതില്‍ മാറ്റി

മലയാള മനോരമ 2011 മെയ്13: വാസ്തു ശാസ്ത്ര വിധി പ്രകാരം ദേവകി ഭവനത്തിന്റെ പ്രവേശന കവാടം പടിഞ്ഞാറോട്ടാക്കി. കേന്ദ്രമന്ത്രി വയലാര്‍ രവിയുടെ കുടുംബവീടായ വയലാര്‍ ദേവകി ഭവനത്തിന്റെ വാതിലാണ് വീടിന്റെ പ്രധാന വാതിലിന് നേരെയാക്കിയത്. വീട് നിര്‍മ്മിച്ച കാലം മുതല്‍ സിറ്റൌട്ടിന്റെ വഴി വടക്കോട്ടായിരുന്നു. ഇത് വാസ്തുശാസ്ത്ര പ്രകാരം തെറ്റാണെന്ന് പല ജ്യോത്സ്യന്മാരും ശ്രദ്ധയില്‍ പെടുത്തിയിരുന്നു. തുടര്‍ന്നാണ് പ്രധാനകവാടം പടിഞ്ഞാറോട്ടാക്കിയതെന്ന് വയലാര്‍ രവിയുടെ സഹോദരന്‍ ജിനദേവ് പറഞ്ഞു.
ഇത് നേരത്തെ ചെയ്തിരുന്നുവെങ്കില്‍ ഒരു പക്ഷെ മകള്‍ ഒരു എം.എല്‍.എ ആകുമായിരുന്നില്ലയെന്ന് ആര് കണ്ടു. ഒരു വനിതാ മന്ത്രിക്ക് വരെ സാദ്ധ്യത ഉണ്ടായിരുന്നു. എല്ലാം കളഞ്ഞ് കുളിച്ചെന്ന് പറഞ്ഞാല്‍ മതി. വൈകി വന്ന ബുദ്ധി. പക്ഷെ വാതില്‍ വടക്കോട്ടിരുന്നപ്പോള്‍ തന്നെയല്ലേ വയലാര്‍ജി കേന്ദ്രമന്ത്രി ആയത്. എല്ലാരും പൊളിക്കുന്നു, നമ്മക്കും പൊളിച്ചേക്കാം. ഒരു പക്ഷേ എന്തെങ്കിലും കിട്ടാനുള്ളതാണെങ്കില്‍ നമ്മളായിട്ട് കളയേണ്ട. അങ്ങനെയല്ലേ

Sunday, May 8, 2011

ജീവിക്കുവാന്‍ ലജ്ജിക്കേണ്ടി വരുന്ന കാലം           ഒരു വര്‍ഷം മുന്‍പ് കൈയ്യില്‍ മന്ത്രച്ചരട് കെട്ടുന്നതിനെക്കുറിച്ച് “ആത്മവിശ്വാസക്കുറവിന്റെ അലുക്കുകള്‍“ എന്ന പേരില്‍ ഒരു പോസ്റ്റ് ഇട്ടിരുന്നു. അന്ന് ചരട്കെട്ടല്‍ അപൂര്‍വ്വം ചിലരിലായിരുന്നു കണ്ടിരുന്നതെങ്കില്‍ ഇന്നത് കെട്ടാത്തവരെക്കാണാനാണ് ബുദ്ധിമുട്ട് എന്ന അവസ്ഥയിലെത്തിയിരിക്കുന്നു.
കുറച്ച് ദിവസം മുന്‍പ് എനിക്ക് തിരുവനന്തപുരത്തെ ഒരു പ്രശസ്തമായ സ്ഥാപനത്തില്‍ കുറെയധികം നേരം ഇരിക്കേണ്ടിവന്നു. വാതിലിനരികിലായിരുന്നു ഞാന്‍ ഇരുന്നത്. ധാരാളമാളുകള്‍ വാതിലിലൂടെ കടന്ന് പൊയ്ക്കൊണ്ടിരുന്നു. മിക്കവരുടെയും കയ്യില്‍ ചരട് കെട്ടിയിരിക്കുന്നു. പലനിറങ്ങളിലുള്ള ജപിച്ച ചരടുകള്‍. ചിലവയില്‍ വളരെയധികം കെട്ടുകള്‍ ഇട്ടിട്ടുള്ളവ. ചിലര്‍ രണ്ടും മൂന്നും ചരടുകള്‍ കെട്ടിയിരിക്കുന്നു. ഒരു സ്റ്റയിലിന് ചരട് കെട്ടിയിരിക്കുന്ന ചെറുപ്പക്കാരും ഉണ്ടാവുമായിരിക്കും. അങ്ങനെയുള്ളവര്‍ കുറവായിരിക്കുമെന്നുറപ്പ്.   ചരട് കെട്ടലിന് പ്രായവ്യത്യാസമില്ല, സ്ത്രീയെന്നോ പുരുഷനെന്നോ ഇല്ല, പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ ഇല്ല. എല്ലാ തരക്കാരും ചരടിനനുസരിച്ച് ചലിച്ചുകൊണ്ടിരിക്കുന്നു.
സമയം വെറുതെ കളയാതെ കയ്യില്‍ ചരട് കെട്ടിയിരിക്കുന്നവരുടെ കണക്ക് എടുക്കുവാന്‍ ഞാന്‍ തീരുമാനിച്ചു. ആദ്യം  കടന്നുവന്ന കൈത്തണ്ട വ്യക്തമായി കണ്ട നൂറ് പേരെ ചരട് കെട്ടിയവരെന്നും കെട്ടാത്തവരെന്നും തിരിച്ചു (ചരട് കെട്ടിയതായോ കെട്ടാത്തതായോ വ്യക്തമാകാത്തവരെ എണ്ണത്തില്‍ ഉള്‍പ്പെടുത്തിയില്ല. കൂടാതെ ഒരു കയ്യില്‍ ചരട് കണ്ടാല്‍ തന്നെ ചരട് കെട്ടിയതില്‍ പെടുത്തി, എന്നാല്‍ ചരട് കെട്ടാത്തവരുടെ കൂട്ടത്തില്‍ പെടുത്താന്‍ രണ്ട് കയ്യും വ്യക്തമായി കാണേണ്ടിയിരുന്നു). അതില്‍ 34 പേര്‍ ചരട് കെട്ടിയവരായിരുന്നു.  നൂറില്‍ 66 പേര്‍ ചരട് കെട്ടാത്തവരായി കണക്കില്‍ പെട്ടു.  മുപ്പത്തിനാല്‍ ശതമാനം പേര്‍ ജപിച്ച ചരട് കെട്ടിനടക്കുന്നുവെന്നത് വളരെ ദുഖകരമായി തോന്നി. വീണ്ടും നൂറ് പേരെ കൂടി തരം തിരിച്ചു. ഇത്തവണ 28 പേര്‍ ചരട് കെട്ടിവന്നു. അല്പം കുറവ് വന്നിട്ടുണ്ട്.  പിന്നെയും സമയമുള്ളത് കാരണം കണക്കെടുപ്പ് കുറച്ച്കൂടി ആധികാരികമാക്കുവാനായി നൂറ് പേരെകൂടി കണക്കെടുപ്പില്‍ ഉള്‍പ്പെടുത്തി. ഇത്തവണ ശരിക്കും ഞെട്ടിപ്പോയി. നൂറില്‍ 39 പേര്‍ ചരട് കെട്ടി നടക്കുന്നു. ആകെ കൂട്ടിയപ്പോള്‍ മുന്നൂറില്‍ നൂറ്റിയൊന്ന് പേര്‍. അതായത് ആകെയുള്ളവരില്‍ മൂന്നിലൊന്നിലധികം പേറ് ഏതെങ്കിലും കുട്ടിച്ചാത്തന്റെയോ മന്ത്രവാദിയുടെയോ ദയാദാക്ഷണ്യം പ്രതീക്ഷിച്ച് കൈകളില്‍ ചരട് കെട്ടി പ്രദര്‍ശിപ്പിച്ച് നടക്കുന്നു – ആത്മവിശ്വാസം നഷ്ടപ്പെട്ട ഒരു ജനതയുടെ പ്രതിനിധികള്‍.
പണ്ട്, പണ്ടെന്ന് പറഞ്ഞാല്‍ വളരെ പണ്ടൊന്നുമല്ല, ഒരു പതിനഞ്ച് വര്‍ഷം മുന്‍പ് വരെ,  ചരട് ജപിച്ച് കെട്ടുകയെന്നത് അങ്ങേയറ്റം നാണക്കേടുണ്ടാക്കുന്ന കാര്യമായിരുന്നു. സ്കൂളില്‍ പഠിക്കുന്ന സമയത്ത് നാല്പതും അമ്പതും കുട്ടികളുള്ള ഒരു ക്ലാസ്സില്‍ ഒരു കുട്ടിയ്ക്കോ മറ്റോ ആവും ചരട് ഉണ്ടാവുക. അത് തന്നെ ആരും കാണാത്ത തരത്തില്‍ കയ്യുടെ മുകളറ്റത്തോ അരയിലോ ആവും കെട്ടുക. എന്നാല്‍ ഇന്നത് നാണക്കേടല്ല അഭിമാനമായി മാറിയിരിക്കുന്നു.
എങ്ങനെ ആളുകള്‍ മാറാതിരിക്കും? കലാകാരന്മാര്‍ ഉള്‍പ്പെടെയുള്ള പ്രശസ്തരായ  ആളുകളെല്ലാം കൂടുതല്‍ കൂടുതല്‍ നേട്ടങ്ങളുണ്ടാക്കുന്നതിനായി ആരുടെയെല്ലാം പാദങ്ങളില്‍ വീഴാനും അനുഗ്രഹം വാങ്ങാനും ചിഹ്നങ്ങളണിയാനും സദാ സന്നദ്ധരാണല്ലോ ഇക്കാലത്ത്. ( കേരളത്തിലെ രാഷ്ട്രീയക്കാരില്‍ ഈ ചരട് കെട്ടല്‍ ശീലം അധികമായി കാണുന്നില്ല. ഉണ്ണിത്താന്‍ കെട്ടിയിരിക്കുന്നതായി കണ്ടു). റിയാലിറ്റി ഷോകളില്‍ മത്സരാര്‍ത്ഥികള്‍ മിക്കവരും ചരട് ജപിച്ച് കെട്ടിയെത്തവരായിരിക്കും. അവര്‍ പുറത്തായാലും പിന്നെയും അവരുടെയോ മറ്റുള്ളവരുടെയോ വിശ്വാസങ്ങള്‍ക്ക് യാതൊരു മാറ്റവും വരാറില്ല.  ക്രിക്കറ്റ് കളിക്കാരില്‍ മിക്കവരും ചരട് കെട്ടിയവര്‍ തന്നെ. അടുത്ത കാലത്തായി സാക്ഷാല്‍ സച്ചിനും കെട്ടിയിരിക്കുന്നതായി കാണുന്നു. ഇത്രയും കാലം ഒന്നും കെട്ടാതെയാണ് സച്ചിന്‍ ഈ നേട്ടമെല്ലാം ഉണ്ടാക്കിയതെന്ന് സച്ചിന്‍ മറന്നതാണത്‌ഭുതം. ശ്രീശാന്തിന്റെ കാര്യം പിന്നെ പറയേണ്ടല്ലോ. കിട്ടാവുന്നിടത്ത് നിന്നുള്ള ചരടുകളൊക്കെ സംഘടിപ്പിച്ച് കെട്ടിയിട്ടുണ്ട്. പക്ഷെ ബാറ്റ്സ്മാന്മാരുടെ കയ്യില്‍ നിന്ന് കിട്ടുന്നതിന് ഒരു കുറവുമില്ലെന്ന് മാത്രം. ലോകകപ്പിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ഒരു അഭിമുഖത്തില്‍ യുവരാജ് സിംഗ് പറഞ്ഞത് എവിടെ നിന്നോ ഉള്ള ഒരു ചരട് കെട്ടിയതാണ് തന്റ്റെ ഭാഗ്യത്തിന് കാരണമെന്ന്.  ആ ചരട് ഇപ്പോഴും കയ്യിലുണ്ട്. പക്ഷെ ഇന്‍ഡ്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ യുവരാജ് നായകനായ പൂനെ വാരിയേഴ്സ് ടീം തുടര്‍ച്ചയായി ഏഴ് കളികള്‍ തോറ്റ് പോയിന്റ് പട്ടികയില്‍ ഏറ്റവും താഴെയാണ്. ചരടിനെന്ത് പറ്റിയാവോ?
പണ്ട് ഭൂത പ്രേത പിശാചുക്കളെ അകറ്റി നിര്‍ത്തുവാനായിരുന്നു  ചരട് പ്രയോഗമെങ്കില്‍ ഇന്ന് എന്തിനുമേതിനും സര്‍വ്വൈശ്വര്യങ്ങള്‍ക്കും ചരട് മതിയെന്നായിരിക്കുന്നു. ദുര്‍മന്ത്രവാദ വിശ്വാസകേന്ദ്രങ്ങളുമായി ബന്ധപ്പെട്ടായിരുന്നു മുന്‍പ് ചരട് കെട്ടിയിരുന്നതെങ്കില്‍ ഇന്ന് സവര്‍ണ്ണ ദൈവങ്ങളുടെ ക്ഷേത്രങ്ങളിലും ചരടുകള്‍ സുലഭമായിരിക്കുന്നു. ഒരു കാലത്ത് തമിഴരുടെയും തെലുങ്കരുടെയും അന്ധവിശ്വാസങ്ങളെ കളിയാക്കിയിരുന്ന മലയാളികള്‍ ഇന്ന് അതിനെക്കാളുമെത്രയോ അപ്പുറമെത്തിയിരിക്കുന്നു.
 ഈ കാലത്ത് ജീവിക്കുവാന്‍ ലജ്ജ തോന്നുന്നു.