Monday, December 19, 2011

ചലച്ചിത്ര അക്കാദമി ചെയര്മാ ന്റെ ഉപദേശം കൊള്ളാം.


ചലച്ചിത്ര അക്കാദമി ചെയര്‍മാനും മന്ത്രിയും മറ്റു ചിലരും ചേര്‍ന്ന് സംസ്ഥാന ചലച്ചിത്രോത്സവത്തെ ആദിമധ്യാന്തം ഒരു കൂവല്‍ മേള ആക്കിയതിനു പിന്നാലെ ചെയര്‍മാനായ ശ്രീ.പ്രിയദര്‍ശനുമായി നടത്തിയ ഒരു അഭിമുഖം ദേശാഭിമാനി വാരാന്തപ്പതിപ്പി(ഡിസംബര്‍ 18)ല്‍ വന്നത് വായിക്കുകയുണ്ടായി. മേളയിലെ ഒരു സിനിമാ പോലും തിരക്ക് (സ്വന്തം) കാരണം കാണാനായില്ലെന്ന് പറഞ്ഞ പ്രിയദര്‍ശന്‍ മേളയ്ക്ക് കൊടിയിറങ്ങിയ വെള്ളിയാഴ്ച ദിവസം മറ്റൊരു തിരക്കിലുമായിരുന്നു, സ്വന്തം സിനിമ “അറബീം ഒട്ടകോം പി.മാധവന്‍ നായരും” ലോകമാകെ റിലീസ് ചെയ്യുന്നതിന്റെ ( ജൂറിയുടെ സ്വന്തം സിനിമ ഫെസ്റ്റിവലില്‍ മത്സരിക്കാന്‍ അനുവദിക്കുകയില്ലെന്നത്  പോലെ മേളയ്ക്കിടയില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്റെ ചിത്രം റിലീസ് ചെയ്യരുതെന്നും ഒരു വ്യവസ്ഥ വേണ്ടേ? കുറഞ്ഞത് ധാര്‍മ്മികമായെങ്കിലും)
ഫിലിം ഫെസ്റ്റിവലുകള്‍ സംഘടിപ്പിക്കുന്നത് പ്രധാനമായും മറ്റു രാജ്യങ്ങളിലെ സിനിമയെയും സംസ്കാരത്തെയും  പുത്തന്‍ സാങ്കേതിക വിദ്യകളെയും അടുത്തറിയുവാനും നമ്മുടെ ചലച്ചിത്രങ്ങളെയും ചലച്ചിത്രകാരന്മാരെയും വിദേശ സിനിമാ പ്രവര്‍ത്തകര്‍ക്ക് പരിചയപ്പെടുത്തിക്കൊടുക്കുവാനും പ്രദര്‍ശിപ്പിക്കപ്പെടുന്ന ചിത്രങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് പുതിയ ചിത്രങ്ങള്‍ നിര്‍മ്മിക്കുവാനുമൊക്കെയാണെന്നാണ് ഞാന്‍ കരുതുന്നത്. ശരിയാണോയെന്ന് അറിഞ്ഞുകൂടാ.  പുതിയ സംവിധായകര്‍ പ്രിയദര്‍ശനെ  പോലെയാകാന്‍ എന്ത് ചെയ്യണമെന്ന അഭിമുഖകാരന്റെ ചോദ്യത്തിന്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്റെ ഉത്തരം ഞെട്ടിപ്പിക്കുന്നതായിരുന്നു. ”സിനിമയെ ഇഷ്ടപ്പെടണം, നന്നായി കോപ്പി അടിക്കാന്‍ പഠിക്കണം. ആളുകള്‍ക്ക് മനസ്സിലാകാത്ത വിധം കോപ്പി അടിക്കണം”
ഒരു ചലച്ചിത്രം കണ്ട് ഇഷ്ടപ്പെട്ടാ‍ല്‍ അതില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് പുതിയ സിനിമ എടുക്കന്നതിനെപ്പറ്റിയല്ല അദ്ദേഹം പറയുന്നത്, അത് എങ്ങനെ വിദഗ്ദ്ധമായി പകര്‍ത്തണമെന്നാണ്. പ്രിയദര്‍ശന് അങ്ങനെ പറയാം. പക്ഷെ അദ്ദേഹം സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കൂടിയാണ്. ചെയര്‍മാന്‍ അത് പറയരുതായിരുന്നു.  

Sunday, December 18, 2011

പരിണാമസിദ്ധാന്തം പുതിയ വഴികള്‍- ഈ പുസ്തകം വായിച്ചോ ?“ഭൂമിയിലെ ജൈവസമ്പത്ത് ഇന്ന് തികച്ചും വ്യത്യസ്തമായ ഒരു ഭീഷണിയെ നേരിട്ടുകൊണ്ടിരിക്കുകയാണ്.  മനുഷ്യന്‍ അവന്റെ പരിസ്ഥിതിയില്‍ നടത്തുന്ന അനിയന്ത്രിതമായ ഇടപെടല്‍ ഭൂമുഖത്തെ അനവധി ജീവജാലങ്ങളുടെ അപ്രത്യക്ഷമാകലിലേക്കും അതുവഴി ജീവലോകത്തിന്റെ സന്തുലിതാവസ്ഥ തന്നെ  തകിടം മറിയുന്ന തരത്തിലേക്കും വളര്‍ന്നുകൊണ്ടിരിക്കുന്നു. സൃഷ്ടിവാദം മനുഷ്യനെ ചുറ്റുപാടുമുള്ള ജീവികളില്‍ വച്ച് പ്രഥമസ്ഥാനത്ത് അവരോധിക്കുന്നു. എന്നാല്‍ പരിണാമസിദ്ധാന്തം മനുഷ്യന്‍ മറ്റു ജീവജാലങ്ങളോടൊപ്പം സന്തുലിതമായ പരിണാമ പ്രക്രിയയിലെ ഭാഗമാണെന്ന് തെളിയിച്ചു. പ്രകൃതിയെ ചൂഷണം ചെയ്യുന്നതില്‍ പുലര്‍ത്തേണ്ട മാന്യതയെ അതോര്‍മ്മിപ്പിക്കുന്നു. ജീവിക്കുന്ന ഓരോ മനുഷ്യനും പരിണാമ സിദ്ധാന്തത്തെ ശരിയായി മനസ്സിലാക്കേണ്ടത് മനുഷ്യാവസ്ഥയുടെ നിലനില്പിന് തന്നെ ആവശ്യമാണെന്ന് വന്നിരിക്കുന്നു. അതുകൊണ്ടുതന്നെ പരിണാമ സിദ്ധാന്തം മനസ്സിലാകാത്തവര്‍ക്ക്  അത് മനസ്സിലാക്കിക്കൊടുക്കേണ്ടത് ആ സിദ്ധാന്തം ശരിയായി മനസ്സിലാക്കിയിട്ടുള്ള ഓരോരുത്തരുടെയും കടമയാണ്.”
അതുകൊണ്ടുതന്നെ മേല്പറഞ്ഞ കാര്യങ്ങള്‍ ഉള്‍ക്കൊണ്ടിരിക്കുന്ന, ജീവന്‍ ജോബ് തോമസിന്റെ “പരിണാമസിദ്ധാന്തം പുതിയ വഴികള്‍ കണ്ടെത്തലുകള്‍’‘ എന്ന പുസ്തകത്തെപ്പറ്റി കേട്ടിട്ടില്ലാത്തവര്‍ക്ക് ആ പുസ്തകത്തെ ചെറുതായെങ്കിലും പരിചയപ്പെടുത്തിക്കൊടുക്കേണ്ടത് എന്റെ കൂടി കടമയാണെന്ന് കരുതുന്നു. പ്രസ്തുത പുസ്തകം ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള കുറെയധികം ലേഖനങ്ങളുടെ സമാഹാരമാണ്. “കുരങ്ങ്മുതുമുത്തച്ഛന്മാരും നമ്മളും”,“വീണ്ടെടുക്കപ്പെടുന്ന കണ്ണികള്‍” തുടങ്ങിയ ലേഖനങ്ങള്‍ പരിണാമസിദ്ധാന്തത്തെപ്പറ്റിയും ജീവശാസ്ത്ര മേഖലയിലുണ്ടായ പുത്തന്‍ അറിവുകളെപ്പറ്റിയും ശ്രദ്ധേയമായ നിരീക്ഷണങ്ങള്‍ ഉള്‍ക്കൊള്ളുന്നവയാണ്.
വിശദീകരിക്കാനാവാതിരുന്ന ഒട്ടനവധി ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങളുമായെത്തിയ പരിണാമസിദ്ധാന്തം പല വിശ്വാസങ്ങളുടെയും അടിത്തറ ഇളക്കുകയുണ്ടായി. അതുകൊണ്ടാവും ഡാര്‍വിന്റെ സിദ്ധാന്തങ്ങള്‍ നിരന്തരം ആക്രമിക്കപ്പെടുന്നത്. ഇപ്പോളത് മതത്തിന്റെയും പണത്തിന്റെയും കേന്ദ്രീകരണത്തിലൂടെ വളരെയധികം ശക്തിപ്രാപിച്ചിരിക്കുന്നു, ഈ കേരളത്തില്‍ പോലും. ഈ സാഹചര്യത്തില്‍ ഇങ്ങനെയൊരു പുസ്തകം തീര്‍ച്ചയായും വായിക്കപ്പെടുകയും ചര്‍ച്ച  ചെയ്യപ്പെടുകയും ചെയ്യേണ്ടതാണ്.
ഈ പുസ്തകത്തിലെ “ന്യൂ ഏജ് സ്പിരിച്വാലിറ്റി” എന്ന ലേഖനത്തിലെ ഒരു ഭാഗം ചേര്‍ത്തുകൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കാം. “ഫുട്ബോള്‍ കളി കാണുന്നത് പോലെ തന്നെയാണ് ദൈവത്തിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതും എന്ന് പറയപ്പെടുന്നു. നന്നായി കളിക്കുന്ന ടീം ഏതാണെന്നതില്‍ വലിയ കാര്യമില്ല. നിങ്ങള്‍ നിങ്ങളുടെ ടീമിനുവേണ്ടി ബഹളം വച്ചുകൊണ്ടിരിക്കും.”
(പരിണാമസിദ്ധാന്തം പുതിയ വഴികള്‍ കണ്ടെത്തലുകള്‍ – ജീവന്‍ ജോബ് തോമസ് – ഡി.സി.ബുക്സ് – വില: 60 രൂപാ)