Thursday, March 28, 2013

വാസ്തുവിദ്യയിൽ സ്ക്രീ‍ൻ സേവറിന്റെ ഉപയോഗം


ന്നുവന്ന് ജ്യോതിഷമെന്നും വാസ്തുവെന്നും പറഞ്ഞ് ആർക്കും എന്തും പറയാമെന്നായിരിക്കുന്നു. അതൊന്നും ചോദ്യം ചെയ്യാനാവില്ലല്ലോ. പേരിന്റെ കൂടെ പ്രൊഫസറെന്നോ ഡോക്ടറെന്നോ ചേർത്താ‍ൽ ആളെ പറ്റിക്കാനുള്ള ലൈസൻസ് ആയെന്ന മട്ടിലാണ് എഴുത്തും നടപ്പുമെല്ലാം. (അതൊക്കെ എവിടെ നിന്ന് ഒപ്പിച്ചതാണെന്നാരറിയുന്നു?).  എല്ലാം വളരെ ആധികാരികമായാണ് ഇത്തരക്കാർ പറയുക. യാതൊരു സംശയവും ഉണ്ടാവില്ല.
        മനോരമ ഓൺലൈനിൽ എഴുതിയിരിക്കുന്നത് ചിരിക്കാൻ വകനൽകുന്നതാണ്. ആളിപ്പോൾ വീട് വിട്ട് ഓഫീസിലേക്ക് ചേക്കേറിയോ എന്നാണ് സംശയം. ഡോ.പി.ബി.രാജേഷ് എന്ന വിദഗ്ദ്ധൻ പറയുന്നത് വീട്ടിലും ഓഫീസിലും ഭാഗ്യം ഉണ്ടാകാനുള്ള എളുപ്പവഴി അക്വേറിയം വയ്ക്കുക എന്നതാണ്. (സാധാരണയായി വാസ്തുക്കാർ പറയുന്നത് വീട്ടിൽ അക്വേറിയം വയ്ക്കരുതെന്നാണ്. ചൈനീസ് വാസ്തുശാസ്ത്രപ്രകാരമാണ് വീട്ടിൽ അക്വേറിയവും മുളച്ചെടികളും വയ്ക്കുന്നത്). വെറുതെ ഏതെങ്കിലും മീൻ പിടിച്ചിട്ടാലൊന്നും ഗുണമില്ല. എട്ട് സ്വർണമീനുകളും ഒരു കറുത്ത മീനും വേണമത്രെ. ആർക്കെങ്കിലും വരാൻ പോകുന്ന ദോഷങ്ങൾ മീൻ ഏറ്റുവാങ്ങി ചാകും. മീൻ ചത്താലുടൻ പുതിയ മീനിനെ ഇട്ട് എണ്ണം ഒൻപതാക്കാൻ മറക്കരുത്. (ഇതേത് മനുഷ്യാലയ ചന്ദ്രികയാണാവോ ഉള്ളത്). തമാശ ഇതല്ല, അക്വേറിയം വയ്ക്കാൻ സാധ്യമാവാത്തവർക്ക് അക്വേറിയത്തിന്റെ ചിത്രം വയ്ക്കുകയോ കമ്പ്യൂട്ടറിൽ അക്വേറിയത്തിന്റെ സ്ക്രീൻ സേവർ ഇടുകയോ ചെയ്താലും ഫലം ഉണ്ടാവുമത്രെ(ചേന്നാസ് നമ്പൂതിരിയുടെ കാലത്തൊക്കെ കമ്പ്യൂട്ടർ? ഉണ്ടായിരിന്നിരിക്കും, അല്ലെങ്കിൽ ദിവ്യദൃഷ്ടി).
        ‘ഡോക്ട’റുടെ തന്നെ മറ്റൊരു ലേഖനം ഓഫീസിൽ എങ്ങോട്ട് തിരിഞ്ഞിരിക്കണം എന്നതിനെപ്പറ്റിയാണ്. ബിസിനസ് കാരനോ മാനേജരോ വടക്കോട്ട് നോക്കിയിരിക്കണമത്രെ. കുബേരന്റെ ദിക്ക് വടക്കാണത്രെ. അതിനാൽ വടക്കോട്ട് നോക്കിയിരുന്നാലേ കുബേരനാവുകയുള്ളൂ. (കരുനാഗപ്പള്ളിയിലെ ഒരു വലിയ തുണിക്കട. മാനേജർ വടക്കോട്ട് നോക്കിയിരിക്കും. അടുത്തിടെ ഒരു തീപിടിത്തത്തിൽ നല്ലൊരു ഭാഗം കത്തിപ്പോയി. ഒരുപക്ഷേ അഗ്നിദേവനും വടക്കായിരിക്കും ഇരിക്കുന്നത്.) തെക്കോട്ടും പടിഞ്ഞാറോട്ടും ഒരു കാരണവശാലും നോക്കിയിരിക്കരുതത്രെ. കേരളത്തിലെ ദേശീയപാത മിക്കവാറും തെക്ക് – വടക്കായാണ് കിടക്കുന്നത്. ദേശീയപാതയ്ക്കിരുവശവുമായി പതിറ്റാണ്ടുകളായി വ്യാപാരം നടത്തുന്നവർ കൂടുതലും റോഡിന് അഭിമുഖമായാണ് ഇരിക്കുന്നത്. അതായത് ഒന്നുകിൽ കിഴക്കോട്ട് അല്ലെങ്കിൽ പടിഞ്ഞാറോട്ട്. കാലങ്ങളായി അവരൊക്കെയും ജീവിച്ചു പോകുന്നുണ്ട്.  ലേഖനത്തിനൊപ്പം കൊടുത്തിരിക്കുന്ന ചിത്രത്തിൽ എല്ലാ വശങ്ങളിലേക്കും തിരിഞ്ഞിരുന്ന് ജോലിചെയ്യുന്നവരെയാണ് കാണിച്ചിരിക്കുന്നത്. അപ്പോൾ ആ ഓഫീസിന്റെ അവസ്ഥ എന്തായിരിക്കുമെന്നാണ് ‘ഡോക്ടർ’ കരുതുന്നത്. ആ ലേഖനത്തിൽ തന്നെ മറ്റൊരിടത്ത് വടക്ക് കിഴക്കോട്ട് ഇരിക്കുന്നതാണ് ഏറ്റവും നല്ലതെന്ന് പറഞ്ഞിരിക്കുന്നു.  ഓരോ ഇഞ്ച് സ്ഥലവും ഉപയോഗിക്കുന്ന ഈ കാലത്ത് വടക്ക് കിഴക്കോട്ടിരിക്കുവാൻ ഓഫീസ് കെട്ടിടം വടക്ക് കിഴക്കോട്ട് തിരിഞ്ഞ് നിൽക്കുന്ന തരത്തിൽ പണിയേണ്ടി വരുമല്ലോ. സർക്കാരാപ്പീസൊക്കെ പൊളിച്ചു പണിയാനുള്ള കാലമായെന്നു തോന്നുന്നു.
        ഇതൊക്കെ എവിടെനിന്ന് കണ്ടെത്തുന്നതാണാവോ. കയ്യിലിരിക്കുന്ന കാശും കൊടുത്ത് എന്ത് മണ്ടത്തരവും കേട്ട് അതുപോലെ ചെയ്യാൻ ആളിരിക്കുമ്പോൾ പറയുന്നതിലെന്തിന് കുറവ് വരുത്തണം. വായിൽ തോന്നുന്നത് കോതയ്ക്ക് പാട്ടെന്ന മട്ടിൽ പറയാൻ നാണമില്ലല്ലോ എന്നതാണ് അത്ഭുതം.