Friday, May 3, 2013

കഴിഞ്ഞ വർഷം അക്ഷയ ത്രിതീ‍യയിൽ സ്വർണം വാങ്ങിയവർക്കുണ്ടായ ഫലം

            അക്ഷയ ത്രിതീയ വളർന്നു വളർന്ന് ഇന്ത്യയ്ക്ക് പുറത്തേക്ക് കൂടി വളർന്നിരിക്കുന്ന കാലമാണിത്. അറബിനാടുകളിലെ ജൂവലറികൾ അക്ഷയത്രിതീയയ്ക്കായി ഒരുങ്ങിക്കഴിഞ്ഞുവെന്ന് പത്രവാർത്ത കണ്ടു. അവിടെയും പറ്റിക്കപ്പെടുവാനായി നമ്മൾ ഭാരതീയർ കാത്തുനിൽക്കുകയാണല്ലോ (പറ്റിക്കുന്നതും നമ്മൾ തന്നെ). ഇത്തവണ മെയ് 12 ന്  വരാനിരിക്കുന്ന അക്ഷയത്രിതീയയെപ്പറ്റിയുള്ള പരസ്യങ്ങൾ തുടങ്ങിക്കഴിഞ്ഞു. മുൻ‌കൂർ ബുക്കിംഗും ആരംഭിച്ചുകഴിഞ്ഞു. ചില ജുവലറികളിൽ അക്ഷയത്രിതീയ ദിനത്തിലെ തിരക്ക് കാരണം ത്രിതീയ അടുത്ത ദിവസത്തേക്ക് കൂടി നീട്ടാറുണ്ട്. മുൻ‌കൂർ ബുക്ക് ചെയ്യുന്നവർക്കും അടുത്ത ദിവസം വാങ്ങുന്നവർക്കും അക്ഷയത്രിതീയ ദിനത്തിൽ വാങ്ങിയാൽ കിട്ടുമെന്ന് കരുതുന്ന എല്ലാ നല്ലകാര്യങ്ങളും സ്വർണക്കട മുതലാളി നൽകുമായിരിക്കും.              
                     കഴിഞ്ഞ വർഷം അക്ഷയത്രിതീയ നാളിൽ സ്വർണം വാങ്ങിയവരുടെ അവസ്ഥ ഒന്ന് നോക്കുന്നത് നന്നായിരിക്കും. വാങ്ങിയവർ ഒന്നാലോചിച്ചു നോക്കണേ കഴിഞ്ഞ ഒരു വർഷം ചീത്ത കാര്യങ്ങൾ ഒന്നും ഉണ്ടായിട്ടില്ലേയെന്ന്. വാങ്ങാത്തവരും ആലോചിക്കുക. അന്ന് സ്വർണം വാങ്ങാതെ തന്നെ നല്ല കാര്യങ്ങൾ എന്തെങ്കിലും ഉണ്ടായിട്ടുണ്ടോ.   സ്വർണം വാങ്ങിയവർക്ക് നല്ല കാര്യങ്ങൾ ഉണ്ടായവരും കാണും ചീത്തകാര്യങ്ങൾ ഉണ്ടായവരും കാണും. ഇതെല്ലാമെന്തിന് അക്ഷയത്രിതീയയുടെയും സ്വർണത്തിന്റെയും പുറത്ത് വച്ച് കെട്ടുന്നു. കഴിഞ്ഞ അക്ഷയത്രിതീയയിൽ സ്വർണം വാങ്ങിയവർക്ക് നല്ലകാലം ഉണ്ടായാലും ഇല്ലെങ്കിലും ഒരു ചീത്ത കാര്യം ഉണ്ടായിട്ടുണ്ടെന്ന് ഉറപ്പ്. 2012 ലെ അക്ഷയത്രിതീയ ദിവസം, അതായത് 2012 ഏപ്രിൽ 24, സ്വർണത്തിന്റെ വില കേരളത്തിൽ പവന് 21440 രൂപ ആയിരുന്നു. ഇന്ന് (2013 മെയ് 03) സ്വർണവില പവന് 20440 രൂപ. അതായത് പവന് കൃത്യം ആയിരം രൂപാ കുറവ്. പത്ത് പവൻ വാങ്ങിയയാൾക്ക് 10000 രൂപാ കുറവ്. അക്ഷയത്രിതീയ കഴിഞ്ഞ് ഉടൻ വരുന്ന കല്യാണങ്ങൾക്കായി മിക്കവരും അക്ഷയത്രിതീയ ദിവസം തന്നെ സ്വർണം വാങ്ങാറുണ്ട്. വെറുതെ കിട്ടുന്ന ഐശ്വര്യം എന്തിന് വേണ്ടയെന്ന് വെക്കണം എന്ന ചിന്താഗതി. വിവാഹത്തിനും മറ്റുമായി 100 പവൻ സ്വർണം വാങ്ങിയവർക്ക് ഇന്നത്തെ വില അനുസരിച്ച് ഒരു ലക്ഷം രൂപാ കുറവ്.  ഇനി പറയുക കഴിഞ്ഞ അക്ഷയത്രിതീയ ദിവസം സ്വർണം വാങ്ങിയവർക്ക് കുറഞ്ഞപക്ഷം ഒരു മോശം കാര്യമെങ്കിലും ഉണ്ടായിട്ടില്ലേ.
                        അക്ഷയ ത്രിതീയ ദിവസം സ്വർണം വാങ്ങുന്നവർക്കാണ് ഗുണമെന്നാണ് പറയുന്നത്. വാങ്ങിയില്ലെങ്കിൽ ഗുണവും ദോഷവും ഉണ്ടാവില്ലായിരിക്കാം. അപ്പോൾ സ്വർണം വിറ്റാലോ? ദോഷം ഉറപ്പ്. നാട്ടുകാർക്ക് മുഴുവനും നല്ലത് വരുത്താനായി തനിക്കുണ്ടാകുന്ന ദുഷ്ഫലങ്ങൾ മുഴുവൻ അവഗണിച്ച് ഇക്കണ്ട സ്വർണം മുഴുവൻ വിറ്റുകളയുന്ന സ്വർണക്കടമുതലാളിമാരെ  നമ്മൾ എത്ര ബഹുമാനത്തോടെയാണ് കാണേണ്ടത്. അവരാകട്ടെ ഓരോവർഷവും പുതിയ പുതിയ ഷോറൂമുകൾ തുറക്കുകയും ചെയ്യുന്നു. ചിലർ മറഡോണയെ കൊണ്ടുവരുന്നു. മറ്റുചിലർ ഹെലികോപ്റ്റർ വാങ്ങുന്നു. ഇങ്ങനെയൊക്കെ ആണെങ്കിലും അക്ഷയത്രിതീയയിൽ സ്വർണം വിറ്റതുകാരണം  ബിസിനസ് നഷ്ടത്തിലായിരിക്കാനാണ് സാധ്യത. ഏതായാലും എല്ലാവർക്കും അക്ഷയത്രിതീയ (വിഡ്ഡി)ദിനാശംസകൾ.