Friday, December 30, 2016

മനുഷ്യൻ ചന്ദ്രനിൽ പോയിട്ടുണ്ട്

 മനുഷ്യൻ ചന്ദ്രനിൽ പോയിട്ടില്ല,  അമേരിക്കയും നാസയും ചേർന്ന് വ്യാജഫോട്ടോകളും വീഡിയോകളും നിർമ്മിച്ച് തട്ടിപ്പ് നടത്തിയതാണ് , അന്തരീക്ഷമില്ലാത്ത ചന്ദ്രനിലെങ്ങനെയാണ് അമേരിക്കൻ പതാക പാറിക്കളിക്കുന്നത് എന്നൊക്കെയുള്ള പ്രസ്താവനകളും ചോദ്യങ്ങളുമായി കുറച്ചുപേർ ഇറങ്ങിയിട്ടുണ്ടല്ലോ. മലയാള ആനുകാലികങ്ങളിൽ ഇതേപ്പറ്റിയുള്ള ലേഖനങ്ങൾ പ്രസിദ്ധീകരിച്ചുവന്നിട്ടുണ്ട്. തട്ടിപ്പ് വാദ പുസ്തകങ്ങളും  മലയാളത്തിൽ  വരെ എത്തിയിരിക്കുന്നു.  “മനുഷ്യൻ ചന്ദ്രനിലിറങ്ങിയിട്ടില്ല, അമേരിക്ക ലോകത്തെ വഞ്ചിച്ചതെങ്ങനെ?” എന്ന പുസ്തകം വഴി എഴുത്തുകാരനും പ്രസാധകനും നമ്മളെയും വഞ്ചിച്ചു.  
            ഇതെനെല്ലാം മറുപടിയായി ശ്രീ.രവിചന്ദ്രൻ.സി എത്തിയിരിക്കുന്നത്, “അമ്പിളിക്കുട്ടന്മാർ  - ചാന്ദ്രയാത്രയും  ഗൂഡാലോചനാ സിദ്ധാന്തങ്ങളും” എന്ന ഒരു തകർപ്പൻ പുസ്തകവുമായാണ്. തട്ടിപ്പുവാദക്കാരുടെ വാദങ്ങൾക്കെല്ലാം കൃത്യമായ ശാസ്ത്രീയ വിശദീകരണം നൽകാൻ രവിചന്ദ്രനായിരിക്കുന്നു. എന്തായാലും ഇക്കാര്യത്തിൽ എനിക്കുണ്ടായിരുന്ന സംശയങ്ങൾ തീർന്നു എന്ന് പറയാനാവും.
            1969 ജൂലായ് 21(IST)  നാണ് ആംസ്ട്രോങും ആൽഡ്രിനും ചന്ദ്രനിൽ കാലുകുത്തുന്നത്. അക്കാലങ്ങളിലൊന്നും ഇതേപ്പറ്റി ആർക്കും സംശയങ്ങളുണ്ടായിരുന്നില്ല. എന്നാൽ കാലം പുരോഗമിച്ചതോടെ, അതായത് തൊണ്ണൂറുകൾ മുതൽ സമൂഹത്തിൽ  എങ്ങനെയെങ്കിലും പേരെടുക്കണമെന്നാഗ്രഹമുള്ള ചിലർ നാസ പുറത്തുവിട്ട ചിത്രങ്ങൾ മുൻ നിർത്തി വിമർശനങ്ങൾ ഉന്നയിക്കാൻ തുടങ്ങി. മതബോധവും അന്ധവിശ്വാസവും കൂടിക്കൂടി വരുന്ന സമീപകാലങ്ങളിൽ ഈ വാദങ്ങൾക്ക് നല്ല പ്രചാരവുമുണ്ടായി. ഇതിനെപ്പറ്റി പുസ്തകങ്ങളും വീഡിയോകളും ഇറങ്ങി. വിവാദം കോടികളുടെ ബിസിനസായി. നമ്മുടെ നാട്ടിലെ ശാസ്ത്രബോധമുള്ളവർ പോലും സംശയത്തിലായി.    കോളേജുകളിലെ ശാസ്ത്രാധ്യാപകർ പോലും ഇതിലെന്തെങ്കിലും സത്യമില്ലാതിരിക്കുമോ എന്ന് ചോദിച്ചതായി രവിചന്ദ്രൻ  എഴുതിയിരിക്കുന്നു.

            ചാന്ദ്രയാത്ര സംബന്ധിച്ച വിവാദം മാത്രമല്ല, ചാന്ദ്രയാത്രയുടെ എല്ലാ വിവരങ്ങളും നന്നായി ആർക്കും മനസിലാകുന്ന തരത്തിൽ പുസ്തകത്തിൽ വിവരിച്ചിരിക്കുന്നു. ഇതിൽ താത്പര്യമുള്ള എല്ലാവരും വായിക്കേണ്ട ഒരു പുസ്തകം തന്നെയാണിത് എന്നതിൽ സംശയമില്ല.