Monday, August 16, 2010

കൊലപാതക കേസുകള്‍ തെളിയിക്കാന്‍ നൂതന രീതികള്‍ പരീക്ഷിക്കാം

            തെളിയിക്കപ്പെടാത്ത എത്രയെത്ര കൊലപാതകങ്ങളാണ് നമ്മുടെ പോലീസിന്റെ കണക്ക് പുസ്തകങ്ങളിലുള്ളത്.   ഇനി കേരള പോലീസ് ഒന്നും കൊണ്ടും ആശങ്കപ്പെടേണ്ടതില്ല.  കൊലപാതകിയെ പിടിച്ചില്ല എന്ന് പറഞ്ഞ് ഇനി ആരും പോലീസിനെ കളിയാക്കുന്ന അവസ്ഥ വരില്ല എന്ന് കരുതാം.  അബദ്ധത്തിലല്ലാതെ ഉണ്ടാകുന്ന കൊലപാതകം ശത്രുനാശം ലക്ഷ്യമാക്കി ഉള്ളതാവുമല്ലോ. ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ കൊലചെയ്യപ്പെട്ടയാളുടെ ശത്രുവിനെ കണ്ടെത്താൻ പോലീസിന്  ചില പണ്ഠിത ശ്രേഷ്ഠരെ സമീപിക്കാവുന്നതാണ്.  കൊലപാതകിയുടെ പേരടക്കമുള്ള വിവരങ്ങൾ  മരിച്ചയാളുടെ  ജാതകം പരിശോധിച്ച് ചാരവശാലുള്ള ബുധന്റെ സ്ഥിതിവച്ചും ജ്യോത്സ്യന്റെ വൈദഗ്ദ്ധ്യംകൊണ്ടും ലക്ഷണങ്ങള്‍ നോക്കി  പറഞ്ഞുതരുന്നതാണ്.  മംഗളം പത്രത്തിന്റെ ഇന്റർനെറ്റ് എഡിഷനിൽ ശ്രീ. ഹരിചന്ദനമഠം രതീഷ്.ജെ.അയ്യര് എഴുതിയിരിക്കുന്നത് വായിച്ചാൽ അദ്ദേഹമോ അദ്ദേഹത്തിന്റെ പരിചയത്തിലുള്ള ജ്യോതിഷനോ ശത്രുക്കളെ കണ്ടെത്തുന്നതിൽ വിദഗ്ദ്ധനാണെന്ന് മനസിലാക്കാവുന്നതും തെളിയാത്ത കേസുകളുമായി അദ്ദേഹത്തിന്റെ സമീപം ചെന്നാൽ തെളിയിച്ച് കൊടുക്കുന്നതായിരിക്കുമെന്ന് പ്രതീക്ഷിക്കാവുന്നതുമാണ്.
         അദ്ദേഹം എഴുതിയിരിക്കുന്നത് വായിക്കുക.ഷഷ്ഠേശ ബാധാലക്ഷണംആറാം ഭാവാധിപനും അഷ്ടമാധിപനും തമ്മിലുള്ള സ്ഥാനം നോക്കിയും ഷഷ്ഠാഷ്ടമ ദോഷങ്ങളെ കണ്ടെത്താറുണ്ട്‌. ശത്രുവിന്റെ പേരടക്കം കണ്ടുപിടിക്കാവുന്ന വിധികളും ഗ്രന്ഥങ്ങളിലുണ്ട്‌.ശത്രു ആരാണെന്നുംപുരുഷനാണോ സ്ത്രീയാണോ നപുംസകമാണോ എന്നും ബന്ധുവാണോ അയല്ക്കാരനാണോസമാനകര്മ്മം ചെയ്യുന്നവരാണോസ്വമതമാണോ അന്യമതമാണോ എന്നെല്ലാം തിരിച്ചറിഞ്ഞശേഷം ശത്രുദോഷം എപ്രകാരമുള്ളതാണെന്ന്‌ സ്ഥാപിക്കേണ്ടതുണ്ട്‌. കൂടോത്രമാണോക്ഷുദ്രാഭിചാരമാണോഒടികര്മ്മമാണോ എന്നെല്ലാം അറിഞ്ഞതിനുശേഷം  ശത്രുദോഷം സൃഷ്ടിച്ചത്‌ ഏതുതരം മാന്ത്രികകര്മ്മത്തിനാലാണ്‌ എന്നുള്ളത്‌ നോക്കി മനസ്സിലാക്കണംവിദ്വേഷണംമാരണംഉച്ചാടനംസ്തംഭനംമുഖമുദ്രണംകൈവിഷം ഇതിലേതാണ്‌ എന്ന്‌ തിരിച്ചറിഞ്ഞതിനുശേഷമാകണം ശത്രുബാധയ്ക്ക്‌ എത്രവര്ഷം പഴക്കമുണ്ട്‌ എന്നു കണ്ടെത്തുവാന്‍.“

         പോൾ മുത്തൂറ്റ് വധക്കേസിലേക്ക് വരാം. ആരാണ് കൊന്നത് ? നമ്മുടെ  ഗോപാലകൃഷ്ണൻ  പറയുന്നതുപോലെ “ആ”.  പോലീസ് കുറച്ചാളുകളെ പ്രതികളെന്ന് പറഞ്ഞ് പിടിച്ചിട്ടുണ്ട്. ഇപ്പോൾ സി.ബി.ഐയും അത് തന്നെ പറയുന്നത്രെ. പ്രതികളെന്ന് പറയപ്പെടുന്നവർ പെട്ടെന്ന് ധാർമികരോഷം കൊണ്ട് വെട്ടിക്കൊന്നെന്നാണ് പറയുന്നത്.  പക്ഷെ ഒരു ശത്രുതയുമില്ലാതെ ഇങ്ങനെയൊക്കെ ചെയ്യുമോയെന്ന് ചോദിക്കുമ്പോൾ മറുപടി പറയുവാൻ ഇനി പാടുപെടേണ്ട കാര്യമില്ല. നേരെ മേല്പറഞ്ഞ ദേഹത്തെ കാണുക. പോലീസ് പറയുന്നതാണ് ശരിയെങ്കിൽ അദ്ദേഹം പറയും മരിച്ചയാൾക്ക് ശത്രുക്കളില്ലായിരുന്നുവെന്ന്. അഥവാ ശത്രു ഉണ്ടെങ്കിലോ? ഉടനെ തന്നെ ശത്രുവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് കേസ് തെളിയിക്കാവുന്നതാണ്. രണ്ടായാലും പോലീസിന് ഒരു പൊൻ തൂവൽ തന്നെ.  ടിയാനെ എസ്.പി റാങ്കിലെങ്കിലും പോലീസിലെടുക്കുന്ന കാര്യവും പരിഗണിക്കാവുന്നതാണ്.
 അദ്ദേഹം എഴുതിയിരിക്കുന്നത് തുടർന്ന് വായിക്കുക. “ആഭിചാരവസ്തു എവിടെയാണ്‌ സ്ഥാപിക്കപ്പെട്ടിട്ടുള്ളത്‌ എന്നു തിരിച്ചറിയലാണ്‌ അടുത്തപടിശരീരത്തിലുള്ളിലാണോപുറത്താണോശരീരത്തിനുള്ളിലാണെങ്കില്‍ അത്‌ ഭക്ഷണംവഴി ഉള്ളിലെത്തിയതാണോ അതോ പ്രത്യേകം തയ്യാറാക്കിയ ആഭിചാര ആയുധത്താല് ശരീരത്തില്‍ മുറിവേല്പ്പിച്ചതാണോ എന്നറിയണംഏതെങ്കിലും ദേഹരക്ഷ (ഏലസ്സ്‌) എന്ന വ്യാജേന ആഭിചാരം ശരീരത്തില്‍ സ്ഥാപിച്ചതാണോ എന്നുള്ളതും അറിയണം.ശരീരത്തിന്‌ വെളിയിലാണെങ്കില്‍ ഗൃഹത്തിലോ ഓഫീസിലോ കിണറ്റിലോ പുരയിടത്തിലോ ആഭിചാരമുള്ളത്‌ എന്ന്‌ കണ്ടറിയണംഇതെല്ലാം തിരിച്ചറിയുന്ന പ്രഗത്ഭനായ ജ്യോതിഷന്‍ ഇത്തരം ശത്രുബാധകള്ക്ക്‌ പരിഹാരം നിര്ദ്ദേശിക്കാന്‍ ബാധ്യസ്ഥനാണ്‌. ഉച്ചാടനംബന്ധനം മുതലായ കര്മ്മങ്ങള്‍ നടത്തിയും ശത്രുസംഹാരഹോമപുഷ്പാഞ്ജലികള്‍ കഴിപ്പിച്ചും ആവശ്യമായ മറ്റു പ്രതിവിധികള്‍ പറഞ്ഞുകൊടുത്തും ദോഷശാന്തിവരുത്താവുന്നതാണ്‌“
        എന്തായാലും എവിടെനിന്നെങ്കിലും പ്രഗത്ഭനായ ജ്യോതിഷൻ തൊണ്ടി കണ്ടെത്തും വല്ല മുട്ടത്തോടോ കോഴിത്തലയോ  തുരുമ്പാണിയോ കിട്ടിയാൽ ഉറപ്പായി. പിന്നെ പ്രതിവിധി.  അതിന് വലിയ ചെലവാണെങ്കിലും പാവം വീട്ടുകാരൻ അതൊക്കെ സഹിച്ച് പറയുന്നതെല്ലാം ചെയ്യും. ചെയ്യാതെന്ത് ചെയ്യും. ജീവൻ പോലും പോകുന്ന കാര്യമാണെന്നാണ്  ജ്യോതിഷൻ പറഞ്ഞിരിക്കുന്നത്.
             ഇനി ‘ശത്രുമാരണയന്ത്ര’ ത്തെപ്പറ്റി ഹരിചന്ദനമഠം രതീഷ്.ജെ.അയ്യര് വിവരിക്കുന്നതിങ്ങനെ.     “ഇതൊക്കെയാണെങ്കിലും ചില സമയത്ത്‌ ചില ശത്രുബാധകളുടെ തീവ്രത ജ്യോത്സ്യന്മാരെ അമ്പരിപ്പിക്കുന്നുണ്ട്‌. ഒരാളുടെ ബിസിനസ്സിനെ ക്ഷണനേരംകൊണ്ട്‌ തകര്ത്തെറിയുന്നതും ഒരു കുടുംബത്തെ അപ്പാടെ കാലപുരിയിലേക്കയയ്ക്കുന്നതുമായ ഉഗ്രപ്രയോഗങ്ങള് നടത്തുന്നത്‌ ശത്രുമാരണയന്ത്രംപോലുള്ളവ ഉപയോഗിച്ചാണ്‌.
ശത്രുമാരണയന്ത്രം തയ്യാറാക്കി വസ്തുവിലോ മറ്റോ നിക്ഷേപിച്ചാല്‍ ശത്രു നശിച്ചുപോകുകതന്നെ ചെയ്യുംശ്മശാനത്തിലെ കരിക്കട്ടയും ആടിന്റെ രക്തവും പാമ്പിന്റെ വിഷവും കൂട്ടിയരച്ച്‌ കാക്കയുടെ തൂവല്‍ അതില്‍ മുക്കി മനുഷ്യരുടെ തലയോട്ടിയില്വച്ച്‌ എഴുതുന്ന  യന്ത്രം അതിഭയാനകമാണ്‌.
പൈശാചിക ചിന്തയുള്ളവര്‍  യന്ത്രത്തെ വസ്തുവില്‍ സ്ഥാപിക്കുക മാത്രമല്ല ചിലപ്പോള്‍  യന്ത്രത്തില്‍ നശിക്കേണ്ട ആളുടെ പേരും രൂപവുമെല്ലാം രേഖപ്പെടുത്തി യന്ത്രം തലയോട്ടിക്കുമുകളില്വച്ച്‌ ചുടലഭസ്മത്താല്‍ മൂടി അതിന്റെ മീതെ കരിങ്ങാലിവിറകിട്ട്‌ കത്തിക്കുംഅങ്ങനെ പത്തൊന്പത്‌ ദിവസംകൊണ്ട്‌ യന്ത്രത്തെ അല്പാല്പം ദിഹിപ്പിക്കുകയും ഇരുപതാമത്തെ ദിവസം മുഴുക്കെ ദഹിപ്പിച്ചുകളയുകയും ചെയ്താല്‍ ശത്രു തൊണ്ണൂറ്‌ ദിവസത്തിനുള്ളില്‍ മരിച്ചുപോകുമത്രേ!“
       ഇതൊന്നും അമേരിക്കക്കാരറിയാത്തത് എത്ര കഷ്ടമായിപ്പോയി. എത്ര കാശും ആളുമാണ് ഒരു ഉസാമ ബിൻ ലാദനെ പിടിക്കാനായി അമേരിക്കക്കാർ ചെലവാക്കിക്കൊണ്ടിരിക്കുന്നത്. ഇതിന്റെയൊക്കെ വല്ല കാര്യവുമുണ്ടോ. നേരെ ഹരിചന്ദനമഠത്തെ വിളിക്കുക (എന്റെ അറിവിൽ ഈ യന്ത്രത്തെപ്പറ്റി അറിയാവുന്നതായി മറ്റാരുമില്ലാത്തത് കൊണ്ടാണേ) മേൽ പറഞ്ഞ ശ്മശാനത്തിലെ കരിക്കട്ടയും ആടിന്റെ രക്തവും പാമ്പിന്റെ വിഷവും അരച്ച് കാക്കത്തൂവലുകൊണ്ട് യന്ത്രത്തിലെഴുതി തലയോട്ടിയുടെ മുകളിൽ വച്ച് കത്തിക്കുക. തൊണ്ണൂറ് ദിവസത്തിനകം ഏത് ലാദനായാലും തല പൊട്ടിത്തെറിച്ച് മരിക്കും.  വാഷിങ്ടണിൽ കരിങ്ങാലി വിറക് കിട്ടുമോ എന്തോ.
         പക്ഷെ ഉസാമ ബുദ്ധിമാനാണെങ്കിൽ ഈ യന്ത്രത്തിലൊന്നും വീഴാൻ സാദ്ധ്യതയില്ല. കാരണം ശത്രുമാരണ യന്ത്രത്തിനുള്ള പ്രതിവിധിയും മംഗളം ലേഖകനറിയാം. ടിയാനെ ഉസാമ തട്ടിക്കൊണ്ട് പോയി താഴെ പറയുന്നതൊക്കെ ചെയ്താൽ അമേരിക്കൻ പ്രസിഡന്റിന്റെ ആഭിചാരക്രിയയൊന്നും ഏൽക്കില്ല.
“സ്വര്ണ്ണംവെള്ളിചെമ്പ്‌ എന്നീ ലോഹങ്ങളെകൊണ്ടുണ്ടാക്കിയ തകിടില്‍ ആദ്യം വൃത്തത്തില്‍ കര്ണ്ണികഷോഡശദളംമുപ്പത്തിരണ്ട്‌ ദളംഭൂപുരം ഇങ്ങനെ യന്ത്രം തയ്യാറാക്കിയശേഷം 'ഹ്രീംഎന്ന മന്ത്രം കര്ണ്ണികയിലും അച്ചുകള്‍ ഷോഡശദളത്തിലും 'എന്നു തുടങ്ങി 'എന്നുവരെയുള്ള മുപ്പത്തിരണ്ട്‌ അക്ഷരങ്ങള്‍ 32 ദളങ്ങളിലുംപദ്മത്തിന്റെ കിഴക്കാദി നാലുദിക്കുകളില്‍ 'എന്നും വിദിക്കുകളില്‍ 'ക്ഷഎന്നും എഴുതണം.
 യന്ത്രത്തെ ചുവന്നചരടില്‍ കോര്ത്ത്‌ ധരിച്ചാല്‍ ശത്രുക്കള്‍ പ്രയോഗിക്കുന്ന ഏതുതരം മാരണ-ബാധാ ഉപദ്രവങ്ങളും ക്ഷണത്തില്‍ നശിക്കുന്നതാണ്‌. ഉത്തമനും ശ്രേഷ്ഠനും സര്വ്വോപരി നല്ല ഉപാസകനുമായ ഒരു മാന്ത്രികന്‌ മാത്രമേ  യന്ത്രം യഥാവിധി നിര്മ്മിക്കാനാവുകയുള്ളൂഅല്ലാത്ത ആരെങ്കിലും  യന്ത്രം തയ്യാറാക്കുകയോ ഇപ്രകാരം തയ്യാറാക്കിയ യന്ത്രം ധരിക്കുകയോ ചെയ്താല്‍ ഇരുവര്ക്കും മരണതുല്യമായ അനുഭവങ്ങള്‍ വന്നുകൂടുന്നതാണ്‌.“
          അമേരിക്കക്കാരോ ബിൻലാദനോ ഈ പോസ്റ്റ് വായിക്കുകയാണെങ്കിൽ  കുഴയും.  അത് കൊണ്ട് ഏതായാലും മേല്പറഞ്ഞയാൾ ഒന്ന് കരുതിയിരിക്കുന്നത് നല്ലതാണ്. ഇനി ഞാൻ ആരെക്കണ്ടാലാവും ഈ ശത്രുമാരണയന്ത്രത്തിൽ നിന്ന് രക്ഷപെടാനാവുക.

Saturday, June 26, 2010

അട്ടിമറിക്കാര്‍ മിക്കവരും പുറത്ത്

      ഓരോ കളിയിലും തങ്ങളുടെ പ്രിയപ്പെട്ട ടീം വിജയിക്കണമെന്ന് ആഗ്രഹിച്ചുകൊണ്ടാണ് ആരാധകര്‍ കളി കാണുന്നത്. നമ്മുടെ ഇഷ്ട ടീം കളിക്കാനില്ലെങ്കില്‍ നമ്മുടെ പിന്തുണ പിന്നെ ദുര്‍ബല ടീമിനാവും മിക്കവാറും. കളിയിലും കടന്നുവരും ഒരല്പം ഇടത് ചിന്താഗതി. ക്രിക്കറ്റില്‍ ഓസ്ട്രേലിയയുടെ ഓരോ പരാജയവും മറ്റുള്ളവര്‍ക്ക് ആഘോഷമാകുന്നതിന്റെ മനശാസ്ത്രവും അതുതന്നെയല്ലേ .
          ആവേശവും ആഹ്ലാദവും ഒഴുകിയിറങ്ങിയ പുല്‍ മൈതാനങ്ങളില്‍, ഗാലറിയില്‍ നിന്നും ഉയര്‍ന്നു പൊങ്ങിയ വുവുസേലയുടെ ചെകിടടപ്പിക്കുന്ന ഒച്ചയ്ക്കിടയില്‍, ഇടയ്ക്കിടെ പെയ്തൊഴിയുന്ന മഴയില്‍, കൊഴിഞ്ഞുപോയ മോഹങ്ങളുടെ വിഷാദാത്മകമായ മൌനങ്ങളില്‍, ഇനിയും തുടരുന്ന പ്രതീക്ഷയുടെ കുതിപ്പുകളില്‍, 2010 ലോകകപ്പിന്റെ പ്രാഥമിക റൌണ്ടിലെ 48 മത്സരങ്ങളും  അവസാനിച്ചപ്പോള്‍ അപ്രതീക്ഷിതമായത് ചിലത് സംഭവിച്ചു. അങ്ങനെയൊക്കെ സംഭവിച്ചില്ലെങ്കില്‍ പിന്നെ എന്താണൊരു രസം, എല്ലാവരും അവരവരുടെ     റാങ്ക് അനുസരിച്ച് ജയിക്കുകയാണെങ്കില്‍ ? ഇത്തവണയും ചെറുമീനുകള്‍ ചിലതൊക്കെ കരുതി വച്ചിരുന്നു. അതില്‍ പെട്ടത് നിലവിലെ ചാമ്പ്യന്മാരും റണ്ണേഴ്സ് അപും ഒക്കെ ആയിപ്പോയെന്ന് മാത്രം.
          ഒന്നാം റൌണ്ടില്‍ ചെറുകാറ്റില്‍ കടപുഴകിയത്  നാല് വന്മരങ്ങള്‍. ആദ്യ വമ്പന്‍ അട്ടിമറിയ്ക്കായി    16 -ആം മത്സരം വരെ കാക്കേണ്ടി വന്നു. ബാഴ്സയുടെയും റയലിന്റെയും പേരെടുത്തവര്‍ നിറഞ്ഞ കാളപ്പോരുകാര്‍ക്കിടയിലേക്ക്    ഒളിപ്പോരിന്റെ ചടുലതയും തന്ത്രങ്ങളും ആവാഹിച്ച് സ്വിട്സരലണ്ടിന്റെ ആക്രമണകാരികള്‍    നുഴഞ്ഞുകയറിയപ്പോള്‍ സ്പാനിഷ് കോട്ട തകര്‍ന്നു.( 1 - 0 ). ഗോളടിച്ചത് ജെല്‍സന്‍.  ആദ്യ കളിയിലെ അപ്രതീക്ഷിത പരാജയം തങ്ങളുടെ മനസ് തകര്‍ത്‌തിട്ടില്ലെന്ന് തെളിയിച്ച് അടുത്ത   മത്സരങ്ങളില്‍    ഹോണ്ടുരാസിനെയും ചിലിയും തോല്പിച് സ്പെയിന്‍  രണ്ടാം റൌണ്ടില്‍ എത്തിയെങ്കിലും അതിനായി അവര്‍ക്ക് അവസാന മത്സരം വരെ കാക്കേണ്ടി വന്നു.
         അടുത്ത വന്‍ അട്ടിമറി നടത്തിയത് സെര്‍ബിയ. ആദ്യ മത്സരത്തില്‍ ഓസ്ട്രേലിയയെ   4-0 ന് തകര്‍ത്ത പെരുമയിലെത്തിയ ജര്‍മ്മനിയെ സെര്‍ബിയ ഒരു ഗോളിന് മുക്കി. എങ്കിലും ജര്‍മ്മനി രണ്ടാം റൌണ്ടില്‍ കടന്നുകൂടി. പിന്നീട് നാണക്കേട്‌ തേടി വന്നത് നിലവിലെ റണ്‍ണേഴ്സ് അപും 98 ലെ ചാമ്പ്യന്മാരും ആയ ഫ്രാന്‍സിനെയാണ്. നേരത്തെ മെക്സിക്കൊയോടു തോറ്റ ഫ്രാന്‍സിനെ ആഥിതേയരായ  ദക്ഷിണാഫ്രിക്ക ഗാലറിയില്‍   ആരവം   നിറച്ച് ഒന്നിനെതിരെ രണ്ട്‌ ഗോളുകള്‍ക്ക് തീര്‍ത്ത് ദക്ഷിണാഫ്രിക്കയില്‍ നിന്ന് തന്നെ പുറത്താക്കി. 
         തല കുനിച്ച് നീങ്ങേണ്ടി വന്ന അടുത്ത വിധി നിലവിലെ ചാമ്പ്യന്മാര്‍ക്കായിരുന്നു. വിജയിച്ചാല്‍ അടുത്ത റൌണ്ട് എന്ന പ്രലോഭനം ഉണ്ടായിരുന്നിട്ടും അസൂറിപ്പടയുടെ പേരുകേട്ട പ്രതിരോധ കോട്ടയില്‍ കുഞ്ഞന്മാരായ സ്ലോവാക്യക്ക്‌  മൂന്നു തവണ വിള്ളല്‍ വീഴ്ത്താനായി. ഇറ്റലി രണ്ട്‌ ഗോള്‍ നേടിയെങ്കിലും അത് പുറത്തേക്കുള്ള വഴിക്ക് മാത്രമേ പര്യാപ്തമാകുമായിരുന്നുള്ളൂ.  
           അട്ടിമറിക്കാര്‍ക്ക് വിജയതൃഷ്ണ തുടരാനായില്ല എന്നത് ദു:ഖകരമായ അവസ്ഥയായി. മുന്‍ നിര ടീമുകളെ വീഴ്ത്തുവാന്‍ ആയെങ്കിലും ഗ്രൂപ്പിലെ മറ്റ് ചെറുടീമുകളോട് വിജയിക്കാന്‍ ആവാതായത് അവരുടെ ദുരന്തമായി. ഫ്രാന്‍സും ഇറ്റലിയും ഗ്രൂപ്പില്‍ അവസാനക്കാരായി പുറത്തായപ്പോള്‍ അട്ടിമറി വീരന്മാരായ സ്വിറ്റ്സര്‍ലങ്ടും സെര്‍ബിയയും ദക്ഷിണാഫ്രിക്കയും   ഒപ്പം പുറത്തായി. ഈ  നാല് മത്സരങ്ങളില്‍ യൂറോപ്പിന് പുറത്ത് നിന്നുള്ള ഏക ടീം ദക്ഷിണാഫ്രിക്ക മാത്രമായിരുന്നു. 
          ജപ്പാനും ദക്ഷിണ കൊറിയയും ചെറുകതിനകള്‍ക്ക്     തിരി കൊളുത്തി. ഇനിയും അട്ടിമറികള്‍ തുടരുവാനുള്ള സാധ്യതകള്‍ നിലനിര്‍ത്തി ഉറുഗ്വേ , ദക്ഷിണ കൊറിയ, അമേരിക്ക, ഘാന, സ്ലോവാക്യ, പരാഗ്വേ, ജപ്പാന്‍, ചിലി തുടങ്ങിയ ചെറു ടീമുകള്‍ പ്രീക്വാര്‍ട്ടറില്‍  എത്തിയത് ചെറുമീനുകളുടെ പോരാട്ടം അവസാനിച്ചിട്ടില്ല എന്നതിന്റെ സൂചനയാണ്.    

Monday, June 21, 2010

സന്തോഷ്‌ മാധവന്റെ പ്രവചനങ്ങള്‍

        സന്തോഷ്‌ മാധവന് ജയിലില്‍ പരമസുഖമെന്ന് വാര്‍ത്ത. ജയിലില്‍ പൂജയും ജ്യോത്സ്യവും ആണത്രേ സ്വാമിയുടെ പ്രധാന  ജോലി.  ജയിലിലെ ആസ്ഥാന പൂജാരി ആക്കാനായിരുന്നു ജയില്‍ ജീവനക്കാരുടെ ശ്രമമെന്നും തടവുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് അത് നടന്നില്ലെന്നും വാര്‍ത്തയിലുണ്ട്. എങ്കിലും ആ തിരുവടികള്‍ വണങ്ങാന്‍ എത്രപേര്‍ കാത്തുനില്‍ക്കുന്നുണ്ടാവും. ജയിലാശ്രമത്തില്‍ സന്തോഷ്‌ മാധവ ചൈതന്യ സ്വാമികള്‍ അനുഗ്രഹങ്ങള്‍ കൊരിചോരിഞ്ഞു നില്‍ക്കുന്നത് കാണുവാനും അനുഗ്രഹം വാങ്ങാനും സാധാരണ ഭക്തര്‍ക്ക്‌ അവസരം ഇല്ലാതായിപ്പോയല്ലോ എന്നുള്ള ഒരു വിഷമമേ ഉള്ളൂ. സ്വാമി രാവിലെ കുളി കഴിഞ്ഞു ചന്ദനവും ചാര്‍ത്തി പ്രത്യേക മുറിയില്‍ വന്നിരിക്കുമ്പോള്‍ തടവുകാരും ജീവനക്കാരും വന്ന്‌  ജ്യോത്സ്യം നോക്കിക്കുകയും ജാതകം എഴുതിപ്പിക്കുകയും ആവശ്യക്കാര്‍ക്ക് സ്വാമി  ചരട് ജപിച്ചു കെട്ടിക്കൊടുക്കുകയും ചെയ്യുമത്രേ. ശനിദശ ഒഴിവാക്കാനുള്ള പൊടിക്കൈകളും പറഞ്ഞ്‌ കൊടുക്കുമായിരിക്കും.  സ്വാമി ജയിലിലെ വി.ഐ.പികളുടെ കയ്യും മുഖവും നക്ഷത്രവും ജാതകവും നോക്കി ഭൂതവും ഭാവിയും പറഞ്ഞ്‌ രസിക്കുന്നു .  എന്തേ സ്വാമിക്ക് സ്വന്തം ജാതകം ഒന്ന് നേരത്തെ നോക്കാന്‍ തോന്നിയില്ല. ആവശ്യമായ പ്രതിവിധികള്‍ ചെയ്തിരുന്നുവെങ്കില്‍ ഈ വനവാസം ഒഴിവാക്കാമായിരുന്നുവല്ലോ . 
        വേറെ ഒരു സ്വാമി, ഒരു  നിത്യാനന്ദ, ഇപ്പോള്‍ നിത്യവും ആനന്ദം ഒന്നുമില്ലെന്ന് തോന്നുന്നു. ജാമ്യത്തില്‍ ഇറങ്ങി തീ കായുന്നു, വെയില് കൊള്ളുന്നു. പൊയ്പ്പോയ ശക്തികള്‍ തിരിച്ചുപിടിക്കാനാനത്രേ അഗ്നി തപസ്സ്.
  (ദാ ഇത് വായിക്കാന്‍ മറക്കല്ലേ  http://berlytharangal.com/?p=4702 )
   ഈ സ്വാമിമാരുടെ ഓരോരോ തമാശകള്.

Friday, June 18, 2010

ലോകകപ്പ് ഫുട്ബോള്‍ 2010 സ്കോര്‍ ബോര്‍ഡ് ഡൌണ്‍ലോഡ് ചെയ്യാന്‍ ...

 ലോകകപ്പ് ഫുട്ബോള്‍ 2010 സ്കോര്‍ ബോര്‍ഡ്  നോക്കുക .



മാതൃഭൂമിയില്‍ നിന്നും ഡൌണ്‍ലോഡ്  ചെയ്യാവുന്നതാണ്.
  ഡൌണ്‍ലോഡ്  ചെയ്യാന്‍ .... http://sports.mathrubhumi.com/football-world-cup/goalsheet.html

Monday, June 7, 2010

മലയാള സിനിമയുടെ അപഥ സഞ്ചാരങ്ങള്‍

   മലയാള സിനിമയില്‍ പ്രശ്നങ്ങളുടെ കാലമാണിത്. നടന്മാരും സാങ്കേതിക വിദഗ്ദ്ധരും തമ്മില്‍,  നടന്മാരും നിര്‍മ്മാതാക്കളും തമ്മില്‍, നടന്മാര്‍ തമ്മില്‍, അമ്മയും ഫെഫ്കയും തമ്മില്‍, അങ്ങനെ അങ്ങനെ...അടുത്തിടെയായി സിനിമയ്ക്ക് പിന്നിലെ കളികളാണ് സൂപ്പര്‍ഹിറ്റുകള്‍. നമ്മള്‍ കാഴ്ച്ചക്കാര്‍ക്കിതിലെന്തു കാര്യം എന്ന് സിനിമാക്കാര്‍  ചോദിച്ചേക്കാം. നമ്മള്‍ കണ്ടാലല്ലേ സിനിമ ഓടൂ. അതുകൊണ്ട് നമുക്കും അഭിപ്രായം പറയാം.
        ആരാണ് സിനിമയിലെ യഥാര്‍ത്ഥ താരങ്ങള്‍? ലോകമാകെയും നടന്മാര്‍ക്കാണ് ജനസമ്മതി(നടിമാരും പിറകിലല്ല). അവര്‍ക്ക് ആരാധകര്‍ ഉണ്ടാകുന്നു. അതുപോലെ ഗായകരും ജനങ്ങള്‍ക്ക്‌ പ്രിയപ്പെട്ടവര്‍ തന്നെ. കാരണം നടന്മാരെ മാത്രമാണ് ജനങ്ങള്‍ സിനിമ കാണുമ്പോള്‍  കാണുന്നത്. ഗായകരുടെ ശബ്ദമാണ് അവര്‍ കേള്‍ക്കുന്നത്. അതുകൊണ്ടുതന്നെ നടന്മാരും ഗായകരും ജനസമൂഹത്തിനു പ്രിയപ്പെട്ടവര്‍ ആയി മാറുന്നു. നടന്മാരുടെ ഈ  ജനപ്രിയത മുതലെടുക്കുവാനായി സംവിധായകര്‍ വീണ്ടും അവരെ നായകര്‍ ആക്കുന്നു. അങ്ങനെ വീണ്ടും  അഭിനയിച്ചു  സൂപ്പര്‍ താരങ്ങള്‍ ആയി മാറുന്നു. ഫാന്‍സ്‌ ക്ലബ്ബുകള്‍ ഉണ്ടാകുന്നു. അവര്‍ അതിമാനുഷര്‍ ആകുന്നു.
       മലയാള സിനിമാ ലോകത്ത് അടുത്ത കാലത്തായി ഉണ്ടായ മിക്ക പ്രശ്നങ്ങളിലും ഒരു വശത്ത് നടന്മാര്‍ ഉണ്ടായിരുന്നതായി കാണാം. നേരത്തെ ചോദിച്ചത് ഒന്നുകൂടി ചോദിക്കാം. ആരാണ് സിനിമയിലെ യഥാര്‍ത്ഥ താരങ്ങള്‍?
        പകരം വെക്കാനാവാത്ത മൌലികമായ  കഴിവുകള്‍ ഉള്ളവരെയല്ലേ ബഹുമാനിക്കേണ്ടതും  ആദരിക്കേണ്ടതും ? അങ്ങനെ നോക്കുമ്പോള്‍ ആരാവണം യഥാര്‍ത്ഥ താരങ്ങള്‍?
       സംവിധായകന്റെ കാര്യം എടുക്കാം. പഴശിരാജ ഹരിഹരന് പകരം അടൂര്‍ ഗോപാലകൃഷ്ണന്‍ എടുത്തിരുന്നുവെങ്കില്‍ എങ്ങനെ ആകുമായിരുന്നു? അല്ലെങ്കില്‍ ജോഷി എടുത്തിരുന്നുവെങ്കില്‍ ? ഉറപ്പായും മറ്റൊരു സിനിമ ആയിരിക്കുമത്.ചിലപ്പോള്‍ ഇപ്പോഴതെതിലും നന്നായിരുന്നേനെ, അല്ലെങ്കില്‍ മോശമായിരുന്നെനെ. ഒന്നുറപ്പാണ്, ഇപ്പോഴത്തെ പഴശ്ശിരാജ ആവില്ല. അതായത് ഒരു സംവിധായകന് പകരം മറ്റൊരു സംവിധായകന്‍ വന്നാല്‍ സിനിമയും മാറുന്നു.
       അതുപോലെ കഥാകൃത്ത്‌. അങ്ങനെ ഒരു കഥ എഴുതുവാന്‍ അയാള്‍ക്ക്‌ മാത്രമേ കഴിയൂ. മറ്റൊരാള്‍ക്ക് മറ്റൊരു കഥയാവും പറയുവാന്‍ ഉണ്ടാകുക. അത് വേറൊരു സിനിമ. നീലതാമരയ്ക്ക്  എം.ടിയ്ക്ക് പകരം ശ്രീനിവാസന്‍ തിരക്കഥ എഴുതിയാല്‍ അത് എം.ടിയുടെ തിരക്കഥ ആവില്ല. അത് ശ്രീനിവാസന്റെ തിരക്കഥ ആണ്. അത് ശ്രീനിവാസന്റെ നീലത്താമര ആയിരുന്നേനെ. അറബിക്കഥയിലെ ഗാനങ്ങള്‍ അനില്‍ പനച്ചൂരാന് പകരം ഗിരീഷ്‌ പുത്തഞ്ചേരി എഴുതിയിരുന്നുവെങ്കില്‍ അതൊരിക്കലും "ചോര വീണ മണ്ണില്‍ നിന്നുയര്‍ന്നു വന്ന പൂമരം" എന്നാവുമായിരുന്നില്ല. "ഒരു പുഷ്പം മാത്രമെന്‍ " എന്ന് നമ്മളിപ്പോള്‍ മൂളുന്നത് പോലെ മൂളിക്കുവാന്‍ ബാബുരാജിനെ കഴിയുകയുള്ളൂ. സിനിമയില്‍ തന്നെ ഇനിയുമുണ്ട്  ഇതേ വിഭാഗത്തില്‍ പെടുത്താവുന്ന  കലാകാരന്മാരും സാങ്കേതിക വിദഗ്ദ്ധരും. പകരം വെക്കാനാവാത്ത മൌലികത കൈമുതലായുള്ളവര്‍. ഇവരും താരങ്ങള്‍ അവേണ്ടവര്‍ അല്ലേ?
       ഇനി നടന്മാരുടെയും നടിമാരുടെയും കാര്യങ്ങള്‍ എടുക്കാം. രാജമാണിക്യത്തില്‍ മമ്മൂട്ടിയ്ക്ക് പകരം മോഹന്‍ലാല്‍ ആയിരുന്നുവെങ്കിലോ? ഒന്നും സംഭവിക്കുകയില്ല. അതും നമ്മള്‍ കാണുമായിരുന്നു. മമ്മൂടിയുടെ സ്റ്റൈല്‍ മാറി ലാല്‍ സ്റ്റയിലില്‍ ആയേനെ എന്നതില്‍ കവിഞ്ഞു കഥയ്ക്കോ സിനിമയ്ക്കോ യാതൊരു മാറ്റവും ഉണ്ടാവുമായിരുന്നില്ല. ഭ്രമരത്തില്‍ ജയറാമിന് അഭിനയിക്കാം. റോബിന്‍ഹുഡില്‍ ജയസൂര്യയ്ക്ക് അഭിനയിക്കാം.  നമ്മുടെ നടന്മാരെല്ലാവരും നല്ല അഭിനയ ശേഷി ഉള്ളവരാണ്. ചില ചെറിയ വേഷങ്ങളില്‍ ഒതുങ്ങിപ്പോയ മികച്ച കലാകാരന്മാരുണ്ട്. അവസരങ്ങള്‍ കിട്ടിയിട്ടേ ഇല്ലാത്ത അഭിനയ ചാതുരി ഉള്ളവരുണ്ട്. സിനിമയിലെ ഏത് കഥാപാത്രത്തിനും പകരം വയ്ക്കാനാവുന്ന നടന്മാര്‍ ഇവിടെ ഉണ്ട്. സംവിധായകര്‍ പറയുന്ന രീതിയില്‍ അഭിനയിക്കുക മാത്രമാണ് അവരുടെ ജോലി. അത് അഭിനയ ബോധമുള്ള ആര്‍ക്കും ആകുന്ന ഒന്നാണ്. അതുപോലെ തന്നെയാണ് ഗായകരുടെ കാര്യവും. സംഗീത സംവിധായകര്‍ ആവശ്യപ്പെടുന്ന രീതിയില്‍ പാടുക മാത്രമാണ് അവര്‍ ചെയ്യുന്നത്. അത് ഈണവും താളവും സ്വരവും വഴങ്ങുന്ന ആര്‍ക്കും കഴിയുന്ന കാര്യം മാത്രമാണ്. തങ്ങള്‍ ചെയ്യുന്നത് മറ്റ് അനേകര്‍ക്കും സാധ്യമാകുന്ന ഒരു പ്രവൃത്തി മാത്രം  ആണെന്ന് നടന്മാരും ഗായകരും മനസിലാക്കേണ്ടിയിരിക്കുന്നു. അങ്ങനെയെങ്കില്‍ ഇന്ന് മലയാള സിനിമാ രംഗത്തുള്ള പല ദുഷ്പ്രവണതകള്‍ക്കും അവസാനമാകുമായിരുന്നു. 
        ഇനി പറയൂ. ആരാണ് യഥാര്‍ത്ഥ താരങ്ങള്‍ ?          
      
      

Tuesday, May 11, 2010

അക്ഷയ ത്രിതീയ : ബിവറേജസിലെ തിരക്ക്....

           അടുത്ത ഒരു വര്‍ഷം ഐശ്വര്യ സമ്പൂര്‍ണം ആകണമെന്ന് ആഗ്രഹിക്കുന്നവര്‍ ഏറ്റവും അടുത്ത സ്വര്‍ണക്കടകളില്‍ മേയ് 16 ന് എത്തി സ്വര്‍ണാഭരണങ്ങളോ വജ്രാഭരണങ്ങളോ വില കൊടുത്തു വാങ്ങി സ്വന്തമാക്കേണ്ടതാണ്.അക്ഷയ ത്രിതീയ ദിനമായ അന്ന് സ്വര്‍ണം വാങ്ങാത്തവര്‍ക്ക് മാനഹാനി , ധനനഷ്ടം, മഹാടുരിതങ്ങള്‍ എന്നിവ വന്ന്‌ ഭവിക്കുന്നതാണ്.  സ്വര്‍ണം പുതിയതായി വാങ്ങാന്‍ കാശില്ലാത്തവര്‍ക്ക് പഴയ സ്വര്‍ണം വിറ്റ് പുതിയത് വാങ്ങാവുന്നതാണ്.     ഐശ്വര്യം മൊത്തമായും ചില്ലറയായും  വില്‍ക്കപ്പെടുന്നത്  പ്രമാണിച്ച് ബിവറേജസ് കോര്‍പറേഷന്‍ ഔട്ട്‌ലെറ്റിലെ  തിരക്ക് മേയ് 16 ന് സ്വര്‍ണകടകളില്‍ ഉണ്ടാകാന്‍ സാധ്യത ഉള്ളതിനാല്‍ ഐശ്വര്യം ആവശ്യമുള്ളവര്‍ നേരത്തെ തന്നെ അഡ്വാന്‍സ്‌ നല്‍കി ബുക്ക് ചെയ്യേണ്ടതാണ്. പ്രധാന സ്വര്‍ണക്കടകളില്‍ നിന്നും ഇതിനകം തന്നെ നിങ്ങളെ നേരിട്ട് ക്ഷണിച്ചിട്ടുണ്ടാവുമല്ലോ. ഇല്ലെങ്കിലും ഇത് ഒരു ക്ഷണം ആയി സ്വീകരിച്ച് പങ്കെടുത്ത്‌ സ്വര്‍ണവ്യാപാരികള്‍ക്ക്‌ ഐശ്വര്യം നേടി തരണമെന്ന് അപേക്ഷിക്കുന്നു. അന്ന് സ്വര്‍ണം വാങ്ങാത്തവര്‍ക്ക് ഉണ്ടാകാന്‍ പോകുന്ന യാതൊരു നഷ്ടത്തിനും ഞങ്ങള്‍ ഉത്തരവാദികള്‍ ആകുന്നതല്ല.
താഴെ കൊടുത്തിരിക്കുന്നത്‌ അവിശ്വാസികള്‍ക്ക് മാത്രം ഉള്ളതാണ്.   
http://nattuvazhy-vavvakkavu.blogspot.com/2010/05/blog-post_546.html

Friday, May 7, 2010

അക്ഷയ ത്രിതീയയില്‍ സ്വര്‍ണം വാങ്ങിയാല്‍...

  വൈശാഖ മാസത്തിലെ കറുത്ത വാവിന് ശേഷമുള്ള മൂന്നാമത്തെ ദിവസമാണ് അക്ഷയ ത്രിതീയ ആയി ആഘോഷിക്കാരുള്ളത്. ഇത്തവണത്തെ അക്ഷയ ത്രിതീയ ദിനം മേയ് പതിനാറിനാണ്. 
           പരശുരാമന്റെ ജന്മദിനമാണ് അക്ഷയ ത്രിതീയയായി ആഘോഷിക്കുന്നത് എന്നാണ് പൊതുവേയുള്ള വിശ്വാസം. എങ്കിലും മറ്റു കഥകളും കേള്‍ക്കാറുണ്ട്. കൃഷ്ണന്‍  സുദാമാവില്‍ (കുചേലന്‍)  നിന്ന് അവില്‍പൊതി വാങ്ങി സമ്പത്തും ഐശ്വര്യവും തിരികെ നല്‍കിയ ദിവസമാനിതെന്നും മറ്റു ചിലയിടങ്ങളില്‍ ത്രേതായുഗം തുടങ്ങിയ ദിവസമാണെന്നും പറയപ്പെടുന്നു. ജ്യോതിഷികളുടെ അഭിപ്രായത്തില്‍ അന്ന് സൂര്യനും ചന്ദ്രനും ഏറ്റവും ഉയര്‍ന്ന സ്ഥാനത്ത് (?) ആയിരിക്കും.
           കുറച്ചു വര്‍ഷം മുമ്പ് വരെ കേരളത്തില്‍  അക്ഷയ ത്രിതീയ കാര്യമായി ആഘോഷിക്കപ്പെടുകയോ മിക്കവരും അതിനെപ്പറ്റി കേട്ടിരിക്കുകയോ ചെയ്തിരുന്നില്ല. എങ്കിലും ഒരു ആചാരമെന്ന നിലയില്‍  കേരളത്തിലെ ചില നമ്പൂതിരി ഗൃഹങ്ങളില്‍ ആ ദിവസം വിധവകളായ അന്തര്‍ജനങ്ങള്‍ കുട, വടി, ചെരുപ്പ്, വിശറി, പണം തുടങ്ങിയവ ദാനം ചെയ്തിരുന്നു. അക്ഷയ ത്രിതീയ ദിനത്തിലെ ദാനം എല്ലാ പാപങ്ങളില്‍ നിന്നും മോചനം നല്‍കുമെന്നായിരുന്നു വിശ്വാസം.
         അക്ഷയ എന്നാല്‍ ഒരിക്കലും ക്ഷയിക്കാത്തത് എന്നര്‍ത്ഥം.മത്സ്യ പുരാണ പ്രകാരം അന്ന് ചെയ്യുന്ന സ്നാനം, ദാനം, ജപം, ഹോമം, പിതൃതര്‍പണം  എന്നീ കര്‍മങ്ങള്‍ അക്ഷയ ഫലപ്രദമാണ്.
        ഇന്ന് അക്ഷയ ത്രിതീയ എന്നാല്‍ ഇതൊന്നുമല്ല. ദുബായ് ഷോപ്പിംഗ്‌ ഫെസ്ടിവലോ അല്ലെങ്കില്‍ കുറഞ്ഞ പക്ഷം ഗ്രാന്‍ഡ്‌ കേരള ഷോപ്പിംഗ്‌ ഫെസ്ടിവലോ പോലെയുള്ള ഒന്നായിരിക്കുന്നു. അക്ഷയ ത്രിതീയ ദിനത്തില്‍ സ്വര്‍ണം, വജ്രം തുടങ്ങിയ മൂല്യമേറിയ വസ്തുക്കള്‍ വാങ്ങുന്നത് ഐശ്വര്യ ദായകമാണ് എന്ന  യാതൊരു അടിസ്ഥാനവും ഇല്ലാത്ത കാര്യം ബോധപൂര്‍വം പ്രചരിപ്പിക്കുന്നു. സ്വര്‍ണ വ്യാപാരികളാണ്‌ ഈ പ്രചാരണത്തിന് മുന്‍കൈ എടുക്കുന്നത്. കാരണം അതിന്‍റെ ഗുണഭോക്താക്കള്‍ അവര്‍ തന്നെയാണല്ലോ. മലയാളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ അക്ഷയ തൃതീയയുടെ മഹത്വത്തെ കുറിച്ചും അന്ന് സ്വര്‍ണം വാങ്ങിയാലുണ്ടാകുവാന്‍ പോകുന്ന നേട്ടങ്ങളെ കുറിച്ചും ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ച്‌ ഈ അസംബന്ധ പ്രചാരണത്തില്‍ തങ്ങളുടേതായ പങ്ക്‌ വഹിക്കുന്നു. എന്തെന്നാല്‍ ജ്യൂവലരികള്‍ ആകുന്നു അവരുടെ പ്രധാന പരസ്യ ദാതാക്കള്‍. 
        കഴിഞ്ഞ വര്‍ഷം  അക്ഷയ ത്രിതീയ ഏപ്രില്‍  27  ന് ആയിരുന്നു.  2009 ഏപ്രില്‍ അവസാന വാരം സ്വര്‍ണവില ഗ്രാമിന് 1350 രൂപ. ഇന്ന് 1610 രൂപ .കഴിഞ്ഞ അക്ഷയ ത്രിതീയയില്‍ ഒരു ഗ്രാം സ്വര്‍ണം വാങ്ങിയവരുടെ നേട്ടം 260 രൂപ. അതായത് 20  ശതമാനത്തോളം വര്‍ധനവ്‌. അന്ന് സ്വര്‍ണം വാങ്ങിയവര്‍ക്കെല്ലാം ഇന്നത്തെ വില വച്ച് നോക്കുമ്പോള്‍ നേട്ടമാണ് ഉണ്ടായിരിക്കുന്നത്. പക്ഷെ ഏപ്രില്‍ 26 നോ ഏപ്രില്‍ 28  നോ സ്വര്‍ണം വാങ്ങിയവര്‍ക്കും ഇന്നത്തെ വില 1610 രൂപാ തന്നെ.  അപ്പോള്‍ അങ്ങനെ പ്രത്യേക മെച്ചം ഒന്നുമില്ല. ഇനി അന്ന് സ്വര്‍ണം വാങ്ങിയവര്‍ ഓരോരുത്തരും ആലോചിച്ചു നോക്കുക, തങ്ങള്‍ക്കു മോശമായതൊന്നും കഴിഞ്ഞ വര്‍ഷം ഉണ്ടായിട്ടില്ലേ എന്ന്. 
        അക്ഷയ ത്രിതീയ ദിനത്തില്‍ സ്വര്‍ണം വാങ്ങിയാല്‍ ഗുണമില്ലേ ? ഉണ്ട്, തീര്‍ച്ചയായിട്ടും ഉണ്ട്, സ്വര്‍ണ വ്യാപാരികള്‍ക്ക്‌ ആണെന്ന് മാത്രം. പരസ്യങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. എല്ലാവരും സ്വര്‍ണം നേരത്തെ തന്നെ ബുക്ക് ചെയ്തേക്കുക, അന്നത്തെ തിരക്കില്‍ ചിലപ്പോള്‍ കിട്ടിയില്ലെങ്കിലോ ?.