Thursday, March 25, 2010

വേള്‍ഡ് ട്രേഡ് സെന്‍റെര്‍ തകര്‍ത്തത് ആര് ?

          വേള്‍ഡ് ട്രേഡ് സെന്‍റെര്‍ തകര്തുവെന്നു പറഞ്ഞു പാവം ഉസാമ ബിന്‍ ലാദനെയും അല്‍ ഖ്വയ്ദയെയും ആരെല്ലാം എന്തെല്ലാം പറഞ്ഞിരിക്കുന്നു? നമ്മുടെ കേരളത്തിലെ ഏറ്റവും വലിയ വാസ്തു വിദഗ്ധന്‍ അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച ആളുടെ     പേര് പുറത്തു വിട്ടിരിക്കുന്നു. സാക്ഷാല്‍ വാസ്തുപുരുഷന്‍ ആണത്രേ പ്രതി.വേള്‍ഡ് ട്രേഡ് സെന്‍റെര്‍  നിര്‍മ്മിച്ചത്‌ മരണച്ചുറ്റില്‍ ആയിരുന്നുവത്രേ. അപ്പോള്‍ തകരാതെ പറ്റില്ലല്ലോ. 
         വാസ്തു ശാസ്ത്ര പ്രകാരം നിര്‍മ്മിച്ച  കുമരനെല്ലൂര്‍ ക്ഷേത്ര ഗോപുരം തീ പിടിച്ചു നശിച്ചതിനുള്ള കാരണം എന്താണെന്നു മാത്രം പിടി കിട്ടുന്നില്ല. പുനര്‍നിര്‍മിച്ച ക്ഷേത്ര ഗോപുരത്തിന് അഗ്നി ബാധയ്ക്കെതിരെ മൂന്നു കോടിയുടെ ഇന്‍ഷുറന്‍സ് എടുക്കേണ്ട കാര്യമെന്തായിരുന്നു ? വാസ്തു പ്രകരമാണല്ലോ നിര്‍മ്മിച്ചത്‌.
          വാസ്തു ശാസ്ത്രം ഒരു ശാസ്ത്രം അല്ല. പരമ്പരാഗത വാസ്തു വിദ്യയും അതിന്‍റെ കൂടെ കുറെ അന്ധ വിശ്വാസവും കുറെയധികം അസ്സംബന്ധങ്ങളും കൂട്ടിക്കുഴച്ച ഒരു കപട ശാസ്ത്രമാണ് ഇവിടെ വാസ്തു ശാസ്ത്രം എന്ന പേരില്‍ വിദഗ്ധമായി വിറ്റഴിക്കപ്പെടുന്നത്.
          നിങ്ങള്‍ക്ക് ചിരിക്കണമെന്ന്   ഉണ്ടെന്കില്‍ ഒരു വാസ്തു വിടഗ്ദ്ധനോട് കുറച്ചു നേരം സംസാരിച്ചാല്‍ മതി. അദ്ദേഹത്തോട് ചോദിക്കൂ ഒരു വീടിനു എത്ര ജനാലകള്‍ ആവാമെന്ന് . ജനാലകള്‍ ഇരട്ട സംഖ്യകളില്‍ ആവണം. എന്നാല്‍ പത്ത് ആവരുത് താനും. വിദഗ്ധന്‍ ആറ് ജനാലകള്‍ എന്ന് പറഞ്ഞിടത്ത് ഏഴു ജനാലകള്‍ ആയാല്‍ എന്താണ് കുഴപ്പം? കുറച്ചുകൂടി കാറ്റും വെളിച്ചവും കയറുന്നത് വാസ്തു പുരുഷന് ശ്വാസംമുട്ട് സൃഷ്ടിക്കുമോ? അതോ ഏഴാമത്തെ ജനാലയിലൂടെ അകത്തു കയറുന്ന കാറ്റ് എതിരെ ജനാല ഇല്ലാത്തതിനാല്‍  പുറത്തു പോകാനാവാതെ വിഷമിക്കുമോ ?
            ഓരോ  തുണ്ട്  ഭൂമിക്കും  നക്ഷത്രമുണ്ടത്രേ. ഭൂമിയും  ഗൃഹകര്‍തവും തമ്മിലുള്ള  നക്ഷത്ര  പൊരുത്തം  നോക്കി  വേണം  വീട്  വെയ്ക്കുവാനെന്നു  വാസ്തുശാസ്ത്രം  നിര്‍ദേശിക്കുന്നു. പറമ്പിന്റെ പേരിന്റെ (വീട്ടുപേര്) ആദ്യത്തെ അക്ഷരം ഉപയോഗിച്ചാണ് വസ്തുവിന്റെ നക്ഷത്രം കണ്ടുപിടിക്കുന്നത്. വീട്ടുപേര് മാറ്റിയാല്‍ നക്ഷത്രവും മാറി. നമുക്ക് ചേരുന്ന പൊരുത്തം വരാനായി വീട്ടുപേര് മാറ്റിയാല്‍ എല്ലാം ശുഭം ആകുമായിരിക്കും.
            വീട് പണിഞ്ഞ സ്ഥപതിക്ക് എന്തെങ്കിലും തെറ്റ് പറ്റികൂടായ്കയില്ല. അതൊഴിവാക്കാനും മാര്‍ഗമുണ്ട്. വീട് പണിയുമ്പോള്‍ തന്നെ ഒരു പഞ്ചശിരസ്സു സ്ഥാപിച്ചാല്‍ മതി. പഞ്ച ശിരസ്സ്‌ എന്ന് പറഞ്ഞാല്‍ സിംഹം, പോത്ത്, ആന, പന്നി, ആമ എന്നീ ജീവികളുടെ തലകളുടെ പ്രതിമ. അത് പ്രധാന കവാടത്തിനു മുകളില്‍ (ചിലര്‍ പറയുന്നത് താഴെ എന്ന്) സ്ഥാപിച്ചാല്‍ ആ കുഴപ്പവും ഒഴിഞ്ഞു. ഇങ്ങനെ എന്തെല്ലാം ലൊട്ടുലൊടുക്ക് വേലകള്‍.
             കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പിന് മുന്പായി ബി.ജെ.പി. തങ്ങളുടെ കേന്ദ്ര ഓഫീസ് വാസ്തു ശാസ്ത്ര പ്രകാരം അറ്റകുറ്റപ്പണികള്‍ നടത്തുകയും കസേരകളുടെ സ്ഥാനം മാറ്റുകയും ചെയ്തിരുന്നു. പക്ഷെ തോല്‍വി എന്ന വിധിയെ മാറ്റാന്‍ വാസ്തുപുരുഷന് ആയില്ല. 
               പ്രത്യേകിച്ച് ഗുണമില്ലെന്ന് മാത്രമല്ല ദോഷം ആണെങ്കില്‍ കൂടി ഇനിയും നമ്മള്‍ വാസ്തു വിദഗ്ധരെ കാണും. കാരണം സമൂഹത്തിലെ ഉന്നതരും മുഖ്യധാരാ മാധ്യമങ്ങളും ആണല്ലോ ഈ അസംബന്ധ ശാസ്ത്രത്തിന്റെ  പ്രചാരകര്‍. മലയാളത്തിലെ ഏറ്റവും പ്രചാരമുള്ള രണ്ട്‌ പത്രങ്ങളും ഈ ആസൂത്രിത തട്ടിപ്പിന് നേതൃത്വം നല്‍കുന്നു. ഓണ്‍ലൈന്‍ എഡിഷനുകളും പ്രധാന ചാനലുകളും തങ്ങള്‍ക്കാകാവുന്നത്ര സംഭാവന നല്‍കുന്നു. പിന്നെ സാധാരണക്കാര്‍ എങ്ങനെ വാസ്തുപുരുഷനെ പേടിക്കാതിരിക്കും?.      

Friday, March 19, 2010

വാസ്തു വിദഗ്ധര്‍ എന്ന ഒരിനം തട്ടിപ്പുകാര്‍

.
            ഇന്ന് കേരളമാകെ വാസ്തുപുരുഷൻ തേരോട്ടം നടത്തുകയാണ്. വീട് വയ്ക്കുവാനായി സ്ഥലം വാങ്ങുമ്പോൾ മുതൻ വീട് പണി തീരുന്നതു വരെ, പണി തീർന്നുകഴിഞ്ഞാലും വാസ്തു ശാസ്ത്രപ്രകാരമുള്ള കാര്യങ്ങൾ എല്ലാം പാലിച്ചാണോ  പണിഞ്ഞിരിക്കുന്നത് എന്ന ഉത്കണ്‌ടയാണ് വീട്ടുടമയ്ക്ക്. എന്തെങ്കിലും തെറ്റിയാൽ ജീവിതമാകെ തുലഞ്ഞതുതന്നെയെന്നാണ് വിദഗ്ധർ പറയുന്നത്. എത്ര ഉദാഹരണങ്ങൾ വേണമെങ്കിലും പറഞ്ഞുതരികയും ചെയ്യും. പിന്നെങ്ങനെ ഭയക്കാതിരിക്കും. വാസ്തുശാസ്ത്ര പ്രകാരം പണിത വീടുകളിലെല്ലാം സുഖവും സന്തോഷവും വഴിഞ്ഞൊഴുകുകയാണോ എന്ന് മാത്രം ചോദിക്കരുത്.
            ശിവന്റെ വിയർപ്പിൽ നിന്നുമുണ്ടായ വാസ്തുപുരുഷൻ എന്ന ഒരു അസുരൻ വലുതും ചെറുതുമായ ഓരോ തുണ്ട് ഭൂമിയിലും കമഴ്ന്നടിച്ച് കിടക്കുന്നു എന്നാണ് വാദം. ടി ദേഹത്തെ പ്രീതിപ്പെടുത്തിയില്ലെങ്കിൽ  വീട്ടുടമയ്ക്ക് ഉണ്ടാകേണ്ട എല്ലാ സൌഭാഗ്യങ്ങളും നഷ്ടപ്പെടുമത്രെ. ഈ മണ്ടൻ കഥ കേട്ട് പേടിച്ചാണ് സകലമാനയാളുകളും വീട് പണിയുന്നതിന് വാസ്തുവിദഗ്ധരുടെ  വിദഗ്ധ     അഭിപ്രായം  തേടുന്നത്,  പണി കഴിഞ്ഞത് പൊളിച്ച് മാറ്റി പണിയുന്നത്.
            എ.ഡി. അഞ്ചാം നൂറ്റാണ്ടിൽ വരാഹമിഹിരനാണ്  ‘വാസ്തുശാസ്ത്രം’ എഴുതിയത് എന്ന് കരുതുന്നു. മനുഷ്യാലയ ചന്ദ്രിക, വിശ്വകർമ്മ പ്രകാശിക എന്നിവ മലയാളത്തിലും മയമതം തമിഴിലുമുള്ള ആദ്യകാല വാസ്തുവിദ്യാ ഗ്രന്ഥങ്ങളാണ്. ചില സംസ്ക്യത ശ്ലോകങ്ങൾ കാണാതെ പറഞ്ഞ്, വ്യാഖ്യാനിച്ച്  വരുന്നവരെ വിരട്ടുകയാണ് വിദഗ്ധരുടെ പണി. ഇത് അരുതുകളുടെ ഒരു ശാസ്ത്രമാണ്(കപടശാസ്ത്രം). ബെഡ് റൂം അവിടെ പാടില്ല, ബാത്ത് റൂം ഇവിടെ പാടില്ല. കിണർ വടക്ക് കിഴക്കല്ലാതെ പാടില്ല, അടുത്തുള്ള ക്ഷേത്രങ്ങളെക്കാൾ ഉയരം പാടില്ല. അടുത്തെവിടെയും മുരുക്ക് മരം പാടില്ല, മുരിങ്ങ മരം പാടില്ല, പാലുള്ള വ്യക്ഷങ്ങൾ പാടില്ല, അത് പാടില്ല, ഇത് പാടില്ല. പിന്നെ എന്താണ് പാടുള്ളത്? അത് ഓരോ വിദഗ്ധനും തോന്നുന്നതുപോലെ പറഞ്ഞ് തരും. ഒരാൾ പറയുന്നതാവില്ല മറ്റൊരാൾ പറയുന്നതെന്ന് മാത്രം.
            മകൾക്ക് പരീക്ഷയ്ക്ക് മാർക്ക് കിട്ടിയെല്ലെങ്കിൽ ഉടൻ മാതാപിതാക്കൾ  വാസ്തുവിദഗ്ധനെ സമീപിക്കുകയായി. അയാൾ വന്ന് വീട് കാണുന്നു. അതാ കാണുന്നു അറ്റാച്ച്ഡ് ബാത്ത് റൂം തെക്ക് പടിഞ്ഞാറ് മൂലയ്ക്ക്. അത് പൊളിച്ച്മാറ്റി പണിതാൽ എല്ലാ പ്രശ്നങ്ങളും തീരും. ഉടൻ മാറ്റി പണിയുന്നു. പരീക്ഷയ്ക്ക് മാർക്ക് കൂടിയോ എന്ന് ചോദിക്കരുത്. ബാത്ത് റൂം എന്ന സംവിധാനം പോലും ഇല്ലാതിരുന്ന കാലത്തെഴുതിയ പുസ്തകങ്ങളിൽ എവിടെയാണ് അറ്റാച്ഡ് ബാത്ത് റൂമിന്റെ കാര്യം പറയുന്നതെന്നും ചോദിക്കരുത്.  കിണർ അഗ്നികോണിൽ ആണെങ്കിൽ അത് നികത്തി വേറെ കുഴിക്കണം. കിണർ പൊളിക്കാതെയുമുള്ള പരിഹാരം ഉണ്ടെന്ന് പ്രമുഖ മലയാളപത്രത്തിന്റെ ഓൺലൈൻ എഡിഷനിലെ വിദഗ്ധൻ പറയുന്നു. കിണറിനും വീടിനുമിടയ്ക്ക് 24 സെന്റിമീറ്റർ ഉയരത്തിൽ ഒരു ചെറിയ മതിൽ കെട്ടിയാൽ മതിയത്രെ. എല്ലാം ശുഭം. അദ്ദേഹം തന്നെ കാ‍ർ പാർക്കിംഗിനെപ്പറ്റി പറഞ്ഞിരിക്കുന്നത് കേൾക്കുക. വടക്കോട്ടോ കിഴക്കോട്ടോ അഭിമുഖമായി മാത്രമേ കാർ പാർക്ക് ചെയ്യാവൂ. വരാഹമിഹിരന്റെ കാലത്ത് കാർ പാർക്ക് ചെയ്യാറുള്ളതങ്ങനെയാവും.
            ഈ ഭൂലോക തട്ടിപ്പ്കാരെ എന്ത്    ചെയ്യണം? 

Friday, May 15, 2009

ദൈവത്തെ കയ്യേറ്റക്കാരനാക്കരുത്

     കഴിഞ്ഞ കുറേ വര്‍ഷങ്ങളായി  കേരളം കുലുങ്ങുന്ന ചില വിഷയങ്ങളില്‍  ഭൂമികയ്യേറ്റങ്ങളും ഒഴിപ്പിക്കലുകളും ഉള്‍പ്പെടുന്നു  . മൂന്നാറും വാഗമണും കണ്ണന്‍  ദേവന്‍  മലകളും ഹാരിസണ്‍  എസ്റ്റേറ്റും തുടങ്ങി തിരിച്ച് പിടിച്ചതും അല്ലാത്തതുമായ എണ്ണമറ്റ അനധിക്യത കയ്യേറ്റങ്ങള്‍ , വനഭൂമി കയ്യേറിയ കുടിയേറ്റ കര്‍ഷകര്‍ , മുത്തങ്ങ, ചെങ്ങറ സമരഭൂമികള്‍….കേരളത്തിന്റെ രാഷ്ട്രീയ – പാരിസ്ഥിതിക ഇടങ്ങളില്‍ ഭൂമികയ്യേറ്റം വൈകാരികമായ ഒരു തലം തീര്‍ത്ത് നടത്തിയ ഇടപെടലുകള്‍ അത്ര പെട്ടെന്ന് മറക്കാനാവുന്നതല്ല. ഒഴിപ്പിക്കലുകള്‍ക്ക് വിജയകരമായ ഒരു അവസാനം ഉണ്ടായില്ലായെങ്കില്‍കൂടി നമുക്കെല്ലാവര്‍ക്കുമായി അവകാശപ്പെട്ട പലതും ആരുമറിയാതെ, അല്ലെങ്കില്‍ അറിയേണ്ടവര്‍ മാത്രമറിഞ്ഞ് കൈവശപ്പെടുത്തിയിക്കുന്നുവെന്ന വിവരം പൊതുജനം കൂടി അറിഞ്ഞു.

       നമ്മള്‍ മലയാളികള്‍ അതിബുദ്ധിമാന്മാരും പുരോഗമനവാദികളുമാണെന്ന് നമ്മള്‍   കരുതുന്നു. ഏത് കാര്യത്തിലും സഹിഷ്ണത പുലര്‍ത്തുന്നവരെന്ന് നടിക്കുന്നു. അതെന്തെങ്കിലുമാകട്ടെ. മറ്റുള്ളവരെ മാനിക്കുവാന്‍  നമ്മള്‍ പലപ്പോഴും മറന്നുപോകുന്നു. അതിന്റെ തെളിവാണ് ഇന്ന് കേരളമാകെ ഉയര്‍ന്ന് വരുന്ന കമാനങ്ങള്‍.
പൊതുനിരത്തുകളില്‍ കമാനങ്ങള്‍  നിര്‍മ്മിക്കുന്നതിന് നിയതമായ വ്യവസ്ഥകളുണ്ട്. തദ്ദേശ സ്ഥാപനങ്ങളില്‍ ആവശ്യമായ ഫീസ് അടയ്ക്കണം. സുരക്ഷാ ക്രമീകരണങ്ങള്‍ പാലിച്ചിരിക്കണം. ഇവയൊക്കെ താൽക്കാലികമായ കമാനങ്ങള്‍ നിര്‍മ്മിക്കുന്നതിനാണ്. സമ്മേളനങ്ങള്‍, ജാഥകള്‍, ഉത്സവങ്ങള്‍ തുടങ്ങിയവയെല്ലാമായി ബന്ധപ്പെട്ട് വലുതും ചെറുതുമായ താത്കാലിക കമാനങ്ങള്‍ നിരത്തുകളില്‍ ഉയര്‍ത്താറുണ്ട്. ചില കമാനങ്ങള്‍ കാല്‍നടയാത്രക്കാര്‍ക്കും വലിയ വാഹനങ്ങൾക്കും മറ്റും ചില്ലറ പ്രതിബന്ധങ്ങള്‍ സ്യഷ്ടിക്കാറുണ്ടെങ്കിലും കുറച്ച് ദിവസങ്ങള്‍ക്കകം അഴിച്ചുകൊണ്ടുപോകുമല്ലോ എന്ന് ആശ്വസിച്ച് സഹിക്കുന്നു.

      കേരളം ദൈവത്തിന്റെ സ്വന്തം നാടായതുകൊണ്ടാകണം ആരാധനാലയങ്ങളുടെ നാട് കൂടി ആയി മാറിക്കൊണ്ടിരിക്കുന്നത്. ക്ഷേത്രങ്ങള്‍ക്കും പള്ളികള്‍ക്കും ആത്മീയസ്ഥാപനങ്ങള്‍ക്കും മുന്നിലെ ചില കമാനങ്ങളും അലങ്കാരഗോപുരങ്ങളും അവയുടെ വലുപ്പം കൊണ്ടും കലാമേന്മ കൊണ്ടും ശ്രദ്ധിക്കപ്പെടുന്നു. ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട സ്ഥിരം സ്വഭാവമുള്ള കമാനങ്ങള്‍ പൊതുനിരത്തുകളില്‍ സ്ഥാപിക്കുകയെന്നത് അടുത്തിടെയായി കണ്ടുവരുന്ന ഒരു പ്രവണതയാണ് . ഇരുമ്പിലും കൊണ്ക്രീടിലും തീര്‍ക്കുന്ന കമാനങ്ങള്‍ മാന്യതയുടെയും ധാര്‍മ്മികതയുടെയും അതിരുകള്‍ ലംഘിച്ച് അഹങ്കാര ഗോപുരങ്ങളായി മാറുന്നു. ഒരു ക്ഷേത്രവുമായോ പള്ളിയുമായോ ബന്ധപ്പെട്ട സ്ഥിരം കമാനങ്ങള്‍ ഉയര്‍ത്തേണ്ടത് അവിടേക്ക് മാത്രമുള്ള വഴിയിലാവണം. നാനാജാതിമതസ്ഥർ സഞ്ചരിക്കുന്ന ഒരു പൊതുവഴിയില്‍ ഒരു ക്ഷേത്രത്തിന്റെ മാത്രം വഴിയെന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള കമാനങ്ങള്‍ സ്ഥാപിക്കുന്നത് ആശ്വാസ്യമല്ല. മുസ്ലിം പള്ളികളും ക്രിസ്ത്യന്‍  സഭാ സ്ഥാപനങ്ങളും ഇക്കാര്യത്തില്‍ അത്ര പിന്നിലല്ല. പൊതുനിരത്തുകള്‍ കയ്യേറി നിര്‍മ്മിക്കുന്ന ഇത്തരം കമാനങ്ങള്‍ക്ക് താഴെക്കൂടി സ്ഥിരമായി പോകേണ്ടി വരുന്ന അന്യമതസ്ഥരുടെ വികാരങ്ങള്‍ ക്ഷേത്രസംരക്ഷണ സമിതിക്കാരും പള്ളിക്കമ്മിറ്റിക്കാരും മനസ്സിലാക്കുന്നില്ല. ദേശീയപാതയില്‍ നിന്നും കിലോമീറ്ററുകള്‍ ഉള്ളിലുള്ള ഒരു ആരാധനാലയത്തിന്റെ കമാനമാകും ചിലപ്പോള്‍ ദേശീയപാതയില്‍ നിന്നും തിരിയുന്ന വഴിയില്‍ സ്ഥാപിക്കുക. എന്തും വിപണനം ചെയ്യുന്ന കാലത്താണല്ലോ നമ്മള്‍ ജീവിക്കുന്നത്.

    ധാര്‍മ്മികതയുടെയും മാനവികതയുടെയും സഹിഷ്ണതയുടെയും ദീപശിഖകള്‍ തെളിയിക്കേണ്ട ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട് നടക്കുന്ന ഇത്തരം നടപടികളില്‍ തീര്‍ച്ചയായും ദൈവം ഖേദിക്കുന്നുണ്ടാകണം. ദയവ്ചെയ്ത് ഇനിയെങ്കിലും ദൈവത്തെ കയ്യേറ്റക്കാരനാക്കരുത്.