Tuesday, April 26, 2011

ദേവസ്വം ബോര്‍ഡ് ആദിവാസികളെ കൊള്ളയടിക്കുവാന്‍ ശ്രമിക്കുന്നതെന്തിന്?


           മകരജ്യോതിയുമായി ബന്ധപ്പെട്ട് ദേവസ്വം ബോര്‍ഡ്  ബഹുമാനപ്പെട്ട ഹൈക്കോടതിയില്‍ ബോധിപ്പിച്ച പലതും അര്‍ദ്ധസത്യങ്ങള്‍ മാത്രമാണെന്ന് കരുതുന്നതില്‍ തെറ്റുണ്ടെന്ന് തോന്നുന്നില്ല.
          മകരജ്യോതിയും മകരവിളക്കും ഒന്നല്ല രണ്ടാണെന്നാണ് ദേവസ്വം ബോര്‍ഡ് ഇപ്പോള്‍ പറയുന്നത്. എന്നാല്‍ എന്താണ് വാസ്തവം. കാലാകാലങ്ങളായി മകരവിളക്കിന്റെ അടുത്ത ദിവസത്തെ ദിനപത്രങ്ങളില്‍ മകരജ്യോതി എന്ന് പറഞ്ഞ് കൊടുത്തിരുന്ന ചിത്രങ്ങള്‍ ആകാശത്തെ നക്ഷത്രത്തിന്റേതല്ലായിരുന്നു. ആകാശവാണിയില്‍ മകരജ്യോതിയുടെ തത്സമയ ശബ്ദവിവരണത്തില്‍ അതാ ജനലക്ഷങ്ങളുടെ ജന്മ സായൂജ്യമായി   മകരജ്യോതി തെളിയുന്നുവെന്ന് പറയുന്നത് പൊന്നമ്പലമേട്ടിലെ കത്തി മറയുന്ന വിളക്ക് കണ്ടിട്ടായിരുന്നു. ഇതല്ല മകരജ്യോതിയെങ്കില്‍ എന്തുകൊണ്ട് ദേവസ്വം ബോര്‍ഡ് ഇത്രയും കാലം ഈ തെറ്റ് തിരുത്തിയില്ല. പുല്ല്മേട് ദുരന്തവുമായി ബന്ധപ്പെട്ട്  ഇപ്പോള്‍ കോടതിയില്‍ സത്യം പറയേണ്ടിവന്നപ്പോള്‍ മാത്രമാണ് ദേവസ്വം ബോര്‍ഡിന് മകരവിളക്ക് കത്തിക്കുന്നതാണെന്ന് പറയേണ്ടി വന്നത്, മകരജ്യോതി നക്ഷത്രമാണെന്ന് ന്യായീകരിക്കേണ്ടി വന്നത്.
            സത്യം ഒരുനാള്‍ പുറത്ത് വരുമെന്ന് മുന്‍ കൂട്ടി കണ്ട രാഹുല്‍ ഈശ്വര്‍ എന്ന താന്ത്രികന്റെ (ശരിക്കും തന്ത്രശാലി) കണ്ടെത്തലാണ് മകരജ്യോതി ആകാശത്തെ നക്ഷത്രവും മകരവിളക്ക് ആദിവാസികള്‍ കത്തിക്കുന്ന വിളക്കുമാണെന്നത്. ഈ വാദം പിന്നീട് തന്ത്രി കുടുംബവും ഇപ്പോള്‍ ദേവസ്വം ബോര്‍ഡും  പിടിച്ച് നില്‍ക്കുവാനായി ഏറ്റെടുക്കുകയാണുണ്ടായത്.
            പൊന്നമ്പലമേട്ടില്‍ തെളിയുന്ന വെളിച്ചം ദിവ്യമോ അമാനുഷികമോ ആണെന്ന് ബോര്‍ഡ് ഒരിക്കലും അവകാശപ്പെട്ടിട്ടില്ല എന്ന് ഹൈക്കോടതിയില്‍ പറയുകയുണ്ടായി. എന്നാല്‍ മകരജ്യോതിയുടെ പേരില്‍ ദശകങ്ങളായി തര്‍ക്കങ്ങള്‍ നടന്നിട്ടും വിളക്ക് ദിവ്യമോ അമാനുഷികമോ അല്ലെന്ന് ബോര്‍ഡ് ഒരിക്കലും പറഞ്ഞിട്ടില്ല എന്ന് മാത്രമല്ല വിളക്കിന്റെ അതീവ രഹസ്യ സ്വഭാവം എക്കാലവും നിലനിര്‍ത്താന്‍ ശ്രമിക്കുകയും ചെയ്തു. ഒടുവില്‍ പറയാതെ വയ്യ എന്ന അവസ്ഥയില്‍ മാത്രമാണ് സത്യം പുറത്ത് പറഞ്ഞത്. ഇനിയും അസത്യങ്ങള്‍ പറഞ്ഞ് പ്രശ്നങ്ങള്‍ സൃഷ്ടിച്ച് അറിയാത്തവരെക്കൂടി അറിയിക്കേണ്ട എന്നും കരുതിയിട്ടുണ്ടാവും. കേരളത്തിന് പുറത്തുള്ള നിരക്ഷരകുക്ഷികളായ ഭക്തജനകോടികള്‍ ഇതൊന്നും അറിയാന്‍ പോകുന്നില്ല എന്ന് ബോറ്ഡിനറിയാം. അവരിനിയും വരും, പൊന്നമ്പലമേട്ടില്‍ തെളിയുന്ന സ്വയംഭൂവായ  ദിവ്യജ്യോതിസ്സിനെ വണങ്ങുവാനായി.
            ആദിവാസികളാണ് മുന്‍പ്  വിളക്ക് തെളിയിച്ചിരുന്നതെന്നാണ് ബോറ്ഡ് പറയുന്നത്. വിളക്ക് തെളിയിക്കാനായി ഒരു ശാന്തിക്കാരനെ കൂടി നിയോഗിക്കാന്‍ അനുവദിക്കണമെന്ന് ദേവസ്വം ബോര്‍ഡ് ഇപ്പോള്‍ കോടതിയില്‍ പറഞ്ഞിരിക്കുന്നു. മകരസംക്രാന്തി വിളക്ക് ആദിവാസികളുടെ ആചാരവും വിശ്വാസവും അനുസരിച്ച് ഉള്ളതാണെങ്കില്‍ എന്തിനാണ് ദേവസ്വം ബോര്‍ഡ് അവരുടെ വിശ്വാസത്തെ തട്ടിപ്പറിക്കുവാന്‍ ശ്രമിക്കുന്നത്. ആദിവാസികളുടെ മണ്ണിനെയും പെണ്ണിനെയും കൈവശമാക്കിയ നാട്ടുകാര്‍ക്കൊപ്പം ചേര്‍ന്ന് അവരുടെ വിശ്വാസങ്ങളെയും ആചാരങ്ങളെയും കൂടി തട്ടിയെടുക്കുവാന്‍ ശ്രമിക്കുന്നതെന്തിനാണ്?
            പൊന്നമ്പലമേട്ടില്‍ ദേവസ്വം ബോര്‍ഡിന്റെ നേരിട്ടുള്ള പൂജയും വിളക്ക് തെളിയിക്കലും തുടങ്ങിക്കഴിഞ്ഞാല്‍ മാളികപ്പുറം പോലെ മറ്റൊരു ഉപക്ഷേത്രമായി പൊന്നമ്പലമേടും മാറുമെന്നതില്‍ യാതൊരു സംശയവും വേണ്ട. പൊന്നമ്പലമേട്ടിലേക്കും ഭക്തജനസഹസ്രങ്ങള്‍ ഒഴുകിയെത്താന്‍ പോകുന്നു.      

Tuesday, March 22, 2011

സൃഷ്ടിവാദികളുടെ ഗവേഷണങ്ങള്‍


ജീവജാലങ്ങളെയെല്ലാം ദൈവം സൃഷ്ടിച്ചതാണെന്ന്  വിശ്വസിക്കുന്നവരാണ് സൃഷ്ടിവാദികള്‍. അതുകൊണ്ട് തങ്ങളുടെ വിശ്വാസം തെളിയിക്കുന്നതിന്‍  യാതൊരു ഗവേഷണങ്ങളുടെയും ആവശ്യമില്ല എന്നവര്‍ കരുതുന്നു. അതിനാല്‍ തന്നെ ശാസ്ത്ര ജേര്‍ണലുകളിലും മറ്റും യാതൊരു ഗവേഷണ പ്രബന്ധങ്ങളും പ്രസിദ്ധീകരിക്കുവാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല.
1982 ല്‍ അമേരിക്കയിലെ അര്‍ക്കന്‍സാസിലെ കോടതിയില്‍ സൃഷ്ടിവാദം നിയമം മൂലം ശാസ്ത്രമായി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് സൃഷ്ടിവാദികള്‍ ഒരു കേസ് ഫയല്‍ ചെയ്യുകയുണ്ടായി.കേസില്‍ വാദം കേട്ട  ഓവര്ട്ടന്‍ എന്ന ജഡ്ജി   ഇങ്ങനെ നിരീക്ഷിക്കുകയുണ്ടായി. “ഓരോ വിഷയങ്ങളെയും പറ്റി ശാസ്ത്രജ്ഞര്‍ ഗവേഷണം നടത്തി ശാസ്ത്ര ജേര്‍ണലുകളില്‍ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിക്കാ‍റുണ്ട്. അതിന്മേലുണ്ടാകുന്ന അഭിപ്രായങ്ങളും  തുടര്‍ പഠനങ്ങളും അനുസരിച്ച് ആണ് കണ്ടെത്തലുകള്‍ അംഗീകരിക്കണോ  തള്ളിക്കളയണോ എന്ന് തീരുമാനിക്കുന്നത്. എന്നാല്‍  സൃഷ്ടിവാദത്തെപ്പറ്റി ശാസ്ത്രജ്ഞരാരും തന്നെ ഇതുവരെ ഗവേഷണം നടത്തിയിട്ടില്ല. ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ശാസ്ത്രമാസികകളില്‍ ഒരു ലേഖനം പോലും പ്രസിദ്ധീകരിക്കുവാന്‍ ഒരു സൃഷ്ടിവാദ ശാസ്ത്രഞ്ജനുമായിട്ടില്ല.” ശാസ്ത്രജ്ഞര്‍ തങ്ങളുടെ മുന്‍ ധാരണകള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുന്നതിനാലാണ് സൃഷ്ടിവാദ ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കാത്തതെന്ന് സൃഷ്ടിവാദികള്‍ വാദിച്ചു. അങ്ങനെയാണെങ്കില്‍ ശാസ്ത്ര പ്രസിദ്ധീകരണങ്ങളില്‍ നിന്ന് തിരിച്ചുവന്ന ലേഖനങ്ങള്‍ ഹാജരാക്കുവാന്‍ ജഡ്ജി ആവശ്യപ്പെട്ടു. എന്നാല്‍ തിരിച്ചയക്കപ്പെട്ട ഒരു ലേഖനം പോലും ഹാജരാക്കുവാന്‍ സൃഷ്ടിവാദികള്‍ക്ക് കഴിയാതിരുന്നതിനാല്‍ കോടതി കേസ് തള്ളുകയുണ്ടായി.
എന്നാല്‍ സൃഷ്ടിവാദികള്‍ ഗവേഷണങ്ങള്‍ നടത്തുന്നില്ല എന്നല്ല, അവര്‍ നടത്തുന്നുണ്ട്. പക്ഷെ അത് സൃഷ്ടിവാദം ശരിയാണെന്ന് തെളിയിക്കാനല്ല, പരിണാമ സിദ്ധാന്തം തെറ്റാണെന്ന് തെളിയിക്കാനാണെന്ന് മാത്രം. പരിണാമ സിദ്ധാന്തം തെറ്റാണെന്ന് തെളിഞ്ഞാല്‍ സൃഷ്ടിവാദം ശരിയാണെന്ന് വരുന്നതെങ്ങനെയെന്ന് ചോദിക്കരുത്. പരിണാമസിദ്ധാന്തം തെറ്റാണെന്ന് തെളിയിക്കുവാനായി അവര്‍ പരിണാമ വാദികളായ ജീവ ശാസ്ത്രജ്ഞരുടെ ലേഖനങ്ങളില്‍ ഗവേഷണം നടത്തുന്നു. എവിടെയെങ്കിലും കണ്ടെത്തുന്ന ചെറിയ പിഴവുകളും പൊരുത്തക്കേടുകളും ഉയര്‍ത്തിപ്പിടിച്ച് പരിണാമവാദം തെറ്റാണെന്ന് തെളിഞ്ഞിരിക്കുന്നു, അതുകൊണ്ട്   സൃഷ്ടിവാദമാണ് ശരിയെന്ന് പറഞ്ഞ് പ്രചരണം നടത്തുന്നു. പരിണാമത്തെക്കുറിച്ചുള്ള ആശയങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ വളച്ചൊടിച്ച് ‘ഖണ്ഡനം’ നടത്തുന്നു. പരിണാമസിദ്ധാന്തം തെറ്റാണെന്ന് തെളിയിക്കാനായെന്ന് കരുതുക. അങ്ങനെയാണെങ്കില്‍ തന്നെ വിശുദ്ധഗ്രന്ഥത്തില്‍ പറയുന്ന രീതിയില്‍ മാത്രമാണ് സൃഷ്ടി നടന്നതെന്ന് എങ്ങനെ കരുതാനാകും. ഒരു പക്ഷെ ക്രിസ്ത്യന്‍ വിശ്വാസമനുസരിച്ച് ഏഴ് ദിവസം കൊണ്ട് സൃഷ്ടിച്ചുവെന്നത് ശരിയാകാം. അല്ലെങ്കില്‍ മറ്റ് ചില ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ വിശ്വാസങ്ങള്‍ പോലെ അതിലേറെ ദിവസങ്ങള്‍ എടുത്ത് സൃഷ്ടിച്ചുവെന്നതാകാം. അല്ലെങ്കില്‍ പുരാതന ഗ്രീക്ക് വിശ്വാസം പോലെയാകാം. അല്ലെങ്കില്‍ മുസ്ലിം/ ഹിന്ദു വിശ്വാസങ്ങള്‍ പോലെയാകാം.  പരിണാമ സിദ്ധാന്തം തെറ്റാണെന്ന് തെളിയിച്ചാല്‍ ഉല്പത്തി പുസ്തകത്തിലെ സൃഷ്ടിവാദത്തിന് നിലനില്പായി എന്ന സ്ഥിതി അമേരിക്കന്‍ സമൂഹത്തെ സംബന്ധിച്ചിടത്തോളം മാത്രം ഒരു പക്ഷെ വാസ്തവമായേക്കാം.
സൃഷ്ടിവാദികള്‍ നേരിട്ട് ഒരു ഗവേഷണം നടത്തിയിട്ടുണ്ട്. വിശുദ്ധ ഗ്രന്ഥത്തില്‍ പറയുന്നത് പ്രളയം അവസാനിച്ചപ്പോള്‍ നോഹയുടെ പെട്ടകം അറാറത്ത് മലയില്‍ ഉറച്ചുവെന്നാണ്.  ഇന്നത്തെ തുര്‍ക്കിയില്‍ റഷ്യന്‍ അതിര്‍ത്തിയോടടുത്താണ് അറാറത്ത് മല സ്ഥിതി ചെയ്യുന്നത്. അവിടെ നിന്ന്  ഏതെങ്കിലും പേടകത്തിന്റെ അവശിഷ്ടം കിട്ടിയാല്‍ ഉല്പത്തി പുസ്തകത്തില്‍ പറഞ്ഞിരിക്കുന്നതിന് തെളിവാകുമല്ലോ എന്ന് കരുതി  എല്ലാ വര്‍ഷവും വേനല്‍ക്കാലത്ത് മഞ്ഞുരുകി കഴിയുമ്പോള്‍ കോടിക്കണക്കിന് ഡോളര്‍ ചെലവാക്കി അവര്‍ ഗവേഷണ സംഘങ്ങളെ അയയ്ക്കുന്നു. ഹെന്‍‌റി മോറിസ്, മകന്‍ ജോണ്‍ മോറിസ് എന്നിവരുടെ നേതൃത്വത്തിലുള്ള ICR എന്ന സംഘടനയാണ് ഇത് സംഘടിപ്പിക്കുന്നത്.  എന്നാല്‍ അവര്‍ക്ക് ഇതുവരെ പേടകത്തിന്റെ അവശിഷ്ടങ്ങളൊന്നും തന്നെ കണ്ടെത്താനായിട്ടില്ല. തദ്ദേശ്ശിയരായ ആളുകള്‍ക്ക്  അവശിഷ്ടങ്ങളെക്കുറിച്ചറിയാമെന്നും അവര്‍ അത് മറച്ച് വെച്ചിരിക്കുകയാണെന്നും കരുതി വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് വന്‍ തുക പ്രതിഫലമായി ICR പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഗുണമുണ്ടായിട്ടില്ല. ജോണ്‍ മോറിസിന് രണ്ട് യാത്രാവിവരണമെഴുതാന്‍ കഴിഞ്ഞു എന്ന് മാത്രം.
എന്നാല്‍ സൃഷ്ടിവാദികള്‍ ഇതൊന്നും കൊണ്ട് അടങ്ങിയിരിക്കുകയില്ല. അവര്‍ പുതിയ വാദങ്ങളും തന്ത്രങ്ങളും കുതന്ത്രങ്ങളുമായി രംഗത്ത് വന്ന് കൊണ്ടിരിക്കും. കേവലം മൂന്ന് കോടി ജനങ്ങള്‍ മാത്രം സംസാരിക്കുന്ന മലയാള ഭാഷയില്‍  പോലും വിദേശത്ത് നിന്നുള്‍പ്പെടെയുള്ള സാമ്പത്തിക സഹായത്തോടുകൂടി പരിണാമ സിദ്ധാന്തത്തെ തകര്‍ക്കുവാനായി നടത്തുന്ന ശ്രമങ്ങള്‍ കാണുമ്പോള്‍ കൂടുതലാളുകള്‍ ഉപയോഗിക്കുന്ന ഭാഷകളിലും മറ്റ് രാജ്യങ്ങളിലും നടക്കുന്ന നീക്കങ്ങളെപ്പറ്റി ഊഹിക്കാവുന്നതേയുള്ളൂ.
(Reference books: The Origin of Species, സൃഷ്ടിവാദം:പ്രൊ.എം.ശിവശങ്കരന്‍)

Wednesday, March 16, 2011

ഡോക്കിന്‍സ് നിരൂപണം- രഹസ്യ അജണ്ടയോ ആനമണ്ടത്തരമോ ?


ആദ്യമായി ഇത് വായിക്കുന്നവരോട്  മാപ്പ് ചോദിക്കുന്നു. കാരണം അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയേണ്ട ഒന്നിനെപ്പറ്റിയാണ് ഇവിടെ പരാമര്‍ശിക്കുന്നത്.
ശ്രീ.റിച്ചാര്‍ഡ് ഡോക്കിന്‍സിന്റെ God Delusion യോ ശ്രീ.രവിചന്ദ്രന്റെ നാസ്തികനായ ദൈവത്തെയോ അതിബുദ്ധിപരമായി എതിര്‍ക്കുന്നുവെന്ന മട്ടില്‍ ശ്രീ.എന്‍.എം.ഹുസ്സൈന്‍ കുറച്ച് നാളുകളായി എന്തൊക്കെയോ എഴുതിക്കൂട്ടുന്നത് കണ്ടിട്ടുണ്ടാവുമല്ലോ. ഗലീ‍ലിയോ മിത്ത് എന്ന പേരില്‍ കഴിഞ്ഞ ദിവസവും അദ്ദേഹം ഒരു പോസ്റ്റ് പ്രസിദ്ധീകരിച്ചിരുന്നു. അതിനൊന്നും അല്പമെങ്കിലും സാമാന്യബുദ്ധിയും ശാസ്ത്രബോധവുമുള്ള ആരും മറുപടി പറയേണ്ടതില്ല എന്ന അഭിപ്രായമാണ് മറ്റു പലരെയും പോലെ എനിക്കുമുള്ളത്. കാരണം സൃഷ്ടിവാദമാണ് ശരിയെന്ന് വാദിക്കുന്ന ഒരാളോട് എന്താണതിന്റെ തെളിവ് എന്ന് ചോദിച്ചാല്‍ ഞാനും നിങ്ങളുമെല്ലാം അതിന്റെ തെളിവാണ് എന്നാവും പറയുക. അതുകൊണ്ട് അങ്ങനെ വിശ്വസിക്കുകയോ മറ്റുള്ളവരെ വിശ്വസിപ്പിക്കുവാന്‍ ശ്രമിക്കുകയോ ചെയ്യുന്ന ഒരാളോട് എന്ത് പറഞ്ഞിട്ടും കാര്യമില്ല.
പിന്നെ എന്തിനാണ് ഇങ്ങനെയൊരു പോസ്റ്റ്? അദ്ദേഹം മേല്പറഞ്ഞ പോസ്റ്റില്‍ സത്യസന്ധതയെപ്പറ്റി വളരെയേറെ പറഞ്ഞിട്ടുണ്ട്. പക്ഷെ ആ സത്യസന്ധത അദ്ദേഹം കാണിക്കാത്തത് കൊണ്ട് മാത്രമാണ് ഇവിടെ ഇങ്ങനെയൊരു കുറിപ്പ് എഴുതേണ്ടി വന്നത്.
അദ്ദേഹം ഇങ്ങനെ എഴുതി. പരശുരാമന്‍   മഴുവെറിഞ്ഞപ്പോള്‍ കടലില്‍നിന്നും ഉയര്‍ന്നു വന്നതാണ് കേരളം എന്ന് അഭ്യസ്തരായ ആരും വിശ്വസിക്കുന്നില്ല
അതിന്‍ ഞാന്‍ ഇങ്ങനെ ഒരു കമന്റ് ഇട്ടു. “ എല്ലാം ദൈവം സൃഷ്ടിച്ചുവെന്ന് വിശ്വസിക്കുന്ന ഒരാള്‍ക്ക് ദൈവത്തിന്റെ അവതാരമായ പരശുരാമന്‍ കേരളം മഴുവെറിഞ്ഞ് നേടിയെന്ന് എന്തുകൊണ്ട്  വിശ്വസിക്കാനാവുന്നില്ല?’
എന്റെ ഈ കമന്റ്റ് അസഭ്യമോ പോസ്റ്റില്‍ നിന്നും വിട്ടുനില്‍ക്കുന്നതോ ആയിരുന്നില്ല. എന്നാല്‍ അദ്ദേഹം അത് ഡിലീറ്റ് ചെയ്യുകയാണുണ്ടായത്. ഞാന്‍ വീണ്ടും ഒരു കമന്റ് ചെയ്തു. “പരശുരാമന്‍ ഹിന്ദു ദൈവമായ വിഷ്ണുവിന്റെ അവതാരമായത് കൊണ്ടാണോ താങ്കള്‍ പരശുരാമന്‍ കേരളം മഴുവെറിഞ്ഞ് ഉയര്‍ത്തിയെടുത്തത് എന്ന് വിശ്വസിക്കാത്തത്. അങ്ങനെയാണെങ്കില്‍ താങ്കളുടെ പോസ്റ്റിലുള്ള ദൈവം എന്ന സര്‍വ്വനാമത്തിന് പകരം താങ്കള്‍ വിശ്വസിക്കുന്ന ദൈവത്തിന്റെ പേര് ഉപയോഗിക്കുകയല്ലേ വേണ്ടത്?”
ഡോക്കിന്‍സ് പ്രധാനമായും ക്രിസ്ത്യന്‍ വിശ്വാസങ്ങളെയും പുതിയനിയമത്തെയും പഴയനിയമത്തെയുമെല്ലാമാണു  വിമര്‍ശിച്ചിരിക്കുന്നത്. അപ്പോള്‍ മറ്റൊരു ദൈവത്തിന്റെ അസ്തിത്വത്തിലും വിശ്വസിക്കാത്തയാള്‍ ഡോക്കിന്‍സിന് മറുപടി പറയേണ്ട കാര്യമുള്ളതായി തോന്നുന്നില്ല.   ശ്രീ.രവിചന്ദ്രന്‍ നാസ്തികനായ ദൈവത്തില്‍ തന്നെ പറഞ്ഞിട്ടുണ്ട് 2006 ല്‍ പുറത്തിറങ്ങിയ ദൈവവിഭ്രാന്തിയെ വിമര്‍ശിച്ചുകൊണ്ട് 2008 നകം തന്നെ 21 പുസ്തകങ്ങള്‍          പുറത്തിറങ്ങിയിട്ടുണ്ടെന്നും 25 പുസ്തകങ്ങള്‍ പുറത്തിറങ്ങുവാന്‍ പോകുന്നുവെന്നും.      അപ്പോള്‍ ആ‍രും മറുപടി പറയുന്നില്ല എന്ന് അദ്ദേഹത്തിന്‍ വിഷമിക്കേണ്ട കാര്യവുമില്ല.    
എന്നാല്‍ സത്യസന്ധനായ അദ്ദേഹം എന്റെ അഭിപ്രായങ്ങള്‍ വീണ്ടും ഡിലീറ്റ് ചെയ്യുകയുണ്ടായി. ശ്രീ. നാരായണന്‍ എന്നയാള്‍ “ഇനിയിങ്ങനെ തമാശ ലേഖനങ്ങള്‍ എഴുതരുത്, ചിരിച്ച് ചിരിച്ച് മതിയായി” എന്ന മട്ടിലൊരു കമന്റ് ഇട്ടിരുന്നു. അതുപോലെ ശ്രീ.റഫീക്ക് കീഴാറ്റൂര്‍   അവജ്ഞയോടെ തള്ളിക്കളയേണ്ടവ മാത്രമാ‍ണ്  ഇത്തരം ലേഖനങ്ങള്‍ എന്നൊരു കുറിപ്പുമിട്ടിരുന്നു.പിന്നെ ചാര്‍വാകന്റെ കമന്റ്.  ഇവയെല്ലാം ഡിലീറ്റ് ചെയ്യപ്പെടുകയുണ്ടായി.(ഞാന്‍ ആ ബ്ലോഗ് നോക്കിയ ചുരുങ്ങിയ സമയത്ത് കണ്ട കമന്റുകളാണിവ). ഒടുവില്‍ അവിടെ അവശേഷിക്കുന്നത് ലേഖകനെ പ്രശംസിച്ച് കൊണ്ടുള്ളവ മാത്രമാണ്. (അദ്ദേഹത്തെ പരിഹസിച്ചാല്‍ ഡിലീറ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയിട്ടുണ്ട്. പക്ഷെ അദ്ദേഹത്തിന് മറ്റുള്ളവരെ പരിഹസിക്കാം)  അതിലൊന്നും എതിരഭിപ്രായമില്ല. പക്ഷെ സത്യസന്ധതയെയും ധാര്‍മ്മികതയെയും പറ്റി അദ്ദേഹം പ്രഭാഷണം നടത്താതിരുന്നാല്‍ മാത്രം മതി.
അദ്ദേഹം ഒരു വലിയ സംഭവമാണെന്ന് തോന്നുന്ന തരത്തിലാണു അദ്ദേഹത്തിന്റെ ഓരോ രചനയും.ചില പരാമര്‍ശങ്ങള്‍ ശ്രദ്ധിക്കുക
“പരിണാമവിദ്വാനായി ബൂലോകത്ത് കണക്കാക്കപ്പെട്ട ബ്രൈറ്റിന്റെ അസംബന്ധ വാദങ്ങള്തുറന്നുകാട്ടിയത് ബ്ളോഗ് വായനക്കാര്ശ്രദ്ധിച്ചിരിക്കും
മറ്റൊരിടത്ത് ഇങ്ങനെ പറയുന്നു.
ഏറ്റവും ഒടുവിലായി ബ്രൂക്സ്- വിലി ശാസ്ത്രജ്ഞരെ കുറിച്ച് പുതിയ മഠയത്തരങ്ങള്‍  എഴുതിയത് തുറന്നുകാട്ടിയപ്പോള്പഴയ ഞാണിന്മേല്ക്കളി ആവര്ത്തിച്ചതും വായനക്കാര്കണ്ടു
മറ്റൊരിടത്ത്
മലയാളത്തില്മൂന്ന് പരിണാമ വിമര്ശനങ്ങള്എഴുതിയിട്ടും അതിനു മറുപടിയായി ഒരു ലഘുലേഖ പോലും ഇറക്കാന്ശേഷിയോ ചങ്കൂറ്റമോ ഇല്ലാത്ത കേരള യുക്തിവാദികളും കേരള ശാസ്ത്രസാഹിത്യ പരിഷത്തും വിവരമുള്ള വായനക്കാര്ക്കിടയില്പരിഹാസ കഥാപാത്രങ്ങളാണ്
ഇതാ വേറൊരെണ്ണംഎന്റെ ബ്ളോഗില്പരിണാമ ചര്ച്ചയുടെ പോസ്ററിട്ടതോടെ പരിണാമ പരാക്രമികളായ ജാക്ക് കെ.പി വീരന്മാര്അപ്രത്യക്ഷരാവുകയും ചെയ്തു“
അദ്ദേഹം എല്ലാവരെയും തുറന്ന് കാട്ടി, മലര്‍ത്തിയടിച്ചു, മറ്റുള്ളവര്‍ക്ക് ഒരു മറുപടി പോലും എഴുതാന്‍ ശേഷിയില്ല എന്നെല്ലാമാണ് എഴുതിയിരിക്കുന്നത്. ഇതിനെ ആത്മപ്രശംസയെന്നല്ലാതെ എന്താണ് പറയുക. ഇവയൊന്നും മറുപടി അര്‍ഹിക്കാത്തത് കൊണ്ടാണ് ആരും ഇതിനൊന്നും മറുപടി പറയുവാന്‍ തുനിയാത്തതെന്ന് അദ്ദേഹം മനസ്സിലാക്കുന്നില്ല എന്നതാണത്ഭുതം.
എം.പി.പരമേശ്വരന്റെ പ്രപഞ്ചരേഖ എന്ന പുസ്തകത്തില്‍ ഇത്തരക്കാരെ പറ്റി പറഞ്ഞിരിക്കുന്നത് നോക്കുക. “മറ്റൊരു കൂട്ടരുണ്ട്. അവരും ശാസ്ത്രം പഠിച്ചവര്‍ തന്നെ. പക്ഷെ അതിന്റെ വക്ക് മാത്രം കടിച്ചവര്‍. കരുതിക്കൂട്ടിത്തന്നെ മിസ്റ്റിസിസത്തെ – നിഗൂഡവാദങ്ങളെ – ശാസ്ത്രവുമായി കൂട്ടിക്കലര്‍ത്തി ആശയക്കുഴപ്പങ്ങള്‍ ഉണ്ടാക്കുവാന്‍ ശ്രമിക്കുന്നവര്‍. പണ്ട് നിരീശ്വരവാദിയായ ദിദറോവിനെ പറ്റിക്കാനായി റഷ്യന്‍ ചക്രവര്‍ത്തി എയ്ലര്‍ എന്ന ഗണിത ശാസ്ത്രജ്ഞനെ ചട്ടം കെട്ടിയ ഒരു കഥയുണ്ട്. നിറഞ്ഞ സദസ്സില്‍ വച്ച് എയ്ലര്‍ ദിദറൊവിനോട് ആവശ്യപ്പെട്ടു : (a+bn )/n=x,donc Dieu existe, respondez. ദിദറോവിന് ബീജഗണിതം അറിയാമായിരുന്നില്ല. അയാള്‍ തല താഴ്ത്തിയിരുന്നു.  എന്താണ് ഇതിനര്‍ത്ഥം? a+bn)/n=x  എന്നതിനര്‍ത്ഥം,   a=1, b=2,  n=3 ആണെങ്കില്‍  x=3 പകരം a=3,  b=3, n=4  ആണെങ്കില്‍  x=21 എന്നൊക്കെയാണ്.  donc Dieu existe, respondez എന്ന് പറഞ്ഞാല്‍ “അത് കൊണ്ട് ദൈവം ഉണ്ട്, മറുപടി പറയൂ” എന്നാണര്‍ത്ഥം.  (a+bn )/n=x ആയത് കൊണ്ട് ദൈവം ഉണ്ടെന്ന് വരുന്നതെങ്ങനെയാണ്‍? പരിഭ്രമം കൊണ്ട് ദിദറോവിന്‍ അത് ചോദിക്കാന്‍ പറ്റിയില്ല. ഇതിനെക്കാള്‍ വളരെ വലിയ സങ്കീര്‍ണങ്ങളായ സമീകരണങ്ങള്‍, ബിരുദ വിദ്യാര്‍ഥികള്‍ക്ക് മാത്രമല്ല, ബിരുദാനന്തര വിദ്യാര്‍ഥികള്‍ക്കുകൂടി മനസ്സിലാക്കാന്‍ പ്രയാസമായ സമീകരണങ്ങള്‍ നിരത്തിവച്ച് ബ്രഹ്മത്തിന്റെയും മറ്റും അസ്തിത്വം തെളിയിച്ചതായി അവകാശപ്പെടുകയാണ് ചിലര്‍” ഇത് പോലെയാണ് ഇദ്ദേഹം സൃഷ്ടിവാദം തെളിയിക്കുന്നത്.
ഇസ്ലാമിക രാഷ്ട്രങ്ങളില്‍ പോലും പരിണാമ സിദ്ധാന്തം പഠിപ്പിക്കുന്നുവെന്നതിനെ പറ്റി സൃഷ്ടിവാദമാണ് ശരിയെന്ന് വാദിക്കുന്ന അദ്ദേഹത്തിന് എന്താണ് പറയാനുണ്ടാവുക
“ശാസ്ത്രവും കപടശാസ്ത്രവും”  എന്ന പുസ്തകത്തില്‍ നിന്ന്: അമേരിക്കയില്‍ സുപ്രീം കോടതി വിധിയെ ഇതുവരെ മറികടക്കുവാന്‍ സൃഷ്ടിവാദികള്‍ക്ക് കഴിഞ്ഞിട്ടില്ല. കന്‍സാസ് സ്കൂള്‍ ബോര്‍ഡ് പുന:സംഘടിപ്പിക്കപ്പെട്ടപ്പോള്‍ സൃഷ്ടിവാദികള്‍ പുറത്താക്കപ്പെട്ടു. പക്ഷെ സൃഷ്ടിവാദം, ശാസ്ത്രീയ സൃഷ്ടിവാദം എന്നീ ലേബലുകള്‍ ഉപേക്ഷിച്ച് ‘ബുദ്ധിയുള്ള ഡിസൈന്‍’ എന്ന് ലേബലില്‍ പ്രചാരണം നടക്കുകയാണ്. പക്ഷെ വിദ്യാഭ്യാസ രംഗത്ത് അവര്‍ക്ക് കാര്യമായ പ്രതികരണമൊന്നും ഉണ്ടാക്കുവാന്‍ കഴിഞ്ഞിട്ടില്ല. അതേ സമയം മത മൌലിക വാദികള്‍ ഉള്ളിടത്തോളം കാലം പരിണാമ സിദ്ധാന്ത വിരുദ്ധ പ്രചാരണം നടന്നുകൊണ്ടേയിരിക്കും. അതിനാല്‍ ശാസ്ത്രജ്ഞരും ശാസ്ത്രീയ സമീപനത്തില്‍ വിശ്വസിക്കുന്നവരും സദാ ജാഗരൂകരായിരിക്കേണ്ടതുണ്ട്.”
ഡോക്കിന്‍സ് നിരൂപണം കൊണ്ട്   ഇദ്ദേഹം  ലക്ഷ്യമാക്കുന്നത് എന്താണെന്ന് വ്യക്തമല്ല. ഒരു പക്ഷെ ഡോക്കിന്‍സിന്റെ ചെലവില്‍ പ്രശസ്തനാകാനായിരിക്കാം. (പക്ഷെ ഇദ്ദേഹത്തിന്റെ പേരില്‍ ഞാന്‍ പ്രശസ്തനാകാന്‍ ഉദ്ദേശ്ശിക്കാത്തത് കൊണ്ട് ഈ പരിപാടി തുടരുന്നതല്ല.)  ഒന്നുകില്‍ എന്തോ രഹസ്യ അജണ്ടയുമായി ഇറങ്ങിയിരിക്കുന്ന ബുദ്ധിമാനാണിദ്ദേഹം. അല്ലെങ്കില്‍ ഇപ്പോഴും പതിനെട്ടാം നൂറ്റാണ്ടിനിപ്പുറം എത്താത്ത ഒരാള്‍.

Saturday, December 11, 2010

ക്രിക്കറ്റ് അഭിമാനമാകുമ്പോള്‍ (മറ്റ് ചിലര്‍ക്ക്)

           ക്രിക്കറ്റ് ഇന്ന് ഇന്ത്യയുടെ ദേശീയ വിനോദമാണ് ( ഹോക്കി ഔദ്യോഗികം മാത്രം). രാജ്യത്തിന്റെ ചില കോണുകളിലേക്ക് ഒതുക്കപ്പെട്ട ഫുട്ബോൾ  (മഹാരാഷ്ട്രയിൽ നിന്ന് നാലും കൽക്കട്ട, ഗോവ    എന്നിവിടങ്ങളിൽ നിന്ന് മൂന്ന് ടീമുകൾ വീതവും ഇത്തവണത്തെ ഐ ലീഗിൽ കളിക്കും. ഓരോ ടീമുകൾ കണ്ണൂർ, ജലന്ധർ - പഞ്ചാബ്, ബാംഗ്ലൂർ  ഹോം ഗ്രൌണ്ടാക്കിയവ. പിന്നെയൊരു അണ്ടർ 19 ഇൻഡ്യൻ ടീമും. അല്ലെങ്കിൽ തന്നെ ആർക്ക് വേണ്ടിയാണീ ഐ ലീഗ്? നമുക്ക് കാണാൻ ഇ.പി.എല്ലും സീരി-എയും മറ്റുമുള്ളപ്പോൾ),  അഭിജാതരുടേത്  മാത്രമായ ടെന്നീസ്,  ജിമ്മി ജോർജ്ജിനപ്പുറം വളരാത്ത ഇന്ത്യൻ വോളിബോൾ, സ്കൂൾ മൈതാനങ്ങളിൽ ആകാശത്തേക്ക് നോക്കി വെറുതെ നിൽക്കുന്ന ബാസ്കറ്റ്ബോൾ ബോർഡിന്റെ തൂണുകൾ ( മാജിക് ജോൺസണും മൈക്കൽ ജോർദനും പകരം ഹോവാർഡും ഡെറിക് ജോസും ബാസ്കറ്റിൽ ഊഞ്ഞാലാടുന്നത് എൻ.ബി.എയിൽ കാണാം), മറഞ്ഞും മറന്നും പോയ പല പല നാടൻ കളികൾ (ഏഷ്യാഡിൽ ഉൾപ്പെട്ടതോടെ കബഡിക്ക് അല്പം ജീവൻ വെച്ചു).. എല്ലാത്തിനും പകരമായി ഒന്ന്  മാത്രം – ക്രിക്കറ്റ്.     
             നിയമപ്രകാരം 22 വാര നീളമുള്ള പിച്ചും വിശാലമായ ഫീൽഡും 22 കളിക്കാരുമൊക്കെ വേണമെങ്കിലും ഇതൊന്നുമില്ലാതെ ഇടവഴിയിൽ മൂന്ന് പേരുമായി കളിക്കാമെന്നതാണ്  ക്രിക്കറ്റിനെ ജനകീയമാക്കിയതെന്ന് പറയാം. (കേരളത്തിൽ (തെങ്ങ്)ഓലമടൽ വെട്ടിയൊരുക്കിയ ബാറ്റ് കൊണ്ട് ക്രിക്കറ്റ് കളിച്ചിട്ടില്ലാത്ത കളിക്കാരുണ്ടാവുമോ?) നാട്ടിൻപുറങ്ങളിൽ ആളെണ്ണവും കളിസ്ഥലവും അനുസരിച്ച് കളിനിയമങ്ങൾ മാറി വരുന്നത് കാണാം. കളിക്കാർ കുറവാണെങ്കിൽ ഡീപ്പും സ്ക്വയറും മറ്റും റണ്ണില്ലാ മേഖലകളായി പ്രഖ്യാപിച്ചിട്ടുണ്ടാവും.  ഫൈൻ ലെഗിൽ കണ്ണാടി ജനാലയുള്ള വീടുണ്ടെങ്കിൽ അവിടേക്ക് സിക്സർ അടിച്ചാൽ അമ്പയർ ഔട്ട് വിളിച്ചത് തന്നെ. ഇങ്ങനെ സാഹചര്യങ്ങൾക്കനുസരിച്ച് മാറുന്ന നിയമങ്ങൾ  ക്രിക്കറ്റിനെ എവിടെയും കളിക്കാവുന്ന ഒന്നാക്കി മാറ്റി. ( ഈ ക്രിക്കറ്റൊന്നും ബി.സി.സി.ഐക്കും കെ.സി.എയ്ക്കും അറിയില്ല)
സാക്ഷാൽ വാറൻ ബഫറ്റ് (ഏറ്റവും വിജയിച്ച നിക്ഷേപകനെന്ന് പേരെടുത്ത അമേരിക്കക്കാരൻ) ബി.സി.സി.ഐയുടെ അടുത്ത് പഠിക്കാൻ പോകുന്നത്  നന്നായിരിക്കും, എവിടെ , എപ്പോൾ            ഇൻ‌വെസ്റ്റ്  ചെയ്യണമെന്നറിയാൻ. ട്വന്റ്റി – 20 രക്ഷപെടുമെന്ന് മനസ്സിലാ‍യപ്പോഴെ ബോർഡ് ഐ.പി.എല്ലുമായി ചാടി വീണു. ക്ലബ് ലേലം, കളിക്കാർ ലേലം, സ്പോൺസർ ലേലം. (ഇടയിൽ വന്ന് പെട്ടത് കപിൽദേവായാലും  സീ സ്പോർട്സായാലും ചുരുട്ടിക്കൂട്ടിയത് തന്നെ).   ഐ.പി.എൽ ചാകര വന്നപ്പോൾ ക്രിക്കറ്റ് ബോർഡും മോഡിയും കൂടെ നിന്നവരുമൊക്കെ കയ്യിട്ട് വാരി. പിന്നെ ചിയർ ഗേൾസും രാത്രി പാർട്ടിയുമൊക്കെ.  അതിന്റെ ഇടയിലാണ് ഒരു ഏഷ്യാഡ്. രാജ്യത്തിന് ഒരു മെഡൽ കിട്ടിയിട്ട് ബി.സി.സി.ഐക്ക് എന്ത് കാര്യം. പണ്ടൊരു കേന്ദ്രമന്ത്രി  ഇന്ത്യ 100 ഒളിമ്പിക് സ്വർണ്ണം നേടുമെന്ന് പറഞ്ഞിരുന്നു. വേണമെങ്കിൽ 100 സ്വർണ്ണമെഡൽ ബോർഡ് കാശ് കൊടുത്ത് മേടിച്ച് തരും(ഒളിമ്പിക്സിൽ കോഴക്കളി ഉണ്ടെങ്കിൽ). ഒളിമ്പിക്സിനാണെങ്കിലും ടീമിനെ വിടുന്ന പ്രശ്നമില്ല. പിന്നെയാണ് ഏഷ്യൻ ഗെയിംസ്.           

            ഇന്ത്യ പങ്കെടുത്തിരുന്നുവെങ്കിൽ സ്വർണ്ണം കിട്ടുമായിരുന്നോ എന്ന്  ചോദിക്കുന്നതിൽ കാര്യമില്ല. മുൻപൊരു കോമൺ വെൽത്ത് ഗെയിംസിൽ പങ്കെടുത്ത്  മെഡലില്ലാതെ പോരുന്നിട്ടുണ്ട്. സെർജി ബൂബ്ക  1984 മുതൽ 2001ൽ വിരമിക്കുന്നത് വരെ പോൾവാൾട്ടിലെ രാജാവായിരുന്നുവെങ്കിലും ഒരു ഒളിമ്പിക് സ്വർണ്ണം മാത്രമായിരുന്നു നേടുവാനായത് എന്നോർക്കുക. എങ്കിലും പങ്കെടുത്തിരുന്നുവെങ്കിൽ ഇന്ത്യയുടെ പുരുഷ, വനിതാ ടീമുകൾക്ക് സ്വർണ്ണമെഡൽ തന്നെ നേടുവാനുള്ള സാധ്യത ഉണ്ടായിരുന്നു. ഐ.സി.സി. ഏകദിന ക്രിക്കറ്റ് റാങ്കിംഗ് പ്രകാരം ഏറ്റവും മുകളിലുള്ള ഏഷ്യൻ ടീം ഇന്ത്യ ആണ്.   (ഏഷ്യൻ ഗെയിംസിൽ ട്വന്റി – 20 ആണ്)  ഝുലൻ ഗോസ്വാമിയും മിഥാലി രാജും അൻ‌ജും ചോപ്രയുമൊക്കെ വാഴുന്ന ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം  നാല് തവണയും വനിതാ ഏഷ്യാകപ്പ്  കിരീടം നേടി കഴിവ് തെളിയിച്ചവരാണ്. അതുകൊണ്ട് ഏഷ്യൻ ഗെയിംസിലും ന്യായമായും നല്ല വാർത്തകൾ അവരിൽ നിന്ന് പ്രതീക്ഷിക്കാമായിരുന്നു. ഇന്ത്യയുടെ വനിതാ ടീമിനെയും  ആൺ ക്രിക്കറ്റിൽ ദേശീയ ടീമിനെ മാറ്റിനിർത്തി രണ്ടാം നിരയെയുമെങ്കിലും (സച്ചിനും സേവാഗും ധോണിയുമില്ലാത്ത ടീം ന്യൂസിലൻഡിനെ തൂത്തുവാരിയത് കാണുമ്പോൾ ഒന്നാം‌നിര ഏതെന്ന് സംശയം തോന്നുന്നു)  അയച്ചിരുന്നുവെങ്കിൽ വിലയേറിയ രണ്ട് സ്വർണ്ണം ഏതാണ്ട് ഉറപ്പിക്കാമാ‍യിരുന്നു.
            രണ്ട് ഏഷ്യാഡ് സ്വർണ്ണം വേണ്ട് എന്ന് വെയ്ക്കാൻ മാത്രം ഇക്കാര്യത്തിൽ ധനികരല്ല ഇന്ത്യ.  (199 സ്വർണ്ണം നേടിയ ചൈന ഒരു സ്വർണ്ണത്തിനുകൂടി എത്ര ആഗ്രഹിച്ചിട്ടുണ്ടാവും) . 1951 മുതൽ 2010 വരെ ഇന്ത്യ ആകെ 128 സ്വർണ്ണം മാത്രമാണ് സ്വന്തമാക്കിയിട്ടുള്ളത്. ഇത്തവണ മാത്രം പതിനാല്. 1982 ലെ ഡൽഹി ഏഷ്യൻ ഗെയിംസിലെക്കാൾ ഒന്ന് കൂടുതൽ. ബി.സി.സി.ഐക്ക് രാജ്യത്തിന് വേണ്ടി കളിക്കുകയെന്നത് അപമാനമായി തോന്നിയതുകൊണ്ടാവാം ടീമിനെ അയയ്ക്കാതിരുന്നത്.  ഇന്ത്യക്ക്  ഈ സീസൺ  “Tight schedule”  ആണെന്ന വാദം ശരിയാണെങ്കിൽ  “എ” ടീമിനെ അയക്കാമായിരുന്നു. (പാകിസ്ഥാൻ എ ടീമിനെ ആയിരുന്നു അയച്ചത്). വനിതാ ക്രിക്കറ്റിൽ “ടൈറ്റ് ഷെഡ്യൂൾ” എന്ന് പറഞ്ഞാൽ തമാശ തന്നെ.
            ക്രിക്കറ്റ് ഇന്ത്യക്ക് അപമാനമായെങ്കിൽ അഭിമാനമായത് അയൽ രാജ്യങ്ങൾക്ക് തന്നെ. ക്രിക്കറ്റ് സ്വർണ്ണം അഫ്ഗാനിസ്ഥാനെ ഫൈനലിൽ  തോല്പിച്ച് ബംഗ്ലാദേശ് നേടി.  പാകിസ്ഥാൻ മൂന്നാമതെത്തി.  ബംഗ്ലാദേശ് ന്യൂസിലൻഡിനെതിരായ പരമ്പര വിജയത്തിന് ശേഷമായിരുന്നു ചൈനയിലെത്തി വീണ്ടും വിജയക്കൊടിയുയർത്തിയത്. അത് ബംഗ്ലാദേശിന്റെ ഏഷ്യൻ ഗെയിംസിലെ ഏക സ്വർണ്ണവുമായി. ആഭ്യന്തരയുദ്ധം കലുഷിതമാക്കിയ അഫ്ഗാന് വെള്ളി നേടാനായത്  ആ രാജ്യത്തിന് ആശ്വാസമേകിയിരിക്കാം. ക്രിക്കറ്റിൽ ഇരട്ട സ്വർണ്ണം നേടാൻ ബംഗ്ലാദേശിനായില്ല. വനിതാ ക്രിക്കറ്റ് ഫൈനലിൽ പാകിസ്ഥാൻ ബംഗ്ലാദേശിനെ പരാജയപ്പെടുത്തി സ്വർണ്ണം സ്വന്തമാക്കി. ജപ്പാൻ മൂന്നാമതെത്തി. ബംഗ്ലാദേശിന് ആകെ ലഭിച്ച മൂന്ന് മെഡലുകളിൽ (1-1-1) സ്വർണ്ണവും വെള്ളിയും ക്രിക്കറ്റ് നൽകിയതാണ്. അഫ്ഗാനിസ്ഥാന് ആകെയുള്ള മൂന്ന് മെഡലിൽ (0-2-1) ഒരു വെള്ളി ക്രിക്കറ്റിൽ നിന്നാണ്. പാകിസ്ഥാനാകട്ടെ മൂന്ന് സ്വർണ്ണമടക്കം ആകെ 8 മെഡലുകൾ (3-2-3). അതിൽ ഒരു സ്വർണ്ണവും ഒരു വെങ്കലവും ക്രിക്കറ്റ് വക.
            ഇന്ത്യയിലെ ക്രിക്കറ്റ് മേലാളന്മാർ രാജ്യസ്നേഹമില്ലാത്തവരാണെന്ന്  സാധാരണ കായിക പ്രേമികൾ പറഞ്ഞാൽ അതിൽ തെറ്റ് പറയാനാവില്ല. ഒളിമ്പിക്സ്, ഏഷ്യാഡ് പോലെയുള്ള മത്സരങ്ങളിൽ രാജ്യത്തെ പ്രതിനിധീകരിക്കുകയെന്നത് ഏത് കായിക താരത്തിന്റെയും സ്വപ്നമാണ്.  അവർ രാജ്യത്തിനായി മെഡൽ നേടുന്നത് ഏതൊരാൾക്കും അഭിമാനമാണ്. ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് കാട്ടിയ ധാർഷ്ട്യം ഒരു ജനതയോടുള്ള വെല്ലുവിളിയാണ്. ബി.സി.സി.ഐ ഒരു പക്ഷെ ഐ.സി.സിക്കും മുകളിലായിരിക്കാം (പണപ്പെട്ടിയുടെ വലുപ്പം കൊണ്ട്) . പക്ഷെ ഇന്ത്യയെക്കാൾ വലുതാണെന്ന് കരുതരുത്. ഒരു രാജ്യത്തോട് കാണിച്ച നെറികേടിന്  ബോർഡിനെക്കൊണ്ട് മാപ്പ് പറയിക്കണം. ഇനി മേലിൽ ഇങ്ങനെ ഉണ്ടാവാതിരിക്കുവാനാവശ്യമായ നടപടികൾ എടുക്കുവാൻ ഇന്ത്യാ ഗവണ്മെന്റ് തയ്യാറാകണം.

Sunday, November 7, 2010

വാസ്തുവിദ്യ - അരുതുകളുടെ ശാസ്ത്രം

? അടുക്കള നിർമ്മിക്കേണ്ടുന്ന സ്ഥാനം എവിടെ?
കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരി പറയുന്നത്: “ശാസ്ത്രരീത്യാ അടുക്കള വീടിന്റെ വടക്ക് വശത്തോ കിഴക്ക് വശത്തോ ആവാം എന്ന് പറയുന്നതിന്റെ കാരണം നോക്കാം. പകൽ സമയത്ത് ഭൂമിയിലുള്ള ജീവജാലങ്ങൾക്ക് കർമ്മം ചെയ്യുന്നതിനുള്ള ഊർജ്ജം തരുന്നത് കിഴക്ക് വശത്ത് ഉദിക്കുന്ന സൂര്യനാണ്. അതുപോലെ തന്നെ അസ്തമയത്തിന്  ശേഷം സൂര്യന്റെ അഭാവത്തിൽ രാത്രിസമയത്ത് വേണ്ടതായ ഊർജ്ജം പ്രദാനം ചെയ്യുന്നത് വടക്ക് വശത്ത് എന്ന് കണക്കാക്കുന്ന സപ്തർഷികളുമാണ്. കർമ്മം ചെയ്യാൻ മനുഷ്യന് ഭക്ഷണത്തിൽ നിന്നാണ് ഊർജ്ജം ലഭിക്കുന്നതെന്നത് കൊണ്ട് കിഴക്ക് വശത്താണ് അടുക്കളയ്ക്ക് ഉത്തമമായ സ്ഥാനം.”

സൂര്യനിൽ നിന്ന് നേരിട്ട് ഊർജ്ജം സ്വീകരിക്കുവാൻ കഴിയുന്നത് ഹരിതകമുള്ള  സസ്യങ്ങൾക്ക് മാത്രമാണ്. സൂര്യൻ ചൂടും വെളിച്ചവുമല്ലാതെ നമ്മുടെ ശരീരത്തിന് ആവശ്യമായ യാതൊരു ഊർജ്ജവും നേരിട്ട് നൽകുന്നില്ല. രാത്രി സമയത്ത് വേണ്ടതായ ഊർജ്ജം നൽകുമെന്ന് കൃഷ്ണൻ നമ്പൂതിരി പറയുന്ന സപ്തർഷികൾ ആകാശത്ത് അകലെയായി കാണാവുന്ന ഒരു നക്ഷത്രസമൂഹം മാത്രമാണ്. ഭാരതീയർ ഈ നക്ഷത്രസമൂഹത്തിലെ ഏഴ് നക്ഷത്രങ്ങൾക്ക് ഏഴ് മുനിമാരുടെ പേര് നൽകി. മറ്റ് ചില രാജ്യക്കാർ ഇതിനെ “വലിയ തവി” യെന്നും “വൻ കരടി” യെന്നും വിളിച്ചു. പണ്ട് കാലത്ത് കടലിൽ പോകുന്നവരും മറ്റും ദിക്കറിയുവാനായി ഈ നക്ഷത്രസമൂഹത്തെ ഉപയോഗിച്ചിരുന്നു. അതല്ലാതെ ഭൂമിയിലെ ജീവജാലങ്ങൾക്ക് ഊർജ്ജം പകരുവാനോ ഏതെങ്കിലും തരത്തിൽ സ്വാധീനിക്കുവാനോ കഴിവുള്ളതല്ല സപ്തർഷികൾ എന്ന നക്ഷത്രഗണം. അതിനാൽ അടുക്കള വടക്ക് വശത്തോ കിഴക്ക് വശത്തോ തന്നെ ആവണമെന്ന് പറയുന്നതിൽ യാതൊരു അർത്ഥവുമില്ലെന്ന് മനസ്സിലാക്കാവുന്നതാണ്.

?കിണർ എവിടെ നിർമ്മിക്കാം?
കൃഷ്ണൻ നമ്പൂതിരി പറയുന്നത്: “കിണർ, കുളം തുടങ്ങിയവ വീടിന്റെ വടക്ക് വശത്തോ കിഴക്ക് വശത്തോ ആണ് ഉത്തമം.വടക്ക് പടിഞ്ഞാറ് മൂലയിൽ കിണർ വരുന്നത് സ്ത്രീകൾക്ക് ദോഷമാണെന്ന് ശാസ്ത്രം അനുശാസിക്കുന്നു. തെക്ക് കിഴക്ക് മൂലയും കിണർ കുഴിക്കുന്നതിന് ഉത്തമമല്ല.”
പരമ്പരാഗതമായി (വാസ്തുശാസ്ത്രപ്രകാരവും) അടുക്കള വടക്ക് വശത്തോ കിഴക്ക് വശത്തോ നിർമ്മിക്കുന്നതിനാൽ അവിടേക്കാവശ്യമായ വെള്ളം കോരിക്കൊണ്ട് വരുന്നതിന് സൌകര്യപ്രദമായ രീതിയിൽ  കിണർ അതിന് സമീപത്തായി നിർമ്മിക്കേണ്ടി വന്നിരുന്നു എന്നതിൽ കവിഞ്ഞ് കിണർ വടക്ക് കിഴക്ക് വശത്തേ ആകാവൂ എന്നതിന് പ്രത്യേക കാരണങ്ങളൊന്നും ഉള്ളതായി കാണുന്നില്ല


? ഗൃഹപ്രവേശം നടത്തുമ്പോൾ..
കൃഷ്ണൻ നമ്പൂതിരി പറയുന്നത്: “ഗൃഹപ്രവേശത്തിന് തലേദിവസം രാത്രി ആചാര്യനായ തന്ത്രിയെക്കൊണ്ട് വാസ്തുബലിയും പഞ്ചശിര:സ്ഥാപനവും നടത്തേണ്ടതാണ്.”

നിർമ്മാണ വേളയിൽ ഉണ്ടാകുന്ന തെറ്റുകൾക്കുള്ള പ്രായശ്ചിത്തമായാണ് അഞ്ച് ജന്തുക്കളുടെ ശിരസ്സിന്റെ ചിത്രം ഉൾക്കൊള്ളുന്ന ലോഹത്തകിട് കുഴിച്ചിടുന്നത്. പിന്നെ എന്തിനാണ് പ്രത്യേകിച്ച് വാസ്തു നോക്കുന്നത്? എന്തെങ്കിലും തെറ്റ് ഉണ്ടാവുകയാണെങ്കിൽ അത് പരിഹരിക്കുവാനായി പഞ്ചശിരസ്സ് കുഴിച്ചിടുന്നുണ്ടല്ലോ. അപ്പോൾ ചെയ്ത തെറ്റിന് പ്രായശ്ചിത്തമായി. പരിഹാരം എന്ത് എളുപ്പം.

Monday, October 25, 2010

ബഹുമുഖ ദാരിദ്ര്യ സൂചികയില്‍ കേരളം ഏറ്റവും ദാരിദ്ര്യം കുറഞ്ഞത്.

ഐക്യരാഷ്ട്രസഭയുടെ ഭാഗമായ യുണൈറ്റഡ് നേഷൻസ് ഡവലപ്മെന്റ് പ്രോഗ്രാമും ( UNDP) ഓക്സ്ഫോർഡ്  പോവർറ്റി & ഹൂമൻ ഡവലപ്മെന്റ് ഇനിഷ്യേറ്റീവും (OPHI)  2010 ജൂലൈയിൽ സംയുക്തമായി പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ (Multidimensional Poverty Index –MPI) കേരളവും ഗോവയും ഏറ്റവും ദാരിദ്ര്യം കുറഞ്ഞ ഇൻഡ്യൻ സംസ്ഥാനങ്ങളായി രേഖപ്പെടുത്തിയിരിക്കുന്നു. ദാരിദ്ര്യാവസ്ഥ നിർണ്ണയിക്കുവാനായി  പരമ്പരാഗതമായി വരുമാനം മാത്രം ഉപയോഗിക്കുന്ന സൂചികകളുടെ പോരായ്മകൾ മറികടക്കുവാനായി  വിദ്യാഭ്യാസം, ആരോഗ്യം, ജീവിത നിലവാരം തുടങ്ങിയവയും ഇതിനായി കണക്കിലെടുത്തിരിക്കുന്നു.  ഏറ്റവും ദരിദ്ര്യമായ 26 ആഫ്രിക്കൻ രാജ്യങ്ങളിൽ ഉള്ളതിനേക്കാൾ (410 മില്യൺ) അധികം ദരിദ്രർ ബീഹാർ, ഛത്തിസ്ഗർ, ജാർഖണ്ഡ്, മധ്യപ്രദേശ്, ഒറീസ്സ, രാജസ്ഥാൻ, ഉത്തർപ്രദേശ്, പശ്ചിമബംഗാൾ എന്നീ 8 സംസ്ഥാനങ്ങളിലായി ഉണ്ടെന്ന് റിപ്പോർട്ട് പറയുന്നു.
Map of MPI Poverty in India(higher MPI value in dark red)




പ്രസ്തുത സൂചിക പ്രകാരം ഒന്നാമതുള്ള  കേരളം (0.065)  പരാഗ്വേക്കും ഫിലിപ്പൈൻസിനുമൊപ്പമാണ്. രണ്ടാമതെത്തിയ ഗോവ (0.094) ഇന്ത്യോനേഷ്യയോട് അടുത്ത് നിൽക്കുന്നു. മേൽ‌പ്പറഞ്ഞ രാജ്യങ്ങൾ ഇടത്തരം വരുമാനമുള്ള രാജ്യങ്ങളായി സൂചികയിൽ കണക്കാക്കപ്പെട്ടിരിക്കുന്നു. തമിഴ്നാട് (1.41) ആഫ്രിക്കൻ രാജ്യമായ ഘാനയുടെ നിലവാരത്തിന് സമമാണ്. ഝാർഖണ്ഡും ബീഹാറും അവികസിത രാജ്യമായ കോംഗോയ്ക്ക് ഒപ്പമാണ്.

Saturday, October 23, 2010

വാസ്തുവിദ്യ: പടിപ്പുരയുടെ സ്ഥാനം എവിടെയാണ്?

കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരി എഴുതിയതിൽ നിന്ന്: "കിഴക്ക്  വശത്ത്  റോഡുള്ള സ്ഥലത്തിന്റെ കിഴക്ക് ഭാഗത്ത് പടിപ്പുരയോ ഗേറ്റോ വയ്ക്കുമ്പോൾ സ്ഥലത്തിന്റെ കിഴക്ക് വശത്തെ നീളത്തെ ഒമ്പതാക്കി ഭാഗിച്ച് വടക്ക് കിഴക്കേ മൂലയിൽ നിന്ന് നാലാമത്തെ അംശത്തിൽ അതായത് ഒൻപതിൽ ഒന്നിൽ ഉത്തമമായ പടിപ്പുരയുടെ സ്ഥാനം നിർണ്ണയിക്കാം."
                      
ഏതെങ്കിലും സാധാരണക്കാരൻ ഇല്ലാത്ത കാശുണ്ടാക്കിയും വായ്പയെടുത്തും വീടും വച്ച് മതിലും കെട്ടി സൌകര്യപ്രദമായ സ്ഥലത്ത് ഗേറ്റും വച്ച് കഴിയുമ്പോഴാണ്  അതുവഴി വരുന്ന അഭ്യുദയകാംക്ഷി  ഗേറ്റ് വയ്ക്കുന്നതിനു മുൻപ് വാസ്തു നോക്കിയിരുന്നോയെന്ന് ചോദിക്കുന്നത്.  വഴി ഇന്ദ്രപഥത്തിൽ അല്ലെങ്കിൽ വലിയ കുഴപ്പമാണുണ്ടാകാൻ പോകുന്നത് എന്നാവും ഏതൊക്കെയോ വാസ്തുശാസ്ത്ര പുസ്തകങ്ങൾ വായിച്ച അറിവ് വച്ചുള്ള മറുപടി. ചിലർ അപ്പോൾ തന്നെ പഴയതു ഇടിച്ച് കളഞ്ഞിട്ട് വാസ്തുപ്രകാരം വാതിൽ മാറ്റിപ്പണിയും. മറ്റുചിലർ അതവഗണിക്കും എങ്കിലും വീട്ടിലെ ആർക്കെങ്കിലും അപകടമോ അസുഖമോ വല്ലതുമുണ്ടായാൽ അപ്പോൾ പഴയ അഭ്യുദയകാംക്ഷി പറയും ഞാനപ്പൊഴേ പറഞ്ഞതായിരുന്നില്ലേ ഗേറ്റ് ശരിയായ സ്ഥാനത്ത് അല്ലെന്ന്. അതുകൊണ്ടുള്ള കുഴപ്പങ്ങളാണിതെല്ലാം. പിന്നീട് വാസ്തുനോക്കൽ, പൊളിക്കൽ, പണിയൽ എല്ലാം കഴിയുമ്പോഴേക്കും  കീശ കീറിയത് തന്നെ. ഉപദേശിക്ക് സന്തോഷവുമാവും.
          ഈ പ്രശ്നപരിഹാരങ്ങൾക്കൊക്കെ ശേഷം ആ വീട്ടിൽ ആർക്കും അസുഖം ഉണ്ടാവുകയില്ലേ. ഉണ്ടായാലും  ഗേറ്റ് മാറ്റിവച്ചിട്ടും എന്തുകൊണ്ടുണ്ടായി എന്ന് ആരും ചോദിക്കുകയില്ല.
          ഗേറ്റ് മാറ്റി വച്ചിട്ടില്ലെങ്കിലോ? മാറ്റിവച്ച് കഴിഞ്ഞ് വരുന്നതിൽ അധികമായി യാതൊരു മോശം കാര്യവും ഉണ്ടാകുവാൻ പോകുന്നില്ല.  
          വീട്ടിൽ നിന്ന് റോഡിലേക്കുള്ള വഴി അത് ഉപയോഗിക്കുന്നവരുടെ സൌകര്യവും മറ്റ് സാഹചര്യങ്ങളും അനുസരിച്ചാവണം നിർമ്മിക്കേണ്ടത്. അല്ലാതെ ഏതോ പഴയ വാസ്തു പുസ്തകത്തിൽ എഴുതിവച്ചിട്ടുണ്ട് എന്നതിന്റെ അടിസ്ഥാനത്തിൽ ഇന്ദ്രപദമോ പുഷ്പദന്തപദമോ വല്ലാഭ പദമോ ഒന്നും നോക്കിയാവരുത്. വാസ്തു ശാസ്ത്രപ്രകാരം പണിതിട്ടുള്ള വീടുകളിൽ യാതൊരു കുഴപ്പങ്ങളും ഉണ്ടായിട്ടില്ലേയെന്ന്  ശ്രീ.കൃഷ്ണൻ നമ്പൂതിരി പരിശോധിക്കണം. എന്നിട്ടാവട്ടെ ഇങ്ങനത്തെ   അന്ധവിശ്വാസങ്ങളുടെ പ്രചരണം നടത്തുന്നത്. മറ്റുള്ളവർക്ക് നഷ്ടങ്ങളും ആശങ്കകളും മാത്രം സൃഷ്ടിക്കുന്ന ഇത്തരം  വിലക്കുകളുടെ ശാസ്ത്രത്തിന്റെ പ്രചരണങ്ങൾ ധാർമ്മികത അല്പമെങ്കിലും ബാക്കിയുള്ളവർ നടത്തുകയില്ലയെന്ന് ഉറപ്പ്.