Thursday, March 28, 2013

വാസ്തുവിദ്യയിൽ സ്ക്രീ‍ൻ സേവറിന്റെ ഉപയോഗം


ന്നുവന്ന് ജ്യോതിഷമെന്നും വാസ്തുവെന്നും പറഞ്ഞ് ആർക്കും എന്തും പറയാമെന്നായിരിക്കുന്നു. അതൊന്നും ചോദ്യം ചെയ്യാനാവില്ലല്ലോ. പേരിന്റെ കൂടെ പ്രൊഫസറെന്നോ ഡോക്ടറെന്നോ ചേർത്താ‍ൽ ആളെ പറ്റിക്കാനുള്ള ലൈസൻസ് ആയെന്ന മട്ടിലാണ് എഴുത്തും നടപ്പുമെല്ലാം. (അതൊക്കെ എവിടെ നിന്ന് ഒപ്പിച്ചതാണെന്നാരറിയുന്നു?).  എല്ലാം വളരെ ആധികാരികമായാണ് ഇത്തരക്കാർ പറയുക. യാതൊരു സംശയവും ഉണ്ടാവില്ല.
        മനോരമ ഓൺലൈനിൽ എഴുതിയിരിക്കുന്നത് ചിരിക്കാൻ വകനൽകുന്നതാണ്. ആളിപ്പോൾ വീട് വിട്ട് ഓഫീസിലേക്ക് ചേക്കേറിയോ എന്നാണ് സംശയം. ഡോ.പി.ബി.രാജേഷ് എന്ന വിദഗ്ദ്ധൻ പറയുന്നത് വീട്ടിലും ഓഫീസിലും ഭാഗ്യം ഉണ്ടാകാനുള്ള എളുപ്പവഴി അക്വേറിയം വയ്ക്കുക എന്നതാണ്. (സാധാരണയായി വാസ്തുക്കാർ പറയുന്നത് വീട്ടിൽ അക്വേറിയം വയ്ക്കരുതെന്നാണ്. ചൈനീസ് വാസ്തുശാസ്ത്രപ്രകാരമാണ് വീട്ടിൽ അക്വേറിയവും മുളച്ചെടികളും വയ്ക്കുന്നത്). വെറുതെ ഏതെങ്കിലും മീൻ പിടിച്ചിട്ടാലൊന്നും ഗുണമില്ല. എട്ട് സ്വർണമീനുകളും ഒരു കറുത്ത മീനും വേണമത്രെ. ആർക്കെങ്കിലും വരാൻ പോകുന്ന ദോഷങ്ങൾ മീൻ ഏറ്റുവാങ്ങി ചാകും. മീൻ ചത്താലുടൻ പുതിയ മീനിനെ ഇട്ട് എണ്ണം ഒൻപതാക്കാൻ മറക്കരുത്. (ഇതേത് മനുഷ്യാലയ ചന്ദ്രികയാണാവോ ഉള്ളത്). തമാശ ഇതല്ല, അക്വേറിയം വയ്ക്കാൻ സാധ്യമാവാത്തവർക്ക് അക്വേറിയത്തിന്റെ ചിത്രം വയ്ക്കുകയോ കമ്പ്യൂട്ടറിൽ അക്വേറിയത്തിന്റെ സ്ക്രീൻ സേവർ ഇടുകയോ ചെയ്താലും ഫലം ഉണ്ടാവുമത്രെ(ചേന്നാസ് നമ്പൂതിരിയുടെ കാലത്തൊക്കെ കമ്പ്യൂട്ടർ? ഉണ്ടായിരിന്നിരിക്കും, അല്ലെങ്കിൽ ദിവ്യദൃഷ്ടി).
        ‘ഡോക്ട’റുടെ തന്നെ മറ്റൊരു ലേഖനം ഓഫീസിൽ എങ്ങോട്ട് തിരിഞ്ഞിരിക്കണം എന്നതിനെപ്പറ്റിയാണ്. ബിസിനസ് കാരനോ മാനേജരോ വടക്കോട്ട് നോക്കിയിരിക്കണമത്രെ. കുബേരന്റെ ദിക്ക് വടക്കാണത്രെ. അതിനാൽ വടക്കോട്ട് നോക്കിയിരുന്നാലേ കുബേരനാവുകയുള്ളൂ. (കരുനാഗപ്പള്ളിയിലെ ഒരു വലിയ തുണിക്കട. മാനേജർ വടക്കോട്ട് നോക്കിയിരിക്കും. അടുത്തിടെ ഒരു തീപിടിത്തത്തിൽ നല്ലൊരു ഭാഗം കത്തിപ്പോയി. ഒരുപക്ഷേ അഗ്നിദേവനും വടക്കായിരിക്കും ഇരിക്കുന്നത്.) തെക്കോട്ടും പടിഞ്ഞാറോട്ടും ഒരു കാരണവശാലും നോക്കിയിരിക്കരുതത്രെ. കേരളത്തിലെ ദേശീയപാത മിക്കവാറും തെക്ക് – വടക്കായാണ് കിടക്കുന്നത്. ദേശീയപാതയ്ക്കിരുവശവുമായി പതിറ്റാണ്ടുകളായി വ്യാപാരം നടത്തുന്നവർ കൂടുതലും റോഡിന് അഭിമുഖമായാണ് ഇരിക്കുന്നത്. അതായത് ഒന്നുകിൽ കിഴക്കോട്ട് അല്ലെങ്കിൽ പടിഞ്ഞാറോട്ട്. കാലങ്ങളായി അവരൊക്കെയും ജീവിച്ചു പോകുന്നുണ്ട്.  ലേഖനത്തിനൊപ്പം കൊടുത്തിരിക്കുന്ന ചിത്രത്തിൽ എല്ലാ വശങ്ങളിലേക്കും തിരിഞ്ഞിരുന്ന് ജോലിചെയ്യുന്നവരെയാണ് കാണിച്ചിരിക്കുന്നത്. അപ്പോൾ ആ ഓഫീസിന്റെ അവസ്ഥ എന്തായിരിക്കുമെന്നാണ് ‘ഡോക്ടർ’ കരുതുന്നത്. ആ ലേഖനത്തിൽ തന്നെ മറ്റൊരിടത്ത് വടക്ക് കിഴക്കോട്ട് ഇരിക്കുന്നതാണ് ഏറ്റവും നല്ലതെന്ന് പറഞ്ഞിരിക്കുന്നു.  ഓരോ ഇഞ്ച് സ്ഥലവും ഉപയോഗിക്കുന്ന ഈ കാലത്ത് വടക്ക് കിഴക്കോട്ടിരിക്കുവാൻ ഓഫീസ് കെട്ടിടം വടക്ക് കിഴക്കോട്ട് തിരിഞ്ഞ് നിൽക്കുന്ന തരത്തിൽ പണിയേണ്ടി വരുമല്ലോ. സർക്കാരാപ്പീസൊക്കെ പൊളിച്ചു പണിയാനുള്ള കാലമായെന്നു തോന്നുന്നു.
        ഇതൊക്കെ എവിടെനിന്ന് കണ്ടെത്തുന്നതാണാവോ. കയ്യിലിരിക്കുന്ന കാശും കൊടുത്ത് എന്ത് മണ്ടത്തരവും കേട്ട് അതുപോലെ ചെയ്യാൻ ആളിരിക്കുമ്പോൾ പറയുന്നതിലെന്തിന് കുറവ് വരുത്തണം. വായിൽ തോന്നുന്നത് കോതയ്ക്ക് പാട്ടെന്ന മട്ടിൽ പറയാൻ നാണമില്ലല്ലോ എന്നതാണ് അത്ഭുതം.

Wednesday, November 28, 2012

സച്ചിനൊപ്പം ആരെല്ലാമാണ് വിരമിക്കുന്നത് ?


സച്ചിൻ  തെണ്ടുൽകർ ക്രിക്കറ്റിൽ നിന്ന് വിരമിക്കണമെന്ന് പറയുന്നത് കേൾക്കാൻ തുടങ്ങിയിട്ട് എട്ട് വർഷങ്ങളെങ്കിലും ആയിട്ടുണ്ടാവും. ടെന്നീസ് എൽബോ എന്ന് നമ്മളൊക്കെ ആദ്യമായി കേട്ടത് 2004 ൽ ആവണം. അതിനു ശേഷവും എത്ര വിലോഭനീയ സെഞ്ച്വറികൾ, അവിസ്മരണീയ പ്രകടനങ്ങൾ …“ഞാൻ ദൈവത്തെ കണ്ടു, അദ്ദേഹം നാലാം നമ്പരായി ഇന്ത്യൻ ടീമിൽ ബാറ്റ് ചെയ്യുന്നു” എന്ന് മാത്യു ഹെയ്ഡൻ പറഞ്ഞതും “സച്ചിൻ 21 വർഷം ഇന്ത്യയെ ചുമലിലേറ്റി, ഇത് അദ്ദേഹത്തെ ചുമലിലേറ്റാൻ കിട്ടിയ അവസരമാണ്” എന്ന് ലോകകപ്പ് ജയിച്ച ശേഷം വിരാട് കോഹ്‌ലി പറഞ്ഞതുമെല്ലാം ആരാധകരെ എന്നെന്നും   ഉന്മാദികളാക്കിയേക്കാം.    പക്ഷെ എത്ര വലിയ മഹാരഥൻ ആണെങ്കിലും ഒരുനാൾ ക്രീസ് വിട്ട് തിരിഞ്ഞ് നടക്കേണ്ടിവരും.   
സ്വരം നന്നായിരിക്കുമ്പോൾ പാട്ട് നിർത്തുന്നതല്ലേ നല്ലതെന്ന് ചിലർ ചോദിക്കും. ആയിരിക്കാം..അല്ലായിരിക്കാം.. അതൊക്കെ ഓരോരുത്തരുടെയും കാഴ്ചയുടെയും കാഴ്ചപ്പാടിന്റെയും ഏറ്റക്കുറച്ചിലുകൾക്കും വ്യതിയാനങ്ങൾക്കും അനുസൃതമായി മാറിവരാം. പെട്ടെന്നൊരുനാൾ എഴുത്ത് നിർത്തി മൌനത്തിന്റെ വാത്മീകത്തിൽ ഒളിച്ചവർ എത്ര പേരുണ്ടാവാം. എൻ.എസ്.മാധവനെപ്പോലെ, എം.സുകുമാരനെപ്പോലെ രണ്ടാം വരവ് പഴയതിലും മികച്ചതാക്കിയവർ എത്രയുണ്ടാവാം.
പക്ഷെ ഓരോ നിമിഷവും ഉണർവ് ആവശ്യപ്പെടുന്ന കായികമത്സരങ്ങളിൽ ഒരു തിരിച്ചുവരവ് അചിന്തനീയമായതിനാൽ ഓരോ കളിക്കാരനും ടീമിൽ നിന്ന് പുറത്താകാതെ നിൽക്കാൻ പരമാവധി  ശ്രമിക്കുന്നുവെന്നത് ഒരു തെറ്റായി കാണാനാവില്ല. രാജ്യത്തിന്റെയും ടീമിന്റെയും ഉത്തമ താത്പര്യം നോക്കി സെലക്ടർമാർ തീരുമാനിക്കേണ്ട കാര്യമാണത്. പഴയകാല പെരുമയുടെ പേരിൽ അതിലും മികച്ചവർക്ക് ഇടം നൽകാതെ ടീമിൽ കടിച്ചുതൂങ്ങിക്കിടക്കുവാൻ അവസരം നൽകാതിരിക്കുകയാണ് വേണ്ടത്.
നമുക്ക് സച്ചിനിലേക്ക് തിരിച്ചുവരാം. സച്ചിൻ വിരമിക്കണമെന്ന് ഇപ്പോൾ മുറവിളി ഉയരുന്നതിന് കാരണം കഴിഞ്ഞ പത്ത് ടെസ്റ്റ് ഇന്നിംഗ്സുകളിൽ നിന്ന് മികച്ച ഒരു സ്കോർ പോലും കണ്ടെത്താനായില്ലെന്നതിനാലാണ്.   2012 ജനുവരി 13ന് ശേഷം സച്ചിൻ കളിച്ച മത്സരങ്ങൾ ഇവയാണ്.  ആസ്ട്രേലിയക്കെതിരെയുള്ള രണ്ട് മത്സരങ്ങൾ, ന്യൂസിലണ്ടിനെതിരെയുള്ള രണ്ട് മത്സരങ്ങൾ, ഇപ്പോൾ ഇംഗ്ലണ്ടിനെതിരെ രണ്ട് മത്സരങ്ങൾ. ഓരോ ഇന്നിംഗ്സുകളിലെയും സ്കോർ ഇപ്രകാരമാണ് – 15,8,25,13,19,17,27,13,8,8. തന്റെ നൂറാം അന്താരാഷ്ട്ര സെഞ്ച്വറി 2012 മാർച്ചിൽ പൂർത്തിയാക്കിയതിന് ശേഷം ഇതുവരെ മൂന്നക്കം കാണാനായിട്ടില്ല. അവസാനം കളിച്ച ഏകദിനമത്സരത്തിൽ (18/03/2012)  പാകിസ്ഥാനെതിരെ 52 റൺസ് നേടിയിരുന്നു. അവസാന ടെസ്റ്റ് സെഞ്ച്വറി രേഖപ്പെടുത്തിയത് 15 കളികൾക്ക് മുൻപ്.
ഇത് സച്ചിന്റെ സ്ഥിതിവിവരക്കണക്കുകൾ. ഒരാളെ പഴി പറയുമ്പോൾ മറ്റുള്ളവരുടെ മേന്മകൂടി പരിശോധിക്കണമല്ലോ. ആദ്യമായി ക്യാപ്റ്റൻ എം.എസ്. ധോണിയുടെ കാര്യമെടുക്കാം. മേല്പറഞ്ഞ കളികളിൽ ക്യാപ്റ്റന്റെ കളി ഇപ്രകാരമാണ് – 12,2,73,62,48*,5,29,6. അവസാന സെഞ്ച്വറി ഒരുവർഷം മുൻപായിരുന്നു. 2010 ഫെബ്രുവരിക്ക് ശേഷം കളിച്ച 29 കളികളിൽ നിന്നായി ഒരു സെഞ്ച്വറി മാത്രമാണ് ധോണിക്ക് നേടാനായത്. കരിയർ ബാറ്റിംഗ് ശരാശരി 37.69. സച്ചിന്റെ ബാറ്റിംഗ് ശരാശരി 54.6 ആണെന്നോർക്കണം.
ഇനി 100 ടെസ്റ്റ് കളിച്ചിട്ടുള്ള, രണ്ട് ട്രിപ്പിൾ സെഞ്ച്വറി നേടിയിട്ടുള്ള വീരേന്ദർ സേവാഗിന്റ്റെ സമീപകാലപ്രകടനങ്ങളുടെ കണക്ക് നോക്കാം. 2012ൽ ഇങ്ങനെ- 0,10,18,62,47,43,38,117,25,30,9. അവസാന സെഞ്ച്വറി ഇംഗ്ലണ്ടിനെതിരെയുള്ള ഒന്നാം ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സിൽ നിന്ന്. 2010 നവംബറിന് ശേഷമുള്ള 18 മത്സരങ്ങളിലെ ഏക സെഞ്ച്വറി. ബാറ്റിംഗ് ശരാശരി – 50.51.
ഗൌതം ഗംഭീർ 2010 ജനുവരിക്ക് ശേഷം നടന്ന 24 കളികളിലും മൂന്നക്കം കടന്നില്ല. 2012ലെ സ്കോർ ഇങ്ങനെ രേഖപ്പെടുത്താം. 31,14,34,3,22,2,34,45,4,65. കരിയർ ബാറ്റിംഗ് ശരാശരി 44.13.
അർബുദത്തെ അതിജീവിച്ച് കടന്നുവന്ന യുവരാജ്സിംഗ് 2012ൽ കളിച്ച രണ്ട് കളികളിലെ മൂന്ന് ഇന്നിംഗ്സുകളിൽ നിന്നായി 74,0,8 എന്നീ സ്കോർ നേടി. യുവരാജിന്റെ അവസാന ടെസ്റ്റ് സെഞ്ച്വറി 2007 ഡിസംബറിൽ പാകിസ്ഥാനെതിരെ ആയിരുന്നു. അതിനുശേഷം 19 കളികൾ കളിച്ചു. ശരാശരി -34.38.
ഇനി ടീമിൽ ബാക്കിയുള്ള പ്രധാന ബാറ്റ്സ്മാന്മാർ യുവതാരങ്ങളായ വിരാട് കോഹ്‌ലി, സുരേഷ് റെയ്ന, ചേതേശ്വർ പൂജാര എന്നിവരാണ്. അവരാകട്ടെ ഇതുവരെ 1000 റൺസ് തികച്ചവരല്ല. കോഹ്‌ലി 12 മത്സരങ്ങളിലെ 22 ഇന്നിംഗ്സുകളിൽ നിന്നായി 38.1 ശരാശരിയിൽ രണ്ട് സെഞ്ച്വറികൾ ഉൾപ്പെടെ 762 റൺസ് നേടിയിട്ടുണ്ട്. റെയ്ന കളിച്ചത് 17 മത്സരങ്ങൾ, 29 ഇന്നിംഗ്സുകൾ, നേടിയത് 768 റണ്ണുകൾ, ഒരു സെഞ്ച്വറി, ശരാശരി- 28.44. ആദ്യ ടെസ്റ്റ് മത്സരത്തിലെ ആദ്യ ഇന്നിംഗ്സിൽ നിന്ന് ഏക സെഞ്ച്വറി. ശേഷം രണ്ടക്കത്തിനപ്പുറമെത്താതെ 16 കളികൾ. പിന്നെ പുത്തൻ താരോദയമായ പൂജാര. കളിച്ച് ഏഴ് മത്സരങ്ങളിലെ 12 ഇന്നിംഗ്സുകളിൽ നിന്നായി 711 റണ്ണുകൾ. അവസാനം കളിച്ച നാലിൽ മൂന്നിലും സെഞ്ച്വറി.
2012ൽ ഇന്ത്യൻ ക്രിക്കറ്റ് കളിക്കാർ ടെസ്റ്റിൽ നേടിയത് 6 സെഞ്ച്വറികൾ മാത്രം. അവയിൽ മൂന്ന് പൂജാരയും രണ്ട് കോഹ്‌ലിയും ഒന്ന് സേവാഗും സ്വന്തം പേരിൽ ചേർത്തു.
1989ൽ തുടങ്ങിയ കളി സച്ചിൻ ഈ മുപ്പത്തിയൊൻപതാം വയസ്സിലും തുടരുന്നുവെന്നത് ഭാഗ്യത്തിന്റെയോ ആകസ്മികതയുടെയോ പുറത്തല്ല, ക്രിക്കറ്റിനോടുള്ള അടങ്ങാത്ത ആവേശത്തിന്റെയും അർപ്പണത്തിന്റെയും പരിശീലനത്തിന്റെയും പിൻബലത്തിലാണ്. ഏകദിനക്രിക്കറ്റിന്റെ ചരിത്രത്തിലെ ആദ്യ ഇരട്ട സെഞ്ച്വറി സച്ചിൻ നേടിയിട്ട് രണ്ട് വർഷം കഴിഞ്ഞിട്ടേയുള്ളൂ. ട്വന്റി-ട്വന്റിയിൽ സെഞ്ച്വറി നേടാൻ എത്ര താരങ്ങൾക്കായിട്ടുണ്ട്. സച്ചിൻ അതും നേടി- ഇന്ത്യൻ പ്രീമിയർ ലീഗിൽ. ഇതൊക്കെയും വിരമിക്കണമെന്ന ആവശ്യം കേട്ടുതുടങ്ങിയതിന് ശേഷം.
സച്ചിൻ മാച്ച് വിന്നറല്ല എന്നത് മറ്റൊരു പരാതി. സച്ചിൻ നേടിയ 49 ഏകദിന സെഞ്ച്വറികളിൽ 34 എണ്ണത്തിൽ ഇന്ത്യ വിജയിച്ചു. 2010ൽ ആസ്ട്രേലിയക്കെതിരെ നടന്ന അഞ്ചാം ഏകദിനത്തിൽ സച്ചിൻ 141 പന്തിൽ 175 റൺസ് നേടിയിട്ടും ഇന്ത്യക്ക് ജയിക്കാനായില്ലെങ്കിൽ അത് ആരുടെ പുറത്ത് ചാരേണ്ടുന്ന കുറ്റമാണ്?
ചലച്ചിത്രരംഗത്ത് നിന്ന് പുറത്തായാലും ഒരു നടന് സ്വന്തമായി സിനിമ നിർമ്മിച്ച് നായകനായി അഭിനയിക്കാനാവും (പടം കാണണോയെന്ന് ജനം തീരുമാനിക്കും). പത്രാധിപർ തള്ളിക്കളഞ്ഞ കൃതികൾ സ്വന്തമായി പ്രസിദ്ധീകരിക്കാൻ എഴുത്തുകാരനാവും(വായിക്കണമോയെന്ന് വായനക്കാർ തീരുമാനിക്കും). സ്പോർട്സിൽ അതാവില്ല. കായികരംഗത്തെ നേട്ടങ്ങൾ ആപേക്ഷികമായല്ല, കൃത്യമായ കണക്കുകളാൽ രേഖപ്പെടുത്താനാവുന്നതാണ്. സാങ്കേതികമായി അതീവസൂക്ഷ്മതയോടെ തയ്യാറാക്കുന്ന റാ‍ങ്ക് പട്ടികകൾക്ക് കള്ളം പറയാനാവില്ലല്ലോ. നിലവിലെ ഐ.സി.സി. ടെസ്റ്റ് റാങ്കിംഗ് പ്രകാരം ഏറ്റവും മുകളിലുള്ള ഇന്ത്യൻ ബാറ്റ്സ്മാൻ  18 ആം റാങ്കിലുള്ള സച്ചിനാണ്. ആദ്യ ഇരുപതിലുള്ള ഏക ഇന്ത്യക്കാരൻ. തുടർന്ന് 21 ആമത് പൂജാര. സേവാഗ്-25, ഗംഭീർ-37, കോഹ്‌ലി-38, ധോണി-40. കഴിഞ്ഞ നാല് ടെസ്റ്റുകളിലെ മികച്ച പ്രകടനമാണ് പൂജാരയെ രണ്ടാമത്തെ ഇന്ത്യൻ കളിക്കാരനാക്കിയത്. മോശം പ്രകടനങ്ങൾ ഇതുപോലെ അതിവേഗം റാങ്കിംഗിൽ താഴേക്കുമെത്തിക്കും. ഇപ്പോഴും സച്ചിൻ ഒന്നാമത് തന്നെയാണ് എന്നതോർക്കുക. മുൻ‌നിര കളിക്കാരിലെ ഏറ്റവും മികച്ച കരിയർ ബാറ്റിംഗ് ശരാശരിയും മറ്റാർക്കുമല്ല.
ഇനി പറയുക, സച്ചിനൊപ്പം ആരൊക്കെ വിരമിക്കണമെന്ന്.
കാലത്തിന്റെ പോക്കിൽ സച്ചിൻ അടയാളപ്പെടുത്തിയ, ഇനിയൊരിക്കലും ആർക്കെങ്കിലും തകർക്കാനാവുമോയെന്ന് സംശയിക്കുന്ന റെക്കോർഡുകൾ തിരുത്തിയെഴുതപ്പെട്ടേക്കാം. സച്ചിന്റെ കരവിരുതാൽ നേടപ്പെട്ട കിരീടങ്ങളും  പരമ്പരകളും വിസ്മൃതിയിലായേക്കാം.
“താങ്കൾ ശ്വസിച്ച അതേ വായു ശ്വസിക്കുവാൻ അനുവദിച്ച താങ്കൾക്ക് എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ തൊട്ട് നന്ദി പറയുന്നു” എന്ന് പറഞ്ഞത് ഷാരൂഖ് ഖാൻ ആണ്. ലതാമങ്കേഷ്കർ പറഞ്ഞത് “സച്ചിൻ എന്നെ അമ്മയെപ്പോലെ കരുതുന്നു, ഞാൻ അവന് വേണ്ടി മകനായിട്ടെന്നപോലെ പ്രാർത്ഥിക്കുന്നു” എന്നാണ്. “സച്ചിൻ എന്നും ശ്രദ്ധാകേന്ദ്രമായിരുന്നു. അതിൽ നിന്ന് പുറത്ത് വരാൻ അദ്ദേഹം ആഗ്രഹിച്ചില്ല. അദ്ദേഹം ആത്മാർപ്പണത്തോടെ ബാറ്റ് ചെയ്തു.  പഠിക്കേണ്ട വലിയ ഒരു പാഠമാണത്” എന്ന് പറഞ്ഞത് മാർട്ടിന നവരത്ത്ലോവയാണ്. യൂസഫലി കേച്ചേരി സച്ചിനെപ്പറ്റി എഴുതിയത് ഇങ്ങനെയാണ്.
“ചാരുകായിക കലാംഗന തൻ നെറ്റിത്തട്ടിൽ
ഭാരതം തൊടുവിച്ച ചാന്തുപൊട്ടത്രേ സച്ചിൻ”.
മറ്റെല്ലാം മറന്നാലും ഇതുപോലെ വിരുദ്ധമായ താത്പര്യങ്ങളെ സമ്മേളിപ്പിച്ച, പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ, സ്ത്രീയെന്നോ പുരുഷനെന്നോ, അപ്പൂപ്പനെന്നോ കൊച്ചുമക്കളെന്നോ വ്യത്യാസമില്ലാതെ വിജാതീയ വാസനകളെ ഒരേ ബിന്ദുവിൽ കേന്ദ്രീകരിപ്പിച്ച ഒരാളെന്ന നിലയ്ക്ക് സച്ചിൻ എന്നെന്നും ഓർമ്മിക്കപ്പെടുകതന്നെ ചെയ്യും.

സച്ചിനൊപ്പം ആരൊക്കെ വിരമിക്കണമെന്ന ചോദ്യത്തിന്  ഉത്തരം കിട്ടിയില്ല. നിങ്ങൾക്ക് ഉത്തരമുണ്ടോ?

Thursday, February 23, 2012

വാസ്തുവും ഫെങ് ഷ്വയിയും - വിരുദ്ധ വിശ്വാസങ്ങള്‍







(ഫെങ്  ഷ്വയി വിശ്വാസമനുസരിച്ചുള്ള ബുദ്ധ പ്രതിമകള്‍)

   ഫെങ് ഷ്വയി എന്ന ചൈനീസ് വാസ്തുശാസ്ത്രത്തിന്‍ ഭാ‍രതീയ-കേരളീയ വാസ്തുശാസ്ത്രത്തോടൊപ്പം കേരളത്തില്‍ വളരെയധികം പ്രചാരം നല്‍കുന്നതിന്‍ മലയാള മനോരമ മുന്‍പ് ശ്രമിക്കുകയും അതില്‍ വിജയിക്കുകയും ചെയ്തിരുന്നു. ഫെങ് ഷ്വയി സംബന്ധമായ ധാരാ‍ളം ലേഖനങ്ങള്‍ മനോരമയുടെ ഓണലൈന്‍ എഡിഷനില്‍ ലഭ്യമായിരുന്നു. എന്നാല്‍ എന്തുകൊണ്ടാണെന്നറിയില്ല മനോരമയും ഫെങ് ഷ്വയിയും തമ്മില്‍ തെറ്റിയിരിക്കുന്നു. ചൈനീസ് വാസ്തു ശാസ്ത്രം സംബന്ധിച്ച ലേഖനങ്ങളെല്ലാം തന്നെ മനോരമ ഓണ്‍ ലൈന്‍ എഡിഷനില്‍ നിന്ന് പിന്‍ വലിച്ചിരിക്കുന്നു. (തന്റെ വാസ്തുശാസ്ത്രം അനുസരിച്ചുള്ള വീടുകള്‍ക്കുള്ള  പ്ലാനുകളുടെ പുതിയ പുസ്തകം പ്രസിദ്ധീകരണത്തിന് നല്‍കണമെങ്കില്‍ ചൈനീസ് ശാസ്ത്രത്തെ ഉപേക്ഷിക്കണമെന്നെങ്ങാനും കാണിപ്പയ്യൂര്‍ നിബന്ധന വച്ചോയെന്ന് അറിഞ്ഞുകൂടാ)
       അതെന്തായാലും ഭാരതീയ വാസ്തുശാസ്ത്രവും ചൈനീസ് വാസ്തുശാസ്ത്രവും ഒന്നിച്ച് നോക്കുന്നവരുടെ എണ്ണം കൂടി വരുന്നുണ്ട്. അതിന്റെ തെളിവാണല്ലോ വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും ഇരിക്കുന്ന “ചിരിക്കുന്ന ബുദ്ധ”ന്റെ പ്രതിമയും “ഭാഗ്യമുള”യും അക്വേറിയവും മറ്റും. എന്നാല്‍ വാസ്തുശാസ്ത്രവും ഫെങ് ഷ്വയിയും തമ്മില്‍ കൊമ്പുകോര്‍ത്താല്‍ എന്ത് ചെയ്യും.
     “ÕÞØíÄáÖÞØídÄ¢ ¥ÈáØøß‚í Õà¿í ÎÈá×cÈá ÎÞdÄ¢ ÄÞÎØßAÞÈáU ØíÅÜÎÞÃí. ¥ÄáæµÞIí Õà¿ßÈáUßW Ëß×í¿ÞCí ÕÏíAáKÄßæÈ ÕÞØíÄá çdÉÞrÞÙßMßAáKßÜï. Õà¿ßÈáUßW 溿ߵZ ÕÏíAáKÄᢠ©JÎÎæÜïKá ÕÞØíÄá ÉùÏáKá. ÎàÈßæÈ Õ{VJÞX ÄÞWÉøcÎáUÕV ÎáxçJÞ ÉâçLÞGJßçÜÞ æºùßÏ µá{ÎáIÞAß Õ{VJáKÄá æµÞIá µáÝMÎßÜï.  മനോരമയിലെ വാസ്തു കണ്‍സള്‍ട്ടന്റ് ശ്രീ.മനോജ്.എസ്.നായരുടെ അഭിപ്രായമാണിത്


   (വിവിധ രീതിയില്‍ സജ്ജീകരിച്ച ഭാഗ്യമുളകള്‍) എന്നാല്‍ ഫെങ് ഷ്വയി അനുസരിച്ച് മുളയുടെ ബലം മനുഷ്യന്റെ നല്ല ആരോഗ്യത്തെ സൂചിപ്പിക്കുന്നു. അതിനാല്‍ ഭാഗ്യമുള വീട്ടിനുള്ളില്‍ വയ്ക്കുന്നത് വളരെ നല്ലതാണ്. പലനിറങ്ങളിലുള്ള ചെറിയ പാറക്കഷണങ്ങള്‍ക്കിടയില്‍ വച്ച്  നന്നായി അലങ്കരിച്ച മുള പുതിയ വീട്ടില്‍ താമസമാകുന്നവര്‍ക്ക് സമ്മാനമായി നല്‍കുക പതിവാണ്. വിവാഹസമ്മാനമായും ചൈനീസ് പുതുവര്‍ഷത്തിനും ഭാഗ്യമുള സമ്മാനമായി നല്‍കുന്നു.
(ഫെങ് ഷ്വയ് അക്വേറിയങ്ങള്‍)
       ഇനി വീടിനുള്ളില്‍ ഫിഷ് ടാങ്ക് വയ്ക്കുന്നതിനെപ്പറ്റി ഫെങ് ഷ്വയി പറയുന്നതെന്താണെന്ന് നോക്കാം. അക്വേറിയം ഫെങ് ഷ്വയി പ്രകാരമുള്ള അഞ്ച് ധനാകര്‍ഷണ വസ്തുക്കളെ പ്രതിനിധാനം ചെയ്യുന്നു. ജലം, തടി(അക്വേറിയത്തിനുള്ളിലെ സസ്യങ്ങള്‍), ലോഹം(അക്വേറിയം നിര്‍മ്മിക്കാനുപയോഗിക്കുന്നത്), ഭൂമി(അക്വേറിയത്തിനുള്ളിലുള്ള മണ്ണ്, കല്ല് തുടങ്ങിയവ), അഗ്നി(അക്വേറിയത്തിനുള്ളിലെ മഞ്ഞ, സ്വര്‍ണ്ണ മത്സ്യങ്ങളും അതിനുള്ളിലെ വൈദ്യുത വിളക്കുകളും) എന്നിവയെല്ലാം ഒത്തുചേര്‍ന്ന അക്വേറിയം  വീ‍ട്ടിനുള്ളില്‍ വയ്ക്കുന്നത് ഐശ്വര്യം പ്രദാനം ചെയ്യുമെന്ന് ഫെങ് ഷ്വയി ശാസ്ത്രകാരന്മാര്‍ ഉറപ്പിച്ച് പറയുന്നു.
       വാസ്തു ശരിയെങ്കില്‍ ഫെങ് ഷ്വയി തെറ്റ്. മറിച്ചാണെങ്കില്‍ വാസ്തു തെറ്റ്. ഇത് രണ്ടും കൂടി എങ്ങനെ ഒന്നിച്ച് ശരിയാകും? ഏതാണ് തെറ്റെന്ന് എങ്ങനെയറിയും. അതുകൊണ്ട് രണ്ടും ഇരിക്കട്ടെ. അല്ലേ.
(ഫെങ് ഷ്വയ് പ്രകാരം സസ്യങ്ങളും അക്വേറിയവുമായി മുറി സജ്ജീകരിച്ചിരിക്കുന്നു)

Monday, December 19, 2011

ചലച്ചിത്ര അക്കാദമി ചെയര്മാ ന്റെ ഉപദേശം കൊള്ളാം.


ചലച്ചിത്ര അക്കാദമി ചെയര്‍മാനും മന്ത്രിയും മറ്റു ചിലരും ചേര്‍ന്ന് സംസ്ഥാന ചലച്ചിത്രോത്സവത്തെ ആദിമധ്യാന്തം ഒരു കൂവല്‍ മേള ആക്കിയതിനു പിന്നാലെ ചെയര്‍മാനായ ശ്രീ.പ്രിയദര്‍ശനുമായി നടത്തിയ ഒരു അഭിമുഖം ദേശാഭിമാനി വാരാന്തപ്പതിപ്പി(ഡിസംബര്‍ 18)ല്‍ വന്നത് വായിക്കുകയുണ്ടായി. മേളയിലെ ഒരു സിനിമാ പോലും തിരക്ക് (സ്വന്തം) കാരണം കാണാനായില്ലെന്ന് പറഞ്ഞ പ്രിയദര്‍ശന്‍ മേളയ്ക്ക് കൊടിയിറങ്ങിയ വെള്ളിയാഴ്ച ദിവസം മറ്റൊരു തിരക്കിലുമായിരുന്നു, സ്വന്തം സിനിമ “അറബീം ഒട്ടകോം പി.മാധവന്‍ നായരും” ലോകമാകെ റിലീസ് ചെയ്യുന്നതിന്റെ ( ജൂറിയുടെ സ്വന്തം സിനിമ ഫെസ്റ്റിവലില്‍ മത്സരിക്കാന്‍ അനുവദിക്കുകയില്ലെന്നത്  പോലെ മേളയ്ക്കിടയില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്റെ ചിത്രം റിലീസ് ചെയ്യരുതെന്നും ഒരു വ്യവസ്ഥ വേണ്ടേ? കുറഞ്ഞത് ധാര്‍മ്മികമായെങ്കിലും)
ഫിലിം ഫെസ്റ്റിവലുകള്‍ സംഘടിപ്പിക്കുന്നത് പ്രധാനമായും മറ്റു രാജ്യങ്ങളിലെ സിനിമയെയും സംസ്കാരത്തെയും  പുത്തന്‍ സാങ്കേതിക വിദ്യകളെയും അടുത്തറിയുവാനും നമ്മുടെ ചലച്ചിത്രങ്ങളെയും ചലച്ചിത്രകാരന്മാരെയും വിദേശ സിനിമാ പ്രവര്‍ത്തകര്‍ക്ക് പരിചയപ്പെടുത്തിക്കൊടുക്കുവാനും പ്രദര്‍ശിപ്പിക്കപ്പെടുന്ന ചിത്രങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് പുതിയ ചിത്രങ്ങള്‍ നിര്‍മ്മിക്കുവാനുമൊക്കെയാണെന്നാണ് ഞാന്‍ കരുതുന്നത്. ശരിയാണോയെന്ന് അറിഞ്ഞുകൂടാ.  പുതിയ സംവിധായകര്‍ പ്രിയദര്‍ശനെ  പോലെയാകാന്‍ എന്ത് ചെയ്യണമെന്ന അഭിമുഖകാരന്റെ ചോദ്യത്തിന്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്റെ ഉത്തരം ഞെട്ടിപ്പിക്കുന്നതായിരുന്നു. ”സിനിമയെ ഇഷ്ടപ്പെടണം, നന്നായി കോപ്പി അടിക്കാന്‍ പഠിക്കണം. ആളുകള്‍ക്ക് മനസ്സിലാകാത്ത വിധം കോപ്പി അടിക്കണം”
ഒരു ചലച്ചിത്രം കണ്ട് ഇഷ്ടപ്പെട്ടാ‍ല്‍ അതില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് പുതിയ സിനിമ എടുക്കന്നതിനെപ്പറ്റിയല്ല അദ്ദേഹം പറയുന്നത്, അത് എങ്ങനെ വിദഗ്ദ്ധമായി പകര്‍ത്തണമെന്നാണ്. പ്രിയദര്‍ശന് അങ്ങനെ പറയാം. പക്ഷെ അദ്ദേഹം സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കൂടിയാണ്. ചെയര്‍മാന്‍ അത് പറയരുതായിരുന്നു.  

Sunday, December 18, 2011

പരിണാമസിദ്ധാന്തം പുതിയ വഴികള്‍- ഈ പുസ്തകം വായിച്ചോ ?



“ഭൂമിയിലെ ജൈവസമ്പത്ത് ഇന്ന് തികച്ചും വ്യത്യസ്തമായ ഒരു ഭീഷണിയെ നേരിട്ടുകൊണ്ടിരിക്കുകയാണ്.  മനുഷ്യന്‍ അവന്റെ പരിസ്ഥിതിയില്‍ നടത്തുന്ന അനിയന്ത്രിതമായ ഇടപെടല്‍ ഭൂമുഖത്തെ അനവധി ജീവജാലങ്ങളുടെ അപ്രത്യക്ഷമാകലിലേക്കും അതുവഴി ജീവലോകത്തിന്റെ സന്തുലിതാവസ്ഥ തന്നെ  തകിടം മറിയുന്ന തരത്തിലേക്കും വളര്‍ന്നുകൊണ്ടിരിക്കുന്നു. സൃഷ്ടിവാദം മനുഷ്യനെ ചുറ്റുപാടുമുള്ള ജീവികളില്‍ വച്ച് പ്രഥമസ്ഥാനത്ത് അവരോധിക്കുന്നു. എന്നാല്‍ പരിണാമസിദ്ധാന്തം മനുഷ്യന്‍ മറ്റു ജീവജാലങ്ങളോടൊപ്പം സന്തുലിതമായ പരിണാമ പ്രക്രിയയിലെ ഭാഗമാണെന്ന് തെളിയിച്ചു. പ്രകൃതിയെ ചൂഷണം ചെയ്യുന്നതില്‍ പുലര്‍ത്തേണ്ട മാന്യതയെ അതോര്‍മ്മിപ്പിക്കുന്നു. ജീവിക്കുന്ന ഓരോ മനുഷ്യനും പരിണാമ സിദ്ധാന്തത്തെ ശരിയായി മനസ്സിലാക്കേണ്ടത് മനുഷ്യാവസ്ഥയുടെ നിലനില്പിന് തന്നെ ആവശ്യമാണെന്ന് വന്നിരിക്കുന്നു. അതുകൊണ്ടുതന്നെ പരിണാമ സിദ്ധാന്തം മനസ്സിലാകാത്തവര്‍ക്ക്  അത് മനസ്സിലാക്കിക്കൊടുക്കേണ്ടത് ആ സിദ്ധാന്തം ശരിയായി മനസ്സിലാക്കിയിട്ടുള്ള ഓരോരുത്തരുടെയും കടമയാണ്.”
അതുകൊണ്ടുതന്നെ മേല്പറഞ്ഞ കാര്യങ്ങള്‍ ഉള്‍ക്കൊണ്ടിരിക്കുന്ന, ജീവന്‍ ജോബ് തോമസിന്റെ “പരിണാമസിദ്ധാന്തം പുതിയ വഴികള്‍ കണ്ടെത്തലുകള്‍’‘ എന്ന പുസ്തകത്തെപ്പറ്റി കേട്ടിട്ടില്ലാത്തവര്‍ക്ക് ആ പുസ്തകത്തെ ചെറുതായെങ്കിലും പരിചയപ്പെടുത്തിക്കൊടുക്കേണ്ടത് എന്റെ കൂടി കടമയാണെന്ന് കരുതുന്നു. പ്രസ്തുത പുസ്തകം ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള കുറെയധികം ലേഖനങ്ങളുടെ സമാഹാരമാണ്. “കുരങ്ങ്മുതുമുത്തച്ഛന്മാരും നമ്മളും”,“വീണ്ടെടുക്കപ്പെടുന്ന കണ്ണികള്‍” തുടങ്ങിയ ലേഖനങ്ങള്‍ പരിണാമസിദ്ധാന്തത്തെപ്പറ്റിയും ജീവശാസ്ത്ര മേഖലയിലുണ്ടായ പുത്തന്‍ അറിവുകളെപ്പറ്റിയും ശ്രദ്ധേയമായ നിരീക്ഷണങ്ങള്‍ ഉള്‍ക്കൊള്ളുന്നവയാണ്.
വിശദീകരിക്കാനാവാതിരുന്ന ഒട്ടനവധി ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങളുമായെത്തിയ പരിണാമസിദ്ധാന്തം പല വിശ്വാസങ്ങളുടെയും അടിത്തറ ഇളക്കുകയുണ്ടായി. അതുകൊണ്ടാവും ഡാര്‍വിന്റെ സിദ്ധാന്തങ്ങള്‍ നിരന്തരം ആക്രമിക്കപ്പെടുന്നത്. ഇപ്പോളത് മതത്തിന്റെയും പണത്തിന്റെയും കേന്ദ്രീകരണത്തിലൂടെ വളരെയധികം ശക്തിപ്രാപിച്ചിരിക്കുന്നു, ഈ കേരളത്തില്‍ പോലും. ഈ സാഹചര്യത്തില്‍ ഇങ്ങനെയൊരു പുസ്തകം തീര്‍ച്ചയായും വായിക്കപ്പെടുകയും ചര്‍ച്ച  ചെയ്യപ്പെടുകയും ചെയ്യേണ്ടതാണ്.
ഈ പുസ്തകത്തിലെ “ന്യൂ ഏജ് സ്പിരിച്വാലിറ്റി” എന്ന ലേഖനത്തിലെ ഒരു ഭാഗം ചേര്‍ത്തുകൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കാം. “ഫുട്ബോള്‍ കളി കാണുന്നത് പോലെ തന്നെയാണ് ദൈവത്തിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതും എന്ന് പറയപ്പെടുന്നു. നന്നായി കളിക്കുന്ന ടീം ഏതാണെന്നതില്‍ വലിയ കാര്യമില്ല. നിങ്ങള്‍ നിങ്ങളുടെ ടീമിനുവേണ്ടി ബഹളം വച്ചുകൊണ്ടിരിക്കും.”
(പരിണാമസിദ്ധാന്തം പുതിയ വഴികള്‍ കണ്ടെത്തലുകള്‍ – ജീവന്‍ ജോബ് തോമസ് – ഡി.സി.ബുക്സ് – വില: 60 രൂപാ)

Thursday, August 25, 2011

കൊല്ലുന്ന രാജാവിന്റെ തിന്നുന്ന മന്ത്രിമാര്‍


          കേരള കൌമുദിയിലെ ജ്യോത്സ്യന്‍ പറയുന്നത് ഒരു വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതിനിടയില്‍ നാല് തവണ മുഹൂര്‍ത്തം നോക്കിക്കണമെന്നാണ്. കിണര്‍ കുഴിക്കണമെങ്കില്‍ അതിന് വേണ്ടിയൊരു തവണ. പിന്നീട്  അസ്ഥിവാരമിടുന്നതിനും കട്ടിള വയ്ക്കുന്നതിനും. അവസാനമായി കയറി താമസിക്കുന്നതിന് വേണ്ടി.  ജ്യോത്സ്യന്‍ പറയുന്നത് പ്രകാരം  ഇങ്ങനെ നാല് തവണ മതി.  എന്നാല്‍ എന്റെ നാട്ടില്‍ ഇപ്പോള്‍ ഇതൊന്നുമല്ലാതെ ഒരു തവണ കൂടി മുഹൂര്‍ത്തം നോക്കുന്നുണ്ട്. വീട് പണിക്ക് വേണ്ടി ആദ്യമാ‍യി “മണല്‍” ഇറക്കുന്നത്  ജ്യോതിഷിയെക്കൊണ്ട് നല്ല സമയം നോക്കിച്ചാണ്.  വലിയ വില നല്‍കി വാങ്ങിയിടുന്ന മണല്‍ ആരും കടത്തിക്കൊണ്ട് പോകരുതെന്ന് കരുതിയായിരിക്കും മുഹൂര്‍ത്തം നോക്കി മണലിറക്കുന്നത്. എന്തായാലും ചിലരുടെയൊക്കെ നല്ലകാലം. 

Tuesday, July 26, 2011

മുറിച്ച് കടക്കേണ്ട പാതകള്‍


ഉള്‍ക്കൊള്ളുവാന്‍ കഴിയുന്നതിനപ്പുറം വാഹനങ്ങളാണ് ഇപ്പോള്‍ നമ്മുടെ പൊതുനിരത്തുകളിലുള്ളത്. അനുദിനം അത് വര്‍ദ്ധിച്ചുവരുകയും ചെയ്യുന്നു. വാഹനം ആഡംബരനില വിട്ട് അവശ്യ വസ്തു എന്നതിലേക്ക് മാറിയെന്നതാണ് ഈ വാഹനപ്പെരുപ്പത്തിന്റെ പ്രധാന കാരണം. ഒരു ഇരുചക്ര/നാലുചക്ര വാഹനമെങ്കിലും ഇല്ലാത്ത വീടുകള്‍ കേരളത്തില്‍ ഇന്ന് വളരെ കുറവാണ്. അങ്ങനെ  നിരത്തുകള്‍ നിറയെ വാഹനങ്ങള്‍ ചീറിപ്പാഞ്ഞ് പോകുന്നു, നഗരങ്ങളില്‍ തിങ്ങിനിരങ്ങി നീങ്ങുന്നു. റോഡ് വികസനം പ്രധാന ചര്‍ച്ചാ വിഷയമായി തുടരുന്നു.
ഓരോ ദിവസവും എത്രയെത്ര വാഹനാപകടങ്ങളാണ് കേരളത്തില്‍ മാത്രം നടക്കുന്നത്. അപകട നിരക്കും അപകട മരണ നിരക്കും ഓരോ വര്‍ഷവും കുതിച്ചുയരുന്നു.
ഞാന്‍ പറയണമെന്ന് കരുതിയത് ഇതൊന്നുമല്ല, അത് കാല്‍നടക്കാരെപ്പറ്റിയാണ്.
വളരെ ദയനീയമാണ് ഇന്ന് പ്രധാന റോഡുകളിലെ കാല്‍ നടക്കാരുടെ അവസ്ഥ. മിക്ക റോഡുകളും വശങ്ങളിലേക്ക് നീട്ടി ടാര്‍ ചെയ്തത് കാരണം നടന്ന് പോകുവാന്‍ സ്ഥലമില്ലാതെയായിരിക്കുന്നു. ഫുട്പാത്തുകള്‍ ഉള്ളത് പ്രധാന നഗരങ്ങളില്‍ മാത്രമാണ്. അവിടമാകട്ടെ കച്ചവടക്കാര്‍ കയ്യേറിയിട്ടുണ്ടാവും.
കാല്‍നടക്കാര്‍ നേരിടുന്ന പ്രധാന പ്രശ്നം റോഡ് മുറിച്ച് കടക്കുന്നതെങ്ങനെയെന്നാണ്. ചീറിപ്പാഞ്ഞ് വരുന്ന വാഹനങ്ങള്‍ക്കിടയിലൂടെ റോഡ് കുറുകെ കടക്കുകയെന്നത് വളരെയധികം ശ്രമകരമായ ഒരു കാര്യം തന്നെയാണ്. ചെറിയൊരു അശ്രദ്ധ മതി ഒരു ജീവനെ യാത്രയയക്കാന്‍. കുട്ടികളും പ്രായം ചെന്നവരും  അപ്പുറം കടക്കുവാന്‍ പെടുന്ന പാട് കുറച്ചല്ല. പ്രധാന ജംഗ്ഷനുകളില്‍ ഡിവൈഡറുകള്‍ ഉള്ളത് കാരണം ഒരു വശത്തെ വാഹനങ്ങളുടെ വരവ് നോക്കി ഒരു വിധം അപകടമില്ലാതെ റോഡ് കടക്കാനാവും. എന്നാല്‍ മറ്റിടങ്ങളില്‍ റോഡ് മുറിച്ച് കടക്കുന്ന ഓരോരുത്തരുടെയും നേരെ മരണം ഇരുവശങ്ങളിലും നിന്ന് പാഞ്ഞ് വരുകയാണ്. അപ്പുറത്തെത്തിക്കഴിഞ്ഞ് പറയാം എത്തിയെന്ന്, അത്രമാത്രം.
വാഹനങ്ങളുടെ പെരുപ്പം കാരണം അപ്പുറം കടക്കുവാന്‍ ശ്രമിക്കുന്നവര്‍ വളരെയധികം സമയം കാത്ത് നില്‍ക്കേണ്ടതായി വരുന്നു. വാഹനങ്ങളുടെ വരവ് നിലച്ചിട്ട് കുറുകെ കടക്കാമെന്ന് കരുതുന്നവര്‍ക്ക് അതിനാവുകയില്ല.  അവസാനം ചിലര്‍ സഹികെട്ട് കുറുകെ കടക്കാന്‍ ശ്രമിക്കുന്നത് അപകടങ്ങള്‍ക്ക് കാരണമാകുന്നു.  നിലവില്‍ പരിഗണിക്കുന്ന രീതിയിലുള്ള റോഡ് വികസനം ഇത്തരം അപകടങ്ങള്‍ക്ക് ഒരു പരിഹാരമാകുന്നില്ല.
ഭരണാധികാരികള്‍ മനസ്സ് വെച്ചാ‍ല്‍ കുറച്ചൊക്കെ പരിഹാരം കാണാനാവുന്നതാണ്. തിരക്കേറിയ റോഡുകള്‍ക്ക് മുകളിലൂടെയോ താഴെയൂടെയോ നടപ്പാതകള്‍ നിര്‍മ്മിക്കുന്നത് റോഡ് മുറിച്ച് കടക്കുമ്പോളുണ്ടാകുന്ന അപകടങ്ങള്‍ ഒരു പരിധി വരെ ഒഴിവാക്കാനാവും. റെയില്‍‌വേ മേല്പാലങ്ങള്‍ പോലെയുള്ള പാലങ്ങള്‍ കാലനടക്കാര്‍ക്കായി പ്രധാന നിരത്തുകളില്‍ സ്ഥാപിക്കാവുന്നതാണ്. പ്രാ‍യമേറിയവര്‍ക്ക് വളരെയധികം പടികള്‍ കയറുകയെന്നത് ശ്രമകരമായ കാര്യമാണ്. അതിനാല്‍ അടിപ്പാതകള്‍ നിര്‍മ്മിക്കുന്നതും പരിഗണിക്കാവുന്നതാണ്. അടിപ്പാതയ്ക്ക് അത്രയധികം പടികളുടെ ആവശ്യമില്ലാത്തതിനാല്‍ കാല്‍നടയാത്രക്കാര്‍ക്ക് വളരെയധികം സൌകര്യപ്രദമായിരിക്കും. കേരളത്തില്‍ തന്നെ ചിലയിടങ്ങളില്‍      റോഡിനടിയിലൂടെയുള്ള നടപ്പാതകള്‍ ഉണ്ട്. മഞ്ചേരിയിലാണെന്ന് തോന്നുന്നു ഒരിക്കല്‍ ഇത്തരം നടപ്പാത കണ്ടത്. ഇത്തരം പാതകളുടെ നിര്‍മ്മാണം റോഡപകടങ്ങളുടെ നിരക്ക് വളരെയധികം കുറയ്ക്കുവാന്‍ സഹായിക്കുമെന്നതില്‍ സംശയമില്ല. റോഡ് കുറുകെ കടക്കുവാന്‍ ശ്രമിക്കുന്ന പ്രായമേറിയവര്‍ക്കും കുട്ടികള്‍ക്കുമുള്ള ഒരു വലിയ സഹായമായിരിക്കുമത്.