Sunday, November 7, 2010

വാസ്തുവിദ്യ - അരുതുകളുടെ ശാസ്ത്രം

? അടുക്കള നിർമ്മിക്കേണ്ടുന്ന സ്ഥാനം എവിടെ?
കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരി പറയുന്നത്: “ശാസ്ത്രരീത്യാ അടുക്കള വീടിന്റെ വടക്ക് വശത്തോ കിഴക്ക് വശത്തോ ആവാം എന്ന് പറയുന്നതിന്റെ കാരണം നോക്കാം. പകൽ സമയത്ത് ഭൂമിയിലുള്ള ജീവജാലങ്ങൾക്ക് കർമ്മം ചെയ്യുന്നതിനുള്ള ഊർജ്ജം തരുന്നത് കിഴക്ക് വശത്ത് ഉദിക്കുന്ന സൂര്യനാണ്. അതുപോലെ തന്നെ അസ്തമയത്തിന്  ശേഷം സൂര്യന്റെ അഭാവത്തിൽ രാത്രിസമയത്ത് വേണ്ടതായ ഊർജ്ജം പ്രദാനം ചെയ്യുന്നത് വടക്ക് വശത്ത് എന്ന് കണക്കാക്കുന്ന സപ്തർഷികളുമാണ്. കർമ്മം ചെയ്യാൻ മനുഷ്യന് ഭക്ഷണത്തിൽ നിന്നാണ് ഊർജ്ജം ലഭിക്കുന്നതെന്നത് കൊണ്ട് കിഴക്ക് വശത്താണ് അടുക്കളയ്ക്ക് ഉത്തമമായ സ്ഥാനം.”

സൂര്യനിൽ നിന്ന് നേരിട്ട് ഊർജ്ജം സ്വീകരിക്കുവാൻ കഴിയുന്നത് ഹരിതകമുള്ള  സസ്യങ്ങൾക്ക് മാത്രമാണ്. സൂര്യൻ ചൂടും വെളിച്ചവുമല്ലാതെ നമ്മുടെ ശരീരത്തിന് ആവശ്യമായ യാതൊരു ഊർജ്ജവും നേരിട്ട് നൽകുന്നില്ല. രാത്രി സമയത്ത് വേണ്ടതായ ഊർജ്ജം നൽകുമെന്ന് കൃഷ്ണൻ നമ്പൂതിരി പറയുന്ന സപ്തർഷികൾ ആകാശത്ത് അകലെയായി കാണാവുന്ന ഒരു നക്ഷത്രസമൂഹം മാത്രമാണ്. ഭാരതീയർ ഈ നക്ഷത്രസമൂഹത്തിലെ ഏഴ് നക്ഷത്രങ്ങൾക്ക് ഏഴ് മുനിമാരുടെ പേര് നൽകി. മറ്റ് ചില രാജ്യക്കാർ ഇതിനെ “വലിയ തവി” യെന്നും “വൻ കരടി” യെന്നും വിളിച്ചു. പണ്ട് കാലത്ത് കടലിൽ പോകുന്നവരും മറ്റും ദിക്കറിയുവാനായി ഈ നക്ഷത്രസമൂഹത്തെ ഉപയോഗിച്ചിരുന്നു. അതല്ലാതെ ഭൂമിയിലെ ജീവജാലങ്ങൾക്ക് ഊർജ്ജം പകരുവാനോ ഏതെങ്കിലും തരത്തിൽ സ്വാധീനിക്കുവാനോ കഴിവുള്ളതല്ല സപ്തർഷികൾ എന്ന നക്ഷത്രഗണം. അതിനാൽ അടുക്കള വടക്ക് വശത്തോ കിഴക്ക് വശത്തോ തന്നെ ആവണമെന്ന് പറയുന്നതിൽ യാതൊരു അർത്ഥവുമില്ലെന്ന് മനസ്സിലാക്കാവുന്നതാണ്.

?കിണർ എവിടെ നിർമ്മിക്കാം?
കൃഷ്ണൻ നമ്പൂതിരി പറയുന്നത്: “കിണർ, കുളം തുടങ്ങിയവ വീടിന്റെ വടക്ക് വശത്തോ കിഴക്ക് വശത്തോ ആണ് ഉത്തമം.വടക്ക് പടിഞ്ഞാറ് മൂലയിൽ കിണർ വരുന്നത് സ്ത്രീകൾക്ക് ദോഷമാണെന്ന് ശാസ്ത്രം അനുശാസിക്കുന്നു. തെക്ക് കിഴക്ക് മൂലയും കിണർ കുഴിക്കുന്നതിന് ഉത്തമമല്ല.”
പരമ്പരാഗതമായി (വാസ്തുശാസ്ത്രപ്രകാരവും) അടുക്കള വടക്ക് വശത്തോ കിഴക്ക് വശത്തോ നിർമ്മിക്കുന്നതിനാൽ അവിടേക്കാവശ്യമായ വെള്ളം കോരിക്കൊണ്ട് വരുന്നതിന് സൌകര്യപ്രദമായ രീതിയിൽ  കിണർ അതിന് സമീപത്തായി നിർമ്മിക്കേണ്ടി വന്നിരുന്നു എന്നതിൽ കവിഞ്ഞ് കിണർ വടക്ക് കിഴക്ക് വശത്തേ ആകാവൂ എന്നതിന് പ്രത്യേക കാരണങ്ങളൊന്നും ഉള്ളതായി കാണുന്നില്ല


? ഗൃഹപ്രവേശം നടത്തുമ്പോൾ..
കൃഷ്ണൻ നമ്പൂതിരി പറയുന്നത്: “ഗൃഹപ്രവേശത്തിന് തലേദിവസം രാത്രി ആചാര്യനായ തന്ത്രിയെക്കൊണ്ട് വാസ്തുബലിയും പഞ്ചശിര:സ്ഥാപനവും നടത്തേണ്ടതാണ്.”

നിർമ്മാണ വേളയിൽ ഉണ്ടാകുന്ന തെറ്റുകൾക്കുള്ള പ്രായശ്ചിത്തമായാണ് അഞ്ച് ജന്തുക്കളുടെ ശിരസ്സിന്റെ ചിത്രം ഉൾക്കൊള്ളുന്ന ലോഹത്തകിട് കുഴിച്ചിടുന്നത്. പിന്നെ എന്തിനാണ് പ്രത്യേകിച്ച് വാസ്തു നോക്കുന്നത്? എന്തെങ്കിലും തെറ്റ് ഉണ്ടാവുകയാണെങ്കിൽ അത് പരിഹരിക്കുവാനായി പഞ്ചശിരസ്സ് കുഴിച്ചിടുന്നുണ്ടല്ലോ. അപ്പോൾ ചെയ്ത തെറ്റിന് പ്രായശ്ചിത്തമായി. പരിഹാരം എന്ത് എളുപ്പം.