Saturday, December 11, 2010

ക്രിക്കറ്റ് അഭിമാനമാകുമ്പോള്‍ (മറ്റ് ചിലര്‍ക്ക്)

           ക്രിക്കറ്റ് ഇന്ന് ഇന്ത്യയുടെ ദേശീയ വിനോദമാണ് ( ഹോക്കി ഔദ്യോഗികം മാത്രം). രാജ്യത്തിന്റെ ചില കോണുകളിലേക്ക് ഒതുക്കപ്പെട്ട ഫുട്ബോൾ  (മഹാരാഷ്ട്രയിൽ നിന്ന് നാലും കൽക്കട്ട, ഗോവ    എന്നിവിടങ്ങളിൽ നിന്ന് മൂന്ന് ടീമുകൾ വീതവും ഇത്തവണത്തെ ഐ ലീഗിൽ കളിക്കും. ഓരോ ടീമുകൾ കണ്ണൂർ, ജലന്ധർ - പഞ്ചാബ്, ബാംഗ്ലൂർ  ഹോം ഗ്രൌണ്ടാക്കിയവ. പിന്നെയൊരു അണ്ടർ 19 ഇൻഡ്യൻ ടീമും. അല്ലെങ്കിൽ തന്നെ ആർക്ക് വേണ്ടിയാണീ ഐ ലീഗ്? നമുക്ക് കാണാൻ ഇ.പി.എല്ലും സീരി-എയും മറ്റുമുള്ളപ്പോൾ),  അഭിജാതരുടേത്  മാത്രമായ ടെന്നീസ്,  ജിമ്മി ജോർജ്ജിനപ്പുറം വളരാത്ത ഇന്ത്യൻ വോളിബോൾ, സ്കൂൾ മൈതാനങ്ങളിൽ ആകാശത്തേക്ക് നോക്കി വെറുതെ നിൽക്കുന്ന ബാസ്കറ്റ്ബോൾ ബോർഡിന്റെ തൂണുകൾ ( മാജിക് ജോൺസണും മൈക്കൽ ജോർദനും പകരം ഹോവാർഡും ഡെറിക് ജോസും ബാസ്കറ്റിൽ ഊഞ്ഞാലാടുന്നത് എൻ.ബി.എയിൽ കാണാം), മറഞ്ഞും മറന്നും പോയ പല പല നാടൻ കളികൾ (ഏഷ്യാഡിൽ ഉൾപ്പെട്ടതോടെ കബഡിക്ക് അല്പം ജീവൻ വെച്ചു).. എല്ലാത്തിനും പകരമായി ഒന്ന്  മാത്രം – ക്രിക്കറ്റ്.     
             നിയമപ്രകാരം 22 വാര നീളമുള്ള പിച്ചും വിശാലമായ ഫീൽഡും 22 കളിക്കാരുമൊക്കെ വേണമെങ്കിലും ഇതൊന്നുമില്ലാതെ ഇടവഴിയിൽ മൂന്ന് പേരുമായി കളിക്കാമെന്നതാണ്  ക്രിക്കറ്റിനെ ജനകീയമാക്കിയതെന്ന് പറയാം. (കേരളത്തിൽ (തെങ്ങ്)ഓലമടൽ വെട്ടിയൊരുക്കിയ ബാറ്റ് കൊണ്ട് ക്രിക്കറ്റ് കളിച്ചിട്ടില്ലാത്ത കളിക്കാരുണ്ടാവുമോ?) നാട്ടിൻപുറങ്ങളിൽ ആളെണ്ണവും കളിസ്ഥലവും അനുസരിച്ച് കളിനിയമങ്ങൾ മാറി വരുന്നത് കാണാം. കളിക്കാർ കുറവാണെങ്കിൽ ഡീപ്പും സ്ക്വയറും മറ്റും റണ്ണില്ലാ മേഖലകളായി പ്രഖ്യാപിച്ചിട്ടുണ്ടാവും.  ഫൈൻ ലെഗിൽ കണ്ണാടി ജനാലയുള്ള വീടുണ്ടെങ്കിൽ അവിടേക്ക് സിക്സർ അടിച്ചാൽ അമ്പയർ ഔട്ട് വിളിച്ചത് തന്നെ. ഇങ്ങനെ സാഹചര്യങ്ങൾക്കനുസരിച്ച് മാറുന്ന നിയമങ്ങൾ  ക്രിക്കറ്റിനെ എവിടെയും കളിക്കാവുന്ന ഒന്നാക്കി മാറ്റി. ( ഈ ക്രിക്കറ്റൊന്നും ബി.സി.സി.ഐക്കും കെ.സി.എയ്ക്കും അറിയില്ല)
സാക്ഷാൽ വാറൻ ബഫറ്റ് (ഏറ്റവും വിജയിച്ച നിക്ഷേപകനെന്ന് പേരെടുത്ത അമേരിക്കക്കാരൻ) ബി.സി.സി.ഐയുടെ അടുത്ത് പഠിക്കാൻ പോകുന്നത്  നന്നായിരിക്കും, എവിടെ , എപ്പോൾ            ഇൻ‌വെസ്റ്റ്  ചെയ്യണമെന്നറിയാൻ. ട്വന്റ്റി – 20 രക്ഷപെടുമെന്ന് മനസ്സിലാ‍യപ്പോഴെ ബോർഡ് ഐ.പി.എല്ലുമായി ചാടി വീണു. ക്ലബ് ലേലം, കളിക്കാർ ലേലം, സ്പോൺസർ ലേലം. (ഇടയിൽ വന്ന് പെട്ടത് കപിൽദേവായാലും  സീ സ്പോർട്സായാലും ചുരുട്ടിക്കൂട്ടിയത് തന്നെ).   ഐ.പി.എൽ ചാകര വന്നപ്പോൾ ക്രിക്കറ്റ് ബോർഡും മോഡിയും കൂടെ നിന്നവരുമൊക്കെ കയ്യിട്ട് വാരി. പിന്നെ ചിയർ ഗേൾസും രാത്രി പാർട്ടിയുമൊക്കെ.  അതിന്റെ ഇടയിലാണ് ഒരു ഏഷ്യാഡ്. രാജ്യത്തിന് ഒരു മെഡൽ കിട്ടിയിട്ട് ബി.സി.സി.ഐക്ക് എന്ത് കാര്യം. പണ്ടൊരു കേന്ദ്രമന്ത്രി  ഇന്ത്യ 100 ഒളിമ്പിക് സ്വർണ്ണം നേടുമെന്ന് പറഞ്ഞിരുന്നു. വേണമെങ്കിൽ 100 സ്വർണ്ണമെഡൽ ബോർഡ് കാശ് കൊടുത്ത് മേടിച്ച് തരും(ഒളിമ്പിക്സിൽ കോഴക്കളി ഉണ്ടെങ്കിൽ). ഒളിമ്പിക്സിനാണെങ്കിലും ടീമിനെ വിടുന്ന പ്രശ്നമില്ല. പിന്നെയാണ് ഏഷ്യൻ ഗെയിംസ്.           

            ഇന്ത്യ പങ്കെടുത്തിരുന്നുവെങ്കിൽ സ്വർണ്ണം കിട്ടുമായിരുന്നോ എന്ന്  ചോദിക്കുന്നതിൽ കാര്യമില്ല. മുൻപൊരു കോമൺ വെൽത്ത് ഗെയിംസിൽ പങ്കെടുത്ത്  മെഡലില്ലാതെ പോരുന്നിട്ടുണ്ട്. സെർജി ബൂബ്ക  1984 മുതൽ 2001ൽ വിരമിക്കുന്നത് വരെ പോൾവാൾട്ടിലെ രാജാവായിരുന്നുവെങ്കിലും ഒരു ഒളിമ്പിക് സ്വർണ്ണം മാത്രമായിരുന്നു നേടുവാനായത് എന്നോർക്കുക. എങ്കിലും പങ്കെടുത്തിരുന്നുവെങ്കിൽ ഇന്ത്യയുടെ പുരുഷ, വനിതാ ടീമുകൾക്ക് സ്വർണ്ണമെഡൽ തന്നെ നേടുവാനുള്ള സാധ്യത ഉണ്ടായിരുന്നു. ഐ.സി.സി. ഏകദിന ക്രിക്കറ്റ് റാങ്കിംഗ് പ്രകാരം ഏറ്റവും മുകളിലുള്ള ഏഷ്യൻ ടീം ഇന്ത്യ ആണ്.   (ഏഷ്യൻ ഗെയിംസിൽ ട്വന്റി – 20 ആണ്)  ഝുലൻ ഗോസ്വാമിയും മിഥാലി രാജും അൻ‌ജും ചോപ്രയുമൊക്കെ വാഴുന്ന ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം  നാല് തവണയും വനിതാ ഏഷ്യാകപ്പ്  കിരീടം നേടി കഴിവ് തെളിയിച്ചവരാണ്. അതുകൊണ്ട് ഏഷ്യൻ ഗെയിംസിലും ന്യായമായും നല്ല വാർത്തകൾ അവരിൽ നിന്ന് പ്രതീക്ഷിക്കാമായിരുന്നു. ഇന്ത്യയുടെ വനിതാ ടീമിനെയും  ആൺ ക്രിക്കറ്റിൽ ദേശീയ ടീമിനെ മാറ്റിനിർത്തി രണ്ടാം നിരയെയുമെങ്കിലും (സച്ചിനും സേവാഗും ധോണിയുമില്ലാത്ത ടീം ന്യൂസിലൻഡിനെ തൂത്തുവാരിയത് കാണുമ്പോൾ ഒന്നാം‌നിര ഏതെന്ന് സംശയം തോന്നുന്നു)  അയച്ചിരുന്നുവെങ്കിൽ വിലയേറിയ രണ്ട് സ്വർണ്ണം ഏതാണ്ട് ഉറപ്പിക്കാമാ‍യിരുന്നു.
            രണ്ട് ഏഷ്യാഡ് സ്വർണ്ണം വേണ്ട് എന്ന് വെയ്ക്കാൻ മാത്രം ഇക്കാര്യത്തിൽ ധനികരല്ല ഇന്ത്യ.  (199 സ്വർണ്ണം നേടിയ ചൈന ഒരു സ്വർണ്ണത്തിനുകൂടി എത്ര ആഗ്രഹിച്ചിട്ടുണ്ടാവും) . 1951 മുതൽ 2010 വരെ ഇന്ത്യ ആകെ 128 സ്വർണ്ണം മാത്രമാണ് സ്വന്തമാക്കിയിട്ടുള്ളത്. ഇത്തവണ മാത്രം പതിനാല്. 1982 ലെ ഡൽഹി ഏഷ്യൻ ഗെയിംസിലെക്കാൾ ഒന്ന് കൂടുതൽ. ബി.സി.സി.ഐക്ക് രാജ്യത്തിന് വേണ്ടി കളിക്കുകയെന്നത് അപമാനമായി തോന്നിയതുകൊണ്ടാവാം ടീമിനെ അയയ്ക്കാതിരുന്നത്.  ഇന്ത്യക്ക്  ഈ സീസൺ  “Tight schedule”  ആണെന്ന വാദം ശരിയാണെങ്കിൽ  “എ” ടീമിനെ അയക്കാമായിരുന്നു. (പാകിസ്ഥാൻ എ ടീമിനെ ആയിരുന്നു അയച്ചത്). വനിതാ ക്രിക്കറ്റിൽ “ടൈറ്റ് ഷെഡ്യൂൾ” എന്ന് പറഞ്ഞാൽ തമാശ തന്നെ.
            ക്രിക്കറ്റ് ഇന്ത്യക്ക് അപമാനമായെങ്കിൽ അഭിമാനമായത് അയൽ രാജ്യങ്ങൾക്ക് തന്നെ. ക്രിക്കറ്റ് സ്വർണ്ണം അഫ്ഗാനിസ്ഥാനെ ഫൈനലിൽ  തോല്പിച്ച് ബംഗ്ലാദേശ് നേടി.  പാകിസ്ഥാൻ മൂന്നാമതെത്തി.  ബംഗ്ലാദേശ് ന്യൂസിലൻഡിനെതിരായ പരമ്പര വിജയത്തിന് ശേഷമായിരുന്നു ചൈനയിലെത്തി വീണ്ടും വിജയക്കൊടിയുയർത്തിയത്. അത് ബംഗ്ലാദേശിന്റെ ഏഷ്യൻ ഗെയിംസിലെ ഏക സ്വർണ്ണവുമായി. ആഭ്യന്തരയുദ്ധം കലുഷിതമാക്കിയ അഫ്ഗാന് വെള്ളി നേടാനായത്  ആ രാജ്യത്തിന് ആശ്വാസമേകിയിരിക്കാം. ക്രിക്കറ്റിൽ ഇരട്ട സ്വർണ്ണം നേടാൻ ബംഗ്ലാദേശിനായില്ല. വനിതാ ക്രിക്കറ്റ് ഫൈനലിൽ പാകിസ്ഥാൻ ബംഗ്ലാദേശിനെ പരാജയപ്പെടുത്തി സ്വർണ്ണം സ്വന്തമാക്കി. ജപ്പാൻ മൂന്നാമതെത്തി. ബംഗ്ലാദേശിന് ആകെ ലഭിച്ച മൂന്ന് മെഡലുകളിൽ (1-1-1) സ്വർണ്ണവും വെള്ളിയും ക്രിക്കറ്റ് നൽകിയതാണ്. അഫ്ഗാനിസ്ഥാന് ആകെയുള്ള മൂന്ന് മെഡലിൽ (0-2-1) ഒരു വെള്ളി ക്രിക്കറ്റിൽ നിന്നാണ്. പാകിസ്ഥാനാകട്ടെ മൂന്ന് സ്വർണ്ണമടക്കം ആകെ 8 മെഡലുകൾ (3-2-3). അതിൽ ഒരു സ്വർണ്ണവും ഒരു വെങ്കലവും ക്രിക്കറ്റ് വക.
            ഇന്ത്യയിലെ ക്രിക്കറ്റ് മേലാളന്മാർ രാജ്യസ്നേഹമില്ലാത്തവരാണെന്ന്  സാധാരണ കായിക പ്രേമികൾ പറഞ്ഞാൽ അതിൽ തെറ്റ് പറയാനാവില്ല. ഒളിമ്പിക്സ്, ഏഷ്യാഡ് പോലെയുള്ള മത്സരങ്ങളിൽ രാജ്യത്തെ പ്രതിനിധീകരിക്കുകയെന്നത് ഏത് കായിക താരത്തിന്റെയും സ്വപ്നമാണ്.  അവർ രാജ്യത്തിനായി മെഡൽ നേടുന്നത് ഏതൊരാൾക്കും അഭിമാനമാണ്. ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് കാട്ടിയ ധാർഷ്ട്യം ഒരു ജനതയോടുള്ള വെല്ലുവിളിയാണ്. ബി.സി.സി.ഐ ഒരു പക്ഷെ ഐ.സി.സിക്കും മുകളിലായിരിക്കാം (പണപ്പെട്ടിയുടെ വലുപ്പം കൊണ്ട്) . പക്ഷെ ഇന്ത്യയെക്കാൾ വലുതാണെന്ന് കരുതരുത്. ഒരു രാജ്യത്തോട് കാണിച്ച നെറികേടിന്  ബോർഡിനെക്കൊണ്ട് മാപ്പ് പറയിക്കണം. ഇനി മേലിൽ ഇങ്ങനെ ഉണ്ടാവാതിരിക്കുവാനാവശ്യമായ നടപടികൾ എടുക്കുവാൻ ഇന്ത്യാ ഗവണ്മെന്റ് തയ്യാറാകണം.