Tuesday, July 26, 2011

മുറിച്ച് കടക്കേണ്ട പാതകള്‍


ഉള്‍ക്കൊള്ളുവാന്‍ കഴിയുന്നതിനപ്പുറം വാഹനങ്ങളാണ് ഇപ്പോള്‍ നമ്മുടെ പൊതുനിരത്തുകളിലുള്ളത്. അനുദിനം അത് വര്‍ദ്ധിച്ചുവരുകയും ചെയ്യുന്നു. വാഹനം ആഡംബരനില വിട്ട് അവശ്യ വസ്തു എന്നതിലേക്ക് മാറിയെന്നതാണ് ഈ വാഹനപ്പെരുപ്പത്തിന്റെ പ്രധാന കാരണം. ഒരു ഇരുചക്ര/നാലുചക്ര വാഹനമെങ്കിലും ഇല്ലാത്ത വീടുകള്‍ കേരളത്തില്‍ ഇന്ന് വളരെ കുറവാണ്. അങ്ങനെ  നിരത്തുകള്‍ നിറയെ വാഹനങ്ങള്‍ ചീറിപ്പാഞ്ഞ് പോകുന്നു, നഗരങ്ങളില്‍ തിങ്ങിനിരങ്ങി നീങ്ങുന്നു. റോഡ് വികസനം പ്രധാന ചര്‍ച്ചാ വിഷയമായി തുടരുന്നു.
ഓരോ ദിവസവും എത്രയെത്ര വാഹനാപകടങ്ങളാണ് കേരളത്തില്‍ മാത്രം നടക്കുന്നത്. അപകട നിരക്കും അപകട മരണ നിരക്കും ഓരോ വര്‍ഷവും കുതിച്ചുയരുന്നു.
ഞാന്‍ പറയണമെന്ന് കരുതിയത് ഇതൊന്നുമല്ല, അത് കാല്‍നടക്കാരെപ്പറ്റിയാണ്.
വളരെ ദയനീയമാണ് ഇന്ന് പ്രധാന റോഡുകളിലെ കാല്‍ നടക്കാരുടെ അവസ്ഥ. മിക്ക റോഡുകളും വശങ്ങളിലേക്ക് നീട്ടി ടാര്‍ ചെയ്തത് കാരണം നടന്ന് പോകുവാന്‍ സ്ഥലമില്ലാതെയായിരിക്കുന്നു. ഫുട്പാത്തുകള്‍ ഉള്ളത് പ്രധാന നഗരങ്ങളില്‍ മാത്രമാണ്. അവിടമാകട്ടെ കച്ചവടക്കാര്‍ കയ്യേറിയിട്ടുണ്ടാവും.
കാല്‍നടക്കാര്‍ നേരിടുന്ന പ്രധാന പ്രശ്നം റോഡ് മുറിച്ച് കടക്കുന്നതെങ്ങനെയെന്നാണ്. ചീറിപ്പാഞ്ഞ് വരുന്ന വാഹനങ്ങള്‍ക്കിടയിലൂടെ റോഡ് കുറുകെ കടക്കുകയെന്നത് വളരെയധികം ശ്രമകരമായ ഒരു കാര്യം തന്നെയാണ്. ചെറിയൊരു അശ്രദ്ധ മതി ഒരു ജീവനെ യാത്രയയക്കാന്‍. കുട്ടികളും പ്രായം ചെന്നവരും  അപ്പുറം കടക്കുവാന്‍ പെടുന്ന പാട് കുറച്ചല്ല. പ്രധാന ജംഗ്ഷനുകളില്‍ ഡിവൈഡറുകള്‍ ഉള്ളത് കാരണം ഒരു വശത്തെ വാഹനങ്ങളുടെ വരവ് നോക്കി ഒരു വിധം അപകടമില്ലാതെ റോഡ് കടക്കാനാവും. എന്നാല്‍ മറ്റിടങ്ങളില്‍ റോഡ് മുറിച്ച് കടക്കുന്ന ഓരോരുത്തരുടെയും നേരെ മരണം ഇരുവശങ്ങളിലും നിന്ന് പാഞ്ഞ് വരുകയാണ്. അപ്പുറത്തെത്തിക്കഴിഞ്ഞ് പറയാം എത്തിയെന്ന്, അത്രമാത്രം.
വാഹനങ്ങളുടെ പെരുപ്പം കാരണം അപ്പുറം കടക്കുവാന്‍ ശ്രമിക്കുന്നവര്‍ വളരെയധികം സമയം കാത്ത് നില്‍ക്കേണ്ടതായി വരുന്നു. വാഹനങ്ങളുടെ വരവ് നിലച്ചിട്ട് കുറുകെ കടക്കാമെന്ന് കരുതുന്നവര്‍ക്ക് അതിനാവുകയില്ല.  അവസാനം ചിലര്‍ സഹികെട്ട് കുറുകെ കടക്കാന്‍ ശ്രമിക്കുന്നത് അപകടങ്ങള്‍ക്ക് കാരണമാകുന്നു.  നിലവില്‍ പരിഗണിക്കുന്ന രീതിയിലുള്ള റോഡ് വികസനം ഇത്തരം അപകടങ്ങള്‍ക്ക് ഒരു പരിഹാരമാകുന്നില്ല.
ഭരണാധികാരികള്‍ മനസ്സ് വെച്ചാ‍ല്‍ കുറച്ചൊക്കെ പരിഹാരം കാണാനാവുന്നതാണ്. തിരക്കേറിയ റോഡുകള്‍ക്ക് മുകളിലൂടെയോ താഴെയൂടെയോ നടപ്പാതകള്‍ നിര്‍മ്മിക്കുന്നത് റോഡ് മുറിച്ച് കടക്കുമ്പോളുണ്ടാകുന്ന അപകടങ്ങള്‍ ഒരു പരിധി വരെ ഒഴിവാക്കാനാവും. റെയില്‍‌വേ മേല്പാലങ്ങള്‍ പോലെയുള്ള പാലങ്ങള്‍ കാലനടക്കാര്‍ക്കായി പ്രധാന നിരത്തുകളില്‍ സ്ഥാപിക്കാവുന്നതാണ്. പ്രാ‍യമേറിയവര്‍ക്ക് വളരെയധികം പടികള്‍ കയറുകയെന്നത് ശ്രമകരമായ കാര്യമാണ്. അതിനാല്‍ അടിപ്പാതകള്‍ നിര്‍മ്മിക്കുന്നതും പരിഗണിക്കാവുന്നതാണ്. അടിപ്പാതയ്ക്ക് അത്രയധികം പടികളുടെ ആവശ്യമില്ലാത്തതിനാല്‍ കാല്‍നടയാത്രക്കാര്‍ക്ക് വളരെയധികം സൌകര്യപ്രദമായിരിക്കും. കേരളത്തില്‍ തന്നെ ചിലയിടങ്ങളില്‍      റോഡിനടിയിലൂടെയുള്ള നടപ്പാതകള്‍ ഉണ്ട്. മഞ്ചേരിയിലാണെന്ന് തോന്നുന്നു ഒരിക്കല്‍ ഇത്തരം നടപ്പാത കണ്ടത്. ഇത്തരം പാതകളുടെ നിര്‍മ്മാണം റോഡപകടങ്ങളുടെ നിരക്ക് വളരെയധികം കുറയ്ക്കുവാന്‍ സഹായിക്കുമെന്നതില്‍ സംശയമില്ല. റോഡ് കുറുകെ കടക്കുവാന്‍ ശ്രമിക്കുന്ന പ്രായമേറിയവര്‍ക്കും കുട്ടികള്‍ക്കുമുള്ള ഒരു വലിയ സഹായമായിരിക്കുമത്.