ചലച്ചിത്ര അക്കാദമി ചെയര്‍മാനും മന്ത്രിയും മറ്റു
ചിലരും ചേര്‍ന്ന് സംസ്ഥാന ചലച്ചിത്രോത്സവത്തെ ആദിമധ്യാന്തം ഒരു കൂവല്‍ മേള
ആക്കിയതിനു പിന്നാലെ ചെയര്‍മാനായ ശ്രീ.പ്രിയദര്‍ശനുമായി നടത്തിയ ഒരു അഭിമുഖം ദേശാഭിമാനി
വാരാന്തപ്പതിപ്പി(ഡിസംബര്‍ 18)ല്‍ വന്നത് വായിക്കുകയുണ്ടായി. മേളയിലെ ഒരു സിനിമാ
പോലും തിരക്ക് (സ്വന്തം) കാരണം കാണാനായില്ലെന്ന് പറഞ്ഞ പ്രിയദര്‍ശന്‍ മേളയ്ക്ക്
കൊടിയിറങ്ങിയ വെള്ളിയാഴ്ച ദിവസം മറ്റൊരു തിരക്കിലുമായിരുന്നു, സ്വന്തം സിനിമ “അറബീം
ഒട്ടകോം പി.മാധവന്‍ നായരും” ലോകമാകെ റിലീസ് ചെയ്യുന്നതിന്റെ ( ജൂറിയുടെ സ്വന്തം
സിനിമ ഫെസ്റ്റിവലില്‍ മത്സരിക്കാന്‍ അനുവദിക്കുകയില്ലെന്നത് പോലെ മേളയ്ക്കിടയില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്റെ
ചിത്രം റിലീസ് ചെയ്യരുതെന്നും ഒരു വ്യവസ്ഥ വേണ്ടേ? കുറഞ്ഞത് ധാര്‍മ്മികമായെങ്കിലും)
ഫിലിം ഫെസ്റ്റിവലുകള്‍ സംഘടിപ്പിക്കുന്നത് പ്രധാനമായും
മറ്റു രാജ്യങ്ങളിലെ സിനിമയെയും സംസ്കാരത്തെയും പുത്തന്‍ സാങ്കേതിക വിദ്യകളെയും അടുത്തറിയുവാനും
നമ്മുടെ ചലച്ചിത്രങ്ങളെയും ചലച്ചിത്രകാരന്മാരെയും വിദേശ സിനിമാ പ്രവര്‍ത്തകര്‍ക്ക്
പരിചയപ്പെടുത്തിക്കൊടുക്കുവാനും പ്രദര്‍ശിപ്പിക്കപ്പെടുന്ന ചിത്രങ്ങളില്‍ നിന്ന്
പ്രചോദനം ഉള്‍ക്കൊണ്ട് പുതിയ ചിത്രങ്ങള്‍ നിര്‍മ്മിക്കുവാനുമൊക്കെയാണെന്നാണ് ഞാന്‍
കരുതുന്നത്. ശരിയാണോയെന്ന് അറിഞ്ഞുകൂടാ. പുതിയ സംവിധായകര്‍ പ്രിയദര്‍ശനെ
പോലെയാകാന്‍ എന്ത് ചെയ്യണമെന്ന അഭിമുഖകാരന്റെ ചോദ്യത്തിന്‍ ചലച്ചിത്ര
അക്കാദമി ചെയര്‍മാന്റെ ഉത്തരം ഞെട്ടിപ്പിക്കുന്നതായിരുന്നു. ”സിനിമയെ ഇഷ്ടപ്പെടണം,
നന്നായി കോപ്പി അടിക്കാന്‍ പഠിക്കണം. ആളുകള്‍ക്ക് മനസ്സിലാകാത്ത വിധം കോപ്പി
അടിക്കണം”
ഒരു ചലച്ചിത്രം കണ്ട് ഇഷ്ടപ്പെട്ടാല്‍ അതില്‍
നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് പുതിയ സിനിമ എടുക്കന്നതിനെപ്പറ്റിയല്ല അദ്ദേഹം പറയുന്നത്,
അത് എങ്ങനെ വിദഗ്ദ്ധമായി പകര്‍ത്തണമെന്നാണ്. പ്രിയദര്‍ശന് അങ്ങനെ പറയാം. പക്ഷെ
അദ്ദേഹം സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കൂടിയാണ്. ചെയര്‍മാന്‍ അത്
പറയരുതായിരുന്നു.