.
ഇന്ന് കേരളമാകെ വാസ്തുപുരുഷൻ തേരോട്ടം നടത്തുകയാണ്. വീട് വയ്ക്കുവാനായി സ്ഥലം വാങ്ങുമ്പോൾ മുതൻ വീട് പണി തീരുന്നതു വരെ, പണി തീർന്നുകഴിഞ്ഞാലും വാസ്തു ശാസ്ത്രപ്രകാരമുള്ള കാര്യങ്ങൾ എല്ലാം പാലിച്ചാണോ പണിഞ്ഞിരിക്കുന്നത് എന്ന ഉത്കണ്‌ടയാണ് വീട്ടുടമയ്ക്ക്. എന്തെങ്കിലും തെറ്റിയാൽ ജീവിതമാകെ തുലഞ്ഞതുതന്നെയെന്നാണ് വിദഗ്ധർ പറയുന്നത്. എത്ര ഉദാഹരണങ്ങൾ വേണമെങ്കിലും പറഞ്ഞുതരികയും ചെയ്യും. പിന്നെങ്ങനെ ഭയക്കാതിരിക്കും. വാസ്തുശാസ്ത്ര പ്രകാരം പണിത വീടുകളിലെല്ലാം സുഖവും സന്തോഷവും വഴിഞ്ഞൊഴുകുകയാണോ എന്ന് മാത്രം ചോദിക്കരുത്.
ശിവന്റെ വിയർപ്പിൽ നിന്നുമുണ്ടായ വാസ്തുപുരുഷൻ എന്ന ഒരു അസുരൻ വലുതും ചെറുതുമായ ഓരോ തുണ്ട് ഭൂമിയിലും കമഴ്ന്നടിച്ച് കിടക്കുന്നു എന്നാണ് വാദം. ടി ദേഹത്തെ പ്രീതിപ്പെടുത്തിയില്ലെങ്കിൽ വീട്ടുടമയ്ക്ക് ഉണ്ടാകേണ്ട എല്ലാ സൌഭാഗ്യങ്ങളും നഷ്ടപ്പെടുമത്രെ. ഈ മണ്ടൻ കഥ കേട്ട് പേടിച്ചാണ് സകലമാനയാളുകളും വീട് പണിയുന്നതിന് വാസ്തുവിദഗ്ധരുടെ വിദഗ്ധ അഭിപ്രായം തേടുന്നത്, പണി കഴിഞ്ഞത് പൊളിച്ച് മാറ്റി പണിയുന്നത്.
എ.ഡി. അഞ്ചാം നൂറ്റാണ്ടിൽ വരാഹമിഹിരനാണ് ‘വാസ്തുശാസ്ത്രം’ എഴുതിയത് എന്ന് കരുതുന്നു. മനുഷ്യാലയ ചന്ദ്രിക, വിശ്വകർമ്മ പ്രകാശിക എന്നിവ മലയാളത്തിലും മയമതം തമിഴിലുമുള്ള ആദ്യകാല വാസ്തുവിദ്യാ ഗ്രന്ഥങ്ങളാണ്. ചില സംസ്ക്യത ശ്ലോകങ്ങൾ കാണാതെ പറഞ്ഞ്, വ്യാഖ്യാനിച്ച് വരുന്നവരെ വിരട്ടുകയാണ് വിദഗ്ധരുടെ പണി. ഇത് അരുതുകളുടെ ഒരു ശാസ്ത്രമാണ്(കപടശാസ്ത്രം). ബെഡ് റൂം അവിടെ പാടില്ല, ബാത്ത് റൂം ഇവിടെ പാടില്ല. കിണർ വടക്ക് കിഴക്കല്ലാതെ പാടില്ല, അടുത്തുള്ള ക്ഷേത്രങ്ങളെക്കാൾ ഉയരം പാടില്ല. അടുത്തെവിടെയും മുരുക്ക് മരം പാടില്ല, മുരിങ്ങ മരം പാടില്ല, പാലുള്ള വ്യക്ഷങ്ങൾ പാടില്ല, അത് പാടില്ല, ഇത് പാടില്ല. പിന്നെ എന്താണ് പാടുള്ളത്? അത് ഓരോ വിദഗ്ധനും തോന്നുന്നതുപോലെ പറഞ്ഞ് തരും. ഒരാൾ പറയുന്നതാവില്ല മറ്റൊരാൾ പറയുന്നതെന്ന് മാത്രം.
മകൾക്ക് പരീക്ഷയ്ക്ക് മാർക്ക് കിട്ടിയെല്ലെങ്കിൽ ഉടൻ മാതാപിതാക്കൾ വാസ്തുവിദഗ്ധനെ സമീപിക്കുകയായി. അയാൾ വന്ന് വീട് കാണുന്നു. അതാ കാണുന്നു അറ്റാച്ച്ഡ് ബാത്ത് റൂം തെക്ക് പടിഞ്ഞാറ് മൂലയ്ക്ക്. അത് പൊളിച്ച്മാറ്റി പണിതാൽ എല്ലാ പ്രശ്നങ്ങളും തീരും. ഉടൻ മാറ്റി പണിയുന്നു. പരീക്ഷയ്ക്ക് മാർക്ക് കൂടിയോ എന്ന് ചോദിക്കരുത്. ബാത്ത് റൂം എന്ന സംവിധാനം പോലും ഇല്ലാതിരുന്ന കാലത്തെഴുതിയ പുസ്തകങ്ങളിൽ എവിടെയാണ് അറ്റാച്ഡ് ബാത്ത് റൂമിന്റെ കാര്യം പറയുന്നതെന്നും ചോദിക്കരുത്. കിണർ അഗ്നികോണിൽ ആണെങ്കിൽ അത് നികത്തി വേറെ കുഴിക്കണം. കിണർ പൊളിക്കാതെയുമുള്ള പരിഹാരം ഉണ്ടെന്ന് പ്രമുഖ മലയാളപത്രത്തിന്റെ ഓൺലൈൻ എഡിഷനിലെ വിദഗ്ധൻ പറയുന്നു. കിണറിനും വീടിനുമിടയ്ക്ക് 24 സെന്റിമീറ്റർ ഉയരത്തിൽ ഒരു ചെറിയ മതിൽ കെട്ടിയാൽ മതിയത്രെ. എല്ലാം ശുഭം. അദ്ദേഹം തന്നെ കാർ പാർക്കിംഗിനെപ്പറ്റി പറഞ്ഞിരിക്കുന്നത് കേൾക്കുക. വടക്കോട്ടോ കിഴക്കോട്ടോ അഭിമുഖമായി മാത്രമേ കാർ പാർക്ക് ചെയ്യാവൂ. വരാഹമിഹിരന്റെ കാലത്ത് കാർ പാർക്ക് ചെയ്യാറുള്ളതങ്ങനെയാവും.
ഈ ഭൂലോക തട്ടിപ്പ്കാരെ എന്ത് ചെയ്യണം?
1 comment:
ഇവര്‍ ഈ ജ്ഞാനം ഒക്കെ എങ്ങനെ ആര്‍ജിച്ച് എടുത്തെന്ന് പഠിക്കണം. അല്ലാതെ വെറുതെ സിവില്‍ എഞ്ചിനീയറിംഗ് എന്നൊക്കെ പറഞ്ഞു നാല് വര്‍ഷവും കുറെ കാശും പരിശ്രമവും കളയുന്ന വിഡ്ഢികളെ മുക്കാലില്‍ കെട്ടി അടിക്കണം.
Post a Comment