Thursday, October 17, 2013

മലയാളികൾ മടിയരായതെങ്ങനെ?

നമ്മൾ കേരളീയരെപ്പറ്റിയുള്ള അതിഭയങ്കരമായ ഒരു ആരോപണം ജോലിക്കള്ളന്മാരാണെന്നതാണ്. എപ്പോഴും മടിയരാണെന്നല്ല, കേരളത്തിനുള്ളിലാണെങ്കിൽ കള്ളത്തരം കാണിക്കും. പുറത്താണെങ്കിൽ നന്നായി അധ്വാനിക്കും എന്നാണ് പറഞ്ഞ് കേൾക്കുന്നത്. (ശരിയാണോ എന്നറിയില്ല, ഞാൻ കേരളത്തിനകത്തുള്ളഅധ്വാനംആണ് ചെയ്യുന്നത്).   അതായത് മലയാളനാട്ടിൽ തന്നെയുള്ള മലയാളികളെപ്പറ്റിത്തന്നെയാണ് പറഞ്ഞുവരുന്നതെന്ന് മനസ്സിലായിക്കാണുമല്ലോ. ശരിക്കും അധ്വാനിക്കുന്ന മലയാളികൾ  രോഷം കൊള്ളേണ്ട, നിങ്ങളെയെല്ലാം ഒഴിവാക്കിയാണ് പറയുന്നത്.
മലയാളികൾ മേലനങ്ങി പണി ചെയ്യാറില്ല, വെള്ളക്കോളർ ജോലികൾ മാത്രമേ ആഗ്രഹിക്കാറുള്ളൂ. തെങ്ങിൽ നിന്ന് തേങ്ങയിടാ പോലും ആളില്ല. ഇവിടെ അധ്വാനമുള്ള ജോലികൾ ചെയ്യാൻ തയ്യാറല്ലെങ്കിലും അറബിയുടെ വീട്ടുജോലി ചെയ്യാനും ഒട്ടകത്തെ നോക്കാനും തയ്യാറാണ് തുടങ്ങി  ധാരാളം ആരോപണങ്ങളാണ് നമുക്കെതിരെ നമ്മൾ (മലയാളത്തിലാണ് അവയെല്ലാം തന്നെ വായിച്ചിട്ടുള്ളത് ) ഉന്നയിക്കാറുള്ളത്.
ആരോപണങ്ങൾ മറുപടി പറയാവുന്നത് തന്നെയാണ്. അധ്വാനശേഷിയുള്ള പണികൾ എന്ന് പറയുമ്പോൾ പ്രധാനമായും കാർഷികവൃത്തിയാണ് അർത്ഥമാക്കുന്നത്. ഇന്ന് കേരളത്തിൽ കൃഷിയോഗ്യമായ സ്ഥലങ്ങൾ വളരെ കുറവാണ്. കുടുംബങ്ങൾ അണുകുടുംബങ്ങളായി വിഭജിക്കപ്പെട്ടതോടുകൂടി തുണ്ടുഭൂമികളിലെല്ലാം വീടുകൾ മുളച്ചു. വെള്ളം ഒഴുകാൻ ഇടമില്ലാതായി. അതുമല്ല, ആരെങ്കിലും നെൽകൃഷി ചെയ്താൽ തന്നെ സമയത്തിന് കൊയ്യാനാളില്ല. ഒടുവിൽ നെല്ലിന് പകരം കൊയ്തുകൂട്ടുന്നത്  ‘നഷ്ടവും. പിന്നെയെങ്ങനെ നെല്ലും എള്ളും കൃഷിചെയ്യും? ജീവിതകാലം മുഴുവൻ അധ്വാനിച്ചിട്ടും കഷ്ടപ്പാടല്ലാതെ ഒന്നും മിച്ചം വെയ്ക്കാനാവാത്തവർ തങ്ങളുടെ മക്കളും കൃഷിക്കാരാവുന്നതിൽ താത്പര്യം കാണിക്കാത്തതിനെ എങ്ങനെ കുറ്റപ്പെടുത്താനാവും? അവർ മക്കൾക്ക് വിദ്യാഭ്യാസം നൽകി ഉയർന്ന ഉദ്യോഗസ്ഥരായോ സർക്കാർ ജീവനക്കാരായോ വിദേശജോലിക്കാരായോ മാറ്റാൻ ആഗ്രഹിക്കുന്നു. ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ മലയാളികൾ ഇവിടെയുള്ള എന്ത് ജോലിയും ചെയ്യുമെന്ന് കരുതാനാവില്ല. ഇതൊക്കെ ചെയ്യാനാണെങ്കിൽ ഇത്രയും പഠിക്കേണ്ട കാര്യമുണ്ടായിരുന്നില്ലല്ലോ എന്ന ഒരു ചോദ്യം അഭിമാനബോധമുള്ള മലയാളി പ്രതീക്ഷിക്കുന്നുണ്ട്(മിഥ്യാഭിമാനമെന്ന് മറ്റ് ചിലർ).  എന്തായാലും മറുനാട്ടിൽ അത്തരം ഒരു ചോദ്യത്തിന് മറുപടി പറയേണ്ടിവരില്ല എന്നതുകൊണ്ട് മാത്രം വിദേശത്ത് പോകുന്നവരും കണ്ടേക്കാം.
            മലയാളികൾ മടിയരാണെന്ന്  സമ്മതിച്ചാലും ഇല്ലെങ്കിലും നമ്മൾ ചെയ്യാത്ത നമ്മുടെ നാട്ടിലെ ജോലികൾ ചെയ്യാനായി തമിഴ്നാട് മുതൽ  പശ്ചിമബംഗാൾ വരെയുള്ള സംസ്ഥാനങ്ങളിൽ നിന്നും ബംഗ്ലാദേശ്, നേപ്പാൾ തുടങ്ങിയ അന്യരാജ്യങ്ങളിൽ നിന്നും തൊഴിലാളികളെത്തുന്നുകേരളത്തിലെ ബസുകളിലും ഹോട്ടലുകളിലും മറ്റും ഹിന്ദിയിലും ബംഗാളിയിലുമുള്ള ബോർഡുകൾ ഇന്ന് പതിവ് കാഴ്ചയായിരിക്കുന്നു.
            നമ്മൾ നന്നായി അധ്വാനിച്ചിട്ടല്ലേ ഇവിടെ റബറും തെങ്ങും ഏലവും കാപ്പിയുമൊക്കെ വിളയിക്കുന്നത്. ഇതൊക്കെയും കൃഷിയല്ലേഅപ്പോൾ നമ്മൾ ശരിക്കും മടിയരാണോ?
            ഒന്നാലോചിച്ചാൽ റബ്ബറും തെങ്ങും തേയിലയുമെല്ലാം കൃഷി തന്നെ. എന്നാൽ ഒന്നുകൂടി നന്നായി ആലോചിച്ചാലോ ? അതിൽ അല്പം മടിയുള്ളതായി കാണാം. എല്ലാ വർഷവും വിളവിറക്കേണ്ട നെല്ല്, എള്ള്, പച്ചക്കറികൾ തുടങ്ങിയവയുടെ കൃഷി നമ്മൾ ഉപേക്ഷിച്ചു. പകരം ദീർഘകാലത്തേക്ക് വിളവ് തരുന്ന തെങ്ങ്, റബ്ബർ, സുഗന്ധവ്യഞ്ജനങ്ങൾ തുടങ്ങിയവ  കൃഷി ചെയ്തുതുടങ്ങി. നമുക്ക് വിശപ്പടക്കാനുള്ളതൊന്നും നമ്മൾ ഉല്പാദിപ്പിക്കാതായി. വിദേശങ്ങളിൽ നല്ല വില ലഭിക്കുന്ന നാണ്യവിളകൾ മാത്രം നമ്മുടെ കാർഷികോല്പന്നമായി. നമ്മുടെ നെല്ലറകൾ തരിശിടങ്ങളായി. ആവർത്തനകൃഷി ചെയ്യേണ്ടയിനങ്ങൾ ഒഴിവാക്കിയത് കാരണം വിളവെടുക്കാൻ മാത്രം കഷ്ടപ്പെട്ടാൽ മതിയെന്നായി( അരി തെലുങ്കനും പച്ചക്കറി (വിഷം ചേർന്നതാണെങ്കിലും) തമിഴനും തരുന്ന കാലത്തോളം).
            അധ്വാനശേഷി ഉപയോഗിക്കേണ്ടിവരുന്ന മറ്റൊരു പ്രധാന തൊഴിലിടം വ്യവസായശാലകളാണ്. ആയിരക്കണക്കിന് തൊഴിലാളികൾ ജോലി ചെയ്യുന്ന കായികാധ്വാനം ആവശ്യമായ ഫാക്ടറികൾ രാജ്യത്ത് ധാരാളമുണ്ടെങ്കിലും നമ്മൾ ഇത്തരം സംരഭങ്ങളിൽ താത്പര്യം കാണിക്കാറില്ല. ഇവിടെയും നമ്മൾ അലസരാണെന്നതിന്റെ ലക്ഷണം കാണിക്കുന്നുണ്ട്വലിയ പണിശാലകൾ ഒഴിവാക്കി ഇൻഫർമേഷൻ ടെക്നോളജി, ബാങ്കിംഗ് പോലെയുള്ള സേവനമേഖലകൾ നമുക്ക് താത്പര്യമുള്ള തൊഴിലിടങ്ങളാകുന്നു. ഭൂമി(വസ്തു) വാങ്ങപ്പെടാനും വിൽക്കപ്പെടാനുമുള്ള ഒരു വസ്തു മാത്രമായി മാറുമ്പോൾ റിയൽ എസ്റ്റേറ്റ് ബിസിനസ് പ്രധാന വാണിജ്യമേഖലയായി മാറുന്നു.  അതായത് കായികാധ്വാനം കൂടുതലായി വേണ്ടിവരുന്ന പ്രാഥമിക, ദ്വിതീയ മേഖലകൾക്ക് പകരം ത്രിതീയമേഖലയെന്ന് പറയാവുന്ന സേവനമേഖലക്ക് പ്രാമുഖ്യം നൽകുന്നത് മടിയുടെ മറ്റൊരു ലക്ഷണമല്ലേയെന്നൊരു സംശയമുണ്ടാവുന്നത് സ്വാഭാവികംഅപ്പോളൊരു ചോദ്യം ചോദിക്കാമല്ലോ. നമ്മൾ എങ്ങനെ മടിയരായി?
            അതിനുത്തരം കിട്ടണമെങ്കിൽ കേരളത്തിനപ്പുറത്തേക്ക് നോക്കണം. ചില സ്ഥലങ്ങളിൽ കടുത്ത ചൂട്, ചിലയിടങ്ങളിൽ കൊടും തണുപ്പ്, ചില സ്ഥലങ്ങൾ മഞ്ഞ് മൂടിക്കിടക്കുമ്പോൾ മറ്റ് ചില സ്ഥലങ്ങൾ മരുഭൂമിമാത്രം,  കുടിവെള്ളത്തിനായി കിലോമീറ്ററുകൾ സഞ്ചരിക്കേണ്ടിടങ്ങൾ, വരൾച്ചയിൽ കരിയുന്ന കൃഷിഭൂമികൾ,  ചില സ്ഥലത്ത് വെള്ളപ്പൊക്കം, രക്ഷയ്ക്കായുള്ള പലായനങ്ങൾ. ഇത്തരം കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും നമ്മൾ കേരളീയർക്ക് പരിചിതമല്ലശൈത്യത്തിന്റെയും വേനലിന്റെയും വരൾച്ചയുടെയും വെള്ളപ്പൊക്കത്തിന്റെയും  അങ്ങേയറ്റം (extreme) നമ്മൾ അറിയാറില്ല. ഇവിടെ സഹ്യനിപ്പുറം അറബിക്കടലിനിക്കരെ ഉള്ള സുഖശീതളിമയാർന്ന കാലാവസ്ഥയാണ് നമ്മൾ മലയാളികളെ അലസരാക്കിയതെന്ന് പറയുന്നതാണ് ശരി. മറ്റ് സ്ഥലങ്ങളിലെ ജനങ്ങൾക്ക് പ്രകൃതിയിൽ നിന്നേൽക്കുന്ന ക്ഷതങ്ങളുടെ യാതനകൾ നമുക്ക് അനുഭവിക്കേണ്ടി വരാത്തതാണ് നമ്മൾ കുറച്ച് അലസരായി മാറിയതിന് കാരണമെന്ന് കാണാം. അതായത് ഒരുഎയർകണ്ടീഷൻഡ്മുറിയിലിരിക്കുമ്പോളുള്ള ഒരു ആലസ്യം. നമ്മൾ മടിയരായതല്ല, സുന്ദരമായ പ്രകൃതിയിലെ സുഖകരമായ കാലാവസ്ഥ നമ്മളെ മടിയരാക്കിയതാണ്.
            ആലസ്യം എത്ര നാൾ നമുക്ക് തുടരാനാവും എന്നറിയില്ല. പച്ചപ്പെല്ലാം മറഞ്ഞുകൊണ്ടിരിക്കുന്നു. മിടുക്കരായവർ കുന്നുകളെയാകെ തീരത്തേക്ക് കയറ്റിയയക്കുന്നു. ഭൂമി അതിന്റെ സ്വാഭാവിക അവസ്ഥയിൽ നിന്ന് മാറി കല്ലുവെട്ടാംകുഴികളും ചെളിമണ്ണെടുത്ത ഗർത്തങ്ങളും ആയി പരിവർത്തനം ചെയ്യുന്നു. നമ്മളാകട്ടെഇനിയും മരിക്കാത്ത ഭൂമി, നിന്നാസന്ന മൃതിയിൽ നിനക്കാത്മശാന്തിപാടിയിരിക്കുന്നു.


(ഓഫീസിലെ ഉച്ചയൂൺചർച്ചയ്ക്കിടെ സഹപ്രവർത്തകനായ ദിലീബ് സാറാണ് നമ്മൾ മടിയരായതിന്റെ കാരണം അവതരിപ്പിച്ചത്.  അതെല്ലാവരും അറിയട്ടെ എന്ന് കരുതിയാണ്  ഇവിടെ കുറിച്ചത്.)

Tuesday, July 16, 2013

വാസ്തുശാസ്ത്രപ്രകാരം വാതിലടയ്ക്കാം.

നോരമയിൽ വാസ്തുശാസ്ത്രം കൈകാര്യം ചെയ്യുന്ന മനോജ്.എസ്.നായർ എഴുതിയിരിക്കുന്നത് ഇങ്ങനെ. “വാതിലിന്റെ സ്ഥാനം മാറ്റുമ്പോൾ നേരത്തെ വാതിൽ നിർദ്ദേശിച്ചയിടം ഭിത്തി കെട്ടി അടയ്ക്കരുത്. ഇങ്ങനെ ചെയ്യുന്നത് മൂലമുള്ള പ്രശ്നങ്ങൾ ഒഴിവാക്കാൻ ഈ ഭാഗത്ത് ഒരു ഓപ്പണിംഗ് ആവശ്യമാണ്. ഇതിന് ജനലാണ് ഉത്തമം. ഇത് സുതാര്യമായ മാധ്യമം ആവണം. ഫിലിം ഒട്ടിച്ച ഗ്ലാസ് ഉപയോഗിക്കാം. ജനൽ തുറന്നിടണമെന്നില്ലാത്തതിനാൽ സ്വകാര്യതയെ ബാധിക്കുന്ന പ്രശ്നവുമില്ല.” (അദ്ദേഹത്തിന്റെ ഉപദേശം പൂർണമായി വായിക്കാൻ ഇവിടെ click ചെയ്യുക)

വാസ്തുശാസ്ത്രം ശാസ്ത്രമെന്നും ശാസ്ത്രീയമെന്നും വാദിക്കുന്നവർ ഇത് മനസ്സിരുത്തി വായിച്ചുനോക്കുക. വാതിലിന്റെ സ്ഥാനം വേണമെങ്കിൽ മാറ്റാം. പക്ഷെ അവിടം ഭിത്തി കെട്ടി അടയ്ക്കരുതെന്ന് മാത്രം. പകരം ജനാലയാവാം. ജനാല തുറന്നിടണമെന്നില്ല. ഗ്ലാസ് ആവാം. അതിൽ ഫിലിം ഒട്ടിക്കുകയുമാവാം.  അപ്പോൾ ഭിത്തി കെട്ടി അടച്ചതിന് തുല്യമാവുകയില്ലേ എന്ന് ചോദിക്കരുത്. ഇത് ശാസ്ത്രമാണ്. പുരാണഗ്രന്ഥങ്ങളിൽ എഴുതിവച്ചിരിക്കുന്നതാണ്. ചോദ്യം ചെയ്യരുത്. ജനാല വായുവും വെളിച്ചവും കടക്കാനാണ്. ഗ്ലാസുമിട്ട് ഫിലിമും ഒട്ടിച്ചാൽ പിന്നെ വാതിലിന്റെയും ജനലിന്റെയും യാതൊരു ഗുണവുമില്ല എന്ന് വാസ്തുവിദഗ്ദ്ധർക്കൊഴികെ എല്ലാവർക്കുമറിയാം. അപ്പോൾ ഇതാണ് വാസ്തുശാസ്ത്രം. ഇതിലെന്ത് ശാസ്ത്രീയതയാണുള്ളത്.  ഈ മനുഷ്യാലയ ചന്ദ്രികയിലൊക്കെ എവിടെയാണാവോ ഗ്ലാസിനെപ്പറ്റിയും സൺഫിലിമിനെപ്പറ്റിയുമൊക്കെ പറയുന്നത്. ഈ വിഡ്ഡിത്തങ്ങൾ വിളമ്പുന്നത് സാധാരണക്കാരാരുമല്ല. സർക്കാർ ചെലവിൽ അന്ധവിശ്വാസം മൊത്തമായി പഠിപ്പിക്കുന്ന ആറന്മുള വാസ്തുവിദ്യാ ഗുരുകുലത്തിലെ കൺസൾട്ടന്റ് എൻ‌ജിനീയർ (?) ആണത്രെ.