Wednesday, May 6, 2015

സംഖ്യാ ജ്യോതിഷം - തട്ടിപ്പിന്റെ മറ്റൊരു നമ്പർ

                അടുത്ത കാലത്തായി വളർന്ന് വികസിച്ചു വരുന്ന ഒരു തട്ടിപ്പ് ശാഖയാണ് സംഖ്യാശാസ്ത്രം. ജ്യോതിഷത്തിന് പ്രധാനമായും  ഭാരതത്തിലെ ഹിന്ദുക്കളാണ് ഇരകളാകുന്നതെങ്കിൽ സംഖ്യാശാസ്ത്രം ആഗോളതലത്തിൽ ജാതിമതഭേദമന്യേ ആർക്കും തട്ടിപ്പിക്കപ്പെടാനായി സജ്ജമാക്കപ്പെട്ടിരിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ഏറ്റവുമധികം പ്രചാരം സിദ്ധിച്ചത് 13 ഏറ്റവും അശുഭ സംഖ്യയാണെന്നതാണ്. ഈ വിശ്വാസം പടിഞ്ഞാറൻ നാടുകളിൽ നിന്ന് വന്നതാണെന്ന് കാണാംക്രിസ്തുവിന്റെ പതിമൂന്ന് ശിഷ്യന്മാരിൽ ഒരാളാണല്ലോ ഒറ്റിക്കൊടുത്തത്. അതിനാലാവാം ചിലർക്ക് 13 അശുഭമായത്. പന്ത്രണ്ടിനും പതിനാലിനും ഇല്ലാത്ത ഒരു അശുഭപ്രത്യേകതകയും പതിമൂന്നിന് ഇല്ലെങ്കിലും പതിമൂന്നിനെ പലർക്കും ഭയമാണ്. എന്തിന് പറയുന്നു, കേരള ഹൈക്കോടതിയിൽ 13 ആം നമ്പർ മുറിയില്ല എന്നാണ് ഒരു വാർത്ത കണ്ടത്. അതായത്   സകല ക്രിമിനലുകളെയും കള്ളന്മാരെയും അക്രമികളെയും നിർഭയമായി കൈകാര്യം ചെയ്യുന്ന കോടതിക്ക് പോലും പതിമൂന്നിനെ ഭയമാണെന്നർത്ഥം.
                 നമ്മുടെ നാട്ടിലൊക്കെ സാധാരണയായി സംഖ്യാശാസ്ത്രമനുസരിച്ച് പറഞ്ഞുവരുന്ന ഒരു കാര്യമാണ് മൂന്ന് പേർ ചേർന്ന് ഒരിടത്ത് പോകുന്നത് ശുഭപര്യവസായിയാകില്ല എന്നത്. ഒരു പെണ്ണ് കാണൽ ചടങ്ങിന് വരനും രണ്ട് കൂട്ടുകാരും   കൂടി ടാക്സി കാറിൽ പോകാനൊരുങ്ങുകയാണെന്ന് കരുതുക. കണ്ടുനിൽക്കുന്ന ഒരാൾ പറയും മൂന്ന് പേർ കൂടി യാത്ര പോകുന്നത് നല്ലതല്ല എന്ന്. ഉടൻ അടുത്തയാൾ ചാടിവീണ് പറയും കാറിന്റെ ഡ്രൈവറെക്കൂടി കൂട്ടുമ്പോൾ നാല് പേരാകുന്നതിനാൽ കുഴപ്പമില്ല. വരനും ഒരു കൂട്ടുകാരനും കൂടിയാണ് പോകുന്നതെന്ന് കരുതുക. അപ്പോഴും കണ്ടുനിൽക്കുന്നയൊരാൾ സഹികെട്ട് മൂന്ന് പേർ പോകുന്നത് നന്നല്ല എന്ന് പറയും. അപ്പോൾ യാത്ര മുടങ്ങാതിരിക്കാനുള്ള മറുമരുന്നുമായി മറ്റൊരാൾ എത്തും. ഡ്രൈവറെ എണ്ണത്തിൽ കൂട്ടേണ്ട കാര്യമില്ല. എന്നിട്ട് ഡ്രൈവറോട് പറയും നീ വീട്ടിലേക്ക് കയറണ്ട, പുറത്ത് നിന്നാൽ മതി. എന്നാൽ മറ്റുചിലർക്ക് ഇതുകൊണ്ട് തൃപ്തിയാവില്ല, അടുത്ത് നിൽക്കുന്ന കുട്ടിയോട് പറയും നീ പെട്ടെന്ന് തയ്യാറായി വന്ന് ഇവരുടെ കൂടെ പോവുകയെന്ന്. അപ്പോൾ എല്ലാ പ്രശ്നങ്ങളും തീരുംഇങ്ങനെ ഓരോ തവണയും പ്രശ്നങ്ങളെ ഒഴിപ്പിച്ചാലും ഒന്നുകിൽ പെണ്ണിന് ചെറുക്കനെ ഇഷ്ടപ്പെടില്ല, അല്ലെങ്കിൽ ചെറുക്കന് പെണ്ണിനെ ഇഷ്ടപ്പെടില്ല. എങ്കിലും അടുത്ത തവണ പോകുമ്പോഴും എണ്ണം തികക്കാൻ മറക്കില്ല. കഴിഞ്ഞ തവണകളിലെല്ലാം പോയപ്പോൾ സംഖ്യാശാസ്ത്രപ്രകാരമാണ് പോയതെന്ന കാര്യം സൌകര്യമായി മറന്നിരിക്കും. സംഖ്യാശാസ്ത്രപ്രകാരം കുഴപ്പമൊന്നും സംഭവിച്ചിരുന്നില്ല, മറ്റെന്തെങ്കിലും കാരണത്താലാണ് വിവാഹം ശരിയാകാതിരുന്നതെന്ന് ആശ്വസിക്കും. ശകുനം, സമയം, രാഹുകാലം തുടങ്ങി എന്തും വച്ച്കെട്ടുവാനുള്ള ചുമലുകൾ ധാരാളം നമുക്കുണ്ടല്ലോ.
                ഇന്ന് ഏറ്റവുമധികം സംഖ്യാശാസ്ത്രം ഉപയോഗിക്കുന്നത് വാഹനങ്ങളുടെ രജിസ്റ്റർ നമ്പറിന്റെ കാര്യത്തിലാണ്. മിക്കവാറും എല്ലാവരും ഇതിൽ പണ്ഡിതരായി ഭാവിക്കുന്നു. വളരെ രസകരമാണ് നല്ല നമ്പർ കണ്ടെത്തുന്ന രീതിരജിസ്റ്റർ നമ്പറിലെ അക്കങ്ങൾ എല്ലാം കൂടി കൂട്ടിയെടുത്ത് അവസാനം ഒരക്കസംഖ്യയിലെത്തിലെത്തിക്കുന്നുസംഖ്യ നല്ലതോ ചീത്തയോ എന്നത് ഇനിയാണ് കണ്ടെത്തുക. കൂട്ടിക്കിട്ടുന്നത്  ഒൻപത് ആണെങ്കിൽ ഏറ്റവും ഉത്തമം. മറ്റ് ഒറ്റയക്കങ്ങൾ (1,3,5,7) ഏതെങ്കിലും ആണെങ്കിലും വലിയ കുഴപ്പമില്ല. ഇരട്ട സംഖ്യകൾ(2,4,6,8) ഏതെങ്കിലും ആണെങ്കിൽ കുഴഞ്ഞത് തന്നെ. വാഹനാപകടം ഉറപ്പ്. ഒൻപതോ ഒറ്റസംഖ്യകളോ വാഹന രജിസ്റ്റർ നമ്പരായി ലഭിക്കാൻ  ലേലം വഴിയോ  ഇടനിലക്കാർ വഴിയോ വലിയ തുക മുടക്കാൻ മടിയില്ലാത്തവരാണ് സംഖ്യാശാസ്ത്രം തലക്ക് പിടിച്ചിരിക്കുന്ന മിക്കവരും. വഴിയിൽ ഇടിച്ച് തകർന്ന് കിടക്കുന്ന അൻപത് ശതമാനം വാഹനങ്ങളും ഒറ്റയക്കത്തിൽ പെട്ടതായിരിക്കും.  അപകടത്തിൽ പെട്ട വാഹനത്തിന്റെ രജിസ്റ്റർ നമ്പർ കൂട്ടിക്കിട്ടുന്നത്  ഒൻപത് ആണെന്ന് മനസിലാക്കിയാൽ പോലും  വിശ്വാസികൾ അടുത്ത വാഹനം രജിസ്റ്റർ ചെയ്യുന്നത് സംഖ്യാശാസ്ത്രപ്രകാരം തന്നെയായിരിക്കും. സംഖ്യാശാസ്ത്രത്തെ കുറ്റം പറയുന്നതെന്തിനാണ്, മര്യാദക്ക് വണ്ടിയോടിച്ചില്ലെങ്കിൽ ഇങ്ങനെയൊക്കെ സംഭവിക്കും എന്ന് നമ്മളെ ഉപദേശിക്കുകയും ചെയ്യും.
             ജ്യോതിഷികൾ ഭാവി പ്രവചനത്തിന് ജന്മനക്ഷത്രം കണക്കിലെടുക്കുമ്പോൾ സംഖ്യാശാസ്ത്രക്കാർ ജനനസംഖ്യയും നാമസംഖ്യയും വിധിസംഖ്യയുമാണ് പരിഗണിക്കുന്നത്ജനനസംഖ്യയെന്നാൽ ജനിച്ച തീയതി. ജനനതീയതിക്ക് രണ്ട് അക്കങ്ങളുണ്ടെങ്കിൽ അവ കൂട്ടി ഒറ്റയക്കമാക്കിയെടുത്ത് ജനനസംഖ്യയാക്കുന്നു. ജനനത്തീയതി 25-10-1985 ആണെങ്കിൽ 2+5+1+0+1+9+8+5=31,      3+1=4 ആണ് വിധിസംഖ്യ.   ഓരോ ഇംഗ്ലീഷ് അക്ഷരങ്ങൾക്കും ഓരോ സംഖ്യ മൂല്യമായി നൽകിയിരിക്കുന്നു. ആര് നൽകിമൂല്യം എങ്ങനെ കണ്ടെത്തി എന്നൊന്നും ചോദ്യമില്ല. പേരിലെ അക്ഷരങ്ങളുടെ മൂല്യം കണക്കാക്കി കൂട്ടിയെടുക്കുന്നതാണ് നാമസംഖ്യ. ഇനിഷ്യലിന്റെ കാര്യം മറക്കരുത്. അത് കൂടി കൂട്ടിയില്ലെങ്കിൽ തെറ്റിയത് തന്നെ.
             ഒരു സംഖ്യാജ്യോതിഷ സൈറ്റിൽ  സംഖ്യാജ്യോതിഷ പ്രകാരം പേര് മാറ്റി ജീവിത വിജയം നേടിയവരുടെ വലിയ പട്ടികയാണ് കൊടുത്തിരിക്കുന്നത്. മിക്കവരും ചലച്ചിത്ര മേഖലയിലുള്ളവരാണ്. ശിവാജി റാവു എന്ന പേര് രജനീകാന്ത് എന്നും മുത്തുരാജു എന്ന പേര് രാജ് കുമാറെന്നും മാറ്റിയത് കൊണ്ടാണത്രെ അവർ സൂപ്പർ സ്റ്റാർ ആയത്. നർഗീസും ദിലീപ് കുമാറും ധർമേന്ദ്രയും ജീതേന്ദ്രയും ഒന്നും പോരാതെ മമ്മൂട്ടി വരെ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.  പുതിയ നടന്റെയോ നടിയുടെയോ പേരിന് പുതുമ പോരെന്ന് കരുതുന്ന സംവിധായകരോ അല്ലെങ്കിൽ മുതിർന്ന സിനിമാ പ്രവർത്തകരോ  അവർക്ക് അപ്പോൾ  മനസിൽ തോന്നുന്ന പേരിട്ട് പുതുമുഖങ്ങളെ സിനിമയിൽ പരിചയപ്പെടുത്തുന്ന രീതിയാണ് പണ്ടുമുതലേ നിലവിലുള്ളതെന്ന് നമുക്കറിയാം.  അതൊന്നും സംഖ്യാജ്യോതിഷപ്രകാരം ആയിരുന്നില്ല. എന്നാൽ അവർ വിജയം നേടിയപ്പോൾ അതിന്റെ പങ്ക് അവകാശപ്പെടാൻ മടിയില്ലാത്തവരാണ് ഇക്കൂട്ടർ. സംഖ്യാജ്യോതിഷിയുടെ അഭിപ്രായപ്രകാരം പേര് മാറ്റാൻ ശ്രമിച്ചിട്ടും അച്ചന്റെ എതിർപ്പ് മൂലം നടക്കാതിരുന്ന ശ്രീശാന്ത് അതേ പേര് കൊണ്ട്തന്നെയാണ് സാക്ഷാൽ സച്ചിൻ തെണ്ടുൽക്കർക്ക് പോലും സാധ്യമാകാതിരുന്ന,  രണ്ട് തവണ ലോകകപ്പ് നേടിയ ടീമിൽ അംഗമാവുകയെന്ന അസുലഭ നേട്ടം കൈവരിച്ചത്. അടുത്ത കാലത്തായി മലയാള സിനിമയിൽ പല സംവിധായകരുടെയും പേരുകൾ സിനിമയുടെ ടൈറ്റിൽ കാർഡിൽ ചില അക്ഷരങ്ങൾ അധികരിച്ച നിലയിൽ എഴുതിയിരിക്കുന്നത് കാണാം. അങ്ങനെ എഴുതിയിട്ടും സിനിമകൾ എട്ടുനിലയിൽ പൊട്ടിയിട്ടും വീണ്ടും അങ്ങനെ തന്നെ എഴുതുക തന്നെ ചെയ്യുമെന്നതിൽ സംശയമില്ല.  മലയാള സിനിമാ സംവിധായകനായ ജോഷി ഇംഗ്ലീഷിൽ JOSHY എന്നെഴുതിയിരുന്നത് JOSHIY എന്ന് മാറ്റിയതിന്  ശേഷമിറങ്ങിയ ജന്മവും ലോക്പാലും അവതാരവുമൊന്നും പ്രേക്ഷകർ സ്വീകരിച്ചില്ല. 20-ട്വന്റ്റി, റൺ ബേബി റൺ തുടങ്ങിയവ സൂപ്പർ ഹിറ്റ് ആവുകയും ചെയ്തു. പേര് മാറ്റിയത് കൊണ്ട് ഗുണം കിട്ടുമെങ്കിൽ എപ്പോഴും കിട്ടണമായിരുന്നു. JOSHY എന്ന പഴയ പേര് ഉപയോഗിച്ചിരുന്നപ്പോൾ സംവിധാനം ചെയ്ത നിറക്കൂട്ട്,  ന്യൂഡൽഹി, നാടുവാഴികൾ, നായർ സാബ്, നമ്പർ 20 മദ്രാസ് മെയിൽ തുടങ്ങിയ സിനിമകൾ സമ്മാനിച്ച നേട്ടമൊന്നും പേര് മാ‍റ്റിയതിന് ശേഷം ഉണ്ടായെന്ന് പറയാനാവില്ല.
             പ്രശസ്തനായ ബംഗാളി യുവ ഗായകൻ അരിജിത് സിംഗ് എങ്ങനെ ഗായകനായി പേരെടുത്തു എന്നറിഞ്ഞത് ഒരു ന്യൂമറോളജി സൈറ്റ് സന്ദർശിച്ചപ്പോളാണ്. അദ്ദേഹത്തിന്റെ ജനന ദിവസത്തിന്റെ അധിപനായ സംഖ്യ  ഏഴ് ആണത്രെ. ഏഴ് സംഗീതത്തിന്റെയും ശബ്ദത്തിന്റെയും സംഖ്യയാണെന്നും അതുകൊണ്ടാണ് അരിജിത് സിംഗ് പ്രശസ്തനായതെന്നുമാണ് ഒരു സംഖ്യാശാസ്ത്രകാരൻ പറയുന്നത്. യേശുദാസും ജയചന്ദ്രനും വേണുഗോപാലും ചിത്രയും ഉണ്ണിമേനോനും സുജാതയും രവീന്ദ്രനും  ദേവരാജനും രാഘവനും എ.ആർ.റഹ്മാനും റസൂൽ പൂക്കുട്ടിയും ഹരിഹരനും രവിശങ്കറും സക്കീർ ഹുസൈനും തുടങ്ങി മൈക്കിൾ ജാക്സണും ബ്രിട്ട്നി സ്പിയേഴ്സും വരെ ഏഴ് ജനന സംഖ്യ ഉള്ളവരായിരിക്കുമെന്നതിൽ സംശയമില്ല.

              ആരൊക്കെ എന്തൊക്കെ പറഞ്ഞാലും സംഖ്യാ ജ്യോതിഷികളുടെ എണ്ണവും അതിലും വേണമെങ്കിൽ വിശ്വസിച്ചേക്കാം എന്ന് കരുതുന്നവരുടെ എണ്ണവും ഇത്തരം തട്ടിപ്പുകാർ പറയുന്നതനുസരിച്ച് പേര് മാറ്റുന്നവരുടെ എണ്ണവും കൂടി വരികതന്നെയാണ്. ഒരു പക്ഷേ ഈ സംഖ്യാ ജ്യോതിഷികളെല്ലാം ആറാം നമ്പർ ജന്മസംഖ്യ ആയിരിക്കുന്നവരായിരിക്കും. കാരണം ആറാം നമ്പറുകാർ  നന്നായി സംസാരിച്ച് ആരെയും വശീകരിക്കുമത്രെ. നമ്മൾ അവരെ കാത്തിരിക്കുന്നു.                                                                                                    

2 comments:

Anurag said...

ഏത് ജ്യോതിഷം നോക്കിയാലും വരാനുള്ളത് വരിക തന്നെ ചെയ്യും

സുധി അറയ്ക്കൽ said...

ഹാ ഹാ ഹാാ.കൊള്ളാമല്ലോ.

നമ്മുടെ നടൻ സുനിൽ പേരു മാറ്റി നരേൻ ആയിട്ടെന്നാ സംഭവിച്ചെന്ന് നരേനു പോലും ഇത്‌ വരെ മനസ്സിലായിട്ടില്ല.