Wednesday, February 22, 2017

                   ആ ഗാനം ഇന്നായിരുന്നുവെങ്കിലോ ?


ആർ.സുകുമാരൻ സംവിധാനം ചെയ്ത “പാദമുദ്ര”എന്ന സിനിമ പുറത്തിറങ്ങിയത് 1988ൽ ആയിരുന്നു. മോഹൻലാൽ അവതരിപ്പിക്കുന്ന മാതുപ്പണ്ടാ‍രത്തിന്റെയും  കുട്ടപ്പൻ എന്ന കഥാപാത്രത്തിന്റെ പിതൃത്വം ചോദ്യം ചെയ്യപ്പെടുന്നതിന്റെയും കഥയാണിത്. ഓച്ചിറ ക്ഷേത്രത്തിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളുമായി കഥ കെട്ടുപിണഞ്ഞ് കിടക്കുന്നു. റിലീസ് ചെയ്ത സമയത്ത് വലിയ വാണിജ്യവിജയമോ നിരൂപകശ്രദ്ധയോ നേടാനായില്ലെങ്കിലും പിൽക്കാലത്ത് മികച്ച മലയാള സിനിമകളുടെ പട്ടികയിൽ ഇടം നേടാൻ പാദമുദ്രയ്ക്കായി.
ചിത്രത്തിലെ അഞ്ച് ഗാനങ്ങളിൽ ഹിറ്റ് ആയ പാട്ടായിരുന്നു “അമ്പലമില്ലാതെ ആൽത്തറയിൽ വാഴും ഓംകാരമൂർത്തി ഓച്ചിറയിൽ” എന്നത്. ഹരി കുടപ്പനക്കുന്ന് എഴുതി വിദ്യാധരൻ സംഗീതം നൽകി യേശുദാസ് പാടിയ പാട്ടാണിത്. മൂന്ന് പതിറ്റാണ്ടോളം മുമ്പായിരുന്നതുകൊണ്ട് ഈ ഗാനത്തിന് പിന്നിലിള്ളുവർക്ക് അപകടമൊന്നും സംഭവിച്ചില്ല. ഇന്നായിരുന്നുവെങ്കിലോ. എഴുതിയ കവിക്ക് കൈ ഉണ്ടാകുമെന്ന് തോന്നുന്നില്ല.
ഓച്ചിറ ക്ഷേത്രത്തിലെ പരബ്രഹ്മ സങ്കല്പത്തിലുള്ള പരമശിവനെ സ്തുതിക്കുന്ന ഭജനയായാണ് മേല്പറഞ്ഞ ഗാനം അവതരിപ്പിക്കപ്പെടുന്നത്. തുടക്കം ഇങ്ങനെയാണ്.
“നമ: പാർവ്വതീപതേ  ഹരഹര മഹാദേവ !
ശ്രീശങ്കര നാമസങ്കീർത്തനം ഗോവിന്ദ ഗോവിന്ദ !
അമ്പലമില്ലാതെ ആൽത്തറയിൽ വാഴും
ഓംകാരമൂർത്തി ഓച്ചിറയിൽ
പരബ്രഹ്മ മൂർത്തി ഓച്ചിറയിൽ” 

തുടർന്ന് ക്ഷേത്രത്തെ വിവരിക്കുന്നുണ്ട്. മുടന്തനും കുരുടനും  ഊമയും നൊന്തുവിളിക്കുകയാണെങ്കിൽ കാരുണ്യമേകുന്ന ശംഭുവിനെ കൈ തൊഴുന്നുതായി പാടുന്നു. പിന്നീട് ശിവതാണ്ഠവത്തിലൂടെ കടന്നുപോകുന്നു. അവസാന വരികൾ ഇങ്ങനെ.
“കാമനെ ചുട്ടൊരു കണ്ണിൽ കനലല്ല
കാമമാണിപ്പോൾ ജ്വലിപ്പതെന്നോ
കുന്നിൻ മകളറിയാതെ ആ ഗംഗയ്ക്ക്
ഒളിസേവ ചെയ്യുന്നു മുക്കണ്ണൻ.”

സിനിമയിലെ സന്ദർഭത്തിന് യോജിക്കുന്ന തരത്തിലെഴുതിയ വരികളാണിത്.  ഹിമവാന്റെ മകളായ പാർവ്വതി അറിയാതെ ഗംഗയ്ക്ക് പരമശിവൻ ഒളിസേവ ചെയ്യുന്നു എന്നെഴുതിയത് ഇന്നായിരുന്നുവെങ്കിൽ എന്തായിരുന്നു അവസ്ഥ?  ഹരി കുടപ്പുനക്കുന്ന് പിന്നീട് പേന എടുക്കാൻ ധൈര്യപ്പെടുമായിരുന്നില്ല. സിനിമ റിലീസ് ചെയ്യുമായിരുന്നില്ല. റിലീസ് ചെയ്താൽ തീയറ്റർ കത്തുമായിരുന്നു. പത്തുമുപ്പത് വർഷം മുൻപായതുകൊണ്ട് ഇതൊന്നും കൂടാതെ കഴിഞ്ഞു. ഇപ്പോൾ നമ്മൾ സദാചാരവാദികളും സമാധാനപ്രിയരും സർവ്വോപരി  സംസ്കാര സമ്പന്നരുമാണല്ലോ.  അതൊക്കെ ഒരു കാലം എന്ന് പറയാനല്ലേ ഇനി പറ്റൂ.


No comments: