Monday, June 7, 2010

മലയാള സിനിമയുടെ അപഥ സഞ്ചാരങ്ങള്‍

   മലയാള സിനിമയില്‍ പ്രശ്നങ്ങളുടെ കാലമാണിത്. നടന്മാരും സാങ്കേതിക വിദഗ്ദ്ധരും തമ്മില്‍,  നടന്മാരും നിര്‍മ്മാതാക്കളും തമ്മില്‍, നടന്മാര്‍ തമ്മില്‍, അമ്മയും ഫെഫ്കയും തമ്മില്‍, അങ്ങനെ അങ്ങനെ...അടുത്തിടെയായി സിനിമയ്ക്ക് പിന്നിലെ കളികളാണ് സൂപ്പര്‍ഹിറ്റുകള്‍. നമ്മള്‍ കാഴ്ച്ചക്കാര്‍ക്കിതിലെന്തു കാര്യം എന്ന് സിനിമാക്കാര്‍  ചോദിച്ചേക്കാം. നമ്മള്‍ കണ്ടാലല്ലേ സിനിമ ഓടൂ. അതുകൊണ്ട് നമുക്കും അഭിപ്രായം പറയാം.
        ആരാണ് സിനിമയിലെ യഥാര്‍ത്ഥ താരങ്ങള്‍? ലോകമാകെയും നടന്മാര്‍ക്കാണ് ജനസമ്മതി(നടിമാരും പിറകിലല്ല). അവര്‍ക്ക് ആരാധകര്‍ ഉണ്ടാകുന്നു. അതുപോലെ ഗായകരും ജനങ്ങള്‍ക്ക്‌ പ്രിയപ്പെട്ടവര്‍ തന്നെ. കാരണം നടന്മാരെ മാത്രമാണ് ജനങ്ങള്‍ സിനിമ കാണുമ്പോള്‍  കാണുന്നത്. ഗായകരുടെ ശബ്ദമാണ് അവര്‍ കേള്‍ക്കുന്നത്. അതുകൊണ്ടുതന്നെ നടന്മാരും ഗായകരും ജനസമൂഹത്തിനു പ്രിയപ്പെട്ടവര്‍ ആയി മാറുന്നു. നടന്മാരുടെ ഈ  ജനപ്രിയത മുതലെടുക്കുവാനായി സംവിധായകര്‍ വീണ്ടും അവരെ നായകര്‍ ആക്കുന്നു. അങ്ങനെ വീണ്ടും  അഭിനയിച്ചു  സൂപ്പര്‍ താരങ്ങള്‍ ആയി മാറുന്നു. ഫാന്‍സ്‌ ക്ലബ്ബുകള്‍ ഉണ്ടാകുന്നു. അവര്‍ അതിമാനുഷര്‍ ആകുന്നു.
       മലയാള സിനിമാ ലോകത്ത് അടുത്ത കാലത്തായി ഉണ്ടായ മിക്ക പ്രശ്നങ്ങളിലും ഒരു വശത്ത് നടന്മാര്‍ ഉണ്ടായിരുന്നതായി കാണാം. നേരത്തെ ചോദിച്ചത് ഒന്നുകൂടി ചോദിക്കാം. ആരാണ് സിനിമയിലെ യഥാര്‍ത്ഥ താരങ്ങള്‍?
        പകരം വെക്കാനാവാത്ത മൌലികമായ  കഴിവുകള്‍ ഉള്ളവരെയല്ലേ ബഹുമാനിക്കേണ്ടതും  ആദരിക്കേണ്ടതും ? അങ്ങനെ നോക്കുമ്പോള്‍ ആരാവണം യഥാര്‍ത്ഥ താരങ്ങള്‍?
       സംവിധായകന്റെ കാര്യം എടുക്കാം. പഴശിരാജ ഹരിഹരന് പകരം അടൂര്‍ ഗോപാലകൃഷ്ണന്‍ എടുത്തിരുന്നുവെങ്കില്‍ എങ്ങനെ ആകുമായിരുന്നു? അല്ലെങ്കില്‍ ജോഷി എടുത്തിരുന്നുവെങ്കില്‍ ? ഉറപ്പായും മറ്റൊരു സിനിമ ആയിരിക്കുമത്.ചിലപ്പോള്‍ ഇപ്പോഴതെതിലും നന്നായിരുന്നേനെ, അല്ലെങ്കില്‍ മോശമായിരുന്നെനെ. ഒന്നുറപ്പാണ്, ഇപ്പോഴത്തെ പഴശ്ശിരാജ ആവില്ല. അതായത് ഒരു സംവിധായകന് പകരം മറ്റൊരു സംവിധായകന്‍ വന്നാല്‍ സിനിമയും മാറുന്നു.
       അതുപോലെ കഥാകൃത്ത്‌. അങ്ങനെ ഒരു കഥ എഴുതുവാന്‍ അയാള്‍ക്ക്‌ മാത്രമേ കഴിയൂ. മറ്റൊരാള്‍ക്ക് മറ്റൊരു കഥയാവും പറയുവാന്‍ ഉണ്ടാകുക. അത് വേറൊരു സിനിമ. നീലതാമരയ്ക്ക്  എം.ടിയ്ക്ക് പകരം ശ്രീനിവാസന്‍ തിരക്കഥ എഴുതിയാല്‍ അത് എം.ടിയുടെ തിരക്കഥ ആവില്ല. അത് ശ്രീനിവാസന്റെ തിരക്കഥ ആണ്. അത് ശ്രീനിവാസന്റെ നീലത്താമര ആയിരുന്നേനെ. അറബിക്കഥയിലെ ഗാനങ്ങള്‍ അനില്‍ പനച്ചൂരാന് പകരം ഗിരീഷ്‌ പുത്തഞ്ചേരി എഴുതിയിരുന്നുവെങ്കില്‍ അതൊരിക്കലും "ചോര വീണ മണ്ണില്‍ നിന്നുയര്‍ന്നു വന്ന പൂമരം" എന്നാവുമായിരുന്നില്ല. "ഒരു പുഷ്പം മാത്രമെന്‍ " എന്ന് നമ്മളിപ്പോള്‍ മൂളുന്നത് പോലെ മൂളിക്കുവാന്‍ ബാബുരാജിനെ കഴിയുകയുള്ളൂ. സിനിമയില്‍ തന്നെ ഇനിയുമുണ്ട്  ഇതേ വിഭാഗത്തില്‍ പെടുത്താവുന്ന  കലാകാരന്മാരും സാങ്കേതിക വിദഗ്ദ്ധരും. പകരം വെക്കാനാവാത്ത മൌലികത കൈമുതലായുള്ളവര്‍. ഇവരും താരങ്ങള്‍ അവേണ്ടവര്‍ അല്ലേ?
       ഇനി നടന്മാരുടെയും നടിമാരുടെയും കാര്യങ്ങള്‍ എടുക്കാം. രാജമാണിക്യത്തില്‍ മമ്മൂട്ടിയ്ക്ക് പകരം മോഹന്‍ലാല്‍ ആയിരുന്നുവെങ്കിലോ? ഒന്നും സംഭവിക്കുകയില്ല. അതും നമ്മള്‍ കാണുമായിരുന്നു. മമ്മൂടിയുടെ സ്റ്റൈല്‍ മാറി ലാല്‍ സ്റ്റയിലില്‍ ആയേനെ എന്നതില്‍ കവിഞ്ഞു കഥയ്ക്കോ സിനിമയ്ക്കോ യാതൊരു മാറ്റവും ഉണ്ടാവുമായിരുന്നില്ല. ഭ്രമരത്തില്‍ ജയറാമിന് അഭിനയിക്കാം. റോബിന്‍ഹുഡില്‍ ജയസൂര്യയ്ക്ക് അഭിനയിക്കാം.  നമ്മുടെ നടന്മാരെല്ലാവരും നല്ല അഭിനയ ശേഷി ഉള്ളവരാണ്. ചില ചെറിയ വേഷങ്ങളില്‍ ഒതുങ്ങിപ്പോയ മികച്ച കലാകാരന്മാരുണ്ട്. അവസരങ്ങള്‍ കിട്ടിയിട്ടേ ഇല്ലാത്ത അഭിനയ ചാതുരി ഉള്ളവരുണ്ട്. സിനിമയിലെ ഏത് കഥാപാത്രത്തിനും പകരം വയ്ക്കാനാവുന്ന നടന്മാര്‍ ഇവിടെ ഉണ്ട്. സംവിധായകര്‍ പറയുന്ന രീതിയില്‍ അഭിനയിക്കുക മാത്രമാണ് അവരുടെ ജോലി. അത് അഭിനയ ബോധമുള്ള ആര്‍ക്കും ആകുന്ന ഒന്നാണ്. അതുപോലെ തന്നെയാണ് ഗായകരുടെ കാര്യവും. സംഗീത സംവിധായകര്‍ ആവശ്യപ്പെടുന്ന രീതിയില്‍ പാടുക മാത്രമാണ് അവര്‍ ചെയ്യുന്നത്. അത് ഈണവും താളവും സ്വരവും വഴങ്ങുന്ന ആര്‍ക്കും കഴിയുന്ന കാര്യം മാത്രമാണ്. തങ്ങള്‍ ചെയ്യുന്നത് മറ്റ് അനേകര്‍ക്കും സാധ്യമാകുന്ന ഒരു പ്രവൃത്തി മാത്രം  ആണെന്ന് നടന്മാരും ഗായകരും മനസിലാക്കേണ്ടിയിരിക്കുന്നു. അങ്ങനെയെങ്കില്‍ ഇന്ന് മലയാള സിനിമാ രംഗത്തുള്ള പല ദുഷ്പ്രവണതകള്‍ക്കും അവസാനമാകുമായിരുന്നു. 
        ഇനി പറയൂ. ആരാണ് യഥാര്‍ത്ഥ താരങ്ങള്‍ ?          
      
      

4 comments:

Nileenam said...

ഇതൊക്കെ സഹിക്കുന്ന കാണികള്‍, അല്ലതാര്!!!

ഉപാസന || Upasana said...

നിലീനം : ചിരിപ്പിച്ചു :-))

പാച്ചു said...
This comment has been removed by the author.
പാച്ചു said...

നമുക്ക്‌ Film makers എന്നതിന്റെ അർത്ഥം ഇപ്പോഴും അറിയില്ല....
ഹോളിവുഡിലൊക്കെ സ്ക്രിപ്റ്റും direction-ഉം ഒരാൾ തന്നെ ആയിരിയ്ക്കും മിയ്ക്കപ്പോഴും...

നമുക്കിവിടെ നല്ല script writers നല്ല സംവിധായകൻ ആവുന്നില്ല...നല്ല സംവിധായകർ നല്ല script writers-ഉം അല്ല.

ഇത്‌ രണ്ടും അറിയാമായിരുന്ന പദ്മരാജൻ നമ്മെ വിട്ടു പോവുകയും ചെയ്തു..

യഥാർത്ഥ താരങ്ങൾ ഇവരാണ്‌.

മറ്റൊന്നു സംഖടനകളുടെ ബാഹുല്യമാണ്‌....ഇത്രയധികം സംഖടനകൾ ഒരിയ്ക്കലും നമ്മുടെ സിനിമയിൽ നല്ല കൂട്ടായ്മകൾ ഉണ്ടാക്കാനല്ല അത്‌ നശിപ്പിയ്ക്കാനാണ്‌ സഹായിച്ചിടുള്ളത്‌..

ഇത്‌ രണ്ടും ശരിയായാൽ നല്ല സിനിമകൾ വീണ്ടും മലയാളത്തിൽ ഉണ്ടാവും....