Saturday, June 26, 2010

അട്ടിമറിക്കാര്‍ മിക്കവരും പുറത്ത്

      ഓരോ കളിയിലും തങ്ങളുടെ പ്രിയപ്പെട്ട ടീം വിജയിക്കണമെന്ന് ആഗ്രഹിച്ചുകൊണ്ടാണ് ആരാധകര്‍ കളി കാണുന്നത്. നമ്മുടെ ഇഷ്ട ടീം കളിക്കാനില്ലെങ്കില്‍ നമ്മുടെ പിന്തുണ പിന്നെ ദുര്‍ബല ടീമിനാവും മിക്കവാറും. കളിയിലും കടന്നുവരും ഒരല്പം ഇടത് ചിന്താഗതി. ക്രിക്കറ്റില്‍ ഓസ്ട്രേലിയയുടെ ഓരോ പരാജയവും മറ്റുള്ളവര്‍ക്ക് ആഘോഷമാകുന്നതിന്റെ മനശാസ്ത്രവും അതുതന്നെയല്ലേ .
          ആവേശവും ആഹ്ലാദവും ഒഴുകിയിറങ്ങിയ പുല്‍ മൈതാനങ്ങളില്‍, ഗാലറിയില്‍ നിന്നും ഉയര്‍ന്നു പൊങ്ങിയ വുവുസേലയുടെ ചെകിടടപ്പിക്കുന്ന ഒച്ചയ്ക്കിടയില്‍, ഇടയ്ക്കിടെ പെയ്തൊഴിയുന്ന മഴയില്‍, കൊഴിഞ്ഞുപോയ മോഹങ്ങളുടെ വിഷാദാത്മകമായ മൌനങ്ങളില്‍, ഇനിയും തുടരുന്ന പ്രതീക്ഷയുടെ കുതിപ്പുകളില്‍, 2010 ലോകകപ്പിന്റെ പ്രാഥമിക റൌണ്ടിലെ 48 മത്സരങ്ങളും  അവസാനിച്ചപ്പോള്‍ അപ്രതീക്ഷിതമായത് ചിലത് സംഭവിച്ചു. അങ്ങനെയൊക്കെ സംഭവിച്ചില്ലെങ്കില്‍ പിന്നെ എന്താണൊരു രസം, എല്ലാവരും അവരവരുടെ     റാങ്ക് അനുസരിച്ച് ജയിക്കുകയാണെങ്കില്‍ ? ഇത്തവണയും ചെറുമീനുകള്‍ ചിലതൊക്കെ കരുതി വച്ചിരുന്നു. അതില്‍ പെട്ടത് നിലവിലെ ചാമ്പ്യന്മാരും റണ്ണേഴ്സ് അപും ഒക്കെ ആയിപ്പോയെന്ന് മാത്രം.
          ഒന്നാം റൌണ്ടില്‍ ചെറുകാറ്റില്‍ കടപുഴകിയത്  നാല് വന്മരങ്ങള്‍. ആദ്യ വമ്പന്‍ അട്ടിമറിയ്ക്കായി    16 -ആം മത്സരം വരെ കാക്കേണ്ടി വന്നു. ബാഴ്സയുടെയും റയലിന്റെയും പേരെടുത്തവര്‍ നിറഞ്ഞ കാളപ്പോരുകാര്‍ക്കിടയിലേക്ക്    ഒളിപ്പോരിന്റെ ചടുലതയും തന്ത്രങ്ങളും ആവാഹിച്ച് സ്വിട്സരലണ്ടിന്റെ ആക്രമണകാരികള്‍    നുഴഞ്ഞുകയറിയപ്പോള്‍ സ്പാനിഷ് കോട്ട തകര്‍ന്നു.( 1 - 0 ). ഗോളടിച്ചത് ജെല്‍സന്‍.  ആദ്യ കളിയിലെ അപ്രതീക്ഷിത പരാജയം തങ്ങളുടെ മനസ് തകര്‍ത്‌തിട്ടില്ലെന്ന് തെളിയിച്ച് അടുത്ത   മത്സരങ്ങളില്‍    ഹോണ്ടുരാസിനെയും ചിലിയും തോല്പിച് സ്പെയിന്‍  രണ്ടാം റൌണ്ടില്‍ എത്തിയെങ്കിലും അതിനായി അവര്‍ക്ക് അവസാന മത്സരം വരെ കാക്കേണ്ടി വന്നു.
         അടുത്ത വന്‍ അട്ടിമറി നടത്തിയത് സെര്‍ബിയ. ആദ്യ മത്സരത്തില്‍ ഓസ്ട്രേലിയയെ   4-0 ന് തകര്‍ത്ത പെരുമയിലെത്തിയ ജര്‍മ്മനിയെ സെര്‍ബിയ ഒരു ഗോളിന് മുക്കി. എങ്കിലും ജര്‍മ്മനി രണ്ടാം റൌണ്ടില്‍ കടന്നുകൂടി. പിന്നീട് നാണക്കേട്‌ തേടി വന്നത് നിലവിലെ റണ്‍ണേഴ്സ് അപും 98 ലെ ചാമ്പ്യന്മാരും ആയ ഫ്രാന്‍സിനെയാണ്. നേരത്തെ മെക്സിക്കൊയോടു തോറ്റ ഫ്രാന്‍സിനെ ആഥിതേയരായ  ദക്ഷിണാഫ്രിക്ക ഗാലറിയില്‍   ആരവം   നിറച്ച് ഒന്നിനെതിരെ രണ്ട്‌ ഗോളുകള്‍ക്ക് തീര്‍ത്ത് ദക്ഷിണാഫ്രിക്കയില്‍ നിന്ന് തന്നെ പുറത്താക്കി. 
         തല കുനിച്ച് നീങ്ങേണ്ടി വന്ന അടുത്ത വിധി നിലവിലെ ചാമ്പ്യന്മാര്‍ക്കായിരുന്നു. വിജയിച്ചാല്‍ അടുത്ത റൌണ്ട് എന്ന പ്രലോഭനം ഉണ്ടായിരുന്നിട്ടും അസൂറിപ്പടയുടെ പേരുകേട്ട പ്രതിരോധ കോട്ടയില്‍ കുഞ്ഞന്മാരായ സ്ലോവാക്യക്ക്‌  മൂന്നു തവണ വിള്ളല്‍ വീഴ്ത്താനായി. ഇറ്റലി രണ്ട്‌ ഗോള്‍ നേടിയെങ്കിലും അത് പുറത്തേക്കുള്ള വഴിക്ക് മാത്രമേ പര്യാപ്തമാകുമായിരുന്നുള്ളൂ.  
           അട്ടിമറിക്കാര്‍ക്ക് വിജയതൃഷ്ണ തുടരാനായില്ല എന്നത് ദു:ഖകരമായ അവസ്ഥയായി. മുന്‍ നിര ടീമുകളെ വീഴ്ത്തുവാന്‍ ആയെങ്കിലും ഗ്രൂപ്പിലെ മറ്റ് ചെറുടീമുകളോട് വിജയിക്കാന്‍ ആവാതായത് അവരുടെ ദുരന്തമായി. ഫ്രാന്‍സും ഇറ്റലിയും ഗ്രൂപ്പില്‍ അവസാനക്കാരായി പുറത്തായപ്പോള്‍ അട്ടിമറി വീരന്മാരായ സ്വിറ്റ്സര്‍ലങ്ടും സെര്‍ബിയയും ദക്ഷിണാഫ്രിക്കയും   ഒപ്പം പുറത്തായി. ഈ  നാല് മത്സരങ്ങളില്‍ യൂറോപ്പിന് പുറത്ത് നിന്നുള്ള ഏക ടീം ദക്ഷിണാഫ്രിക്ക മാത്രമായിരുന്നു. 
          ജപ്പാനും ദക്ഷിണ കൊറിയയും ചെറുകതിനകള്‍ക്ക്     തിരി കൊളുത്തി. ഇനിയും അട്ടിമറികള്‍ തുടരുവാനുള്ള സാധ്യതകള്‍ നിലനിര്‍ത്തി ഉറുഗ്വേ , ദക്ഷിണ കൊറിയ, അമേരിക്ക, ഘാന, സ്ലോവാക്യ, പരാഗ്വേ, ജപ്പാന്‍, ചിലി തുടങ്ങിയ ചെറു ടീമുകള്‍ പ്രീക്വാര്‍ട്ടറില്‍  എത്തിയത് ചെറുമീനുകളുടെ പോരാട്ടം അവസാനിച്ചിട്ടില്ല എന്നതിന്റെ സൂചനയാണ്.    

1 comment:

നാട്ടുവഴി said...

ആവേശവും ആഹ്ലാദവും ഒഴുകിയിറങ്ങിയ പുല്‍ മൈതാനങ്ങളില്‍, ഗാലറിയില്‍ നിന്നും ഉയര്‍ന്നു പൊങ്ങിയ വുവുസേലയുടെ ചെകിടടപ്പിക്കുന്ന ഒച്ചയ്ക്കിടയില്‍, ഇടയ്ക്കിടെ പെയ്തൊഴിയുന്ന മഴയില്‍, കൊഴിഞ്ഞുപോയ മോഹങ്ങളുടെ വിഷാദാത്മകമായ മൌനങ്ങളില്‍..........
കവിത കൊണ്ടെഴുതിയ ലേഖനം ഇഷ്ടമായി