ഒരെഴുത്ത് മുറിയും കടലാസും പേനയും മാത്രമുള്ള മനുഷ്യാരവമില്ലാത്ത നിശബ്ദതയുടെ ഒരു ലോകത്ത് നിമിഷങ്ങൾക്കുള്ളിൽ മരിച്ച് പോകുമെന്ന് പറഞ്ഞ അയ്യപ്പൻ.
സിസ്റ്റർ, എവിടെ എന്റെ ജീവന്റെ താക്കോൽ.. കൂടുതുറക്കൂ..പക്ഷിയെപ്പറത്തിവിടൂ എന്ന് പറഞ്ഞ അയ്യപ്പൻ.
കവിത ഉപജീവനം കൂടിയാണെന്ന് പറഞ്ഞ അയ്യപ്പൻ.
ഉപജീവനം മാത്രമല്ല , അയ്യപ്പന് കവിത അതിജീവനം കൂടിയായിരുന്നു എന്ന് നമ്മൾ ഇപ്പോൾ അറിയുന്നു.
സ്നേഹസദനങ്ങളും ആശുപത്രിമുറികളും തടവറകൾ തീർത്തിരിക്കാം. ആദരവുകളും സ്നേഹപ്രകടനങ്ങളും അരോചകങ്ങളായി തീർന്നിരിക്കാം. വിലക്കപ്പെട്ട മധുപാത്രങ്ങൾ വീണുടഞ്ഞ ചിലമ്പിച്ച ശബ്ദങ്ങളിൽ, അടഞ്ഞ് കിടക്കുന്ന കടകളുടെ തിണ്ണയിലെ മണ്ണിന്റെ മർമ്മരത്തിൽ, തെരുവുകൾ ചുരത്തുന്ന ചെളിയുടെയും പൊടിയുടെയും ഗന്ധങ്ങളിൽ സ്വാതന്ത്യത്തിന്റെ ഭാവങ്ങൾ ഒളിച്ചിരിന്നിട്ടുണ്ടാവാം. അത് കണ്ടെത്താൻ അയ്യപ്പന് മാത്രമേ കഴിഞ്ഞിട്ടുണ്ടാവൂ.. അതുകൊണ്ടാവാം വീണ്ടും തെരുവിലേക്ക് പോയത്. അതുകൊണ്ടാവാം വഴിയരികിൽ സ്വാതന്ത്യത്തോടെ ആരുമറിയാതെ വീണുകിടക്കാനായത്. അതുകൊണ്ടാവാം അസ്ത്രം കൊണ്ട് ജീവൻ പറന്നകന്നിട്ടും ആർക്കും തിരിച്ചറിയാനാവാതിരുന്നത്.
No comments:
Post a Comment