Saturday, October 23, 2010

വാസ്തുവിദ്യ: പടിപ്പുരയുടെ സ്ഥാനം എവിടെയാണ്?

കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരി എഴുതിയതിൽ നിന്ന്: "കിഴക്ക്  വശത്ത്  റോഡുള്ള സ്ഥലത്തിന്റെ കിഴക്ക് ഭാഗത്ത് പടിപ്പുരയോ ഗേറ്റോ വയ്ക്കുമ്പോൾ സ്ഥലത്തിന്റെ കിഴക്ക് വശത്തെ നീളത്തെ ഒമ്പതാക്കി ഭാഗിച്ച് വടക്ക് കിഴക്കേ മൂലയിൽ നിന്ന് നാലാമത്തെ അംശത്തിൽ അതായത് ഒൻപതിൽ ഒന്നിൽ ഉത്തമമായ പടിപ്പുരയുടെ സ്ഥാനം നിർണ്ണയിക്കാം."
                      
ഏതെങ്കിലും സാധാരണക്കാരൻ ഇല്ലാത്ത കാശുണ്ടാക്കിയും വായ്പയെടുത്തും വീടും വച്ച് മതിലും കെട്ടി സൌകര്യപ്രദമായ സ്ഥലത്ത് ഗേറ്റും വച്ച് കഴിയുമ്പോഴാണ്  അതുവഴി വരുന്ന അഭ്യുദയകാംക്ഷി  ഗേറ്റ് വയ്ക്കുന്നതിനു മുൻപ് വാസ്തു നോക്കിയിരുന്നോയെന്ന് ചോദിക്കുന്നത്.  വഴി ഇന്ദ്രപഥത്തിൽ അല്ലെങ്കിൽ വലിയ കുഴപ്പമാണുണ്ടാകാൻ പോകുന്നത് എന്നാവും ഏതൊക്കെയോ വാസ്തുശാസ്ത്ര പുസ്തകങ്ങൾ വായിച്ച അറിവ് വച്ചുള്ള മറുപടി. ചിലർ അപ്പോൾ തന്നെ പഴയതു ഇടിച്ച് കളഞ്ഞിട്ട് വാസ്തുപ്രകാരം വാതിൽ മാറ്റിപ്പണിയും. മറ്റുചിലർ അതവഗണിക്കും എങ്കിലും വീട്ടിലെ ആർക്കെങ്കിലും അപകടമോ അസുഖമോ വല്ലതുമുണ്ടായാൽ അപ്പോൾ പഴയ അഭ്യുദയകാംക്ഷി പറയും ഞാനപ്പൊഴേ പറഞ്ഞതായിരുന്നില്ലേ ഗേറ്റ് ശരിയായ സ്ഥാനത്ത് അല്ലെന്ന്. അതുകൊണ്ടുള്ള കുഴപ്പങ്ങളാണിതെല്ലാം. പിന്നീട് വാസ്തുനോക്കൽ, പൊളിക്കൽ, പണിയൽ എല്ലാം കഴിയുമ്പോഴേക്കും  കീശ കീറിയത് തന്നെ. ഉപദേശിക്ക് സന്തോഷവുമാവും.
          ഈ പ്രശ്നപരിഹാരങ്ങൾക്കൊക്കെ ശേഷം ആ വീട്ടിൽ ആർക്കും അസുഖം ഉണ്ടാവുകയില്ലേ. ഉണ്ടായാലും  ഗേറ്റ് മാറ്റിവച്ചിട്ടും എന്തുകൊണ്ടുണ്ടായി എന്ന് ആരും ചോദിക്കുകയില്ല.
          ഗേറ്റ് മാറ്റി വച്ചിട്ടില്ലെങ്കിലോ? മാറ്റിവച്ച് കഴിഞ്ഞ് വരുന്നതിൽ അധികമായി യാതൊരു മോശം കാര്യവും ഉണ്ടാകുവാൻ പോകുന്നില്ല.  
          വീട്ടിൽ നിന്ന് റോഡിലേക്കുള്ള വഴി അത് ഉപയോഗിക്കുന്നവരുടെ സൌകര്യവും മറ്റ് സാഹചര്യങ്ങളും അനുസരിച്ചാവണം നിർമ്മിക്കേണ്ടത്. അല്ലാതെ ഏതോ പഴയ വാസ്തു പുസ്തകത്തിൽ എഴുതിവച്ചിട്ടുണ്ട് എന്നതിന്റെ അടിസ്ഥാനത്തിൽ ഇന്ദ്രപദമോ പുഷ്പദന്തപദമോ വല്ലാഭ പദമോ ഒന്നും നോക്കിയാവരുത്. വാസ്തു ശാസ്ത്രപ്രകാരം പണിതിട്ടുള്ള വീടുകളിൽ യാതൊരു കുഴപ്പങ്ങളും ഉണ്ടായിട്ടില്ലേയെന്ന്  ശ്രീ.കൃഷ്ണൻ നമ്പൂതിരി പരിശോധിക്കണം. എന്നിട്ടാവട്ടെ ഇങ്ങനത്തെ   അന്ധവിശ്വാസങ്ങളുടെ പ്രചരണം നടത്തുന്നത്. മറ്റുള്ളവർക്ക് നഷ്ടങ്ങളും ആശങ്കകളും മാത്രം സൃഷ്ടിക്കുന്ന ഇത്തരം  വിലക്കുകളുടെ ശാസ്ത്രത്തിന്റെ പ്രചരണങ്ങൾ ധാർമ്മികത അല്പമെങ്കിലും ബാക്കിയുള്ളവർ നടത്തുകയില്ലയെന്ന് ഉറപ്പ്. 

No comments: