Tuesday, March 22, 2011

സൃഷ്ടിവാദികളുടെ ഗവേഷണങ്ങള്‍


ജീവജാലങ്ങളെയെല്ലാം ദൈവം സൃഷ്ടിച്ചതാണെന്ന്  വിശ്വസിക്കുന്നവരാണ് സൃഷ്ടിവാദികള്‍. അതുകൊണ്ട് തങ്ങളുടെ വിശ്വാസം തെളിയിക്കുന്നതിന്‍  യാതൊരു ഗവേഷണങ്ങളുടെയും ആവശ്യമില്ല എന്നവര്‍ കരുതുന്നു. അതിനാല്‍ തന്നെ ശാസ്ത്ര ജേര്‍ണലുകളിലും മറ്റും യാതൊരു ഗവേഷണ പ്രബന്ധങ്ങളും പ്രസിദ്ധീകരിക്കുവാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല.
1982 ല്‍ അമേരിക്കയിലെ അര്‍ക്കന്‍സാസിലെ കോടതിയില്‍ സൃഷ്ടിവാദം നിയമം മൂലം ശാസ്ത്രമായി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് സൃഷ്ടിവാദികള്‍ ഒരു കേസ് ഫയല്‍ ചെയ്യുകയുണ്ടായി.കേസില്‍ വാദം കേട്ട  ഓവര്ട്ടന്‍ എന്ന ജഡ്ജി   ഇങ്ങനെ നിരീക്ഷിക്കുകയുണ്ടായി. “ഓരോ വിഷയങ്ങളെയും പറ്റി ശാസ്ത്രജ്ഞര്‍ ഗവേഷണം നടത്തി ശാസ്ത്ര ജേര്‍ണലുകളില്‍ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിക്കാ‍റുണ്ട്. അതിന്മേലുണ്ടാകുന്ന അഭിപ്രായങ്ങളും  തുടര്‍ പഠനങ്ങളും അനുസരിച്ച് ആണ് കണ്ടെത്തലുകള്‍ അംഗീകരിക്കണോ  തള്ളിക്കളയണോ എന്ന് തീരുമാനിക്കുന്നത്. എന്നാല്‍  സൃഷ്ടിവാദത്തെപ്പറ്റി ശാസ്ത്രജ്ഞരാരും തന്നെ ഇതുവരെ ഗവേഷണം നടത്തിയിട്ടില്ല. ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ശാസ്ത്രമാസികകളില്‍ ഒരു ലേഖനം പോലും പ്രസിദ്ധീകരിക്കുവാന്‍ ഒരു സൃഷ്ടിവാദ ശാസ്ത്രഞ്ജനുമായിട്ടില്ല.” ശാസ്ത്രജ്ഞര്‍ തങ്ങളുടെ മുന്‍ ധാരണകള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുന്നതിനാലാണ് സൃഷ്ടിവാദ ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കാത്തതെന്ന് സൃഷ്ടിവാദികള്‍ വാദിച്ചു. അങ്ങനെയാണെങ്കില്‍ ശാസ്ത്ര പ്രസിദ്ധീകരണങ്ങളില്‍ നിന്ന് തിരിച്ചുവന്ന ലേഖനങ്ങള്‍ ഹാജരാക്കുവാന്‍ ജഡ്ജി ആവശ്യപ്പെട്ടു. എന്നാല്‍ തിരിച്ചയക്കപ്പെട്ട ഒരു ലേഖനം പോലും ഹാജരാക്കുവാന്‍ സൃഷ്ടിവാദികള്‍ക്ക് കഴിയാതിരുന്നതിനാല്‍ കോടതി കേസ് തള്ളുകയുണ്ടായി.
എന്നാല്‍ സൃഷ്ടിവാദികള്‍ ഗവേഷണങ്ങള്‍ നടത്തുന്നില്ല എന്നല്ല, അവര്‍ നടത്തുന്നുണ്ട്. പക്ഷെ അത് സൃഷ്ടിവാദം ശരിയാണെന്ന് തെളിയിക്കാനല്ല, പരിണാമ സിദ്ധാന്തം തെറ്റാണെന്ന് തെളിയിക്കാനാണെന്ന് മാത്രം. പരിണാമ സിദ്ധാന്തം തെറ്റാണെന്ന് തെളിഞ്ഞാല്‍ സൃഷ്ടിവാദം ശരിയാണെന്ന് വരുന്നതെങ്ങനെയെന്ന് ചോദിക്കരുത്. പരിണാമസിദ്ധാന്തം തെറ്റാണെന്ന് തെളിയിക്കുവാനായി അവര്‍ പരിണാമ വാദികളായ ജീവ ശാസ്ത്രജ്ഞരുടെ ലേഖനങ്ങളില്‍ ഗവേഷണം നടത്തുന്നു. എവിടെയെങ്കിലും കണ്ടെത്തുന്ന ചെറിയ പിഴവുകളും പൊരുത്തക്കേടുകളും ഉയര്‍ത്തിപ്പിടിച്ച് പരിണാമവാദം തെറ്റാണെന്ന് തെളിഞ്ഞിരിക്കുന്നു, അതുകൊണ്ട്   സൃഷ്ടിവാദമാണ് ശരിയെന്ന് പറഞ്ഞ് പ്രചരണം നടത്തുന്നു. പരിണാമത്തെക്കുറിച്ചുള്ള ആശയങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ വളച്ചൊടിച്ച് ‘ഖണ്ഡനം’ നടത്തുന്നു. പരിണാമസിദ്ധാന്തം തെറ്റാണെന്ന് തെളിയിക്കാനായെന്ന് കരുതുക. അങ്ങനെയാണെങ്കില്‍ തന്നെ വിശുദ്ധഗ്രന്ഥത്തില്‍ പറയുന്ന രീതിയില്‍ മാത്രമാണ് സൃഷ്ടി നടന്നതെന്ന് എങ്ങനെ കരുതാനാകും. ഒരു പക്ഷെ ക്രിസ്ത്യന്‍ വിശ്വാസമനുസരിച്ച് ഏഴ് ദിവസം കൊണ്ട് സൃഷ്ടിച്ചുവെന്നത് ശരിയാകാം. അല്ലെങ്കില്‍ മറ്റ് ചില ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ വിശ്വാസങ്ങള്‍ പോലെ അതിലേറെ ദിവസങ്ങള്‍ എടുത്ത് സൃഷ്ടിച്ചുവെന്നതാകാം. അല്ലെങ്കില്‍ പുരാതന ഗ്രീക്ക് വിശ്വാസം പോലെയാകാം. അല്ലെങ്കില്‍ മുസ്ലിം/ ഹിന്ദു വിശ്വാസങ്ങള്‍ പോലെയാകാം.  പരിണാമ സിദ്ധാന്തം തെറ്റാണെന്ന് തെളിയിച്ചാല്‍ ഉല്പത്തി പുസ്തകത്തിലെ സൃഷ്ടിവാദത്തിന് നിലനില്പായി എന്ന സ്ഥിതി അമേരിക്കന്‍ സമൂഹത്തെ സംബന്ധിച്ചിടത്തോളം മാത്രം ഒരു പക്ഷെ വാസ്തവമായേക്കാം.
സൃഷ്ടിവാദികള്‍ നേരിട്ട് ഒരു ഗവേഷണം നടത്തിയിട്ടുണ്ട്. വിശുദ്ധ ഗ്രന്ഥത്തില്‍ പറയുന്നത് പ്രളയം അവസാനിച്ചപ്പോള്‍ നോഹയുടെ പെട്ടകം അറാറത്ത് മലയില്‍ ഉറച്ചുവെന്നാണ്.  ഇന്നത്തെ തുര്‍ക്കിയില്‍ റഷ്യന്‍ അതിര്‍ത്തിയോടടുത്താണ് അറാറത്ത് മല സ്ഥിതി ചെയ്യുന്നത്. അവിടെ നിന്ന്  ഏതെങ്കിലും പേടകത്തിന്റെ അവശിഷ്ടം കിട്ടിയാല്‍ ഉല്പത്തി പുസ്തകത്തില്‍ പറഞ്ഞിരിക്കുന്നതിന് തെളിവാകുമല്ലോ എന്ന് കരുതി  എല്ലാ വര്‍ഷവും വേനല്‍ക്കാലത്ത് മഞ്ഞുരുകി കഴിയുമ്പോള്‍ കോടിക്കണക്കിന് ഡോളര്‍ ചെലവാക്കി അവര്‍ ഗവേഷണ സംഘങ്ങളെ അയയ്ക്കുന്നു. ഹെന്‍‌റി മോറിസ്, മകന്‍ ജോണ്‍ മോറിസ് എന്നിവരുടെ നേതൃത്വത്തിലുള്ള ICR എന്ന സംഘടനയാണ് ഇത് സംഘടിപ്പിക്കുന്നത്.  എന്നാല്‍ അവര്‍ക്ക് ഇതുവരെ പേടകത്തിന്റെ അവശിഷ്ടങ്ങളൊന്നും തന്നെ കണ്ടെത്താനായിട്ടില്ല. തദ്ദേശ്ശിയരായ ആളുകള്‍ക്ക്  അവശിഷ്ടങ്ങളെക്കുറിച്ചറിയാമെന്നും അവര്‍ അത് മറച്ച് വെച്ചിരിക്കുകയാണെന്നും കരുതി വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് വന്‍ തുക പ്രതിഫലമായി ICR പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഗുണമുണ്ടായിട്ടില്ല. ജോണ്‍ മോറിസിന് രണ്ട് യാത്രാവിവരണമെഴുതാന്‍ കഴിഞ്ഞു എന്ന് മാത്രം.
എന്നാല്‍ സൃഷ്ടിവാദികള്‍ ഇതൊന്നും കൊണ്ട് അടങ്ങിയിരിക്കുകയില്ല. അവര്‍ പുതിയ വാദങ്ങളും തന്ത്രങ്ങളും കുതന്ത്രങ്ങളുമായി രംഗത്ത് വന്ന് കൊണ്ടിരിക്കും. കേവലം മൂന്ന് കോടി ജനങ്ങള്‍ മാത്രം സംസാരിക്കുന്ന മലയാള ഭാഷയില്‍  പോലും വിദേശത്ത് നിന്നുള്‍പ്പെടെയുള്ള സാമ്പത്തിക സഹായത്തോടുകൂടി പരിണാമ സിദ്ധാന്തത്തെ തകര്‍ക്കുവാനായി നടത്തുന്ന ശ്രമങ്ങള്‍ കാണുമ്പോള്‍ കൂടുതലാളുകള്‍ ഉപയോഗിക്കുന്ന ഭാഷകളിലും മറ്റ് രാജ്യങ്ങളിലും നടക്കുന്ന നീക്കങ്ങളെപ്പറ്റി ഊഹിക്കാവുന്നതേയുള്ളൂ.
(Reference books: The Origin of Species, സൃഷ്ടിവാദം:പ്രൊ.എം.ശിവശങ്കരന്‍)

2 comments:

പാരസിറ്റമോള്‍ said...

well said

THOPPIL'S said...

Aarudeyum vaay mooduvanavillallo? Mounam vidvanu bhooshanam!!