Wednesday, November 28, 2012

സച്ചിനൊപ്പം ആരെല്ലാമാണ് വിരമിക്കുന്നത് ?


സച്ചിൻ  തെണ്ടുൽകർ ക്രിക്കറ്റിൽ നിന്ന് വിരമിക്കണമെന്ന് പറയുന്നത് കേൾക്കാൻ തുടങ്ങിയിട്ട് എട്ട് വർഷങ്ങളെങ്കിലും ആയിട്ടുണ്ടാവും. ടെന്നീസ് എൽബോ എന്ന് നമ്മളൊക്കെ ആദ്യമായി കേട്ടത് 2004 ൽ ആവണം. അതിനു ശേഷവും എത്ര വിലോഭനീയ സെഞ്ച്വറികൾ, അവിസ്മരണീയ പ്രകടനങ്ങൾ …“ഞാൻ ദൈവത്തെ കണ്ടു, അദ്ദേഹം നാലാം നമ്പരായി ഇന്ത്യൻ ടീമിൽ ബാറ്റ് ചെയ്യുന്നു” എന്ന് മാത്യു ഹെയ്ഡൻ പറഞ്ഞതും “സച്ചിൻ 21 വർഷം ഇന്ത്യയെ ചുമലിലേറ്റി, ഇത് അദ്ദേഹത്തെ ചുമലിലേറ്റാൻ കിട്ടിയ അവസരമാണ്” എന്ന് ലോകകപ്പ് ജയിച്ച ശേഷം വിരാട് കോഹ്‌ലി പറഞ്ഞതുമെല്ലാം ആരാധകരെ എന്നെന്നും   ഉന്മാദികളാക്കിയേക്കാം.    പക്ഷെ എത്ര വലിയ മഹാരഥൻ ആണെങ്കിലും ഒരുനാൾ ക്രീസ് വിട്ട് തിരിഞ്ഞ് നടക്കേണ്ടിവരും.   
സ്വരം നന്നായിരിക്കുമ്പോൾ പാട്ട് നിർത്തുന്നതല്ലേ നല്ലതെന്ന് ചിലർ ചോദിക്കും. ആയിരിക്കാം..അല്ലായിരിക്കാം.. അതൊക്കെ ഓരോരുത്തരുടെയും കാഴ്ചയുടെയും കാഴ്ചപ്പാടിന്റെയും ഏറ്റക്കുറച്ചിലുകൾക്കും വ്യതിയാനങ്ങൾക്കും അനുസൃതമായി മാറിവരാം. പെട്ടെന്നൊരുനാൾ എഴുത്ത് നിർത്തി മൌനത്തിന്റെ വാത്മീകത്തിൽ ഒളിച്ചവർ എത്ര പേരുണ്ടാവാം. എൻ.എസ്.മാധവനെപ്പോലെ, എം.സുകുമാരനെപ്പോലെ രണ്ടാം വരവ് പഴയതിലും മികച്ചതാക്കിയവർ എത്രയുണ്ടാവാം.
പക്ഷെ ഓരോ നിമിഷവും ഉണർവ് ആവശ്യപ്പെടുന്ന കായികമത്സരങ്ങളിൽ ഒരു തിരിച്ചുവരവ് അചിന്തനീയമായതിനാൽ ഓരോ കളിക്കാരനും ടീമിൽ നിന്ന് പുറത്താകാതെ നിൽക്കാൻ പരമാവധി  ശ്രമിക്കുന്നുവെന്നത് ഒരു തെറ്റായി കാണാനാവില്ല. രാജ്യത്തിന്റെയും ടീമിന്റെയും ഉത്തമ താത്പര്യം നോക്കി സെലക്ടർമാർ തീരുമാനിക്കേണ്ട കാര്യമാണത്. പഴയകാല പെരുമയുടെ പേരിൽ അതിലും മികച്ചവർക്ക് ഇടം നൽകാതെ ടീമിൽ കടിച്ചുതൂങ്ങിക്കിടക്കുവാൻ അവസരം നൽകാതിരിക്കുകയാണ് വേണ്ടത്.
നമുക്ക് സച്ചിനിലേക്ക് തിരിച്ചുവരാം. സച്ചിൻ വിരമിക്കണമെന്ന് ഇപ്പോൾ മുറവിളി ഉയരുന്നതിന് കാരണം കഴിഞ്ഞ പത്ത് ടെസ്റ്റ് ഇന്നിംഗ്സുകളിൽ നിന്ന് മികച്ച ഒരു സ്കോർ പോലും കണ്ടെത്താനായില്ലെന്നതിനാലാണ്.   2012 ജനുവരി 13ന് ശേഷം സച്ചിൻ കളിച്ച മത്സരങ്ങൾ ഇവയാണ്.  ആസ്ട്രേലിയക്കെതിരെയുള്ള രണ്ട് മത്സരങ്ങൾ, ന്യൂസിലണ്ടിനെതിരെയുള്ള രണ്ട് മത്സരങ്ങൾ, ഇപ്പോൾ ഇംഗ്ലണ്ടിനെതിരെ രണ്ട് മത്സരങ്ങൾ. ഓരോ ഇന്നിംഗ്സുകളിലെയും സ്കോർ ഇപ്രകാരമാണ് – 15,8,25,13,19,17,27,13,8,8. തന്റെ നൂറാം അന്താരാഷ്ട്ര സെഞ്ച്വറി 2012 മാർച്ചിൽ പൂർത്തിയാക്കിയതിന് ശേഷം ഇതുവരെ മൂന്നക്കം കാണാനായിട്ടില്ല. അവസാനം കളിച്ച ഏകദിനമത്സരത്തിൽ (18/03/2012)  പാകിസ്ഥാനെതിരെ 52 റൺസ് നേടിയിരുന്നു. അവസാന ടെസ്റ്റ് സെഞ്ച്വറി രേഖപ്പെടുത്തിയത് 15 കളികൾക്ക് മുൻപ്.
ഇത് സച്ചിന്റെ സ്ഥിതിവിവരക്കണക്കുകൾ. ഒരാളെ പഴി പറയുമ്പോൾ മറ്റുള്ളവരുടെ മേന്മകൂടി പരിശോധിക്കണമല്ലോ. ആദ്യമായി ക്യാപ്റ്റൻ എം.എസ്. ധോണിയുടെ കാര്യമെടുക്കാം. മേല്പറഞ്ഞ കളികളിൽ ക്യാപ്റ്റന്റെ കളി ഇപ്രകാരമാണ് – 12,2,73,62,48*,5,29,6. അവസാന സെഞ്ച്വറി ഒരുവർഷം മുൻപായിരുന്നു. 2010 ഫെബ്രുവരിക്ക് ശേഷം കളിച്ച 29 കളികളിൽ നിന്നായി ഒരു സെഞ്ച്വറി മാത്രമാണ് ധോണിക്ക് നേടാനായത്. കരിയർ ബാറ്റിംഗ് ശരാശരി 37.69. സച്ചിന്റെ ബാറ്റിംഗ് ശരാശരി 54.6 ആണെന്നോർക്കണം.
ഇനി 100 ടെസ്റ്റ് കളിച്ചിട്ടുള്ള, രണ്ട് ട്രിപ്പിൾ സെഞ്ച്വറി നേടിയിട്ടുള്ള വീരേന്ദർ സേവാഗിന്റ്റെ സമീപകാലപ്രകടനങ്ങളുടെ കണക്ക് നോക്കാം. 2012ൽ ഇങ്ങനെ- 0,10,18,62,47,43,38,117,25,30,9. അവസാന സെഞ്ച്വറി ഇംഗ്ലണ്ടിനെതിരെയുള്ള ഒന്നാം ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സിൽ നിന്ന്. 2010 നവംബറിന് ശേഷമുള്ള 18 മത്സരങ്ങളിലെ ഏക സെഞ്ച്വറി. ബാറ്റിംഗ് ശരാശരി – 50.51.
ഗൌതം ഗംഭീർ 2010 ജനുവരിക്ക് ശേഷം നടന്ന 24 കളികളിലും മൂന്നക്കം കടന്നില്ല. 2012ലെ സ്കോർ ഇങ്ങനെ രേഖപ്പെടുത്താം. 31,14,34,3,22,2,34,45,4,65. കരിയർ ബാറ്റിംഗ് ശരാശരി 44.13.
അർബുദത്തെ അതിജീവിച്ച് കടന്നുവന്ന യുവരാജ്സിംഗ് 2012ൽ കളിച്ച രണ്ട് കളികളിലെ മൂന്ന് ഇന്നിംഗ്സുകളിൽ നിന്നായി 74,0,8 എന്നീ സ്കോർ നേടി. യുവരാജിന്റെ അവസാന ടെസ്റ്റ് സെഞ്ച്വറി 2007 ഡിസംബറിൽ പാകിസ്ഥാനെതിരെ ആയിരുന്നു. അതിനുശേഷം 19 കളികൾ കളിച്ചു. ശരാശരി -34.38.
ഇനി ടീമിൽ ബാക്കിയുള്ള പ്രധാന ബാറ്റ്സ്മാന്മാർ യുവതാരങ്ങളായ വിരാട് കോഹ്‌ലി, സുരേഷ് റെയ്ന, ചേതേശ്വർ പൂജാര എന്നിവരാണ്. അവരാകട്ടെ ഇതുവരെ 1000 റൺസ് തികച്ചവരല്ല. കോഹ്‌ലി 12 മത്സരങ്ങളിലെ 22 ഇന്നിംഗ്സുകളിൽ നിന്നായി 38.1 ശരാശരിയിൽ രണ്ട് സെഞ്ച്വറികൾ ഉൾപ്പെടെ 762 റൺസ് നേടിയിട്ടുണ്ട്. റെയ്ന കളിച്ചത് 17 മത്സരങ്ങൾ, 29 ഇന്നിംഗ്സുകൾ, നേടിയത് 768 റണ്ണുകൾ, ഒരു സെഞ്ച്വറി, ശരാശരി- 28.44. ആദ്യ ടെസ്റ്റ് മത്സരത്തിലെ ആദ്യ ഇന്നിംഗ്സിൽ നിന്ന് ഏക സെഞ്ച്വറി. ശേഷം രണ്ടക്കത്തിനപ്പുറമെത്താതെ 16 കളികൾ. പിന്നെ പുത്തൻ താരോദയമായ പൂജാര. കളിച്ച് ഏഴ് മത്സരങ്ങളിലെ 12 ഇന്നിംഗ്സുകളിൽ നിന്നായി 711 റണ്ണുകൾ. അവസാനം കളിച്ച നാലിൽ മൂന്നിലും സെഞ്ച്വറി.
2012ൽ ഇന്ത്യൻ ക്രിക്കറ്റ് കളിക്കാർ ടെസ്റ്റിൽ നേടിയത് 6 സെഞ്ച്വറികൾ മാത്രം. അവയിൽ മൂന്ന് പൂജാരയും രണ്ട് കോഹ്‌ലിയും ഒന്ന് സേവാഗും സ്വന്തം പേരിൽ ചേർത്തു.
1989ൽ തുടങ്ങിയ കളി സച്ചിൻ ഈ മുപ്പത്തിയൊൻപതാം വയസ്സിലും തുടരുന്നുവെന്നത് ഭാഗ്യത്തിന്റെയോ ആകസ്മികതയുടെയോ പുറത്തല്ല, ക്രിക്കറ്റിനോടുള്ള അടങ്ങാത്ത ആവേശത്തിന്റെയും അർപ്പണത്തിന്റെയും പരിശീലനത്തിന്റെയും പിൻബലത്തിലാണ്. ഏകദിനക്രിക്കറ്റിന്റെ ചരിത്രത്തിലെ ആദ്യ ഇരട്ട സെഞ്ച്വറി സച്ചിൻ നേടിയിട്ട് രണ്ട് വർഷം കഴിഞ്ഞിട്ടേയുള്ളൂ. ട്വന്റി-ട്വന്റിയിൽ സെഞ്ച്വറി നേടാൻ എത്ര താരങ്ങൾക്കായിട്ടുണ്ട്. സച്ചിൻ അതും നേടി- ഇന്ത്യൻ പ്രീമിയർ ലീഗിൽ. ഇതൊക്കെയും വിരമിക്കണമെന്ന ആവശ്യം കേട്ടുതുടങ്ങിയതിന് ശേഷം.
സച്ചിൻ മാച്ച് വിന്നറല്ല എന്നത് മറ്റൊരു പരാതി. സച്ചിൻ നേടിയ 49 ഏകദിന സെഞ്ച്വറികളിൽ 34 എണ്ണത്തിൽ ഇന്ത്യ വിജയിച്ചു. 2010ൽ ആസ്ട്രേലിയക്കെതിരെ നടന്ന അഞ്ചാം ഏകദിനത്തിൽ സച്ചിൻ 141 പന്തിൽ 175 റൺസ് നേടിയിട്ടും ഇന്ത്യക്ക് ജയിക്കാനായില്ലെങ്കിൽ അത് ആരുടെ പുറത്ത് ചാരേണ്ടുന്ന കുറ്റമാണ്?
ചലച്ചിത്രരംഗത്ത് നിന്ന് പുറത്തായാലും ഒരു നടന് സ്വന്തമായി സിനിമ നിർമ്മിച്ച് നായകനായി അഭിനയിക്കാനാവും (പടം കാണണോയെന്ന് ജനം തീരുമാനിക്കും). പത്രാധിപർ തള്ളിക്കളഞ്ഞ കൃതികൾ സ്വന്തമായി പ്രസിദ്ധീകരിക്കാൻ എഴുത്തുകാരനാവും(വായിക്കണമോയെന്ന് വായനക്കാർ തീരുമാനിക്കും). സ്പോർട്സിൽ അതാവില്ല. കായികരംഗത്തെ നേട്ടങ്ങൾ ആപേക്ഷികമായല്ല, കൃത്യമായ കണക്കുകളാൽ രേഖപ്പെടുത്താനാവുന്നതാണ്. സാങ്കേതികമായി അതീവസൂക്ഷ്മതയോടെ തയ്യാറാക്കുന്ന റാ‍ങ്ക് പട്ടികകൾക്ക് കള്ളം പറയാനാവില്ലല്ലോ. നിലവിലെ ഐ.സി.സി. ടെസ്റ്റ് റാങ്കിംഗ് പ്രകാരം ഏറ്റവും മുകളിലുള്ള ഇന്ത്യൻ ബാറ്റ്സ്മാൻ  18 ആം റാങ്കിലുള്ള സച്ചിനാണ്. ആദ്യ ഇരുപതിലുള്ള ഏക ഇന്ത്യക്കാരൻ. തുടർന്ന് 21 ആമത് പൂജാര. സേവാഗ്-25, ഗംഭീർ-37, കോഹ്‌ലി-38, ധോണി-40. കഴിഞ്ഞ നാല് ടെസ്റ്റുകളിലെ മികച്ച പ്രകടനമാണ് പൂജാരയെ രണ്ടാമത്തെ ഇന്ത്യൻ കളിക്കാരനാക്കിയത്. മോശം പ്രകടനങ്ങൾ ഇതുപോലെ അതിവേഗം റാങ്കിംഗിൽ താഴേക്കുമെത്തിക്കും. ഇപ്പോഴും സച്ചിൻ ഒന്നാമത് തന്നെയാണ് എന്നതോർക്കുക. മുൻ‌നിര കളിക്കാരിലെ ഏറ്റവും മികച്ച കരിയർ ബാറ്റിംഗ് ശരാശരിയും മറ്റാർക്കുമല്ല.
ഇനി പറയുക, സച്ചിനൊപ്പം ആരൊക്കെ വിരമിക്കണമെന്ന്.
കാലത്തിന്റെ പോക്കിൽ സച്ചിൻ അടയാളപ്പെടുത്തിയ, ഇനിയൊരിക്കലും ആർക്കെങ്കിലും തകർക്കാനാവുമോയെന്ന് സംശയിക്കുന്ന റെക്കോർഡുകൾ തിരുത്തിയെഴുതപ്പെട്ടേക്കാം. സച്ചിന്റെ കരവിരുതാൽ നേടപ്പെട്ട കിരീടങ്ങളും  പരമ്പരകളും വിസ്മൃതിയിലായേക്കാം.
“താങ്കൾ ശ്വസിച്ച അതേ വായു ശ്വസിക്കുവാൻ അനുവദിച്ച താങ്കൾക്ക് എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ തൊട്ട് നന്ദി പറയുന്നു” എന്ന് പറഞ്ഞത് ഷാരൂഖ് ഖാൻ ആണ്. ലതാമങ്കേഷ്കർ പറഞ്ഞത് “സച്ചിൻ എന്നെ അമ്മയെപ്പോലെ കരുതുന്നു, ഞാൻ അവന് വേണ്ടി മകനായിട്ടെന്നപോലെ പ്രാർത്ഥിക്കുന്നു” എന്നാണ്. “സച്ചിൻ എന്നും ശ്രദ്ധാകേന്ദ്രമായിരുന്നു. അതിൽ നിന്ന് പുറത്ത് വരാൻ അദ്ദേഹം ആഗ്രഹിച്ചില്ല. അദ്ദേഹം ആത്മാർപ്പണത്തോടെ ബാറ്റ് ചെയ്തു.  പഠിക്കേണ്ട വലിയ ഒരു പാഠമാണത്” എന്ന് പറഞ്ഞത് മാർട്ടിന നവരത്ത്ലോവയാണ്. യൂസഫലി കേച്ചേരി സച്ചിനെപ്പറ്റി എഴുതിയത് ഇങ്ങനെയാണ്.
“ചാരുകായിക കലാംഗന തൻ നെറ്റിത്തട്ടിൽ
ഭാരതം തൊടുവിച്ച ചാന്തുപൊട്ടത്രേ സച്ചിൻ”.
മറ്റെല്ലാം മറന്നാലും ഇതുപോലെ വിരുദ്ധമായ താത്പര്യങ്ങളെ സമ്മേളിപ്പിച്ച, പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ, സ്ത്രീയെന്നോ പുരുഷനെന്നോ, അപ്പൂപ്പനെന്നോ കൊച്ചുമക്കളെന്നോ വ്യത്യാസമില്ലാതെ വിജാതീയ വാസനകളെ ഒരേ ബിന്ദുവിൽ കേന്ദ്രീകരിപ്പിച്ച ഒരാളെന്ന നിലയ്ക്ക് സച്ചിൻ എന്നെന്നും ഓർമ്മിക്കപ്പെടുകതന്നെ ചെയ്യും.

സച്ചിനൊപ്പം ആരൊക്കെ വിരമിക്കണമെന്ന ചോദ്യത്തിന്  ഉത്തരം കിട്ടിയില്ല. നിങ്ങൾക്ക് ഉത്തരമുണ്ടോ?

1 comment:

Pheonix said...

ടീമിന് കാര്യമായ സംഭാവനകള്‍ നല്‍കാത്ത ഒരാള്‍ കളി നിര്‍ത്തേണ്ടത് അനിവാര്യം! ഒപ്പം ഒരു ആളെ ചൂണ്ടിക്കാട്ടാന്‍ ഉള്ളത് ഓസീസ്‌ താരം പോണ്ടിംഗ്. പോരേ?