Saturday, April 3, 2010

ആത്മവിശ്വാസക്കുറവിന്റെ അലുക്കുകള്‍

         കേരളത്തിലെ  ഇന്നത്തെ   യുവാക്കള്‍   ഉയരങ്ങളിലേക്ക് കുതിക്കുവാന്‍ ആഗ്രഹിക്കുന്നവരാണ്.  ആകാശം മാത്രം അതിരുകള്‍ ആക്കുന്നവര്‍.  അതിനുള്ള കഴിവും ഭൌതിക സാഹചര്യങ്ങളും അവര്‍ക്കുണ്ട്.  അവര്‍ ആഗ്രഹിക്കുന്നതെന്തും നേടുന്നുണ്ട്. ഉയര്‍ന്ന മത്സര പരീക്ഷകള്‍ ജയിക്കുന്നു, രാഷ്ട്രീയത്തില്‍ തിളങ്ങുന്നു, വിദേശങ്ങളില്‍ ഉയര്‍ന്ന ജോലികള്‍,  കലാ കായിക രംഗങ്ങളില്‍ മികവു തെളിയിക്കുന്നു. പാകിസ്ഥാനെ തോല്‍പ്പിച്ച്  ആദ്യ T -20    ലോകകപ്പ്‌ കയ്യിലോതുക്കിയത്  ശ്രീശാന്ത് കൂടി  ആയിരുന്നു.   എങ്കിലും എവിടെയോ ചെറുപ്പക്കാര്‍ക്കിടയില്‍ ആത്മവിശ്വാസക്കുറവ് കൂടിക്കൂടി വരുന്നതായി ഒരു തോന്നല്‍. വെറും തോന്നല്‍ അല്ല. ആത്മവിശ്വാസ കുറവിന്റെ അടയാളങ്ങള്‍ അവിടവിടെയായി തെളിഞ്ഞുകാണുന്നു.
          കുറച്ചു കാലം മുമ്പ് വരെ, ഒരു പത്ത്- പതിനഞ്ച് വര്‍ഷം മുന്‍പ് വരെ  കയ്യിലും മറ്റും ജപിച്ച ചരട് കെട്ടുന്നത് നാണക്കേട്‌ ആയാണ് കരുതിയിരുന്നത്, പ്രത്യകിച്ചും ചെറുപ്പക്കാര്‍. അന്നൊക്കെ ആരെങ്കിലും ചരട് കെട്ടിയിരുന്നുവെങ്കില്‍ തന്നെ ആരും കാണാത്ത തരത്തില്‍ കൈക്ക് മുകള്‍ അറ്റത്തായോ അരക്കെട്ടിലായോ ആയിരുന്നു. എന്നാല്‍ ഇന്ന് അതൊരു നാണക്കേട്‌ അല്ലാതായിരിക്കുന്നു. ചരട് കെട്ടാതെ നടക്കുന്നയാള്‍ക്ക് എന്തോ കുഴപ്പം ഉണ്ടെന്നു കരുതുന്ന കാലം അധികം അകലെയല്ല.
              മുന്‍പൊക്കെ ഭൂത പ്രേത പിശാചുകളെ അകറ്റി നിര്‍ത്തുവാന്‍ ആയിരുന്നു ചരട് പ്രയോഗം. എന്നാല്‍ ഇന്ന് അത് മാറി. എന്തിനും ഏതിനും ചരട് മതി എന്നായിരിക്കുന്നു. ചരടിന്റെ ഒരു ശക്തി. ഏതെങ്കിലും കള്ള സന്യാസിയോ പൂജാരിയോ  കാശ് വാങ്ങിയിട്ട് ജപിച്ചു കെട്ടിക്കൊടുത്താല്‍ എന്തും സാധിക്കുമെങ്കില്‍ ഒരു കാര്യത്തിനും പാടുപെടേണ്ട കാര്യം ഇല്ലല്ലോ. 
             എന്താണീ ചരടിന്റെ മനശാസ്ത്രം? ചരട് ജപിച്ചു തന്ന ദിവ്യന്റെ അല്ലെങ്കില്‍ ജപിച്ച ക്ഷേത്രത്തിലെ ദൈവത്തിന്റെ അനുഗ്രഹം ചരടിലൂടെ ശരീരത്തോട് ചേര്‍ന്ന് കിടക്കും എന്നതും അത് അയാളെ മുന്നോട്ടു നയിക്കും എന്നതും ആവാം ഇതിനു പിന്നില്‍. ടെലിവിഷനിലെ  റിയാലിറ്റി ഷോകളില്‍ പങ്കെടുക്കുന്നവരെ ശ്രദ്ധിക്കുക. മിക്കവരുടെയും കയ്യില്‍ ചരടുണ്ടാവും. ചരടുള്ളവരും പുറത്താവും. എന്നാലും അടുത്ത മത്സരത്തിനു മുന്‍പും ചരട് ജപിച്ചു കെട്ടാന്‍ മറക്കാറില്ല. സ്വന്തം കഴിവ് കൊണ്ട് ജയിച്ചാലോ ? അത് ചരട് ജപിച്ചു തന്ന ദിവ്യന്റെ അനുഗ്രഹം കൊണ്ടാനെന്നായി.  സ്വന്തം കഴിവില്‍  വിശ്വാസം ഇല്ലാത്തവരാണ് ഇത്തരം വേലകളും ആയി ഇറങ്ങിയിരുന്നത്.  ചരടിന്റെ കുറവ് കൊണ്ട് തങ്ങള്‍ പരാജയപ്പെട്ടാലോ എന്ന് കരുതി മറ്റു കുറെ പേരും ഇതിനു പിന്നാലെ പോകുന്നു. അങ്ങനെ അനുകരണ സ്വഭാവവും ഈ അസംബന്ധം പടര്‍ന്നു പിടിക്കുന്നതിനു കാരണം ആകുന്നു.  
                ഒരു ചരടും ഒരാളെയും എങ്ങും എത്തിക്കുന്നില്ല. സ്വന്തം കഴിവ് കൊണ്ട് നേടാനാവും എന്ന ആത്മ വിശ്വാസം ഉണ്ടെന്കില്‍ ഒരു ചരടും കെട്ടാന്‍ ആരും പോകില്ല. ഇതില്‍ നിന്ന് ഗുണം ഉണ്ടാകുന്നത്  കള്ള ദിവ്യന്മാര്‍ക്കു മാത്രമാണെന്ന് തിരിച്ചറിയണം.
             രസകരമായ കാര്യം ജീവിതത്തില്‍ വിജയം നേടിയവര്‍ ആണ് ഇത്തരം പ്രയോഗങ്ങള്‍ നടത്തുന്നതെന്നാണ്. അവര്‍ ഇതുവരെ നേടിയതെല്ലാം ചരടുകള്‍ ഇല്ലാതെ ആയിരുന്നെങ്കിലും കൂടുതല്‍ നേടാനായി അവര്‍ ചരട് കെട്ടുന്നു. ചിലപ്പോഴെങ്കിലും അത്യാഗ്രഹത്തിന്റെ അടയാളം കൂടിയാകുന്നു മന്ത്ര ചരടുകള്‍. ക്ഷേത്രങ്ങളുടെ വിപണി കയ്യടക്കല്‍ തന്ത്രങ്ങളുടെ ഭാഗമായി കാപ്പുകെട്ടു മഹോത്സവം വരെ നടത്തി കാശ് പിരിക്കുന്നു ചില ഭരണസമിതിക്കാര്‍. 
                   കൈ നിറയെ ചരടുകള്‍ കെട്ടിയിട്ടും ഐ.പി.എല്ലില്‍ ശ്രീശാന്തിന്റെ പന്തുകള്‍ തുടരെ തുടരെ ബൌണ്ടറി വരകള്‍ക്ക് അപ്പുറത്തേക്ക് പറക്കുന്നു. ശ്രീശാന്തിന്റെ ടീം അവസാന സ്ഥാനക്കാരാകുന്നു. ഒടുവില്‍ ശ്രീശാന്ത് ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്താകുന്നു. ശ്രീശാന്ത് കഷ്ടകാലം മറികടക്കുവാന്‍  വീണ്ടും ഒരു ചരട് കൂടി കെട്ടിയിട്ടുണ്ടാവും.  
             ഒരിക്കല്‍ ശ്രീ വിവേകാനന്ദന്‍ പറഞ്ഞിട്ടുണ്ട്, ആകാശത്തിലെ  നക്ഷത്രങ്ങളും ഗ്രഹങ്ങളും ആണ് എന്റെ ജീവിതം തീരുമാനിക്കുന്നതെങ്കില്‍ ആ ജീവിതം എനിക്ക് വേണ്ട എന്ന്. ഏതെങ്കിലും വ്യാജ ദിവ്യന്‍ ജപിച്ചു തന്ന  കേവലം ചരടുകള്‍ ആണ് എന്റെ ജീവിതം തീരുമാനിക്കുന്നതെങ്കില്‍ ആ ജീവിതം എനിക്ക് വേണ്ട എന്ന് പറയുവാന്‍ ഇന്ന് എത്ര പേര്‍ തയ്യാറാവുമെന്ന് എനിക്കറിഞ്ഞുകൂടാ.                  
               

4 comments:

mukthaRionism said...

'ഒരിക്കല്‍ ശ്രീ വിവേകാനന്ദന്‍ പറഞ്ഞിട്ടുണ്ട്, ആകാശത്തിലെ നക്ഷത്രങ്ങളും ഗ്രഹങ്ങളും ആണ് എന്റെ ജീവിതം തീരുമാനിക്കുന്നതെങ്കില്‍ ആ ജീവിതം എനിക്ക് വേണ്ട എന്ന്. ഏതെങ്കിലും വ്യാജ ദിവ്യന്‍ ജപിച്ചു തന്ന കേവലം ചരടുകള്‍ ആണ് എന്റെ ജീവിതം തീരുമാനിക്കുന്നതെങ്കില്‍ ആ ജീവിതം എനിക്ക് വേണ്ട എന്ന് പറയുവാന്‍ ഇന്ന് എത്ര പേര്‍ തയ്യാറാവുമെന്ന് എനിക്കറിഞ്ഞുകൂടാ.'
നല്ല പോസ്റ്റ്.
നല്ല ചിന്തകള്‍..
അര്‍ഥവത്തായ പോസ്റ്റ്..
ശരിയാണ്, പറഞ്ഞതൊക്കെ...
രക്ഷാ കവചങ്ങളില്‍
രക്ഷ തേടുന്നവരുടെ എണ്ണം
ഭീകരമായി വലുതായിക്കൊണ്ടിരിക്കുന്നു..
ഇത്തരം പോസ്റ്റുകള്‍
മാറിച്ചിന്തിക്കാന്‍ പ്രചോദനമായെങ്കില്‍..

പട്ടേപ്പാടം റാംജി said...

ചരട് മാത്രമല്ല, സകലത്തിലും ഇപ്പോള്‍ പഴയതിനേക്കാള്‍ വിശ്വാസം കൂടിയിരിക്കുന്നു.
ആത്മവിശ്വാസം നഷ്ടപ്പെട്ടു എന്നത്‌ തന്നെയാണ് ശരി.

കൂതറHashimܓ said...

ദിവ്യന്‍ ജപിച്ചു തന്ന കേവലം ചരടുകള്‍ ആണ് എന്റെ ജീവിതം തീരുമാനിക്കുന്നതെങ്കില്‍ ആ ജീവിതം എനിക്ക് വേണ്ട
എനിക്ക് വേണ്ട.. വേണ്ട..വേണ്ട.. !!

laloo said...

വിശ്വാസമെന്നതിനേക്കാൾ
ഒരു കാര്യത്തിനിറങ്ങുമ്പോൾ
ഏത് ചെകുത്താനാ സഹായിക്കാൻ
കഴിയുക എന്നറിയില്ലല്ലോ
ആരേം പിണക്കണ്ട.....
വിജയമാണ്‌ പുതുതലമുറയുടെ മന്ത്രം