Thursday, April 8, 2010

ബി.സി.സി.ഐയുടെ പണക്കൊതി


             ബി.സി.സി.ഐയും ലളിത് മോഡിയും എവിടെ തൊട്ടാലും പണം തന്നെ. ഇതിനിടയില്‍ മറന്നു പോകുന്ന ചില കാര്യങ്ങള്‍ ഉണ്ട്. പണം മാത്രമല്ല എല്ലാം എന്നത് തന്നെ അതില്‍ പ്രധാനം. 
                 ടൂര്‍ണമെന്റുകള്‍ സാധാരണയായി മൂന്നു തരത്തില്‍ സംഘടിപ്പിക്കുന്നു. ലീഗ് അടിസ്ഥാനത്തില്‍, നോക്ക് ഔട്ട്‌ അടിസ്ഥാനത്തില്‍, ലീഗ് കം നോക്ക് ഔട്ട്‌ അടിസ്ഥാനത്തില്‍. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് (ഐ.പി.എല്‍ പേര് കടം കൊണ്ടതവിടെ നിന്നാണല്ലോ) ലീഗ് അടിസ്ഥാനത്തിലുള്ള ഫുട്ബോള്‍  ടൂര്‍ണമെന്റ് ആണ്. എല്ലാ ടീമുകളും പരസ്പരം 2  മാച്ചുകള്‍ വീതം കളിക്കുന്നു.ഒന്ന് സ്വന്തം ഗ്രൌണ്ടിലും മറ്റൊന്ന് എതിരാളിയുടെ ഗ്രൌണ്ടിലും. അവസാനം പോയിന്റ്‌ നിലയില്‍ ഒന്നാമതെത്തുന്ന  ടീം ചാമ്പ്യന്മാര്‍ ആകുന്നു. നോക്ക് ഔട്ട്‌ ടൂര്‍ണമെന്റുകളില്‍  തോല്‍ക്കുന്ന ടീം പുറത്താകുന്നു. ഐ.സി.സിയുടെ  ക്രിക്കെറ്റ് മിനി വേള്‍ഡ് കപ്പ്‌ നോക്ക് ഔട്ട്‌ ടൂര്‍ണമെന്റ് ആയിരുന്നു. ലീഗ് കം നോക്ക് ഔട്ട്‌ ടൂര്‍ണമെന്റുകളില്‍ രണ്ടോ അതിലധികമോ ഗ്രൂപുകളായി തിരിഞ്ഞു ആദ്യം ലീഗ് രീതിയില്‍ പരസ്പരം ഗ്രൂപിനുള്ളില്‍ ടീമുകള്‍ മത്സരിക്കുകയും മുന്നിലെത്തുന്ന ടീമുകള്‍ നോക്ക് ഔട്ട്‌ റൌണ്ടിലേക്ക് കടക്കുകയും ചെയ്യുന്നു. ഏകദിന ലോകകപ്പ്‌ ടൂര്‍ണമെന്റ് ഈ രീതിയില്‍ സംഘടിപ്പിക്കപ്പെട്ടിരിക്കുന്നു. 
                          എന്നാല്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഘടന എന്താണ്. പേര് കേട്ടാല്‍ ലീഗ് ആണ്. എന്നാല്‍ പ്രവൃത്തിയില്‍ ലീഗ് അല്ല തന്നെ. ലീഗ് എന്നാല്‍  സ്വന്തം തട്ടകതിലും എതിരാളിയുടെ പിന്തുനക്കാര്‍ക്കിടയിലും എല്ലാ ടീമുകളും പരസ്പരം  മല്‍സരിച് ശരിക്കും ഓരോ ടീമുകളുടെയും കഴിവും ദൌര്‍ബല്യവും അളക്കുന്ന ലീഗ് മത്സരങ്ങള്‍ക്ക് ഒടുവില്‍ നേടിയ പൊയന്റിന്റെ അടിസ്ഥാനത്തില്‍ സ്ഥാനങ്ങള്‍ നിശ്ചയിക്കുന്നു. ആര്‍ക്കും ചാമ്പ്യന്‍ ടീമിനെപ്പറ്റി ഒരു കുറ്റവും പറയുവാനില്ലാത്ത രീതി. ഈ ഉദാത്തമായ രീതിയെയാണ്‌ കേവലം പണത്തിനു വേണ്ടി ബി.സി.സി.ഐ അട്ടിമറിചിരിക്കുന്നത്‌. അതിനായി ഫൈനലും സെമി ഫൈനലും നടത്തുന്നത്. പരസ്പരമുള്ള മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ നാലാമതായിട്ടുള്ള ടീമിന് പോലും തുടര്‍ന്നുള്ള രണ്ട്‌ മത്സരങ്ങള്‍ ജയിച്ചു ചാമ്പ്യന്മാര്‍ ആകാം. ഒന്നാമതെത്തിയ ടീം നാലാമതും ആകാം. സെമിഫൈനല്‍, ഫൈനല്‍ തുടങ്ങിയ മത്സരങ്ങള്‍ക്ക് കിട്ടുന്ന പൊതുജന ശ്രദ്ധയും അതുവഴി കിട്ടുന്ന പരസ്യ വരുമാനവും മാത്രം നോക്കി ചെയ്യുന്ന നെറികേട് ആണിത്.ഇത്തവണ മൂന്നാം സ്ഥാനക്കാര്‍ക്ക് വേണ്ടിയും മത്സരം ഏര്‍പ്പെടുത്തിയിരിക്കുന്നു. വരുമാനം അത്രയും കൂടി കൂടും. സ്പോന്സര്‍മാരായ കമ്പനികള്‍ക്കും സന്തോഷം.  ഇത് എന്ത്  ലീഗ് ആണ്? 
           കളി ടൈ ആവുകയാണ് എങ്കിലോ ? രക്ഷപെട്ടു . ഒരു സൂപ്പര്‍ ഓവര്‍ കൂടി കളിപ്പിക്കാം. ലീഗ് മത്സരങ്ങളില്‍ ടൈ ബ്രേകര്‍ അനാവശ്യം ആണെന്ന് ഐ.പി.എല്‍ ചെയര്‍മാന്‍ മറന്നതൊന്നുമല്ല. കാശും ആവേശവും കൂടുമല്ലോ. (20 -20 ലോക കപ്പിലും ടൈ ബ്രേകര്‍ ഉണ്ടായിരുന്നു.)
                          ഇപ്പോള്‍ ഓരോ പന്തിനുമിടയിലുള്ള സമയത്തും പരസ്യം കാണിക്കുവാന്‍ തുടങ്ങിയിരിക്കുന്നു. എന്തായാലും കാണാനുള്ളവര്‍ കാണും. ആര് ചോദിയ്ക്കാന്‍? കളിക്കാരുടെ ഉടല്‍ മുഴുവനും അമ്പയറുടെ പുറത്തും സ്റ്റംപിലും എല്ലാം ആയ സ്ഥിതിക്ക്  ഇനി പന്തിലും പരസ്യം വരുമായിരിക്കും. കാണാനിരിക്കുന്നവരുടെ പുറത്തു കൂടി പരസ്യം പതിക്കുന്നത് എന്നാണാവോ ?                     
                          

1 comment:

കൂതറHashimܓ said...

കാണാനിരിക്കുന്നവരുടെ പുറത്തു കൂടി പരസ്യം പതിക്കുന്നത് എന്നാണാവോ???
ഹ ഹ ഹാ അത് കലക്കി