Tuesday, April 27, 2010

ഓണ്‍ ലൈന്‍ എഡിഷന്‍ വക അസംബന്ധ ശാസ്ത്രം

               ഒരു മലയാള പത്രത്തിന്റെ ഓണ്‍ ലൈന്‍ എഡിഷന്‍ അസംബന്ധങ്ങളുടെ വിശ്വ വിജ്ഞാന കോശമാണ്.ഒരു പ്രൊഫസ്സര്‍ (എവിടുത്തെ?) ആണത്രേ ഈ അസംബന്ധ പ്രചാരണങ്ങളുടെ ചുക്കാന്‍ പിടിക്കുന്നത്‌. ഇദ്ദേഹം കൈവയ്ക്കാത്ത അസംബന്ധ ശാസ്ത്ര ശാഖകളില്ല. ജ്യോതിഷം, വാസ്തു, സംഖ്യ, രത്നം, ഗൌളി തുടങ്ങി എന്ത്  പറയുന്നതിനും ലൈസന്‍സ് കരസ്ഥമാക്കിയിരിക്കുന്നു. ഇവയെപ്പറ്റിയൊക്കെ ധാരാളം  ലേഖനങ്ങള്‍ ആണ് എഴുതി പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. കുറെ അധികം ലേഖനങ്ങള്‍ മറ്റു ചിലരും എഴുതിയിട്ടുണ്ട്.
                പ്രൊഫസ്സരുടെ ലേഖനങ്ങളിലൊക്കെ ഒരു 'പോസിടിവ് എനര്‍ജി - നെഗടിവ് എനര്‍ജി ' കളിയാണ്. കിടപ്പ് മുറിയുടെ പുസ്തക അലമാര തുറന്നു കിടന്നാല്‍ നെഗറ്റീവ് എനെര്‍ജി, കമ്പ്യൂട്ടര്‍ ഉണ്ടെന്കില്‍ നെഗറ്റീവ് എനര്‍ജി.....
              ഓരോ ഗ്രഹങ്ങളും (സൂര്യനും ഒരു ഗ്രഹം ആണേ. നക്ഷത്രം ആയത് അറിഞ്ഞില്ല  ) വരുത്തിയേക്കാവുന്ന ദോഷങ്ങള്‍ അകറ്റാന്‍ മന്ത്രമോ സംഖ്യകളോ എഴുതി പിടിപ്പിച്ച  യന്ത്രം ധരിക്കണം. യന്ത്രം ധരിച്ചാല്‍ ഗുണം ഉറപ്പ്‌. മറ്റു ചിലര്‍ നല്‍കുന്ന യന്ത്രങ്ങള്‍ ധരിച്ചാല്‍ ഒരു ഗുണവുമില്ലെന്നും പറഞ്ഞു വയ്ക്കുന്നു.  'ധനാകര്ഷണ യന്ത്രം' ധരിച്ചാല്‍ ധനം വന്നു കയറുമത്രേ. (മുകേഷ് അംബാനി ധരിക്കുന്നത് ?), സുഖ ഭോഗങ്ങള്‍ക്ക് വേണ്ടി 'മഹാ ത്രിപുര സുന്ദരീ യന്ത്രം'(ലളിത് മോഡി,   സന്തോഷ്‌ മാധവന്‍ തുടങ്ങിയവര്‍   ധരിച്ചത് ). പിന്നെ 'വിദ്യാ രാജഗോപാല യന്ത്രം', 'മഹാസുടര്‍ശന യന്ത്രം' തുടങ്ങി എന്തിനുമേതിനും യന്ത്രങ്ങള്‍ ലഭ്യമാണ്. ഇത്തരം യന്ത്രങ്ങളൊന്നും ധരിക്കാതവരുടെ കാര്യം പോക്ക് തന്നെ. (കേരളത്തിലെ പ്രശസ്തനായ ഒരു  ജ്യോത്സ്യന്റെ നിരക്കുകള്‍ അദ്ദേഹത്തിന്റെ വെബ് സൈറ്റില്‍ കണ്ടത്, തുക ഡോളറിലാണ്  : സാധാരണ യന്ത്രം  62 $  (ഏകദേശം  2790 രൂപ), സ്പെഷ്യല്‍ യന്ത്രം  92 $ ( 4140  രൂപ), സുപ്രീം യന്ത്രം   152  $ (  6840 രൂപ ), വശ്യ യന്ത്രം    297$ (13365 രൂപ ) സര്‍വ വൈശ്യ യന്ത്രം  595$  ( 26775 രൂപ) ഓണ്‍ ലൈന്‍ കണ്സല്‍ടെഷന്  60 $ (2700 രൂപ ) എങ്ങനെയുണ്ട് ?. കേരള സര്‍ക്കാരിന് വേണമെങ്കില്‍ ഇത്തരക്കാരില്‍ നിന്ന് ലോണ്‍ എടുക്കാവുന്നതാണ്.  ജ്യോതിഷം തൊഴിലാക്കിയവര്‍ക്ക്‌ ക്ഷേമനിധി ഏര്‍പ്പെടുത്തുവാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു - പത്ര വാര്‍ത്ത. പോക്കറ്റടി  തൊഴിലാക്കിയവര്‍ക്ക്‌ ഇനി എന്നാണാവോ ).
              ജനിക്കുന്ന ആഴ്ച (ദിവസം) അനുസരിച്ചാണത്രെ ഓരോരുത്തരുടെയും സ്വഭാവം.ചൊവ്വാഴ്ച ജനിക്കുന്നവന്‍ ക്രൂരനും ശനിയാഴ്ച ജനിക്കുന്നവന്‍ അലസനും വാത രോഗിയും ആകുമെന്നതില്‍ സംശയമില്ല. തട്ടിപ്പുകാര്‍ ജനിക്കുന്നത് ഏത് ആഴ്ചയില്‍ ആണെന്ന് അറിഞ്ഞാല്‍ കൊള്ളാമായിരുന്നു.
              അന്ധ വിശ്വാസങ്ങള്‍ പാടില്ല എന്ന് ഒരു ലേഖനമെഴുതി വിശദീകരിക്കുന്നുണ്ട്.പിറന്നാള്‍ മാസത്തില്‍ മുടി വെട്ടരുത് എന്ന് പഴമക്കാര്‍ പറയുന്നതിന്  ശാസ്ത്രീയ അടിത്തറകളൊന്നും കണ്ടെത്തിയിട്ടില്ല എന്നും  പറയുന്നു. 'ചെമ്പവിഴം' ധരിച്ചാല്‍ ക്യാന്‍സര്‍ മാറുമെന്നും 'ഇന്ദ്രനീലം' ധരിച്ചാല്‍ ഹൃദ്രോഗം മാറുമെന്നും 'മരതകം' ധരിച്ചാല്‍ പ്രമേഹം മാറുമെന്നും പറഞ്ഞിരിക്കുന്നതിന്റെ ശാസ്ത്രീയ അടിത്തറ എന്താണാവോ. ജ്യോത്സ്യരുടെ  വീട്ടില്‍ ആര്‍ക്കെങ്കിലും ക്യാന്‍സര്‍ വന്നാല്‍ ഡോക്ടറെ കാണുമോ ചെമ്പവിഴം ധരിക്കുമോ ?
             ഇനി ഗൌളി ശാസ്ത്രം. പല്ലി പിടി വിട്ട് തലയുടെ നടുവില്‍ വീണാല്‍ ബന്ധുക്കള്‍ക്ക് മരണം,  നെറ്റിയില്‍ വീണാല്‍ നിധി ദര്‍ശനം, നെറ്റിയുടെ നടുവില്‍ വീണാല്‍ രാജാവില്‍ നിന്ന് സമ്മാനം (ഇനി രാജാവിനെ എവിടെ നിന്നാണ് സംഘടിപ്പിക്കുക), ചുണ്ടിലാനെങ്കില്‍ ധനം, കവിളില്‍ ആണെങ്കില്‍ ധനനഷ്ടം. പല്ലി ചുണ്ടിലോ നെറ്റിയിലോ വീണാല്‍ ഓടിച്ചു കളയാതെ ഉടന്‍ ലോട്ടറി എടുക്കുക.
         സൂചനകളെപ്പറ്റി ഒരിടത്ത് പറയുന്നത് കേള്‍ക്കുക. ഒരു വീട്ടില്‍ ഗൃഹ നായിക പാമ്പിനെ കണ്ടു വിളിച്ചുകൂവി. ഭര്‍ത്താവ് വന്ന്‌ പാമ്പിനെ തല്ലിക്കൊന്നു. കുറച്ചു മാസങ്ങള്‍ക്ക് ശേഷം ഭര്‍ത്താവ് മരിച്ചു, ഭാര്യ രോഗി ആയി. പാമ്പിനെ കണ്ടത് വരാനിരിക്കുന്ന ദോഷങ്ങളുടെ സൂചന ആയിരുന്നുവത്രേ. ഇതാരറിഞ്ഞു ? പാമ്പിനെ കണ്ടപ്പോഴേ ജ്യോത്സ്യരെ കണ്ടിരുന്നുവെങ്കില്‍ പരിഹാര ക്രിയയും ഹോമവും പൂജയും യന്ത്രവും ഒക്കെയായി നല്ലൊരു കൊളായേനെ. ഇനി ആരെങ്കിലും പാമ്പിനെ കണ്ടാല്‍ ഉടന്‍ ജ്യോത്സ്യരെ കാണുക.  ആളുകള്‍ മരിക്കുന്ന വീടുകളിലെല്ലാം രണ്ട്‌ മൂന്നു മാസങ്ങള്‍ക്ക് മുന്‍പ് പാമ്പിനെ തല്ലിക്കൊന്നിട്ടുണ്‍ടാവണം. എന്താ , സംശയം ഉണ്ടോ ? 
           ആശുപത്രികളില്‍ ഡോക്ടര്‍ കിഴക്കോട്ടോ വടക്കോട്ടോ തിരിഞ്ഞു ഇരിക്കണം. എങ്കില്‍ മാത്രമേ ഡോക്ടര്‍ 'റീ ചാര്‍ജ്' (?) ചെയ്യപ്പെടുകയുള്ളത്രേ. ഔട്ട്‌ പെഷ്യന്ട് യൂണിറ്റ്‌ തെക്ക് വശത്ത് ആകണം. സിനിമ തീയടറിന്റെ ടിക്കറ്റ് കൌണ്ടര്‍ വടക്ക് കിഴക്കും തെക്ക് കിഴക്കും വരരുത്. (അങ്ങനെ വന്ന തീയറ്ററുകള്‍ ആണ് പൂട്ടിപോയത്), ട്രാന്‍സ്ഫോര്‍മര്‍ തെക്ക് കിഴക്കേ മൂലയില്‍ വയ്ക്കണം (വൈദ്യുതി ബോര്‍ഡ് വാസ്തു ശാസ്ത്രം നോക്കിയേ ട്രാന്‍സ്ഫോര്‍മര്‍ വയ്ക്കാവൂ). ( ഇതൊക്കെ പത്രത്തിന്റെ ഒരു സ്വന്തം ലേഖകന്റെ വക ). വാഹനം വാങ്ങാന്‍ നല്ല ദിവസം വെള്ളിയാഴ്ച . ഇന്ദ്രന്‍ ഐരാവതത്തെ വാങ്ങിയതും  ഗണപതി എലിയെ വാങ്ങിയതും വെള്ളിയാഴ്ച അല്ലെന്നതിനു തെളിവുണ്ടോ.(പത്രത്തിന്റെ മറ്റൊരു ജ്യോതിഷ ലേഖകന്‍ വക).
           ഓരോരുത്തരുടെയും  ആയുസ്സ് കണ്ടെത്താന്‍ ജ്യോതിഷത്തില്‍ ഉള്ള വഴിയെപ്പറ്റി പ്രൊഫസ്സര്‍ പറഞ്ഞു തരുന്നുണ്ട്. ഇനി എത്ര കാലം കൂടി ഇത്തരം മഹദ് വചനങ്ങള്‍ കേള്‍ക്കുവാന്‍ ഞങ്ങള്‍ക്ക് ഭാഗ്യം ഉണ്ടാകുമെന്ന് അറിഞ്ഞാല്‍ കൊള്ളാമായിരുന്നു.
           ഇങ്ങനെ അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിക്കുന്ന ധാരാളം ലേഖനങ്ങള്‍ പത്രത്തിന്റെ ജ്യോതിഷ വിഭാഗത്തില്‍ ലഭ്യമാണ്. ലക്ഷക്കണക്കിന്‌ ആളുകള്‍ വായിക്കുന്ന പത്രം ഇത് പോലെയുള്ള തട്ടിപ്പുകള്‍ തുറന്നു കാട്ടേന്ടതിനു പകരം പ്രചാരം കൊടുക്കുന്നത് വളരെ കഷ്ടം ആണെന്നെ പറയുവാനുള്ളൂ.  ഏതെങ്കിലും പഴയ സംസ്കൃത ശ്ലോകവും പറഞ്ഞ്‌, തനിക്കിഷ്ടമുള്ളത് പോലെ വ്യാഖ്യാനിച് തട്ടിപ്പ് നടത്തുന്നവര്‍ക്കെതിരെ നടപടി എടുക്കുവാന്‍ ഇവിടെ ഒരു നിയമവും തുണയാകുന്നില്ല എന്നത് ദുഖകരമായ അവസ്ഥ ആണ്.
           ജ്യോത്സ്യം പഠിക്കാത്ത  ശ്രീ.ഹമീദ് ചെന്നമങ്ങലുര്‍ ഒരു ലോകസഭ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ഇരുപത് മണ്ഡലങ്ങളിലെയും ഫലം കൃത്യമായി നിരീക്ഷിച്ചു പ്രവചിച്ചിരുന്നു.  വിശ്വ വിഖ്യാതരായ ഒരു ജ്യോത്സ്യനും ഒന്നും മുന്‍പേ കൃത്യമായി പ്രവചിച്ചതായി അറിഞ്ഞിട്ടില്ല. അതൊക്കെ നോസ്ട്രദാമസ്  പണ്ടേ പറഞ്ഞിരുന്നതാണെന്ന് പറഞ്ഞ്‌ ഇറങ്ങുന്നതാണ്‌  രീതി. ടി-20 ലോകകപ്പ് 2010 ഏപ്രില്‍   30 ന് തുടങ്ങുകയാണ്. ഏതെങ്കിലും  ഒരു മത്സരത്തിന്റെ സ്കോര്‍ ഇത്രമാത്രം ദിവ്യ ജ്ഞാനികളായ ആരെങ്കിലും ഒരു  മഹദ് വ്യക്തി മുന്‍പേ തന്നെ  പ്രവചിചിരുന്നുവെങ്കില്‍ എനിക്ക് കൂടി ഒരു വിശ്വാസി ആകാമായിരുന്നു.          (രാജീവ് ഗാന്ധി മരിച്ചതും സുനാമി ഉണ്ടായതുമെല്ലാം ചില സിദ്ധന്മാര്‍ പിന്നീട് പ്രവചിച്ചിരുന്നു). 

4 comments:

കൂതറHashimܓ said...

'പോസിടിവ് എനര്‍ജി - നെഗടിവ് എനര്‍ജി '
ഇതാണ് പുതിയ ട്രെന്റ്, ഇതൊക്കെ കേട്ട് ഞാനും കുറേ മണ്ടനായതാ

perooran said...

nalla post

പയ്യന്‍ / Payyan said...

എല്ലാം വില്‍പ്പനചരക്കുകളാകുന്ന ഈ കാലത്ത് പത്രങ്ങള്‍ക്കെന്തു സാമൂഹ്യബോധം? പോരെങ്കില്‍ പുതിയ കണക്കുകള്‍ പ്രകാരം കേരളത്തിലെ പത്രങ്ങളുടെ പ്രചാരം കുറയുകയാണത്രേ. അപ്പൊ പിന്നെ ഇത് പോലുള്ള ഉഡായിപ്പുകള്‍ക്കുള്ള സപ്പോര്‍ട്ട് ഇനിയും പ്രതീക്ഷിക്കാം.

KK Alikoya said...

well done