മാതൃഭൂമിയില്‍ വാസ്തു സംബന്ധമായ സംശയങ്ങളെപ്പറ്റി കാണിപ്പയ്യൂര്‍ കൃഷ്ണന്‍ നമ്പൂതിരി സംസാരിച്ചപ്പോള്‍ എനിക്ക് മനസിലായ ചില കാര്യങ്ങള്‍ കൂടി.
3. ഭവനത്തിന് ചുറ്റും വെയ്ക്കേണ്ട ഉത്തമ വൃക്ഷങ്ങളേത് ?
കൃഷ്ണന്‍ നമ്പൂതിരി : വീടിനു കിഴക്ക് പ്ലാവിനും തെക്ക് കമുകിനും പടിഞ്ഞാറ് തെങ്ങിനും വടക്ക് മാവിനും സ്ഥാനമാകുന്നു. എന്നാല്‍ ഇവ മറ്റു സ്ഥാനത്ത് വന്നാലും കുഴപ്പമില്ല. അത്തി തെക്കും അരയാല്‍ പടിഞ്ഞാറും ഇത്തി വടക്കും പേരാല്‍ കിഴക്കുമേ പാടുള്ളൂ. പൂള വീടിനു സമീപം ഉത്തമമല്ല. എനിക്ക് മനസ്സിലായത്: വീടിനു കിഴക്ക് വശം പ്ലാന്തോട്ടവും തെക്ക് കമുകില്‍ തോട്ടവും പടിഞ്ഞാറ് തെങ്ങിന്‍ തോപ്പും വടക്ക് മാന്തോപ്പും ആകാം. എങ്ങനെയുമാവാമെന്നു പറഞ്ഞത് ഒരു ഒത്തുതീര്‍പ്പിന്റെ ഭാഗമായി കാണാവുന്നതാണ്. വീടിന്റെ എല്ലാ വശത്തും തെങ്ങുണ്ടായിട്ട് എന്ത് പറ്റിയെന്നു ആരും ചോദിക്കരുതല്ലോ. അത്തിയും ഇത്തിയുമൊക്കെ അപൂര്‍വമായ സ്ഥിതിക്ക് ഇത്തരം ചോദ്യങ്ങള്‍ക്ക് സാധ്യത കുറവാണ്. എന്റെ നാട്ടിലും വീട്ടിലും മിക്കവരും പൂള (ചീനി /കപ്പ ) വീടിന് സമീപത്തായി നട്ട് വളര്‍ത്താറുണ്ട്. അതില്‍ ചീനി ഉണ്ടാവുകയോ ഉണ്ടായ ചീനി എലി കൊണ്ട് പോവുകയോ അല്ലാതെ ഒന്നും പ്രത്യേകിച്ച് മറ്റൊന്നും സംഭവിക്കാറില്ല .
4. വീട് നിര്‍മ്മാണത്തിന് സ്ഥാനം ഗണിക്കുന്നതെങ്ങനെ ?
കൃഷ്ണന്‍ നമ്പൂതിരി : വീട് നിര്‍മ്മിക്കാന്‍ തെരഞ്ഞെടുത്ത ഭൂമിയെ നാലായി തിരിച്ച് വടക്ക് - കിഴക്ക് ഖന്ധത്തിലോ തെക്ക് - പടിഞ്ഞാറ് ഖണ്ടത്തിലോ വീട് നിര്‍മ്മിക്കണം. ചെറിയ സ്ഥലമാണെങ്കില്‍ ഗൃഹമദ്ധ്യം തെക്ക് പടിഞ്ഞാറ് ഖണ്ടത്തിലേക്കോ വടക്ക് കിഴക്ക് ഖണ്ഡത്തിലേക്കോ വരുത്തി വേണം നിര്‍മ്മിക്കുവാന്‍ . ഗൃഹമധ്യ സൂത്രം തടസ്സപ്പെടുത്തുന്ന രീതിയില്‍ ഭിത്തി, തൂണ്, ടോയലറ്റ് തുടങ്ങിയവ വരുന്നത് ശുഭകരമല്ല. എനിക്ക് മനസ്സിലായത് : ചെറിയ ഭൂമിയില്‍ വീട് നിര്‍മ്മിക്കുമ്പോള്‍ വീട് സ്വാഭാവികമായും വടക്ക് - പടിഞ്ഞാറ് ഖണ്ടത്തിലേക്കും തെക്ക് - കിഴക്ക് ഖണ്ടത്തിലേക്കും കയറുമെന്നതില്‍ സംശയമില്ല. അത്തരം വീടുകളില്‍ താമസിക്കുന്നവരുടെ കാര്യം പോക്കായത് തന്നെ. അതായത് ചെറിയ വസ്തുവില്‍ വീട് വയ്ക്കാന്‍ പാടുള്ളതല്ല. (ഇന്ത്യയിലെ പഴയ നഗരങ്ങളായ ഹാരപ്പ , പാടലീപുത്രം തുടങ്ങിയവ പരിശോധിച്ചാല്‍ പരന്ന പാതയ്ക്ക് ഇരുവശവും അന്യോന്യം അഭിമുഖമായി നില്‍ക്കുന്ന വീടുകളാണ് കാണാനാവുക - ശാസ്ത്രവും കപടശാസ്ത്രവും - കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്) പതിനാറാം നൂറ്റാണ്ടിലെഴുതിയതെന്നു കരുതുന്ന മനുഷ്യാലയ ചന്ദ്രികയുടെയോ അതിനു മുമ്പേ എഴുതിയ വാസ്തുവിദ്യയുടെയോ കാലത്ത് ഏത് വീട്ടിലായിരുന്നു ടോയലറ്റ് ഉണ്ടായിരുന്നത്?
5 . പറമ്പ് ചെറുതാണെങ്കില്‍ വീടിനു സ്ഥാനം കാണാന്‍ എന്താണ് ചെയ്യേണ്ടത്?
കൃഷ്ണന്‍ നമ്പൂതിരി : പറമ്പ് ചെറുതാണെങ്കില്‍ പറമ്പിന്റെ വീതിയുടെ എട്ടിലൊന്നോ ഒന്‍പതിലൊന്നോ പത്തിലൊന്നോ പന്ത്രണ്ടിലൊന്നോ സ്ഥലം ഒരു വശത്തും അതില്‍ കുറച്ചുകൂടി സ്ഥലം മറുവശത്തും ഒഴിച്ചിട്ട് പണിയാനുദ്ദേശിക്കുന്ന വീടിന്റെ വിസ്താരം നിശ്ചയിക്കാവുന്നതാണ്.
അങ്ങാടികളിലും ഗ്രാമങ്ങളിലും നിരയായി ചുറ്റും സ്ഥലമില്ലാതെയുള്ള വീടുകളാണെങ്കില്‍ ഒരു ഗ്രാമത്തെ ഒന്നാക്കി എടുത്തു ഗ്രാമത്തിന്റെ നാല് ചുറ്റും നിശ്ചിത അകലത്തില്‍ സ്ഥലം വിട്ട് ബാക്കിയുള്ള സ്ഥലത്ത് വീടുകള്‍ ചേര്‍ത്ത് വയ്ക്കാം. ഗ്രാമത്തിന്റെ അതെ പ്രതീതിയാണ് ഇന്നത്തെ ഫ്ലാറ്റുകള്‍ . നിരവധി ഫ്ലാറ്റുകള്‍ ഉള്ള കെട്ടിടമാണ് നിര്‍മ്മിക്കുന്നതെങ്കില്‍ ആ കെട്ടിടത്തിനു ചുറ്റും നിശ്ചിത അകലത്തില്‍ സ്ഥലം മാറ്റിയിടണമെന്ന് മാത്രം.
എനിക്ക് മനസ്സിലായത് : എങ്ങനെ ആയാലും രണ്ടു വശത്തും ഒരേ അളവില്‍ സ്ഥലം ഒഴിച്ചിടരുതെന്ന് നിര്‍ബന്ധം. ഗ്രാമവും ഫ്ലാറ്റുകളും തമ്മില്‍ എത്ര വിദഗ്ധമായിട്ടാണ് ബന്ധിപ്പിച്ചിരിക്കുന്നത് ? പഴയകാല വാസ്തു ശാസ്ത്ര ഗ്രന്ഥങ്ങളില്‍ എവിടെയാണ് ഫ്ലാറ്റുകളെപ്പറ്റി പറഞ്ഞിരിക്കുന്നത് എന്ന് ചോദിച്ചാല്‍ ഫ്ലാറ്റ് തന്നെ ഗ്രാമം എന്ന് കണ്ടെത്തിയ വാസ്തുവിദ്യാ വിദഗ്ധരെ അഭിനന്ദിക്കാതെ വയ്യ. വാസ്തു ശാസ്ത്രത്തെ ഫ്ലാറ്റുമായി ബന്ധിപ്പിക്കേണ്ടതിന്റെ ആവശ്യകത അവര്‍ക്കാണല്ലോ. കാരണം ഇനിയുള്ള കാലത്ത് ജനങ്ങള്‍ കൂടുതലായി ഫ്ലാറ്റുകളില്‍ താമസിച്ച് തുടങ്ങുമ്പോള്‍ അവയും തങ്ങളുടെ പരിധിയിലാക്കിയാല്‍ മാത്രമല്ലേ കൂടുതല്‍ ഗുണമുള്ളൂ.
No comments:
Post a Comment